പൂമുഖം POLITICS നീതിയുക്ത ഭാരതത്തിന് ഇടതു പക്ഷ വിജയം അനിവാര്യം

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : നീതിയുക്ത ഭാരതത്തിന് ഇടതു പക്ഷ വിജയം അനിവാര്യം

 

നീതിയെക്കുറി ച്ചുള്ള എന്തെങ്കിലും സങ്കൽപങ്ങൾ മനസ്സിൽ വച്ചു കൊണ്ട് നിങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കൂ. – കമ്മ്യൂണിസ്റ്റ് കേരളം വേറിട്ട് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നതിന്റെ ഒരാത്മാഭിമാനം നിങ്ങൾക്കുള്ളിൽ അലയടിച്ചുയരും. – സാമൂഹ്യനീതി എന്ന കാഴ്ചപ്പാടിനോട് നിങ്ങളുടെ ജീവിതവീക്ഷണം ഏതെങ്കിലും വിധത്തിൽ ചേർന്നു നിൽക്കുന്നുവെങ്കിൽ ഏത് നാട്ടിടവഴികളുടെ അറ്റത്തും മനുഷ്യ ജീവിതം മുന്നോട്ട് കുതിച്ചതിന്റെ അടയാളങ്ങൾക്കു പിന്നിലെ ഇടതുപക്ഷത്തെ നിങ്ങൾക്ക് തൊട്ടറിയാനാകും. ഇത് മതിയോ എന്ന ചോദ്യത്തിന് തീർച്ചയായും അല്ല എന്നു തന്നെയാണ് ഉത്തരം.
ലോകത്താദ്യമായ് ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റുകാർ ഒരു പ്രവിശ്യാ ഭരണത്തിന്റെ തലപ്പത്തെത്തിയ നാടാണ് നമ്മൾ. തുടർന്നങ്ങോട്ടുള്ള ചരിത്രം ജനാധിപത്യ വ്യവസ്ഥയെ മാനിച്ചുകൊണ്ടുള്ള ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റേതാണ്. ലോകത്തെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ മാനവ ജീവിത പുരോഗതിയുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നാമത് ശാസ്ത്ര- സങ്കേതിക വളർച്ചയിലൂന്നിയ നവോത്ഥാനവും ആധുനികതയും. രണ്ടാമത് ദൈവങ്ങളുടെ സ്ഥാനത്ത് മനുഷ്യരുടെ രാഷ്ട്രീയ ബോധത്തെ പ്രതിഷ്ഠിച്ച ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങൾ. അതിൽ പാർലമെന്ററി വ്യവസ്ഥയ്ക്കുള്ളിൽ നിന്നു കൊണ്ട് സോഷ്യലിസ്റ്റ് പരിഷ്കാരങ്ങൾ നടപ്പാക്കുകയെന്ന രീതി പിന്തുടർന്ന നാടുകളിലും വമ്പിച്ച സാമൂഹ്യ പുരോഗതി ദൃശ്യമായ്. കേവലമായ വികസനം എന്നതിനേക്കാൾ വിഭവങ്ങളുടെ പുനർ വിതരണത്തിലെ നീതിയുക്തത എന്ന നിലയിലാണെങ്കിൽ കേരളം യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. കേരളം ഇങ്ങനെ മാറിയതിനു പിന്നിൽ കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രമല്ല പങ്കുവഹിച്ചത്. പക്ഷേ, കേരള വികസനത്തെ ഇടത്തോട്ട് നയിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം നിർണ്ണായകം തന്നെയാണ്. ഒരു പാട് പേർക്ക് അലോസരമുണ്ടാക്കുന്ന ഒരു സാന്നിധ്യം കൂടിയാണത്. പശ്ചിമ ബംഗാളിൽ വർഗ്ഗീയ ധ്രുവീകരണത്തെ ചെറുത്തു നിന്ന സാന്നിധ്യമാണത്. ത്രിപുരയിൽ ഇന്ത്യയിലെ ഏറ്റവും ഫലപ്രദമായ ആദിവാസി സ്വയംഭരണ സംവിധാനത്തിന് രൂപം നൽകിയ സാന്നിധ്യമാണത്. തമിഴ്നാട്ടിലും കർണ്ണാടകത്തിലും ജാതിവിവേചനങ്ങൾക്കെതിരെ പൊരുതുന്ന ശബ്ദമാണത്. കാശ്മീരിൽ ദേശീയ ഐക്യത്തിനു വേണ്ടി ഉയരുന്ന മതേതര നിലപാടാണത്. ഹിമാചലിൽ അഴിമതിയ്ക്കെതിരെയുള്ള ജനപക്ഷ നിലപാടാണത്. കർഷക പ്രക്ഷോഭങ്ങൾക്ക് ആവേശമായ് മാറുന്ന ചെങ്കൊടിയാണത്. തങ്ങളുടെ അധികാരം എക്കാലത്തും ഊനം കൂടാതെ നിലനിൽക്കണമെന്നാഗ്രഹിച്ച സവർണ്ണ – സമ്പന്ന വിഭാഗങ്ങളാണ് ആദ്യത്തെ കമ്യുണിസ്റ്റ് സർക്കാരിനെതിരെ വിമോചന സമരങ്ങൾക്ക് നേതൃത്വം നൽകിയത്. മത സാമുദായിക ശക്തികളെ ഇടതുപക്ഷത്തിനെതിരെ അണിനിരത്തിയ വലതുപക്ഷം ഇന്നും അതേ തന്ത്രങ്ങൾ തന്നെയാണ് ഇന്ത്യയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളെ തകർക്കുവാൻ ഉപയോഗിക്കുന്നത്. ഇനിയൊരു നൂറു കൊല്ലം കൂടി അവർക്കെടുത്തുപയോഗിക്കാൻ കഴിയുന്ന ഒരു സ്ഥിര നിക്ഷേപമാണത്. ഇന്ത്യാ ചരിത്രത്തിൽ അതിന്റെ വേരുകൾ ആഴത്തിൽ ഉണ്ട്. മുഗൾ ഭരണകാലത്തെ സാമുദായിക ഹിംസകൾ, ബംഗാൾ വിഭജനത്തിൽ നിന്ന് തീ കൊളുത്തപ്പെട്ട് ഇന്ത്യയെ കീറി മുറിച്ച വർഗ്ഗീയബ്ഭ്രാന്ത്, ഇന്ത്യൻ ദേശീയതയ്ക്കുള്ളിൽ പുഴുക്കുത്തുകളായി പടർന്നു നിൽക്കുന്ന ജാതിബോധം- ഇതൊക്കെ വലതുപക്ഷത്തിന്റെ വറ്റാത്ത ഊർജ്ജ ഖനികളാണ്. പശ്ചിമ ബംഗാളിൽ ഇടതു പക്ഷത്തെ നേരിട്ടത് ഈ വർഗ്ഗീയ മനസ്സിനെ ഉണർത്തിയെടുത്താണു്. അതുപയോഗിച്ചു തന്നെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയ്ക്ക് വേരോട്ടമുണ്ടാക്കുന്നത്.
സമീപകാലത്ത് ഇന്ത്യയിലുയർന്നു വന്ന യഥാർത്ഥ രാഷ്ട്രീയ മുന്നേറ്റം കർഷക പ്രക്ഷോഭ ങ്ങളാണ്. അതിന് നേതൃത്വം നൽകിയത് ഇടതുപക്ഷവുമാണ്. പക്ഷേ, എന്തുകൊണ്ടാണത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കാത്തത്? മൂലധനശക്തികൾ, സമ്പന്ന വിഭാഗങ്ങൾ ജാഗരൂകരാണ്. മൻമോഹൻ സിങ്ങിന്റെ ജനപ്രീതി ഇടിഞ്ഞാൽ അവർ മോദിയെ ഉയർത്തി ക്കൊണ്ടുവരും. മോദിയുടെ കാലിടറുന്നുവെന്ന് തിരിച്ചറിയുമ്പോൾ മുകേഷ് അംബാനി കോൺഗ്രസ്സിനു നേരെ കൈവീശിക്കാണിക്കും. തങ്ങളുടെ താൽപ്പര്യത്തിനൊത്ത് തുള്ളുന്ന ഒരു തൂക്കുസഭയുണ്ടാക്കാൻ സഖ്യരൂപീകരണങ്ങളിൽ ഇടപെടും. മായാവതിയ്ക്കും മമതാ ബാനർജി യ്ക്കും കുട പിടിച്ചു നൽകും. പക്ഷേ, ഇടതുപക്ഷം നിർണ്ണായക ശക്‌തിയാകുന്നത് തങ്ങളുടെ വ്യാപാര – വികസന സങ്കൽപങ്ങൾക്കു് വെല്ലുവിളിയാകുമെന്ന് അവർക്കറിയാം. അത് കൊണ്ട് ചെങ്കൊടിയെ ദൃശ്യങ്ങളിൽ നിന്ന് മറച്ചു പിടിക്കാൻ അവർ മത – സാമുദായിക ചിഹ്നങ്ങൾ ആവർത്തിച്ച് സംപ്രേഷണം ചെയ്യും. നാമജപപ്പേക്കൂത്തുകൾക്ക് മുൻപിൽ ഒ.ബി.വാനുകൾ നിരത്തിയിടും.
കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ സുവ്യക്തമാണ്. ഇടതുപക്ഷ സർക്കാരിനെതിരെ കാര്യമായ ഒരാക്ഷേപവും ഉന്നയിക്കാനില്ല. സർക്കാരിന്റെ പ്രവർത്തനങ്ങൾ എല്ലാ മേഖലയിലും മികവാർന്നതാണ്. രണ്ട് ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കുന്നതിന് ചിട്ടയായ പ്രവർത്തന ങ്ങൾ നടന്നുവരുന്നു. സ്കൂളുകളിൽ സമയത്തിന് മുൻപേ സൗജന്യ യൂണിഫോമും പാഠപുസ്തക ങ്ങളും എത്തുന്നു. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആധുനിക ക്ലാസ്സ് മുറികൾ രൂപം കൊള്ളുന്നു. സർക്കാർ വിദ്യാലയങ്ങൾ മെച്ചപ്പെടുന്നു. പൊതുമേഖലാ വ്യവസായം ആധുനിക മാവുന്നു. നഷ്ടത്തിൽ നിന്ന് കരകയറുന്നു. ആരോഗ്യമേഖല ലോക നിലവാരത്തിലേയ്ക്കു യരുന്നു. ക്ഷേമപെൻഷനുകൾ സമയബന്ധിതമായി വിതരണം ചെയ്യപ്പെടുന്നു. റോഡുകൾ നവീകരിക്കപ്പെടുന്നു. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായ് പൂർത്തീകരിക്കപ്പെടുന്നു. കാർഷികോൽപ്പാദനം മെച്ചപ്പെടുന്നു. സോളാർ വൈദ്യുതി വ്യാപകമാകുന്നു. വൈദ്യുതി – വിതരണം കാര്യക്ഷമമാകുന്നു. പൊതുഭരണം സുതാര്യമാകുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് സുലഭമായ് ഫണ്ട് ലഭിക്കുന്നു. വികസനത്തിനായുള്ള നിക്ഷേപങ്ങളിൽ വൻവർധന യുണ്ടാകുന്നു. അഴിമതി രഹിതമായ ഭരണം എന്ന് എതിരാളികൾക്കു പോലും അംഗീകരിക്കേണ്ടി വരുന്നു. വലതുപക്ഷ മാധ്യമങ്ങൾ പണം വാങ്ങി നടത്തുന്ന സർവേകളിൽപ്പോലും മികച്ച ഭരണമെന്ന അഭിപ്രായമുയരുന്നു.
ആർ.എസ്സ്.എസ്സ്.നേതൃത്വം നൽകുന്ന മത വർഗ്ഗീയ ഭരണകൂടത്തിനെതിരെ ഉറച്ച മതേതര നിലപാടുകൾ ഇടതുപക്ഷത്തിനുണ്ടെന്ന് എല്ലാവർക്കുമറിയാം. കോൺഗ്രസ്സ് നേതാക്കളെപ്പോലെ ബി.ജെ.പിയിലേയ്ക്ക് ചേക്കേറാൻ കാലെടുത്തു നിൽക്കുന്നവരല്ല ഇടതുപക്ഷത്തുള്ളത്. എന്നിട്ടും രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് ഇടതുപക്ഷത്തിനെതിരെ പട നയിക്കുന്നത് അംബാനി മാരെയും അദാനിമാരെയും തൃപ്തിപ്പെടുത്തുന്നതിനാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച മതേതര നിലപാടുകളെത്തന്നെ അതിനെതിരെയുള്ള ആയുധമായ് ഉപയോഗിക്കുകയെന്നതാണ് കേരളത്തിൽ കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രം. ഇസ്ലാമിക വർഗ്ഗീയ പ്രസ്ഥാനങ്ങളെ കോൺഗ്രസ്സിനു പിന്നിൽ അണി നിരത്തുന്നതിനുള്ള ചർച്ചകൾ ദേശീയ തലത്തിൽ മുൻപേ തന്നെ നടന്നു. കേരളത്തിലെ വലതുപക്ഷവൽക്കരിക്കപ്പെട്ട ചില പരിസ്ഥിതിവാദികളും സ്വത്വ രാഷ്ട്രീയക്കാരും ഈ അവിശുദ്ധ സഖ്യത്തിന് അരങ്ങൊരുക്കാനുള്ള ഭഗീരഥപ്രയത്നങ്ങളിൽ മുഴുകി. മറുവശത്ത് ശബരിമല പ്രശ്നത്തിൽ പുരോഗമന നാട്യങ്ങളണിഞ്ഞ് ഹിന്ദു മത വിശ്വാസികൾ ഇടതുപക്ഷത്തിനെതിരെ തിരിയുന്നത് സ്വപ്നം കണ്ടു നീങ്ങി. എൻ.എസ്സ്.എസ്സിനും ആർ.എസ്സ്.എസ്സിനും ഒപ്പം സർക്കാരിനെതിരെ വിശ്വാസികളെ അണിനിരത്താൻ കോൺഗ്രസ്സ് രംഗത്തിറങ്ങിയതിലെ സവർണ്ണ പ്രീണനമോ, ദലിത് വിരുദ്ധതയോ സ്ത്രീവിരുദ്ധതയോ മൃദു ഹിന്ദുത്വ പ്രോത്സാഹനമോ അവർക്ക് വിഷയമായില്ല. പശ്ചിമ ബംഗാൾ മോഡലിൽ ഇടതുപക്ഷത്തെ തൂത്തെറിയുന്നതിന് കളമൊരുക്കുന്നതിനുള്ള പല വിധ ആശയ പ്രചരണങ്ങൾ ഏറ്റെടുത്തിരിക്കുകയാണവർ. ആം ആദ്മി പാർട്ടിയെ വരെ ഇടതുപക്ഷത്തെ തകർക്കുന്നതിനുള്ള ആയുധമാക്കാൻ ശ്രമം നടന്നു.
ഇന്ത്യയിൽ ഇടതുപക്ഷം മുഖ്യ രാഷ്ട്രീയ ധാരയിൽ നിന്ന് പിന്തള്ളപ്പെട്ടാൽ അത് സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ ദശകങ്ങളോളം പിന്നോട്ടടിപ്പിയ്ക്കും. ഇന്ത്യയിലെ മാവോയിസ്റ്റുകൾ ഉൾപ്പടെയുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നേപ്പാൾ മാതൃകയിൽ പാർലമെന്ററി പ്രവർത്തന രംഗത്ത് ഐക്യപ്പെടുകയാണ് വേണ്ടത്. അഭിപ്രായഭിന്നതകൾ സംവാദാത്മകമായി പരിഹരി ക്കുകയാണ് വേണ്ടത്. പകരം വലത് പക്ഷ മാധ്യമങ്ങളുടെ പ്രചാരണങ്ങൾ ഏറ്റെടുത്ത് വർഗ്ഗീയ- വലതുപക്ഷത്തെ വളർത്താൻ സഹായിക്കുന്നത് കേരളീയ നവോത്ഥാനത്തെ പിന്നോട്ട ടിപ്പിയ്ക്കും. വിമോചm സമരത്തിന്റെ ശക്തികളെ കേരളീയ സമൂഹികതയ്ക്കു മേൽ പ്രതിഷ്ഠിക്കുന്നതിനുള്ള ഗൂഢാലോചനകൾ തിരിച്ചറിയേണ്ട ഒരു രാഷ്ടീയ സന്ദർഭമാണിത്. മതേതര ഭാരതം നില നിൽക്കുന്നതിന് , നീതിയുക്ത ഭാരതം ഉണർന്നു വരുന്നതിന് ഇടതുപക്ഷം ഇന്ത്യയിൽ നിലനിൽക്കേണ്ടതുണ്ട്. കേരളത്തിൽ താമര വിരിയാതിരിക്കുക എന്നതു മാത്രമല്ല, രാജസ്ഥാനിലും മഹാരാഷ്ടയിലും യു.പി.യിലും മധ്യപ്രദേശിലുമെല്ലാം കർഷ സമര യാത്രകളിൽ ഉയർന്നു വന്ന ആ ചെങ്കൊടി ഒരു പ്രത്യഭിവാദനമായ് കൂടുതൽ ഉയർന്നു പാറുക തന്നെ വേണം. പണം നൽകുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്ന തിരഞ്ഞെടുപ്പ് സർവേകളിൽപ്പോലും ഇടതുപക്ഷ മുന്നേറ്റം തെളിഞ്ഞു വരികയാണ്. ഏപ്രിൽ 23 കഴിയുമ്പോൾ അത് പതിനാല് സീറ്റുകളെങ്കിലുമായി ഉയരും . വ്യത്യസ്ത സർവേകളിലെ വൈരുധ്യങ്ങളിൽത്തന്നെ അതിന്റെ ശക്തമായ സൂചനകളുണ്ട്. വലതുപക്ഷ മാധ്യമങ്ങളുടെ തട്ടിപ്പുകളിൽ കുരുങ്ങാതെ ഇടതുപക്ഷ വിജയം സുനിശ്ചിതമാക്കുകയെന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ യൊട്ടാകെ സാമൂഹിക പുരോഗതിയ്ക്ക് വേണ്ടിയുള്ള ഒരിടപെടലാണ്. ജാതിപരവും മതപരവുമായ വിവേചനങ്ങൾക്കെതിരെ മാനവികതയുടെ പക്ഷത്തു നിന്നു കൊണ്ടുള്ള ചെറുത്തു നിൽപ്പാണ്. ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കുന്ന വർഗ്ഗീയ രാഷ്ടീയത്തിനെതിരെയുള്ള വിധി യെഴുത്താണ്. നമ്മുടെ ജീവിതമാണ് നമ്മുടെ രാഷ്ട്രീയം. വിശ്വാസത്തിന്റെ പേരിൽ അരങ്ങേറുന്ന  ചൂഷണങ്ങളല്ല.

Comments
Print Friendly, PDF & Email

You may also like