Home OPINION കോൺഗ്രസ്സിന്റെ സാധ്യതകൾ, വെല്ലുവിളികൾ…

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : കോൺഗ്രസ്സിന്റെ സാധ്യതകൾ, വെല്ലുവിളികൾ…

 

വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ നിലവിൽ വരേണ്ടതുണ്ട്. കോൺഗ്രസ്സ് പാർട്ടി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തരിക മാത്രമല്ല, ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്ക്കാരത്തിനും നാനാത്വത്തിൽ അധിഷ്ഠിതമായ ബഹുസ്വര സമൂഹത്തിനും ചേർന്ന ഒരു ഭരണഘടന തയ്യാറാക്കുകയും ശൂന്യതയിൽ നിന്ന് ഈ രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിനു പകരം കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, ഇന്നത്തെ ഭാ.ജ.പാ.യുടെ പൂർവ്വരൂപമായ ഭാരതീയ ജനസംഘത്തിനോ ആയിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഭരണഘടന തയ്യാറാക്കാനും സർക്കാരിനെ നയിക്കാനും അവസരം കിട്ടിയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് കാണുന്നത് പോലെ ആയിരിക്കില്ല ഉണ്ടാവുക.

കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നെങ്കിൽ തൊഴിലാളിവർഗ സർവ്വാധിപത്യം എന്ന പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണക്കുത്തകയുള്ള ഏകപാർട്ടിഭരണവും ഫലത്തിൽ അതൊരു സർവ്വാധിപത്യ വ്യവസ്ഥിതിയും ആയിരിക്കും. നാം ഇന്ന് അനുഭവിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യമോ പൗരാവകാശങ്ങളോ ആർക്കും ഉണ്ടാവുകയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരം ലഭിച്ച രാജ്യങ്ങളിലെല്ലാം ദേശീയ ജനാധിപത്യവാദികളെ കൊന്നൊടുക്കി ഏകകക്ഷി ഭരണം ആണ് നടപ്പാക്കിയിരുന്നത്. അത്തരം ഒരു ദുർവ്വിധി ആയിരുന്നേനേ, സ്വാതന്ത്ര്യ സമ്പാദനത്തിലും സർക്കാർ രൂപീകരണത്തിലും കോൺഗ്രസ്സിനു പകരം കമ്മ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു നേതൃത്വവും മേൽക്കൈയും ആയിരുന്നെങ്കിൽ ഇന്ത്യൻ ജനത അനുഭവിക്കേണ്ടി വന്നിരിക്കുക.

നേരെ മറിച്ച് ഭാരതീയ ജനസംഘത്തിനായിരുന്നു, സ്വാതന്ത്ര്യസമ്പാദനത്തിലും ഭരണഘടനാ നിർമ്മാണത്തിലും സർക്കാർ രൂപീകരണത്തിലും നേതൃത്വവും മേൽക്കൈയും എങ്കിൽ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആയേനേ. ഇവിടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് യാതൊരു പൗരാവകാശങ്ങളും ലഭിക്കില്ല എന്ന് മാത്രമല്ല ഇന്നത്തെ പോലെ ലിബറൽ ജനാധിപത്യവും ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ പാക്കിസ്ഥാന്റെ മറ്റൊരു ഹിന്ദു പതിപ്പ് ആയേനേ ഇന്ത്യ. ഇതൊന്നും ആർക്കും നിഷേധിക്കാനോ ഈ സാധ്യത തള്ളിക്കളയാനോ സാധ്യമല്ല. കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ജനസംഘത്തിനും അവരുടേതായ പ്രത്യയശാസ്ത്രങ്ങൾ ഉണ്ടായിരുന്നു. മാതൃസംഘടനയായ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ജനസംഘവും ഒക്കെ രൂപീകരിച്ചത് അവരുടെ പ്രത്യയശാസ്ത്രം പ്രയോഗത്തിൽ വരുത്താനായിരുന്നു. അതുകൊണ്ട് ഇന്ന് കാണുന്ന ഈ ഇന്ത്യ കോൺഗ്രസ്സ് പാർട്ടിയുടെ സൃഷ്ടിയാണ്. ഈ ഇന്ത്യ ഇങ്ങനെയായതിൽ ജനങ്ങൾ കോൺഗ്രസ്സ് പാർട്ടിയോട് മാത്രം കടപ്പെട്ടിരിക്കുന്നു.

കോൺഗ്രസ്സ് പാർട്ടിയുടെ സാമ്പത്തിക നയങ്ങളും ആധുനികവും പുരോഗനോന്മുഖമായ ചിന്തകളും പഞ്ചവത്സര പദ്ധതികളും ശാസ്ത്രീയമായ പരിഷ്ക്കരണങ്ങളും എല്ലാം കൂടിയാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത്. ഇതും കോൺഗ്രസ്സ് പാർട്ടിക്ക് മാത്രം കഴിയുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് സാമ്പത്തിക നയം സോവിയറ്റ് യൂനിയനെയും ചൈനയെയും എവിടെയും എത്തിച്ചില്ല എന്ന് എല്ലാവർക്കും അറിയാം. സോവിയറ്റ് യൂനിയൻ ഇന്നില്ല. ചൈനയിൽ സോഷ്യലിസവും ഇന്നില്ല. കമ്മ്യൂണിസവും സോഷ്യലിസവും അപ്രായോഗികമായ കാല്പനികസിദ്ധാന്തം മാത്രമാണ്. എന്താണോ പ്രായോഗികം അതാണ് കോൺഗ്രസ്സ് ഇന്ത്യയിൽ നടപ്പാക്കിയത്. കോൺഗ്രസ്സ് പാർട്ടിക്ക് ജനങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ ഒരു പ്രത്യയശാസ്ത്രമോ സിദ്ധാന്തമോ ഇല്ല. അതുകൊണ്ടാണ് ജനങ്ങളുടെ ഇച്ഛകൾ മാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു ലിബറൽ പാർട്ടിയായി കോൺഗ്രസ്സ് നിലനിൽക്കുന്നത്.

രാജ്യത്തെയും ജനങ്ങളെയും മുന്നോട്ട് നയിക്കാൻ മുൻകൂട്ടി എഴുതപ്പെട്ട പ്രത്യയശാസ്ത്രമോ അല്ലെങ്കിൽ പഴഞ്ചൻ സിദ്ധാന്തങ്ങളോ ഗ്രന്ഥങ്ങളോ അല്ല വേണ്ടത്. ഓരോ സമയത്തും ഉയർന്നു വരുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യാനും മറികടക്കാനും ആവശ്യമായ പ്രായോഗിക സമീപനങ്ങളും നിലപാടുകളും ആണ് വേണ്ടത്. അതാണ് കോൺഗ്രസ്സ് പാർട്ടിയുടെ മേന്മ. കോൺഗ്രസ്സ് പാർട്ടി ഇല്ലാത്ത ഒരു ഇന്ത്യ നമ്മൾ ഇന്ന് കാണുന്ന ഇന്ത്യ ആയിരിക്കില്ല. എന്ത് കുറ്റവും കുറവുകളും ദൂഷ്യങ്ങളും ചൂണ്ടിക്കാട്ടാൻ കഴിഞ്ഞാലും കോൺഗ്രസ്സിനേക്കാളും ഇന്ത്യയ്ക്ക് യോജിച്ച മറ്റൊരു പാർട്ടി ഇന്ത്യയിൽ ഇല്ല എന്നത് ചിന്തിക്കുന്നവർക്ക് മനസ്സിലാകും. എല്ലാ പൗരന്മാരെയും സമഭാവനയോടെ കാണാനും ഓരോ ഇന്ത്യക്കാരനും ഭാരതപുത്രൻ എന്ന് ഉൾക്കൊള്ളാനും കോൺഗ്രസ്സ് പാർട്ടിക്ക് മാത്രമേ സാധ്യമാകൂ. മറ്റെല്ലാ പാർട്ടികളും വർഗത്തിന്റെയോ, മതത്തിന്റെയോ, പ്രദേശത്തിന്റെയോ, ഭാഷയുടെയോ പേരിൽ ജനങ്ങൾക്കിടയിൽ മതിൽ കെട്ടി വിഭാഗീയത സൃഷ്ടിക്കാൻ നിലകൊള്ളുന്നതാണ്.

നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേരിടുന്ന വെല്ലുവിളി നിലവിലെ ഭരണകക്ഷിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുക എന്നതാണ്. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ സഖ്യം രൂപീകരിച്ചാൽ മാത്രമേ ഭൂരിപക്ഷം ലഭിച്ചാൽ ഒരു സ്ഥിരതയുള്ള സർക്കാരിനു രൂപം നൽകാൻ കഴിയൂ. തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെടുന്ന അവസരവാദപരമായ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് കാലാവധി പൂർത്തിയാകുന്നത് വരെ ആയുസ്സ് പ്രതീക്ഷിക്കാൻ കഴിയില്ല. അല്ലെങ്കിൽ പിന്നെ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്സിനു കേവല ഭൂരിപക്ഷം ലഭിക്കണം. ഓരോ സംസ്ഥാനത്തും ചിതറിക്കിടക്കുന്ന പ്രാദേശികപാർട്ടികളാണ് കോൺഗ്രസ്സിന്റെ പ്രധാന മുന്നിലുള്ള വെല്ലുവിളി. ഒരർത്ഥത്തിൽ അത് ജനാധിപത്യത്തിന്റെയും ദേശീയോത്ഗ്രഥനത്തിന്റെയും വെല്ലുവിളി കൂടിയാണ്.

എന്നാൽ നിലവിലെ വെല്ലുവിളികളെക്കാളും കോൺഗ്രസ്സിന്റെ സാധ്യതകൾ ജാജ്വല്യമാനമാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. അതിൽ ഏറ്റവും പ്രധാനം രാഹുൽ ഗാന്ധി ഈ അഞ്ച് വർഷം കൊണ്ട് എതിരാളികളെ പോലും അമ്പരപ്പിക്കും വിധം ഇരുത്തം വന്ന ഒരു ദേശീയ നേതാവായി വളർന്നു എന്നതാണ്. രാഹുൽ ഗാന്ധിക്ക് മാത്രമേ പൊതുവെ സ്വതന്ത്ര ചിന്താഗതിക്കാരായ കോൺഗ്രസ്സുകാരെ ഒരുമിപ്പിക്കാനും ഒരൊറ്റ ചരടിൽ കോർത്തിണക്കാനും കഴിയൂ. എതിരാളികൾ എന്ത് വിശേഷിപ്പിച്ചാലും കോൺഗ്രസ്സ് പാർട്ടി ദേശീയാടിസ്ഥാനത്തിൽ ഒറ്റക്കെട്ട് ആണെന്നതും ഒരപസ്വരവും പാർട്ടിക്കുള്ളിൽ ഇല്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വം ആണ് ഈ ഐക്യം സാധ്യമാക്കുന്നത്. അത് കാണാതിരുന്നുകൂട.

നിലവിലെ പ്രധാനമന്ത്രിയിൽ ജനങ്ങൾക്ക് മടുപ്പ് മാത്രമല്ല, ആകാശം മുട്ടെ പ്രതീക്ഷകൾ നൽകിയിട്ട് തങ്ങൾ വഞ്ചിക്കപ്പെട്ട ഒരു പ്രതീതിയും ആണ് ജനങ്ങൾക്കുള്ളത്. ഒരു വാഗ്ദാനവും നിലവിലെ പ്രധാനമന്ത്രിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനം, അശാസ്ത്രീയമായ ജി.എസ്.ടി എന്നിവ നിമിത്തം രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുകയും സാമ്പത്തിക മുരടിപ്പ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഒരു മാറ്റത്തിനു വേണ്ടി ജനം ആഗ്രഹിക്കുകയും വോട്ട് ചെയ്യുകയും ചെയ്യും. ഉത്തരേന്ത്യയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനു അധികാരത്തിൽ തിരിച്ചു വരാൻ കഴിഞ്ഞത് അതിന്റെ പ്രകടമായ സൂചനയാണ്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശവും ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയ സമവാക്യങ്ങൾ കോൺഗ്രസ്സിനു അനുകൂലമായ ഒരു തരംഗം സൃഷ്ടിക്കാതിരിക്കില്ല.

എന്തായാലും വരുന്ന തെരഞ്ഞെടുപ്പിൽ ഒരു ഭരണമാറ്റം സംഭവിക്കും. കോൺഗ്രസ്സ് പാർട്ടി നിലവിൽ വരുന്ന സർക്കാരിനു നേതൃത്വം നൽകുകയും ചെയ്യും. മുന്നോട്ടേക്ക് നടക്കുന്ന, നടക്കാൻ കഴിയുന്ന പാർട്ടി കോൺഗ്രസ്സ് മാത്രമാണ്. കോൺഗ്രസ്സിനു ജനാധിപത്യ ഭാരതത്തിൽ ശോഭനമായ ഭാവിയാണുള്ളത്. കാരണം ഭാവിയെ പ്രതിനിധാനം ചെയ്യുന്ന പാർട്ടി ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് മാത്രമാണ്. ഇന്ത്യയിലെ മറ്റ് പാർട്ടികളുമായി താരതമ്യം ചെയ്താൽ ചിന്തിക്കുന്ന ആർക്കും ഈ നിഗമനത്തിൽ മാത്രമേ എത്താൻ കഴിയൂ.

Comments
Print Friendly, PDF & Email

ബ്ലോഗറാണ്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി. താമസം ബാംഗ്ലൂരില്‍.

You may also like