പൂമുഖം LITERATUREകഥ ചിത്തഭ്രമം

ചിത്തഭ്രമം

 

ിലാവില്ലാത്ത രാത്രികളിൽ ഞാൻ കണ്ണിറുക്കി നക്ഷത്രങ്ങളെ നോക്കും.അപ്പോൾ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് പിന്നെ അതിൽനിന്ന് വേറൊന്നിലേക്ക് എന്നിങ്ങനെ പ്രകാശം നേർത്ത നൂല് പോലെ നീണ്ടുനീണ്ട് ഇക്കണ്ട കോടാനുകോടി നക്ഷത്രങ്ങളെല്ലാം ചേർന്ന് ഒരു വൈരക്കല്ലു മാല പോലെ തോന്നും.ഉച്ചവെയിൽ വിരിയുന്ന നേരത്ത് ഞാൻ മാനത്തുകണ്ണികളെയാണ് കാണാറ്. മാനത്തുകണ്ണി എന്നുപറഞ്ഞാൽ… ശരിക്കുള്ള മാനത്തുകണ്ണി അല്ല കേട്ടോ… അത് ഞാനിട്ടപേരാ… മാനത്തു കാണുന്ന കണ്ണികൾ ഇപ്പോ എന്താണെന്ന് പിടികിട്ടിയില്ലേ? പണ്ടൊക്കെ അവയെ കാണുമ്പോൾ ഞാൻ അപ്പാടെ അമ്പരന്നുപോകുമായിരുന്നു കണ്ണുകൾ തിരുമ്മിത്തിരുമ്മി വീണ്ടും വീണ്ടും പേടിയോടെ നോക്കുമായിരുന്നു.
പിന്നീടൊരിക്കൽ അമ്മ പറഞ്ഞു: നീ പേടിക്ക്വന്നും വേണ്ട അത് കണ്ണിൻറെ അസുഖമല്ല .നിന്നെപ്പോലെ വേറൊരു പ്രാന്തനില്ലേ, ആ ഖസാക്കിൻറെ ഇതിഹാസമെഴുതിയ? അയാൾ ഇതിനെപ്പറ്റി ആ കഥയിൽ എഴുതിയിട്ടുണ്ട്.
അങ്ങിനെ ഖസാക്കിൻറെ ഇതിഹാസകാരനാണ് പേടിമാറ്റി എന്നെ മാനത്തുകണ്ണികളുമായി അടുപ്പിച്ചത്.
ഉച്ചയ്ക്കുള്ള ഷിഫ്റ്റിന് കണ്ണിറുക്കി വെയിലിനു നേരെ പിടിച്ച് വേഗം വേഗം നടന്നു ഞാൻ കോളേജിൽ എത്തുന്നു ഇനി നേരെ ബെഞ്ചിൽ ചെന്നിരുന്നിട്ടുവേണം എനിയ്ക്കു മാനത്തുകണ്ണികളുമായി സംവദിക്കാൻ, കൂട്ടുകാർ എത്തുന്നതിനു മുമ്പ് ഈ പഴകി മിനുമിനുത്ത ബ്ലാക്ക് ബോർഡിന്റെ പശ്ചാത്തലത്തിൽ അങ്ങനെ ഒരു ദിവസം മാനത്തുകണ്ണികളെ കണ്ടുംകൊണ്ടിരിക്കുമ്പോളാണ് അവനെന്റെ മുമ്പിലെത്തുന്നത് പൊടുന്നനെ എൻറെ ദൃശ്യവിസ്മയം നഷ്ടമായതിൽ ഒരു വല്ലാത്ത വല്ലായ്മ പൊടിച്ചെങ്കിലും അവൻറെ ചിരിക്കുന്ന വശ്യമായ മുഖവും അതിൽ കയറിയിരിക്കുന്ന സോഡാ ഗ്ലാസ് കണ്ണടയും എനിക്ക് നന്നേ പിടിച്ചു.
“ഞാൻ കുട്ടിയെ കാണാൻ വന്നതാ ‘’
ഏതു കുട്ടിയെയാണാവോ!
ഇത്തിരി അത്ഭുതത്തോടെ ഞാൻ ചുറ്റും നോക്കി. എന്നെയിങ്ങനെ ആരും കാണാൻ വരാറില്ലല്ലോ! ക്ലാസ് റൂം അപ്പോഴും കാലി.
“ഏ എന്നെയോ?”
“ആ ഞാൻ കുട്ടിയെ പെണ്ണുകാണാൻ വന്നതാ”
“ഏ, എന്താ എന്താ പറഞ്ഞത്? ശരിക്കു കേട്ടില്ല”, ഞാനൊന്ന് പതറി. ആ ചെറുപ്പക്കാരൻ ഒന്ന് ചുമച്ചു, എൻറെ ശ്രദ്ധ പിടിച്ചുപറ്റാനാവും.
“എന്താ ആലോചിക്കുന്നത്? ഞാൻ കുട്ടിയെ കാണാൻ തന്നെ വന്നതാ. ഒരു കവിത കിട്ടുമോ എന്നറിയാൻ. കോളേജ് മാഗസിനിൽ കൊടുക്കാനാണ്.”
പിന്നെ ഒരു കള്ളച്ചിരി എന്നിട്ട്,
‘ശരിക്കും അതിനല്ല, ഒരു കവിതയായി എന്റെ മുമ്പിലേക്ക് വരുമോ’ എന്ന് ചോദിക്കാനാണ് എന്നൊരു കുസൃതിയും സത്യമായും ഞാനിതു കേൾക്കുന്നത് തന്നെയാണോ? തലയുയർത്തി നോക്കാൻ എനിക്ക് ഒരു സങ്കോചം, നാണിച്ചപോലെ നിന്നു.
“ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? “ ചെറുപ്പക്കാരന്റെ ചോദ്യം വീണ്ടും.
ഞാൻ പതുക്കെ അങ്ങോട്ട്, അവൻറെ മുഖത്തേക്ക് നോക്കി കണ്ണടയ്ക്കുള്ളിൽ നിന്ന് ആ കണ്ണുകളിലെ ഭാവം വായിച്ചെടുക്കാൻ പറ്റുന്നില്ല. ശ്ശൊ, അമ്മ പറഞ്ഞതുപോലെ എനിക്ക് ചിത്തഭ്രമം തന്നെ. ഞാനി കേൾക്കുന്നതൊക്കെ ഈ മനുഷ്യൻ പറയുന്നത് തന്നെയാണോ? ഒരുവേള ഈ ചെറുപ്പക്കാരൻ തന്നെ എൻറെ ചിത്തഭ്രമമാണോ?
കണ്ണു തിരുമ്മിനോക്കി, മാനത്തുകണ്ണികൾ അകന്നകന്നു പോകുന്നു. ചെറുപ്പക്കാരൻ മാത്രം എന്നിട്ടും ബാക്കി.
അവനെന്നെ തന്നെ നിരീക്ഷിക്കുകയായിരുന്നു.
“കണ്ണിങ്ങനെ തിരുമ്മണ്ട, ഇപ്പോത്തന്നെ കൺമഷി ആകെ പടർന്നിരിക്കുന്നു.”
എൻറെ ഇടതു കോൺകോണവൻ കൈലേസ് കൊണ്ട് തുടച്ചു. വിരലുകൾ എൻറെ കവിളിൽ സ്പർശിച്ചു. എൻറമ്മേ ഈ അനുഭവങ്ങൾ അത്രയും സ്വപ്നമാവുമോ?
വെറുതെയല്ല ആളുകളെന്നെ ദിവാസ്വപ്നക്കാരി എന്നു വിളിയ്ക്കുന്നത്.
വീണ്ടും അവൻ : എന്താ ഒന്നും പറയാത്തത്? ഞാൻ ചോദിച്ചത് ഇഷ്ടായില്ലേ?
തല ഉയർത്തി നോക്കിയപ്പോൾ നേരിയ മീശയുടെ കീഴിൽ അവൻറെ ചുണ്ടുകൾ മന്ത്രിക്കുന്നു.
“ചോദിച്ചത് അതല്ല കേട്ടോ എന്നെ ഇഷ്ടായില്ലേ എന്നാണ്.”
എൻറെ കവിളിൽ രക്തം തുടികൊട്ടി തുളുമ്പി അതു നെഞ്ചിലേക്ക് പടർന്നു. മേലാസകലം കോരിത്തരിച്ചു ദാവണി ബ്ലൗസിന്റെ ഇറക്കം കുറഞ്ഞ കൈ അവസാനിക്കുന്നിടത്ത് എൻറെ രോമാഞ്ചം അവൻ തൊട്ടറിഞ്ഞ പോലെ
“കുട്ടിക്ക് എന്താണ് പ്രശ്നം? കവിത തരാൻ പറ്റില്ലെങ്കിൽ പ്രശ്നമൊന്നുമില്ല” അവൻറെ സ്വരം വീണ്ടും “പക്ഷേ സ്നേഹമില്ലാത്ത പ്രശ്നമില്ല നിറയെ സ്നേഹം. “ മുറിവ് തണുപ്പിക്കുന്ന പോലെ അവന്റെ ശ്വാസം ഓ എന്റീശ്വരാ എനിയ്ക്ക് ഇങ്ങനെ വയ്യ. ഞാൻ എഴുന്നേറ്റു നിൽക്കുകയായിരുന്നു അപ്പോൾ ബഞ്ചിന്റെയും ഡസ്കിന്റെയുമിടയിൽ. എന്റെ പിൻ കഴുത്തിലൂടെ വിയർപ്പൊഴുകി. അവൻ എൻറെ അരികിൽ തന്നെ നിൽക്കുകയായിരുന്നു. എൻറെ ഇടത്തെ ചെവിയിലേക്ക് തിരുകിവെച്ച മുടിയിഴകളെ അവൻറെ നിശ്വാസം അനക്കുന്നുണ്ടായിരുന്നു.
ഏതോ അജ്ഞാതമായ ഒരു പ്രവാഹം പോലെ ആ ഉച്ചച്ചൂടിൽ ഒരു തണുത്ത കാറ്റ്‌ ഞങ്ങൾ ഇരുവരെയും പൊതിഞ്ഞു. പെട്ടെന്ന് എനിക്ക് പരിസരബോധം വീണ്ടുകിട്ടി. അയാൾ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു പിന്നെയും ആ സോഡാ ഗ്ലാസ്സ് കണ്ണട ഞങ്ങൾക്കിടയിൽ തടസ്സമുണ്ടാക്കി അവൻറെ മനസ്സിലുള്ളത് കണ്ണുകളിൽനിന്ന് അതു മറച്ചു പിടിച്ചു. അത് വലിച്ചെടുത്ത് എറിഞ്ഞു കളയാൻ തോന്നി.
“എൻറെ കണ്ണടയോടെന്തിനാ കലഹം? “ അവൻ എൻറെ മനസ്സ് വായിച്ചറിഞ്ഞ പോലെ. ഞാൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി ഒരു നിമിഷം സോഡാ ഗ്ലാസിന്റെ ഇടയിൽകൂടി ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു. അമ്പരപ്പോടെ നിൽക്കുകയാണ് ആ ചെറുപ്പക്കാരൻ.
അത്….. ഞാൻ എന്താ പറഞ്ഞത്? ഞാൻ എന്തെങ്കിലും പറഞ്ഞോ? ഞാൻ വിക്കി വിക്കി ചോദിച്ചു.
അവൻ പറഞ്ഞു കുട്ടി എന്തൊക്കെയോ ധരിച്ചു ഞാനൊരു കവിത ചോദിക്കാൻ വന്നതാണ് പിന്നെ എന്നെ ഇഷ്ടമാണോ എന്നറിയാനും.

അതാ വീണ്ടും അതുതന്നെ ഇക്കുറി ഇത് സത്യമാണോ
ഞാൻ തല ചെരിച്ചു അവനെ നോക്കി. സോഡാ ഗ്ളാസ്സിന്റെ പിന്നിൽ പിടിതരാത്ത ആ കണ്ണുകളിൽ കുസൃതി.
“ഇഷ്ടമാണ് കവിത തരാൻ..” ഞാൻ പറഞ്ഞൊപ്പിച്ചു.
അപ്പോൾ ആ സോഡാ ഗ്ലാസ് കണ്ണടയ്ക്കുള്ളിലും ചുറ്റുപാടും ഞാൻ വീണ്ടും മാനത്തുകണ്ണികളെ കണ്ടു. ആയ മാനത്തുകണ്ണികളെ എൻറെ കണ്ണിലേയ്ക്കാവേശിപ്പിയ്ക്കാൻ ഞാനാ ചെറുപ്പക്കാരന്റെ മുഖം പിടിച്ചടുപ്പിച്ചു.
ഹാവൂ, ക്ളാസിപ്പോഴും കാലി.

Comments
Print Friendly, PDF & Email

You may also like