പൈപ്പിന് വെള്ളമൊഴിക്കാൻ മുട്ടുന്നുണ്ട്.
സിങ്കിലേക്ക് നാളി തിരിച്ചുവച്ച്
വെള്ളത്തിന്റെ വരവ് പ്രതീക്ഷിച്ച്
നാളിയുടെ അറ്റത്തേക്ക്
അത് ഉറ്റുനോക്കുന്നത്
കാണുന്നില്ലേ?
ഏതു നിമിഷവും വെള്ളം
പുറത്തേക്കൊഴുകാം
നാളി അകമേ മൂർഛിക്കുന്ന പ്രവാഹഹർഷത്തിന്റെ
ആസന്നവിഹ്വലതയിലാണ്
അതിന്റെ ശ്രദ്ധയത്രയും.
മുഴുവൻ ഒഴുകിത്തീരുന്ന നിമിഷം
അന്ത്യബിന്ദുക്കൾ കുടഞ്ഞ്
നാളി ഗോപ്യതയിലേക്ക്
തെഴുത്തണയ്ക്കുന്ന
ആശ്വാസത്തിന്റെ നിമിഷവും
അതിന്റെ ചേതനയിൽ
മിന്നിമറയുന്നുണ്ട്.
മുകളിലുള്ള ടാപ്പിന്റെഐച്ഛികപേശി
ഇടം തിരിച്ച് അയച്ചുകൊടുക്കാൻ
ആവുന്നില്ലല്ലോ എന്ന്
തോൾ വച്ച് അറ്റ കൈത്തണ്ടനോക്കി
അത് കേഴുന്നത്
വലിച്ചുകെട്ടിയ
എന്റെ കരൾത്തോലിൽ
മുട്ടിമുഴങ്ങുന്നുണ്ടല്ലോ.

കവര്‍: ജ്യോതിസ് പരവൂര്‍

+ posts

എത്യോപിയയിൽ മുമ്പ് അദ്ധ്യാപനം. മണർകാട് സെയിന്റ് മേരീസ് കോളജിലെ മലയാളവിഭാഗത്തിൽ മുൻ അദ്ധ്യാപകൻ.