ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് പിൻപറ്റിയ പാർലമെൻററി സമ്പ്രദായം പാകപ്പിഴവുകൾ നിറഞ്ഞതാണ്. അതുപ്രകാരം നമ്മൾ ഏതാനും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു, അവർ ഒരു നിർവ്വഹണ സംഘത്തെയും. ഈ സംഘത്തിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ, സർക്കാർ വീഴുകയും പുതിയ തിരഞ്ഞെടുപ്പ് ആവശ്യമായി വരികയും ചെയ്യുന്നു. ഫലമോ? ഇന്ത്യയുടെ 29 സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആറു മാസം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടക്കും. ഇവ ഓരോന്നും ദില്ലിയിലെ കേന്ദ്ര സർക്കാരിനെ കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പായി കണക്കാക്കപ്പെടുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ ബഹുചക്ര ജനാധിപത്യം ഒരു നിരന്തര വോട്ടെടുപ്പുപ്രക്രിയയായി
ഏറ്റവും അടുത്തു കഴിഞ്ഞത് അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പ്രധാനമന്ത്രിയു ടെ ഭരണകക്ഷിയായ ബി ജെ പി, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ – 200 മില്യൺ ആളുകൾ വസിക്കുകയും, 15ൽ 7 പ്രധാനമന്ത്രിമാരെ സൃഷ്ടിക്കുകയും ചെയ്ത, യു പി യിലും, അയൽ സംസ്ഥാനമായ ജാർഖണ്ഡിലും മേൽക്കൈ നേടി. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ പഞ്ചാബിൽ വിജയിക്കുകയും ഗോവയിലും മണിപ്പൂരിലും കൂടുതൽ വോട്ടു നേടുകയും ചെയ്തു. ( ഇവിടങ്ങളിൽ മറ്റു കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത് ബി ജെ പിയാണ് എന്നത് വേറെ കാര്യം )
ഇത് ഒരു സമ്മിശ്ര ഫലമാണെന്ന് പറയാം. പക്ഷെ ഇന്ത്യയുടെ ദേശീയ രാഷ്ട്രീയം എല്ലാ കാലത്തും ഹിന്ദി മേഖലയിലേക്ക് ഉറ്റു നോക്കിയിരിക്കുന്നു. മറ്റു നാലു സംസ്ഥാനങ്ങളിലെ ആകെ ജനസംഖ്യയിലും കൂടുതൽ വരും യു പി യിലേത്. അത് കൊണ്ട് ഈ വിജയം മോദിയുടെ വിജയമായി വാഴ്ത്തപ്പെട്ടു. അദ്ദേഹത്തിന്റെ ജന സമ്മതിയെ ഒന്നുകൂടി ഉറപ്പിച്ചു. അദ്ദേഹത്തിൻറെ നേതൃത്വത്തെയും തിരഞ്ഞെടുപ്പ് പ്രചാരണത്തെയും ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ ദുർബ്ബലമായി. തൻറെ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന യു പി യിൽ പ്രചാരണത്തിൻറെ ചുക്കാൻ പിടിച്ചത് മോദി തന്നെയാണ്. നിരവധി രാഷ്ട്രീയ പരിപാടികളിലും റാലികളിലും നേരിട്ട് പങ്കെടുത്ത് അദ്ദേഹം സർക്കാരിൻറെയും തൻറെയും പ്രശസ്തിക്കു ആക്കം കൂട്ടി.
ഇതിൻറെ ഗുണ ഫലങ്ങൾ സംസ്ഥാനത്തിൽ ഒതുങ്ങുന്നതല്ല. ഉപരിസഭയായ രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭകൾ ആയതു കൊണ്ട് രാജ്യസഭയിൽ നിയന്ത്രണം കൈക്കലാക്കുന്നതിനു യു പി യിലെ വിജയം മോദിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാ യിരുന്നു. ജൂലൈ – ആഗസ്റ് മാസങ്ങളിൽ നടക്കാനിരിക്കുന്ന രാഷ്‌ട്രപതി യുടെയും ഉപരാഷ്ട്രപതിയുടെയും തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനും ഈ വിജയം അദ്ദേഹത്തിന് സഹായകമാവും.
പക്ഷെ അതിനു കൊടുത്ത വിലയോ? ഇന്ത്യയുടെ തുടർച്ചയായ തിരഞ്ഞെടുപ്പുപ്രക്രിയ മൂലം കൂടെക്കൂടെ പ്രധാനമന്ത്രിക്ക് രാജ്യത്തിൻറെ നേതൃസ്ഥാനം വിട്ടു പാർട്ടി നേതാവിൻറെ ചുമതല ഏറ്റെടുക്കേണ്ടി വരുന്നു . മോദി വിട്ടു വീഴ്ചയില്ലാത്ത ഒരു പ്രചാരകനാണ്. എതിരാളികൾക്ക് നേരെ നിശിത വിമർശനങ്ങളും പക്ഷപാതപരമായ ആക്രമണങ്ങളും തൊടുത്തു കൊണ്ടാണ് അദ്ദേഹം കത്തിക്കയറുക. അതിൽ ഒരു പൊതുപ്രവർത്തകൻ പുലർത്തേണ്ട നൈതികത തൊട്ടു തീണ്ടിയിട്ടുണ്ടാവില്ല. പക്ഷെ ഏതാനും മാസങ്ങൾക്കുള്ളിൽ ഗുജറാത്ത് ഉൾപ്പെടെ ചിലയിടങ്ങളിൽ അത് ആവർത്തിക്കും.
പാർലമെൻററി സമ്പ്രദായത്തിന് ഇന്ത്യക്കിനി മെച്ചപ്പെട്ടതൊന്നും നൽകാനില്ല എന്ന് മാത്രമല്ല അത് ഒരുകാലത്തും ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച് ചതായിരുന്നില്ല. വാസ്തവത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പല രോഗാതുരതകളുടെയും ഉത്തരവാദിത്തം പ്രസ്തുത സമ്പ്രദായത്തിനാണ്.
രണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് അമേരിക്കൻ വിപ്ലവകാരികളെപ്പോലെ, ഇന്ത്യൻ ദേശീയ വാദികളും ഇംഗ്ളീഷ് മാതൃകയിലുള്ള അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുകയും ഇരു സഭകളുള്ള പാർലമെന്റ് അത് സാക്ഷാൽക്കരിക്കുമെന്നു വിശ്വസിക്കുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ് ആറ്റ്‌ലി, ബ്രിട്ടീഷ് ഭരണഘടനാ കമ്മീഷന്റെ അംഗം എന്ന നിലക്ക് ഇന്ത്യക്കായി അമേരിക്കൻ മാതൃകയിലുള്ള പ്രസിഡൻഷ്യൽ ഭരണം നിർദ്ദേശിക്കുകയുണ്ടായി. പക്ഷെ ദേശീയ നേതാക്കൾ അത് തള്ളിക്കളയുകയാണ് ചെയ്തത് . ‘താൻ വെണ്ണക്കു പകരം കൃത്രിമ ക്കൊഴുപ്പ് വെച്ച് നീട്ടുക’യാണെന്നവർ കരുതി എന്ന് ആറ്റ്ലി പിന്നീട് ആ സംഭവത്തേ ഓർമ്മിക്കുന്നു.
ഒരുപക്ഷെ സസ്യാഹാരത്തിനോട് ആഭിമുഖ്യമുള്ള ഇന്ത്യക്കു കൃത്രിമക്കൊഴുപ്പായിരിക്കും കൂടുതൽ യോജിച്ചിട്ടുണ്ടാവു . ഐകരൂപ്യം പുലർത്തുന്നവരായ ജനതയുള്ള ചെറുരാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന പാർലമെന്ററി സമ്പ്രദായം വിസ്തൃതവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ഇന്ത്യൻ സാഹചര്യത്തിൽ പ്രശ്ന സങ്കുലമായി എന്ന് ചുരുക്കം .
പാർലിമന്ററി രീതിയെ പിന്തുണക്കുന്നവർക്കു പറയാനുള്ളത് അത് ഇന്ത്യയെ ഒരുമിച്ചു നിർത്തുകയും എല്ലാ പൗരനും രാജ്യത്തിൻറെ രാഷ്ട്രീയ ഭാഗധേയത്തിൽ തന്റെ പങ്കു വഹിക്കാൻ അവസരം നൽകുകയും ചെയ്തു എന്നാണ്. പക്ഷെ ഏതു തരത്തിലുള്ള യഥാർത്ഥ ജനാധിപത്യവും അത് നൽകും എന്നതാണ് വാസ്തവം. ചോദ്യം ഏതു ജനാധിപത്യ സംവിധാനമാണ് പരമാവധി പ്രവർത്തന ഫലം കൈവരിക്കുക എന്നതാണ് .
ഒരു പക്ഷെ അമേരിക്കൻ അല്ലെങ്കിൽ ലാറ്റിൻ അമേരിക്കൻ മാതൃക എന്നതായിരിക്കും ഉത്തരം. കേന്ദ്രത്തിൽ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്ന ഒരു രാഷ്ട്ര പതി യും സംസ്ഥാനങ്ങളുടെ തലപ്പത്തു ഗവർണർമാരും നിശ്ചിതകാലം ഭരിക്കുന്ന ഒരു ചട്ടക്കൂട് ..
നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവൻ നിയമസഭയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വിധേയനായിരിക്കില്ല. അയാൾക്ക് പ്രാപ്തരും വിശ്വസ്തരും ആയ മന്ത്രിമാരെ നിയമിക്കുവാൻ സാധിക്കും. എല്ലാത്തിനും ഉപരിയായി ഭരണത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുവാൻ സാധിക്കും, കക്ഷിരാഷ്ട്രീയത്തിൽ ഇടപെടേണ്ടിവരില്ല. തുടർച്ചയായ തിരഞ്ഞെടുപ്പുകൾക്കും അറുതിവരും.
പ്രസ്തുത സമ്പ്രദായത്തിൽ ജനങ്ങൾക്ക് തങ്ങൾ അധികാരമേല്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്കു വോട്ടു ചെയ്യുവാൻ അവസരം ലഭിക്കും. രാഷ്‌ട്രപതി പ്രതിനിധീകരിക്കുക ഏതാനും നിയമസഭാംഗങ്ങളെയല്ല; മറിച്ചു രാജ്യത്തെ ഭൂരിഭാഗം പൗരന്മാരെയാണ്. അഞ്ചു വർഷത്തെ ഇടവേളകളിൽ നേതാവ് തങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ വിജയിച്ചുവോ എന്ന് വിലയിരുത്തുവാനുള്ള അവസരമാണ് ജനങ്ങൾക്ക് ലഭിക്കുക. സർക്കാരിനെ നിലനിർത്തുകയാവില്ല അവരുടെ മുൻഗണന.
ഒരു കണക്കിൽ ജനാധിപത്യത്തിനപ്പുറം മറ്റൊന്നില്ല. ഇന്ത്യയുടെ നിലനിൽപ്പിന് അത് നിർണ്ണായകവുമാണ്. വൈവിധ്യം ആണ് നമ്മുടെ സത്ത. അതിൽ നാം അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷെ ജനാധിപത്യത്തിന്റെ പേരിൽ നമുക്ക് വെച്ച് നീട്ടിയ രാഷ്ട്രീയത്തെ കുറിച്ച് മിക്ക ഇന്ത്യക്കാരനും മതിപ്പില്ല. ലോക ജനസംഖ്യയുടെ ആറിലൊന്നു വരുന്ന ഇന്ത്യക്കാർ അവരുടെ നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഭരണക്ഷമമായ ജനാധിപത്യമാണ്, ഭരണത്ത കർച്ചയല്ല. അപ്പോൾ മാത്രമേ രാജ്യം യഥാർത്ഥ പുരോഗതി കൈവരിക്കുകയുള്ളൂ..
അങ്ങനെ നോക്കുമ്പോൾ ദൈനംദിന രാഷ്ട്രീയവ്യവഹാരങ്ങളിൽ നിന്നും, ആവർത്തിക്കുന്ന മേഖലാ തിരഞ്ഞെടുപ്പുകളിൽ നിന്നും അകന്നു സ്വതന്ത്രവും ഏകാഗ്രവുമായ ഭരണ നിർവഹണം നടത്തുന്നതിന് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ വ്യവസ്ഥയായിരിക്കുംപ്രസിഡൻഷ്യൽ സമ്പ്രദായം. അത് തന്നെയാണ് ആ സമ്പ്രദായത്തിൻറെ സാധൂകരണം.
Comments