പൂമുഖം LITERATURE ഭൂമി എന്നും മരണത്തിന് എതിരായിരുന്നു

മേതിൽ കവിതകളുടെ സൗന്ദര്യശാസ്ത്രം അന്വേഷിക്കുന്നു.: ഭൂമി എന്നും മരണത്തിന് എതിരായിരുന്നു

േതിലിനെ വായിക്കുകയെന്നത് മലയാളി സൈക്കിനെ സംബന്ധിച്ച് ഒരു ലളിത കർമമല്ല. വായിപ്പിക്കാനുള്ള ഒരിടപെടലും മേതിലിൽ നിന്ന് വായനയ്ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല അക്കാര്യത്തിൽ വായനക്കാരനോട് ഒരു സൌഹൃദവും അയാൾ വെച്ച് പുലർത്തുന്നുമില്ല. ആധുനികത കവിതയെ രൂപപ്പെടുത്തിയ അക്കാലത്തെ വായനക്കാരനെ / നിരൂപകനെ അതിനു അനുകൂലമോ പ്രതികൂലമോ ആയ ഒരു നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ അന്ന് സച്ചിദാനന്ദനും കെ.ജി. എസ്സും അടക്കമുള്ളവർ കവിതയിൽ പരിപാലിച്ചിരുന്നു എന്ന് ഇന്ന് നമുക്കറിയാം. എന്നാൽ ‘വായനക്കാരാ’ എന്ന ഒരു വിളി ഒരു കാലത്തും സൂക്ഷിക്കാതെയാണ് മേതിൽ കവിതയിൽ പെരുമാറിയത്. ‘അതൊരു വിചിത്ര ദർശിനി’ എന്ന് ബാലചന്ദ്രൻ പിന്നീട് കവിതയിൽ എഴുതിയതിൽ ഈ അംശം കൂടിയുണ്ടെന്ന് ഞാൻ കരുതുന്നു. മേതിൽ സ്വയമേവ വളർന്ന കവിതയും കവിതയിലെ രാഷ്ട്രീയവുമാണ്.

സംസ്കാരത്തിന്‍റെ രാഷ്ട്രീയം എന്ന് കവിതയെ നിർവചിച്ചു പോരുന്ന വായനകളുടെ നടുവിൽ നിന്നു കൊണ്ടാണ് മേതിൽ സ്വയമേവ ഒരു രാഷ്ട്രീയകവിതയാണെന്ന് ഞാൻ പറഞ്ഞത്. ഞാനൊരു ഭൌമജീവിയാണെന്ന് മേതിൽ ആവർത്തിക്കുന്നുണ്ട്. ഭൌമജീവി എന്നതിന് മനുഷ്യൻ എന്ന ഒരർത്ഥം മാത്രം ഉള്ള അവസ്ഥയിലേക്ക് ചുരുങ്ങിയ കാലത്ത് എന്‍റെ കാൽക്കീഴിൽ ഈ മിനുസ പ്രതലത്തിൽ മുറിയുടെ നടുവിൽ പാദത്തിനു തൊട്ടടുത്ത്‌ ഈ പഴുതാര എങ്ങനെ എത്തി എന്ന വിസ്മയം ഭൌമ ജീവി എന്ന പ്രയോഗത്തെ സാധൂകരിക്കുകയും അതിലൂടെ തന്‍റെ രാഷ്ട്രീയത്തിന്‍റെ ആയുധം എന്ത് ,ലക്ഷ്യസ്ഥാനം ഏത് എന്നുമൊക്കെ മേതിൽ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ചൂല് വീശുന്ന വീട്ടമ്മയെ മേതിൽ പരിഗണിക്കുന്നില്ലെന്നു മാത്രമല്ല അങ്ങനെയൊരു ജന്തുവിനെ പരമാവധി അകറ്റി നിർത്തുന്നുമുണ്ട് കവിതയിൽ. മേതിലിലേക്ക് ,മേതിലിന്റെ രാഷ്ട്രീയാ വബോധത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്ന ഒരു സമൂഹം പിറവി കൊള്ളുമോ എന്ന ധാരണ പോലും തെറ്റിപ്പോകാവുന്ന ഒരു കാലത്ത്, തന്‍റെ ആവാസ വ്യവസ്ഥക്കകത്ത് പൊടിയണിഞ്ഞും ഹരിതമാർന്നും മഞ്ഞു പുതച്ചും കാറ്റേറ്റും തളർന്നും തകർന്നും ജ്വലിച്ചും വിടർന്നും വിരിഞ്ഞും നില്ക്കുന്ന സ്വാഭാവിക പ്രകൃതി ഉയർത്തുന്ന അതിജീവനത്തിന്‍റെ രാഷ്ട്രീയം മേതിൽ കവിതയെ സമീപിക്കുന്ന ആളെ അണുവികിരണം പോലെ പൊള്ളിച്ചു കളയുന്നു. തിരിച്ചു വരവില്ലാത്തവിധം അയാൾ അതിൽ മുഗ്ദ്ധനാകുന്നു. അത് കൊണ്ട് തന്നെ വളരെ കുറച്ചു പേർ മാത്രമേ ആ രാഷ്ട്രീയത്തെ ആ കവിതയെ അറിയുന്നുള്ളൂ. ആ വായനക്കാരൻ പോലും മേതിലിനെ തൊടുന്നില്ല . അയാൾ അതിനപ്പുറം സ്പന്ദിക്കുന്ന ഒരു സത്തയാണെന്നു തോന്നിപ്പോകുന്നു.

മേതിൽ തുറന്നു പിടിച്ച വലിയ രണ്ടു കണ്ണുകളാണ്. കണ്ണുകളിൽ നിന്നാണ് മേതിൽ കാണുന്നത് കണ്ണുകളിൽ നിന്നാണ് മേതിൽ ശ്വസിക്കുന്നതും മണക്കുന്നതും. കണ്ണുകളിൽ നിന്നാണ് മേതിൽ കേൾക്കുന്നത്. കണ്ണുകളിൽ നിന്നാണ് മേതിൽ തൊടുന്നതും രുചിക്കുന്നതും. കണ്ണ് എന്ന ആയുധം ഇല്ലെങ്കിൽ മേതിൽ എന്ന കവിതയില്ല. ഭൂമിയെയും മരണത്തെയും കുറിച്ച് എന്ന് മേതിൽ എഴുതിത്തുടങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ, മഞ്ഞ പടരുന്ന പ്ലാവിലയിൽ വെയിൽ പടരുമ്പോൾ എന്ന് മേതിൽ പറഞ്ഞു തുടങ്ങും .കണ്ണ് മേതിലിന്‍റെ കലയുടെ സ്വക്ഷേത്രാധിപനാണെന്നതിനു കൂടുതൽ ഉദാഹരണങ്ങൾക്കായി നിങ്ങൾ ആ കവിതകളിലേക്ക്‌ പോകുക. ദൃഷ്ടാന്തങ്ങൾ നിരത്തി സ്ഥാപിച്ചെടുക്കൽ ഇപ്പോൾ നിരൂപണത്തിന്‍റെ ധർമ്മം അല്ലാതായിട്ടുണ്ടല്ലോ. വെളിച്ചമാണ് ഈ കലയെ കൊഴുപ്പിക്കുന്നത്‌. വെളിച്ചം കണ്ണിന്‍റെ മാത്രം അനുഭവമാണ്. എന്നും എപ്പോഴും മേതിൽ കവിതകൾ തുറന്നാൽ ആദ്യം കണ്ണിൽ വന്നു വീഴുന്ന വാക്ക് വെളിച്ചം എന്നായിരുന്നല്ലോ എന്ന് വിചിത്ര വിസ്മയങ്ങളോടെ ഞാൻ എപ്പോഴും ഓർത്തിട്ടുണ്ട്. വെളിച്ചത്തിന്‍റെ ഉത്സവങ്ങളായി പലപ്പോഴും മേതിൽ കവിതകൾ മാറുന്നുണ്ട്.അശുഭം കവിതയുടെ കേന്ദ്രത്തിലേക്ക് ഇഴഞ്ഞെത്തുന്ന ചില ഘട്ടങ്ങളിൽ പോലും വെളിച്ചത്തെ ആദരിച്ചിരുത്താതെ മേതിൽ എഴുതിക്കണ്ടിട്ടില്ല. ഇളകുന്നൊരു ചിറകില്ലാതെ മേതിലിന്‍റെ ഒരു മത്സ്യവും നീന്തിയിട്ടുമില്ല. മേതിലിന്‍റെ കല കവിതയിൽ കണ്ണിൽ നിന്ന് പടർന്ന് പന്തലിച്ച്‌ കണ്ണിന്‍റെ എല്ലാ സാദ്ധ്യതകളെയും ഉപയോഗിക്കുന്നു. മനസ്സ് വിടർത്തിയെടുക്കുന്ന ഇടത്തിൽ അവയെ സ്ഥാപിച്ച് ജനിക്കുകയും വളരുകയും പരിണാമിയാവുകയും ചെയ്യുന്നു. അല്ലെങ്കിൽ വാൻഗോഗിന്‍റെ ചെവിയിൽ ‘നിറങ്ങളിൽ വെച്ച് കാട്ടുകുതിരയായ മഞ്ഞ’ എന്ന് എഴുതാനാവുമായിരുന്നില്ലെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു. കവിത കണ്ണിന്‍റെ കലയല്ല. കവിത കണ്ണിന്‍റെ കലയാവുന്നിടത്തു വെച്ച് അത് യാഥാർത്ഥ്യത്തിന്‍റെ മാത്രം കലയാവുന്നു . അപ്പോൾ അതിനു അകാല്പനികമാവാതെ തരമില്ലെന്നു വരുന്നു.

മേതിൽ തുറന്നു പിടിച്ച വലിയ രണ്ടു കണ്ണുകളാണ്. കണ്ണുകളിൽ നിന്നാണ് മേതിൽ കാണുന്നത് കണ്ണുകളിൽ നിന്നാണ് മേതിൽ ശ്വസിക്കുന്നതും മണക്കുന്നതും. കണ്ണുകളിൽ നിന്നാണ് മേതിൽ കേൾക്കുന്നത്. കണ്ണുകളിൽ നിന്നാണ് മേതിൽ തൊടുന്നതും രുചിക്കുന്നതും

മേതിൽ കവിത തീർത്തും അകാല്പനികമാണ്. കാല്പനികതകൊണ്ട് ഒട്ടും മസൃണമല്ല മേതിൽ എഴുതിയ ഒരു കവിതയെങ്കിലും. ആധുനികത മുടിയഴിച്ച് വെച്ച് പിരിഞ്ഞപ്പോൾ അവശേഷിച്ചതെന്ത് എന്ന് ഓർത്ത്‌ നോക്കിയാൽ ഈ വസ്തുത ബോദ്ധ്യമാവും. ആധുനികരിൽ എല്ലാവരും മലയാളിയുടെ സൈക്കിനെ അറിഞ്ഞ് ആദരിച്ച് എഴുതിയ കാല്പനിക സ്പർശം പുരണ്ട കവിതകൾ ഇന്നും നിർബാധം വായിക്കപ്പെടുകയും ചൊല്ലപ്പെടുകയും ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നു. അത്രമാത്രം കാല്പനികമാണ് മലയാളിയുടെ മനോനില. എന്നാൽ വക്കിൽ നിന്ന് കാല്പനികതയുടെ ഹരിതം ബോധപൂർവ്വം ചോർത്തിക്കളയുകയും വരണ്ടുണങ്ങിയ ഇലഞെരമ്പുകളിലേക്ക് അകാല്പനികതയുടെ വൈരസ്യം തേവി കൊടുക്കുകയും ചെയ്യുമ്പോൾ കവികുലം അന്നോളം മലയാള കവിതയിൽ അനുഷ്ഠിച്ചു പോന്ന സ്ഥിരാനുഷ്ഠാനത്തിന് എതിർ നില്ക്കുകയാണ് മേതിൽ ചെയ്തത്. അടുത്തു നിൽക്കുമ്പോൾ വളരെ അകലെ നിൽക്കുന്ന പ്രതീതിയും അകന്നു നില്‍ക്കുമ്പോൾ ഇതാ തൊട്ടോളൂ എന്ന് വിസ്മയിപ്പിക്കുകയും ചെയ്തു ആ കാവ്യലോകം. നിർമമതയുടെ പ്രപഞ്ചം ആയി അത് നില നിന്നു. കവിതയുടെ ആഖ്യാന കേന്ദ്രത്തിൽ എന്നും എപ്പോഴും പ്രഥമ പുരുഷനായി മേതിൽ തന്നെത്തന്നെ പ്രതിഷ്ഠിച്ചു. ആ പ്രതിഷ്ഠ അനുഗ്രഹദായക മൂർത്തിയാണോ സംഹരാത്മക സ്വത്വമാണോ എന്ന് തീർപ്പാക്കാനാവാതെയാണ് വായനാ ലോകം മേതിലിനെ സമീപിച്ചത്. വിരൽ തുമ്പിൽ കവിതയെ അയാൾ കൊണ്ട് നടന്നു. നിലത്തു നിർത്താതെ ,കുറെയേറെക്കാലം . ഈ കാല്പനികാന്തരീക്ഷത്തിലേക്ക്, കാല്പനികതയുടെ നേർത്ത മഞ്ഞു വീഴ്ചയുള്ള ഈ പ്രതലത്തിലേക്ക് എന്തിന് എന്‍റെ കവിത എന്ന് ഒരു പക്ഷെ അയാൾ ധരിച്ചു വെച്ചിരിക്കണം. ജീവിതം അത്രമേൽ യഥാർത്ഥമാണ് സുഹൃത്തേ എന്ന് എഴുതിപ്പോയവ ആവർത്തിച്ച്, പക്ഷെ, പറഞ്ഞു കൊണ്ടിരുന്നു. അതിനാൽ ഇന്ന് മേതിലിന് ഭിന്നമായ ഒരു വായന സാദ്ധ്യമാവുന്നുണ്ടെന്നു കരുതേണ്ടി വരുന്നു. കാരണം അജൈവികതയും കവിതയുടെ കേന്ദ്രത്തിൽ പ്രവര്‍ത്തിക്കുമെന്ന വിളിച്ചു പറയൽ തന്നെയാണത്.

മേതിലിന്‍റെ കവിതാലോകം ജൈവമാണെന്ന ആഷാമേനോന്‍റെ നിരീക്ഷണം ഒച്ചുകളുടെ പഗോഡയിൽ ഉണ്ട്. ചലിക്കുന്ന എന്തും ഉൾപ്പെടുന്ന, അത് പൂവും പരാഗവും പുഴുവും പഴുതാരയും വരെ ഉൾപ്പെടുന്ന ഒരു ബഹു വർണ്ണ ജൈവലോകം തന്നെയാണ് ആ വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് . പക്ഷെ കവിതയിൽ ഈ ജീവീലോകത്തെ വിന്യസിക്കുമ്പോൾ എന്ത് കൊണ്ടോ ആ ജീവീലോകം ചേർന്നുണ്ടാക്കേണ്ടുന്ന ഒരു ജൈവലോകത്തെക്കുറിച്ച് മേതിൽ അത്രമേൽ വേവലാതിപ്പെട്ടിട്ടുണ്ടോ? എഴുത്തിൽ അങ്ങനെ വേവലാതിപ്പെട്ടു കണ്ടിട്ടുണ്ടോ? ‘ഞാൻ ആ പഴുതാരക്ക് വേണ്ടി വാദിക്കുന്നു’ എന്ന് മേതിൽ പറയും . പക്ഷെ കവിതയെന്ന ജൈവ വസ്തുവിലേക്ക് ഈ ജീവീലോകത്തെ തൊടുക്കുമ്പോൾ ആ ജൈവലോകത്ത് ഇവ സ്വച്ഛന്ദം ചരിക്കണം എന്ന ഉള്ളിലുള്ള ഒരു എഡിറ്ററുടെ വാശി പക്ഷെ മേതിൽ കാണിച്ചിട്ടില്ല. അതൊരു ബോധപൂർവ്വ നിസ്സംഗതയാവാം. ആർദ്രതയോടെ എന്തും ചലിക്കുന്നിടത്ത് ജീവന്‍റെ സാന്നിദ്ധ്യമുണ്ടല്ലോ എന്ന വല്ലാത്തൊരു ആർദ്രതയുടെ അഹങ്കാരം ആഷാമേനോൻ എഴുതുമ്പോൾ ആഹ്ലാദത്തോടെ അനുഭവിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെ സംഭവിച്ചു. എങ്കിലും ചരിത്ര പരമായ സത്യസന്ധത എന്തിലും ഏതിലും വേണം എന്ന് വാശിയുള്ള മേതിലിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ കവിതയെക്കുറിച്ചും പറയുമ്പോൾ ആ സത്യസന്ധത സൂക്ഷിക്കാനുള്ള ബാദ്ധ്യതയെക്കുറിച്ചു മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ. ഈ അകാല്പനികത സൃഷ്ടിക്കുന്ന ഒരു ബോധപൂർവ്വ ഭാഷയിൽ നിന്നാണ് മേതിൽ കവിത ആധുനികരുടെ കവിതയിൽ നിന്നും കാവ്യഭാഷയിൽ നിന്നും  വിച്ഛേദിക്കപ്പെട്ടത്‌ .

മേതിൽ ഒന്നും ഉറക്കെ പറഞ്ഞില്ല. ഊർദ്ധ്വബാഹുവായി വിളിച്ചു പറഞ്ഞവന്‍റെ കുലത്തിൽ അല്ല ഇയാളുടെ ഭാഷ പ്രവർത്തിച്ചത് . അത് പലപ്പോഴും സ്വാഭാവികം കൂടി ആയിരുന്നില്ലെന്ന് തോന്നിപ്പിക്കുമാറു ഉള്ളിലേക്ക് തിരിഞ്ഞിരുന്നു മേതിൽ കവിത സംസാരിച്ചു. അന്തർമുഖത്വം കൊണ്ട് പലപ്പോഴും വായനയിൽ ആ ഭാഷ ചിതറിപ്പോയി. ആ അന്തർമുഖത്വം അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ കാലാവസ്ഥ ഉണ്ടാക്കിക്കൊടുത്ത കൃത്രിമമായ ഒന്നായിരുന്നില്ല. മേതിൽ അവനവനിലേക്ക്‌ തിരിഞ്ഞിരിക്കുക തന്നെയായിരുന്നു. ‘ആദ്യത്തെ കണ്ണടയുടെ സുഖം ആദ്യത്തെ പ്രേമത്തിന്‍റെ സുഖമാകുന്നു ‘ എന്ന് എഴുതുമ്പോൾ മേതിൽ ഈ തിരിഞ്ഞിരിപ്പിന്‍റെ മൂർദ്ധന്യത്തിലാണ്. എഴുതിയതിൽ നിന്ന് വായന വികർഷിച്ചു പോകുന്നതരം അവനവൻ പ്രക്ഷേപിക്കലായി അത് മാറി എന്ന് പറയാൻ പോലും തോന്നുന്നു. പക്ഷെ അത് ഒരു തരം സ്യൂഡോ ഇരുപ്പായിരുന്നില്ല. ആധുനികതയുടെ വ്യാജ നാണയങ്ങൾ ഈ ഇരിപ്പ് ഇരുന്നവരായിരുന്നു എന്നും ഓർക്കണം. മേതിൽ പക്ഷെ ഇരുന്നപ്പോൾ ഊറിക്കൂടിയ സ്രവങ്ങൾക്ക് പശിമ കൂടുതലായിരുന്നു. അയാൾ അപ്പോൾ നെയ്ത വാക്കിന്‍റെ വലകൾക്ക് കനവും കൂടുതലായിരുന്നു. സമാന മാനസികാവസ്ഥകളിൽ പുലർന്നവർക്ക് ആ ഇരിപ്പിന്‍റെ സത്യസന്ധത മനസ്സിലാവുമായിരുന്നു. അവരാണ് മേതിലിനെ വായിച്ചു കൂടെ കൂട്ടിയത്. ഞങ്ങളുടെ തലമുറയ്ക്ക് മേതിൽ വായനയെ എത്തിച്ചു തന്നതും അവരായിരുന്നു. ഞങ്ങൾ ഞങ്ങളുടെ കൌമാരവും യൌവനവും കത്തിച്ചു കളഞ്ഞത് ആധുനികതയുടെ വ്യാജനിഴലുകളിലായിരുന്നുവല്ലോ, അതും കവിതയുടെ. ഭാഷയിൽ മേതിൽ നടത്തിയ ബോധപൂർവമുള്ള ഇടപെടൽ കവിതയിൽ എന്നും അബോധം മാത്രം പ്രവര്‍ത്തിക്കണം എന്ന ഞാനടക്കമുള്ളവരുടെ വായനാ ബോദ്ധ്യങ്ങളോട് പുറം തിരിഞ്ഞു നിന്നു. പക്ഷെ വായിപ്പിച്ചേ അടങ്ങൂ എന്ന ഒരു ചോദന മേതിൽ എന്നും ഭാഷയിൽ സൂക്ഷിക്കുകയും ചെയ്തു. വിചിത്രമാണത് .

കുഞ്ഞിരാമൻ നായരെക്കുറിച്ച് ഓർക്കാതെ മേതിലിന്‍റെ കാവ്യ വൈചിത്ര്യങ്ങളെ കുറിച്ച് ഓർക്കാനാവില്ല. കുഞ്ഞിരാമൻ നായർ ജീവിതത്തിൽ ശരീരം കൊണ്ട് എത്രമാത്രം അലഞ്ഞിട്ടുണ്ടോ അത്രയും ദൂരം മേതിൽ മനസ്സ് കൊണ്ട് അലഞ്ഞിട്ടുണ്ടാവണം . ഏത് അലച്ചിലിനൊടുവിലും കുഞ്ഞിരാമൻ നായർ വന്നു നിന്നിരുന്ന ഒരു ക്ഷേത്രമുറ്റമുണ്ട്. പ്രകൃതി എന്നതിനെ നമുക്ക് തൽക്കാലം വിളിക്കാം. അതേ പ്രകൃതിയുടെ മറുപുറത്താണ് മേതിൽ തന്‍റെ അലച്ചിൽ കഴിഞ്ഞു തിരിച്ചത്തിയത്. കമ്പ്യൂട്ടർ ആണ് എന്‍റെ കൂട്ടുകാർ എന്ന് മേതിൽ. യന്ത്രത്തിന്‍റെ ആവാസ വ്യവസ്ഥക്കകത്ത് കുടുങ്ങിക്കിടക്കുമ്പോഴും ജീവിതത്തെ യന്ത്രത്തിന് നല്കാതെ പ്രാചീനമായ പാറക്കെട്ടിലേക്കു മുഖം പൂഴ്ത്തുന്ന ഒരാളെ മേതിൽ സൃഷ്ടിച്ചു. അയാൾ എല്ലായ്പ്പോഴും മനസ്സുകൊണ്ട് അലഞ്ഞലഞ്ഞു തിരിച്ചെത്തി. ഭാണ്ഡത്തിൽ നിന്ന് കിട്ടിയ ഭിക്ഷകൾ കുടഞ്ഞിട്ടു. കുഞ്ഞിരാമൻ നായർക്ക് യാത്രാ ഭാണ്ഡം ഉണ്ടായിരുന്നില്ല. അത് കണ്ണിൽ കണ്ടവർക്കെല്ലാം കയ്യിൽ കിട്ടിയത് കൊടുത്ത് മുടിഞ്ഞ മാവായിരുന്നുവത്രേ. മേതിൽ പക്ഷെ ഒരു ഭാണ്ഡം കരുതിയിരുന്നു, ശേഖരിച്ചിരുന്നു. അതിൽ നിന്ന് തരതമ ഭേദത്തോടെ വേർതിരിച്ചിരുന്നു, ഉപയോഗത്തിനെടുത്തിരുന്നു. അങ്ങനെ സൂക്ഷ്മമായി ഉപയോഗിച്ചതിന്‍റെ ആഴമാണ് മേതിലിന്‍റെ കവിതകളുടെ ആഴമായി പരിണമിച്ചത്‌.
ഏറെ ആഴമുള്ള ഒരു നിശ്ചല ജലാശയമാണ് മേതിൽ കവിതകൾ ഓര്‍മ്മിപ്പിക്കുന്നത്. ഒരു ചെറു കല്ലെടുത്ത് എറിഞ്ഞു അതിന്‍റെ സ്വസ്ഥത തകർക്കാൻ നാം ഇഷ്ടപ്പെടുകയില്ല. പക്ഷെ വായനയുടെ നേരങ്ങളിൽ ആ ജലാശയത്തിലേക്ക്‌ നമ്മുടെ തന്നെ അനുഭവങ്ങളുടെ ചെറു കല്ലുകൾ മുറക്ക് വന്നു വീണു കൊണ്ടിരിക്കും . അതുണ്ടാക്കുന്ന അലോസരത്തെ നമ്മൾ വാരിപ്പുണരുകയും നമ്മുടെ സ്വകാര്യതകളെ ഈ മനുഷ്യൻ എപ്പോഴാണ് വന്നു കടം വാങ്ങിപ്പോയതെന്നു വിസ്മയിക്കുകയും ചെയ്യും. ഈ വിസ്മയമാണ് മേതിലിന്‍റെ മൂലധനം.

വായനയിൽ വിസ്മയിപ്പിച്ചു മേതിൽ. ഈ വിസ്മയത്തിനു തുടർച്ചകളുണ്ടാവും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉത്തരാധുനികതയുടെ സാമൂഹ്യ സാഹചര്യങ്ങൾ നമ്മൾ അനുഭവിക്കേണ്ടി വന്നിട്ടില്ല. പകരം ഉദാരവൽക്കരണത്തിന്‍റെയും കമ്പോളാധിപത്യ ത്തിന്‍റെയും ചൂണ്ടക്കൊളുത്തുകളെ ഉത്തരാധുനികതയുടെ മുഖം എന്ന് തെറ്റി വായിക്കാൻ ശ്രമിക്കുകയായിരുന്നു എണ്‍പതുകൾക്ക് ശേഷമുള്ള നമ്മുടെ കലാ കാലാവസ്ഥകൾ. എന്നാൽ സാഹിത്യം അടക്കമുള്ള കലാവസ്തുക്കളെ ഉത്തരാധുനികതയുടെ അളവുകോലുകൾ കൊണ്ട് അളന്നു കളിക്കാനുള്ള ശ്രമങ്ങൾ ധാരാളം നടന്നു. സൌന്ദര്യപക്ഷത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടുള്ള അത്തരം സമീപനങ്ങൾ തിരിച്ചു നടത്തം ആരംഭിച്ചു കഴിഞ്ഞു. വീണ്ടും നമ്മൾ എഴുത്തിന്‍റെ സൌന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ വേവലാതികളിലേക്ക് ചേർന്ന് നില്ക്കാവുന്ന ഏറ്റവും മികച്ച ഉപാദാന വസ്തുവാണ് മേതിൽ കവിതകൾ.. അത് കൊണ്ട് തന്നെ മേതിലിൽ നിന്ന് വേരുപൊട്ടുന്ന പലരെയും കാണാൻ കഴിയുന്നുണ്ട്. അതാരൊക്കെ എന്നത് ഇപ്പോൾ പ്രസക്തമല്ല. നാളെ, അത് പ്രസക്തമാകുന്ന ഒരു ദിവസം വന്നാൽ തീര്‍ച്ചയായും അത് വിളിച്ചു പറഞ്ഞിരിക്കും.

അയാൾ ഈ ഭൂമിയിൽ പൊടിച്ചുയർന്ന ഒരു പാഴ് വൃക്ഷം ആയിരുന്നില്ല. കാരണം അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ‘ഭൂമി എന്നും മരണത്തിനു എതിരായിരുന്നു.’

Comments
Print Friendly, PDF & Email

ശ്രദ്ധേയനായ വിമർശകൻ. തിരൂർ ഗവ. കോളേജ് അദ്ധ്യാപകൻ

You may also like