പൂമുഖം LITERATUREകവിത നാലുവരിപ്പാത

നാലുവരിപ്പാത

കുന്നിൻതാഴ്‌വരയിലൊരു
കുടിലിൽ
ഉരുകിയൊലിച്ചവെയിലേറ്റ്,
ആർത്തലച്ചമഴയിൽ കുതിർന്ന്,
ഒറ്റക്കൊരു വൃദ്ധൻ.
പുഴുവരിച്ച്,
ഊർദ്ധ്വൻ വലിച്ച്,
ചുടു ശ്വാസത്തിൽ
വായ്പ്പുണ്ണിൻദുർഗന്ധം പേറി,
പൊടിഞ്ഞ പായയിൽ
കടലാമപോലുൾവലിഞ്ഞ്,
അയാൾ കിടന്നു.
കുന്നോളംസ്വപ്നത്തേരിലേറി
വികസനമെന്ന അമ്പെയ്ത്
ഒരുനാളവർ വന്നു
കൈകളിൽ ചിഹ്നങ്ങൾ,
ദണ്ഡുകൾ,
ദിശാസൂചികകൾ.
കല്പനകൾ കൊണ്ടവർ
ദിക്കളന്നു,
അതിർത്തി തിരിച്ചു
അടയാളം കുത്തി
ഐക്യപ്പെട്ട ജനത
മരിക്കാനുറച്ച്‌ പോരിനിറങ്ങി.
ശുഷ്കാന്തിയോടെയവർ
അടയാളങ്ങൾ മായ്ച്ചുകളഞ്ഞു.
വികസനമെന്ന ആയുധം
മാറാപ്പിലേക്ക് ഒതുക്കി വെച്ച്,
പിന്നെപ്പൊഴോ
ദണ്ഡനമുപേക്ഷിച്ച്
നാടും, കാടും വിട്ടകന്നു.
എല്ലും തോലുമായ
താഴ്‌വാരം ഉപേക്ഷിക്കപ്പെട്ടു !
കൂടെ
കുടിലും വൃദ്ധനും അപ്രത്യക്ഷരായി.
രാപ്പാടി നീട്ടിവിളിച്ചു
പ്രേയസിയെ തിരഞ്ഞ് പക്ഷികൾ
കാടിറങ്ങി.

കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments
Print Friendly, PDF & Email

You may also like