പൂമുഖം OPINION ഡൽഹി റൈസിന കുന്നിൽആരു ഭരിച്ചാലും അവർ കോൺഗ്രസ് ആകുന്നു!

ഡൽഹി റൈസിന കുന്നിൽആരു ഭരിച്ചാലും അവർ കോൺഗ്രസ് ആകുന്നു!

ഞാൻ ഡൽഹിക്കാരൻ അല്ല, കോൺഗ്രസ് കാരനും അല്ല എന്നൊക്കെ പറഞ്ഞു പ്രധാനമന്ത്രി ആയ നരേന്ദ്ര മോഡി, വെറും രണ്ടു വർഷം കൊണ്ടു എത്ര ഐഡിയോളജി പറഞ്ഞാലും വെറും ഡൽഹി ക്കാരനും, കോൺഗ്രസ് സംസ്കാരമുള്ളവനും ആയിരിക്കുന്നു. കോൺഗ്രസ് സംസ്കാരം എന്നാല്‍ കോൺഗ്രസ് പാർട്ടി അല്ല. അവിടെയാണ് കോൺഗ്രസ് സംസ്കാരം എന്താണ് എന്നു അറിയേണ്ടത് . ഈ സംസ്കാരത്തിന് അതേ പേരുള്ള പാർട്ടിയുമായി ഒരു ബന്ധവും ഇല്ല. കാരണം എല്ലാ ഭരണക്കാർക്കും വേണ്ട ഒന്നാണ് ആ സംസ്കാരം എന്നു പറയേണ്ടിയിരിക്കുന്നു. പ്രജകളുടെ, രാജ്യത്തിന്റെ ഐക്യം. സമാധാനം, ഇത്യാദി.

രണ്ട്‌ വർഷം ഇന്ത്യ ഭരിക്കേണ്ടി വന്നു മോദിക്ക് ഈ സംസ്കാരം എന്താണ് എന്നു മനസിലാക്കാൻ. അതാണ് രണ്ടാം വർഷം അദ്ദേഹം നടത്തിയ മന്ത്രി സഭാ പുനഃ സംഘടന കാണിക്കുന്നത് . ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മനുഷ്യ വിഭവശേഷി മന്ത്രിയെ ജൗളി മന്ത്രാലയത്തിലേക്കു മാറ്റിയ കാര്യം മാത്രം മതി മോഡി എങ്ങനെ കോൺഗ്രസ് സംസ്കാരക്കാരൻ ആയി എന്നു മനസിലാക്കാൻ. ഈ മന്ത്രി സുന്ദരിയും, പല വിവാദങ്ങളുടെ നായികയും ഒരു ഡിഗ്രി പോലുമില്ലാതെ, ഉന്നത വിദ്യാഭാസം എന്താണെന്നു കേട്ട് കേൾവി പോലുമില്ലാതെ അതിനെ നിയന്ത്രിക്കാമെന്നു കരുതിയ ഒരു പമ്പര വിഡ്ഡിയും ആണ് എന്നു തന്നെ പറയാം. പക്ഷെ അവരെ അങ്ങനെ പറയുമ്പോൾ, അവരെ ഈ ചുമതല ഏല്പിച്ച മോഡിക്കും അതിൻറെ ഉത്തരവാദിത്തത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ കഴിയില്ല. കാരണം എല്ലാം രാഷ്ട്രപതിയുടെ നിയമനം ആണെങ്കിലും, മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി തന്നെ. അതു കൊണ്ടു എല്ലാ മന്ത്രിമാരുടെയും, വകുപ്പുകളുടെയും, അവസാന ചുമതല പ്രധാന മന്ത്രിക്കു തന്നെ.

അതല്ലേ കോൺഗ്രസ് സംസ്കാരം, അതായത് കൂട്ടായ ചുമതല. കൂട്ടായ, വിവരമുള്ള, ഭാവിയെ കണ്ടുള്ള തീരുമാനമെടുക്കൽ, തീരുമാനമെടുക്കുമ്പോൾ കഴിവതും അത് ജനങ്ങളുടെ സാമാന്യ ബുദ്ധിയെ അപമാനപ്പെടുത്താതിരിക്കൽ എന്നിവ. ഇതു കുറച്ചു പഴയ നെഹ്രുവിയൻ കോൺഗ്രസ് സംസ്കാരം ആണ്. അല്ലാതെ ഇന്നത്തെ കോൺഗ്രസിന്റേത്‌ അല്ല.അതു തന്നെയാണ് പുതിയ മന്ത്രി ജാവേദ് ക്കർ എല്ലാം എല്ലാവരോടും ചർച്ച ചെയ്തേ നടപ്പാക്കൂ എന്നു പറഞ്ഞത്. അതല്ലേ വെറും സംഘി മുഖ്യമന്ത്രി ആയിരുന്ന, മതഭ്രാന്ത് ഉയർത്തി വിട്ട കലാപങ്ങളിലൂടെ ഉണ്ടായ ധ്രുവീകരണത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി വരെ ആയ മോഡിയും തന്റെ മന്ത്രി സഭാ പുനഃ സംഘടനയിലൂടെ പറയുന്നത്?

ഡൽഹി റൈസിന കുന്നിൽ പ്രധാന മന്ത്രി ഇരിക്കുന്ന കസേരയിൽ ഇരുന്നു ആരു ഭരിച്ചാലും അവർ കോൺഗ്രസ് ആകുന്നു. അതു ഈ ഭരണ ഘടന വെച്ചു, ഏതു സംഘിയും, സഖാക്കളും മറ്റാരും ഭരിച്ചാലും അങ്ങനെ തന്നെ എന്നു ഡൽഹിക്കാർ പറയും. ജനങ്ങളും, ഭരണകൂടക്കാരും എല്ലാം പറയും. കാരണം ഇന്ത്യയെ പോലെ ഒരു രാജ്യത്തെ ഒന്നിച്ചു കൊണ്ടു നടക്കുവാൻ ഇങ്ങനെ ഒരു സമന്വയത്തിന്റെ രാഷ്‌ടീയമേ പറ്റൂ. അതാണ് മിനിമം ഗവണ്മെന്റ് -കുറച്ചു മന്ത്രിമാർ – മാക്സിമം ഗവർണൻസ്‌ – മികച്ച ഭരണം എന്നു പറഞ്ഞു തുടങ്ങി യ മോഡിയും കോൺഗ്രസ് സംസ്കാരത്തെ അഗീകരിച്ചത്. കൂടുതൽ മന്ത്രിമാരെ തന്റെ കൂടെ കൂട്ടി കോൺഗ്രസ് മന്ത്രിസഭ പോലെ അംഗ ബലം എഴുപതിൽ കൂടുതൽ ആക്കി. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലെ ജാതി-മത സന്തുലിതാവസ്ഥ നോക്കി രാഷ്‌ടീയമായി ഗുണം ചെയ്യുന്ന നേതാക്കളെ മന്ത്രിമാർ ആക്കി അദ്ദേഹം ഒരിക്കൽ കൂടി ഒരു ഡൽഹി ചൊല്ല് സ്ഥിരീകരിക്കുന്നു.

രണ്ടു വർഷം കാര്യത്തിൽ സംശുദ്ധി പുലർത്തിയിരുന്ന മോഡി സർക്കാർ അതിലും പിഴക്കുന്നു എന്നു ചില ആരോപണങ്ങൾ ചൂണ്ടികാണിക്കുന്നു. അഡാനി കമ്പനിയുടെ ഹരിത കേസിലെ ഇളവും, ടെലികോം കമ്പനികളിൽ നിന്നു സിഎജി എടുത്തു കാട്ടിയ പിഴകളെ കുറിച്ചുള്ള അന്വേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള വിമുഖതയും അഴിമതിയെ പറ്റിയുള്ള അവരുടെ സമീപനത്തിലെ വിള്ളലുകൾ കാണിക്കുന്നു.
ആകപ്പാടെ രണ്ടാം വർഷത്തെ മോഡി സർക്കാരിൻറെ പ്രകടന പത്രിക ഒന്നു കാണിക്കുന്നു എന്നു നിസംശയം പറയാം. അവരുടെ ജനങ്ങളുമായുള്ള മധു വിധു കാലം കഴിഞ്ഞിരിക്കുന്നു. അടുത്ത വർഷത്തെ UP തിരഞ്ഞെടുപ്പോടെ, ജനങ്ങളുടെ രാഷ്‌ടീയ സമീപനം എവിടേയ്ക്ക് എന്നു പറയാം. അതിനുള്ള തയ്യാറെടുപ്പ് ഈ മന്ത്രിസഭാ പുനഃസംഘടനയോടെ തുടങ്ങി കഴിഞ്ഞു.


 

Comments
Print Friendly, PDF & Email

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like