ഇക്കരെ നിന്നു പരുക്കൻവഴിയൂ-
ടക്കര പറ്റാനൊരു പുഴു….
കമ്പിളിനൂലിൻ കുപ്പായവുമി-
ല്ലമ്പിളി മിന്നും കനവും…
വേച്ചു വിറച്ചു വിയർത്തുമുഴച്ചും
മൂച്ചു പിടിച്ചും അഴന്നു വലഞ്ഞും
ആഞ്ഞു ഞെരിക്കാനേതൊരു കൈ?
തേച്ചു തുലയ്ക്കാനേതൊരു കാൽ?!
കാണാപ്പേടികൾ ചൂഴേ നെയ്തൊരു
വലയിൽ കുതറി വലഞ്ഞും
അലകടലിൽ തിര, ചൊരിമണലിന്നല –
യിഞ്ചിനു താണ്ടി ഞരമ്പുമിടിപ്പുകൾ
പാകിയ വഴിയിൽ പുഴുവിഴയുന്നു.
അക്കരയുണ്ടൊരു പച്ചപ്പിൻ തല
ചക്കര കാട്ടി വിളിക്കുന്നു
അക്കര ചക്കര പിന്നെയുമക്കര-
യകന്നുമായും ചക്കരകൾ….
ഇക്കരെ നിന്നു പരുക്കൻ വഴിയൂ-
ടക്കര പറ്റാനൊരു പുഴു…
Comments