പൂമുഖം LITERATUREകവിത ഒരു അടുക്കള രഹസ്യം

ഒരു അടുക്കള രഹസ്യം

കാളനുണ്ടാക്കുന്ന വൈകുന്നേരത്താണ്
അവൾ കാല്പനികതയെ കുറിച്ച്
സംസാരിച്ചു തുടങ്ങിയത്.

കരിയിലക്കാറ്റുപോലെ പത്മരാജന്‍
വന്നുപോകാറുള്ള തിങ്കളാഴ്ച്ചകളെ കുറിച്ചും
കടല്‍, പുഴ , സന്ധ്യാനേരങ്ങള്‍
മഞ്ഞ് മഴ
എന്നതൊക്കെ പ്രണയത്തിന്‍റെ
പശ്ചാത്തലങ്ങള്‍ മാത്രമെന്നും
അവയൊക്കെ കാണുമ്പോള്‍
ഗന്ധർവ്വന്‍ പോലെ പത്മരാജന്‍
ഇറങ്ങിവരാറുണ്ടെന്നും അവൾ പറഞ്ഞത്.

കാബേജ് തോരന്‍ അരിയുമ്പോഴാണ്
സുഖമോ ദേവിയിലെ സണ്ണിയെ കുറിച്ച്
സംസാരിക്കുന്നത് .
അതിഭാവുകത്വം ഏതുമില്ലാതെ
ആയാസപ്പെടാതെ
അയാളില്‍ നിറയുന്ന കുസൃതിച്ചിരി
നൊമ്പരമായി ചിതറിയപ്പോള്‍
കരഞ്ഞു കലങ്ങിയ കണ്ണുമായി
അച്ഛനോട് പറയുന്നു,
കെട്ടുന്നയാളുടെ പേര് സണ്ണിയാവണമെന്ന്.
അച്ഛൻ അവളുടെ കൗമാരമുഖത്തെ
കണ്ണീര് തുടച്ചു കളഞ്ഞു.

അവിയലിനുള്ള മുരിങ്ങ അളന്ന്
മുറിക്കുമ്പോഴാണ്
ആനന്ദധാരയിലെ അസാന്നിധ്യം പകരുന്ന
വേദനകളെ കുറിച്ചും
കവി ഇപ്പോള്‍ അനുഭവിക്കുന്ന
ആത്മപീഡകളെ കുറിച്ചും സംസാരിച്ചത് .

മെഴുക്ക്‌പുരട്ടി രുചിച്ചു നോക്കുമ്പോഴാണ്
കവിയുടെ മാപ്പുസാക്ഷിയെ കുറിച്ച്
സംസാരിക്കുന്നത് .
ഭരണകൂടത്തിനോട് പറയുന്ന ഭാഷയാണ്
കവിതയെന്ന് അദ്ദേഹമാകും അക്കാലത്ത്
ഏറെ ബോധ്യപ്പെടുത്തിയിടുണ്ടാവുക,
എന്നവള്‍ പറയുമ്പോള്‍ സാമ്പാറിന്റെ മണം
അടുക്കളയാകെ പരന്നിരുന്നു .

എരിശ്ശേരിയും പുളിശ്ശേരിയും ഏറെകുറെ
പാകമായെന്ന് പറയുമ്പോഴും
ചെറുശ്ശേരിയേയും ഇടശ്ശേരിയേയും കുറിച്ച്
അവള്‍ പറയാന്‍ മറന്നതേയില്ല.

സാഹിത്യരസം ഏതാണ്ട് ചൂട്
പിടിക്കുമ്പോഴാണ് വെളിച്ചെണ്ണയില്‍
കടുകും കറിവേപ്പിലയും ഉലുവയും ചേര്‍ത്തു
രസത്തിന്റെ ചേരുവകളിലേക്ക് അവള്‍
വറുത്തിട്ടത്.

ഉരുളിയില്‍ പാല്‍പ്പായസം ഇളക്കുമ്പോഴാണ്
അവള്‍ മാധവിക്കുട്ടിയെക്കുറിച്ച് എന്തൊ
പറയാന്‍ തുടങ്ങിയത് .
പൂര്‍ത്തിയാവും മുന്‍പേ നേരം വെളുത്തത് കൊണ്ടാകാം,
യ്യോ…!
പ്രാതലുണ്ടാക്കാൻ സമയമായി
ഇനി പിന്നെ പറയാമെന്ന് ഫോണിന്‍റെ
മറുതലക്കല്‍ അവൾ നിശബ്ദമായത് …!

കവർ ഡിസൈൻ : സി പി ജോൺസൺ

Comments

You may also like