സ്വർണ്ണവർണ്ണമുള്ള സൂര്യൻ
കടലിലേയ്ക്ക്
മുങ്ങിമറയുന്നതിനും
മുന്നേ,ആകാശം ചെമ്പട്ട്
അണിയുന്നതിനും മുന്നേ ഉള്ള
സമയം. അപ്പോൾ വെയിലിന്
ഒരു ചൂടുണ്ട് സുഖമുള്ള
ഒരു നോവിനെ
അനുസ്മരിപ്പിക്കുന്നുത്.
കടലിലേയ്ക്ക് ഇറങ്ങി-
ക്കിടക്കുന്ന പാറക്കെട്ടുകളിൽ
ഒന്നിൽ അലസമായി ഇങ്ങനെ
ഇരിക്കാം.മൗനങ്ങളെ മറക്കാം.
കടലിനെ
നോക്കിയിരിക്കുകയാണ്.
തിരമുറിയാതെ തീരത്തെ
എത്തിപ്പിടിക്കുവാൻ
നോക്കിക്കൊണ്ടേ ഇരിക്കുന്ന
കടൽ. പക്ഷേ, തീരമോ
നിശ്ചലനാണ്,
നിർന്നിമേഷനാണ്.
എനിക്ക് തോന്നുന്നത് തിര
ശല്യപ്പെടുത്തുന്ന ഒരു
കാമുകിയാണെന്നാണ്.
കടൽകാറ്റേറ്റാൽ ശമിക്കാത്ത
വിതുമ്പലുകൾ ഇല്ല.പ്രണയവും
വാഗ്ദാനവും വാഗ്ദാന ലംഘനവും
തുടർന്നുള്ള വേദനയും
അതിന്റെ ആഘാതങ്ങളും ഒക്കെ
കുറച്ച് നേരത്തേക്ക്
മാത്രമാണെങ്കിലും ഈ
മണലിലും തിരയിലും കാറ്റിലും
അലിഞ്ഞു ചേരും.
കാലുകൾ ഇടറുന്നു. വഴികളും
നിശ്ചയമില്ലാതെയായി.
എവിടെയാണ് നിങ്ങളെ
തിരയേണ്ടത്.
ഞാൻ ഈ കാറ്റിനോട് ചോദിച്ചു
കടലിനോടും ഞണ്ടുകളോടും
ചോദിച്ചു.
അവർ നിങ്ങളെ കണ്ടതിനു
തെളിവ് അവരുടെ മൗനം മാത്ര-
മാണെന്ന് എനിക്ക്
ബോധ്യമുണ്ട്.
നിങ്ങളുടെ നീണ്ട മൗനങ്ങൾ.
അതിൽ നിറയെ
കൂരമ്പുകളാണ്.
എന്തിന് ഇനിയും ഈ
ആത്മാവിനെ അവ ലക്ഷ്യം
വെക്കുന്നു? ഇതിലെവിടെ
രക്തവും മജ്ജയും?
നിങ്ങൾ ഇവിടെ
നിന്നിറങ്ങിയപ്പോൾത്തന്നെ ഈ
ആത്മാവ് മരിച്ചിരുന്നു .
നിങ്ങളിൽ അഭയം തേടിയ
ഹൃദയവും നിലച്ചു പോയി .തേടി
വരുവാൻ ആരുമില്ലെങ്കിൽ
ഓരോ രോമകൂപവും
മരിക്കുന്നത് ഒരനുഗ്രഹമല്ലേ?
കവർ : വിത്സൺ ശാരദാ ആനന്ദ്