അതിരിൽ ആഴത്തിൽ
വേരൂന്നി നിൽക്കും
ചെമ്പരത്തിയുടെ
ഇതളിൽ കണ്ടു ഞാൻ
ഒരു നൊമ്പരപ്പാട്
ചോദിച്ചു മെല്ലെ
വേരിനിത്ര ബലമുണ്ടായിട്ടും
പൂവിതളുകള്‍ക്കത്രയും
ചുവപ്പുണ്ടായിട്ടും
എന്തിനിത്ര സങ്കടം
അതിര്‍ത്തിയിലാണെന്നത്
ധീരതയാണ്
ആരുടേതാണെങ്കിലും
ഒരു കാവലാണ്
ആര്‍ക്ക് ഭ്രാന്ത് മൂക്കുമ്പോഴാണ്
വെട്ടിയെറിയുക എന്നോര്‍ത്തും
ഭയമില്ല.
എങ്കിലും ഉണ്ട്
ഉള്ളിലെന്നുമൊരു സങ്കടം ..,
ആരുടേതെന്ന
അവകാശ തര്‍ക്കത്തിന്‍
തീര്‍പ്പ് കല്പിക്കുന്നനേരത്തില്‍
ഉയരും അതിരില്‍
എന്നേക്കുമായൊരു മതില്‍
തമ്മില്‍ കാണാത്തത്ര ഉയരത്തില്‍.
അന്ന് പറിച്ചെറിയപ്പെടാമെങ്കിലും
തൊടിയിലെവിടെയെങ്കിലും
ചുവന്നുതന്നെ നില്‍ക്കും
പ്രതീക്ഷയുടെ വേരൂന്നി,
പ്രളയത്തിലോ മറ്റോ
വീണുപോയേക്കാവുന്ന നിങ്ങടെ
ഭ്രാന്തന്‍ മതിലിന് പകരം
വളരും ,
കാവലായി ധീരമായ് !!!
കവർ ഡിസൈൻ : ആദിത്യ സായീഷ്