ഒരു പാവയുടെ മയക്കം
കാലൊടിഞ്ഞ കണ്ണടയാണ്,
മുഖത്തിരിക്കുന്നില്ല,
ചില്ലിലെ ചിലന്തി വല
ഭൂപടമടർത്തി,
രണ്ടു കൃഷ്ണമണികൾ കാഴ്ച്ചകളിലേക്ക്
ഇറങ്ങിയുരുളാൻ തുടങ്ങിയിരിക്കുന്നു
മഞ്ഞു തിന്നുന്ന പർവ്വതങ്ങളും,
പനിച്ചു കിടക്കുന്ന പ്രദേശങ്ങളും കടന്നു,
ക്ഷീണിച്ചൊടുവിൽ,
പക്ഷികൾക്കു ചിറകും
മൃഗങ്ങൾക്കു പല്ലും
മരങ്ങൾക്കു വേരും
മുളയ്ക്കുന്നതിനു മുൻപുള്ള
പ്ലേറ്റുകളുടെയതിർത്തിഭേദിച്ചു,
ഭ്രൂണാവസ്ഥയിലെന്നോ മൃതിയടഞ്ഞൊരു ഭൂഖണ്ഡത്തിലെ
കണ്ണുകൾ ചിതലരിച്ചു പോയ പഴുത്തുപഴക്കമായൊരു കുഞ്ഞുമരപ്പാവയിലുറങ്ങി
Comments