ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണ്ണായകവുമായ പോരാട്ടഭൂമികളിൽ ഒന്നായ ബീഹാറിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലം ഒരു പഞ്ചവത്സര മത്സരത്തിനപ്പുറം, വോട്ടർമാർക്ക് ദീർഘകാലമായി പരിഹരിക്കപ്പെടാതെ തുടരുന്ന സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയെ പ്രതിഫലിപ്പിക്കാൻ ലഭ്ധമായ ഒരു അവസരം കൂടിയാണ്. ഏകദേശം 19 വർഷമായി ബീഹാറിൻ്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന നിതീഷ് കുമാറിറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നണി തുടർച്ചയ്ക്കായി എല്ലാ അടവുകളും പയറ്റുമ്പോൾ, മറുവശത്ത് പ്രതിപക്ഷ നേതാവ് തേജസ്വി യാദവും കോൺഗ്രസും ചേർന്നുള്ള മഹാഗഡ്ബന്ധൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു.
തുടർച്ചയായ മുന്നണി മാറ്റങ്ങളുടെ അപഖ്യാതി പേറുന്ന നിതീഷ് കുമാറിന് ശക്തമായ ഭരണവിരുദ്ധവികാരം നേരിടേണ്ടിവരുന്നുണ്ട്. വികസനനായകൻ എന്ന പഴയ പ്രതിച്ഛായ നഷ്ടപ്പെടുകയും രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവ് എന്നൊരു വികാരം ജനങ്ങൾക്കിടയിൽ ഉടലെടുക്കുകയും ചെയ്തു.
അടുത്തിടെ പുറത്തുവന്ന വിവിധ അഭിപ്രായസർവേകൾ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്ത് തേജസ്വി യാദവ് 42% വോട്ട് നേടി മുന്നിട്ടു നിൽക്കുമ്പോൾ പ്രശാന്ത് കിഷോർ 23% വും നിതീഷ് കുമാർ 18% വും നേടുന്നു. പ്രമുഖരായ സാമ്രാട്ട് ചൗധരി, ചിരാഗ് പാസ്വാൻ എന്നിവർ 10% ത്തിൽ താഴെയാണ്.
ബീഹാറിലെ സഖ്യരാഷ്ട്രീയം എന്നും പ്രവചനാതീതമായിരുന്നു എന്ന് മുൻ തിരഞ്ഞെടുപ്പുകളിൽ നടന്ന അവസാനനിമിഷ സംഭവങ്ങൾ കാണിക്കുന്നു.
2015 ൽ ആർ.ജെ.ഡി-ജെ.ഡി.(യു.)- കോൺഗ്രസ് സഖ്യം 178 സീറ്റ് നേടി അധികാരത്തിലെത്തി. എന്നാൽ, നിതീഷ് കുമാർ അടുത്ത തെരഞ്ഞെടുപ്പിനു മുൻപ് ഭരണകാലത്തു തന്നെ സഖ്യം വിട്ട് ബി.ജെ.പി.ക്കൊപ്പം ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി.2020 ൽ എൻ.ഡി.എ. മുന്നണിയായി മത്സരിച്ചപ്പോൾ 125 സീറ്റ് നേടി കേവലഭൂരിപക്ഷം ഉറപ്പിച്ചു. എന്നാൽ, ആർ.ജെ.ഡി.യുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 110 സീറ്റുകൾ നേടാനായി.
2020 മുതൽ ആർ.ജെ.ഡി., ബി.ജെ.പി., ജെ.ഡി.(യു.) എന്നീ മൂന്ന് പാർട്ടികളാണ് ബീഹാറിലെ വിജയം നിർണ്ണയിക്കുന്ന പ്രധാന ശക്തികൾ.
നിലവിലെ മുന്നണികൾ:
- എൻ.ഡി.എ. സഖ്യം: ജെ.ഡി.(യു.), ബി.ജെ.പി, ചിരാഗ് പാസ്വാൻ്റെ എൽ.ജെ.പി, ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ച, ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച.
- മഹാഗഡ്ബന്ധൻ: ആർ.ജെ.ഡി, കോൺഗ്രസ്, സി.പി.ഐ.(എം.എൽ) മുകേഷ് സാഹ്‌നിയുടെ വികാശീൽ ഇൻസാൻ പാർട്ടി, സി.പി.ഐ, സി.പി.എം, ഇന്ത്യൻ ഇൻക്ലൂസിവ് പാർട്ടി.
- മത്സരരംഗത്തുള്ള മറ്റ് പ്രധാന പാർട്ടികൾ: എ.ഐ.എം.ഐ.എം. (AIMIM), പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടി, ആം ആദ്മി പാർട്ടി.
വോട്ട് ബാങ്കുകളും ജാതി സമവാക്യങ്ങളും:
ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതിൽ ജാതിസമവാക്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ് എന്നത് അവഗണിക്കാൻ കഴിയില്ല. ഓരോ രാഷ്ട്രീയ കക്ഷിയുടെയും പ്രധാന വോട്ട് ബാങ്കുകൾ താഴെ കൊടുക്കുന്നു.
1.അതിപിന്നോക്ക വിഭാഗം (EBC)
സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനത്തിലധികം വരുന്ന അതിപിന്നോക്ക വിഭാഗമാണ് ബീഹാറിലെ ഏറ്റവും വലിയ വോട്ട് ബാങ്കുകളിലൊന്ന്. നിലവിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെ.ഡി.(യു.) പാർട്ടിയുടെ പ്രധാന ശക്തികേന്ദ്രം ഈ വിഭാഗമാണ്. ഇവരുടെ പിന്തുണ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് നിതീഷ് കുമാർ പതിറ്റാണ്ടുകളായി ശ്രമിച്ചുവരുന്നത്. തിരഞ്ഞെടുപ്പിലെ വിജയം നിർണ്ണയിക്കുന്നതിൽ ഈ വിഭാഗം വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്.
2.യാദവ് ഉൾപ്പെടുന്ന മറ്റു പിന്നോക്ക വിഭാഗങ്ങൾ(OBC)
സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 27 ശതമാനമാണ് മറ്റ് പിന്നോക്ക വിഭാഗങ്ങൾ. ഇതിൽ 15 ശതമാനത്തോളം വരുന്ന യാദവ വോട്ടുകൾ ആർ.ജെ.ഡി.യുടെ (RJD) പരമ്പരാഗത ശക്തികേന്ദ്രമാണ്. തേജസ്വി യാദവിൻ്റെ നേതൃത്വത്തിൽ ആർ.ജെ.ഡി. ഈ വോട്ട് ബാങ്കിൽ വിശ്വാസമർപ്പിക്കുന്നു.
3.മുസ്ലിം വോട്ടുകൾ (Muslim Vote Bank)
ഏകദേശം 17 ശതമാനത്തിലധികം വരുന്ന മുസ്ലിം വോട്ടുകൾ ബീഹാറിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന വിഭാഗമാണ്. ഒരു കാലത്ത് ജെ.ഡി.(യു.) പാർട്ടിക്കൊപ്പം നിന്നിരുന്ന ഈ വോട്ടുകൾ ഇപ്പോൾ ആർ.ജെ.ഡി.യുടെ പ്രധാന പിന്തുണയായി മാറിയിട്ടുണ്ട്. യാദവ – മുസ്ലിം വോട്ടുകൾ ചേരുന്ന എം-വൈ അച്ചുതണ്ട് ആണ് ആർ.ജെ.ഡി.യുടെ രാഷ്ട്രീയ അടിത്തറ.
4.മുന്നോക്ക വിഭാഗം (Upper Caste)
15 ശതമാനത്തിലധികം വരുന്ന മുന്നോക്ക വിഭാഗങ്ങൾ പരമ്പരാഗതമായി ബി.ജെ.പി.യുടെ പ്രധാന വോട്ട് ബാങ്കാണ്. ദേശീയതയിലും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയിലും ഊന്നിയുള്ള ബി.ജെ.പി.യുടെ പ്രചാരണം ഈ വോട്ടുകൾ ഏകീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
5.പട്ടികജാതി വോട്ടുകൾ (SC Vote Bank)
സംസ്ഥാനത്തെ ഏകദേശം 20 ശതമാനത്തിലധികം വരുന്ന പട്ടികജാതിവോട്ടുകൾ പല ഉപജാതികളായി ഭിന്നിച്ചു പോകുന്ന പ്രവണതയുണ്ട്. ഈ വോട്ടുകളിൽ ബി.ജെ.പി.ക്കും അവരുടെ സഖ്യകക്ഷിയായ ചിരാഗ് പാസ്വാൻ്റെ എൽ.ജെ.പി.ക്കും സ്വാധീനമുണ്ട്. പരേതനായ രാം വിലാസ് പാസ്വാൻ്റെ കുടുംബത്തിൻ്റെ രാഷ്ട്രീയ സ്വാധീനം ഈ വോട്ടുകൾ നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാണ്.
ഇതിനു പുറമെ, എ.ഐ.എം.ഐ.എം. പോലുള്ള ചെറിയ കക്ഷികൾ കിഷൻഗഞ്ച്, സീമാഞ്ചൽ പോലുള്ള മേഖലകളിൽ മുസ്ലിം വോട്ടുകൾ നേടി മറ്റ് പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തുന്നു.
പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ:
ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മുന്നിൽ രണ്ടു പ്രധാന വിഷയങ്ങൾ ആണുള്ളത്. തൊഴിലില്ലായ്മയും വികസനമില്ലായ്മയും.
ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനത്തു നിന്ന് ലക്ഷക്കണക്കിന് യുവാക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉപജീവനം തേടി കുടിയേറുന്നത് ഏറ്റവും പ്രത്യക്ഷമായ ഭരണ പരാജയമാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥ രാജ്യത്തിലെ ഏറ്റവും മോശപ്പെട്ടവയിൽ പെടുന്നു.വികസനം ഒരു തിരഞ്ഞെടുപ്പ് പരസ്യം മാത്രമായി അവശേഷിക്കുന്നതാണ് അനുഭവം.
ജാതി സെൻസസും സംവരണ രാഷ്ട്രീയവും:
ബീഹാർ അടുത്തിടെ നടത്തിയ ജാതി സെൻസസ്, സംവരണത്തിൻ്റെ പരിധി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ എന്നിവ പിന്നാക്ക-അതിപിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഈ ആവശ്യം മുന്നണികളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ നിർണ്ണയിക്കുന്നതിൽ കാര്യമായ സമ്മർദ്ദം ചെലുത്തയിട്ടുമുണ്ട്.
പ്രശാന്ത് കിഷോറിന്റെ രംഗപ്രവേശം:
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിയുടെ ഈ തിരഞ്ഞെടുപ്പിലെ റോൾ എന്താണ്? അദ്ദേഹത്തിൻ്റെ 3,500 കിലോമീറ്റർ പദയാത്ര ബീഹാറിൽ വലിയ ജനശ്രദ്ധനേടിയിട്ടുണ്ട്.
പ്രശാന്ത് കിഷോറിന്റെ രംഗപ്രവേശവും പുതിയ പാർട്ടി രൂപീകരണവും അരവിന്ദ് കെജ്‌രിവാളിനെയും ആപ്പിനെയും ഓർമ്മിപ്പിക്കുന്നു. അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ, സ്ഥാപിത രാഷ്ട്രീയത്തിനെതിരായ നിലപാട്, രാഷ്ട്രീയ പ്രവർത്തകരല്ലാത്ത പ്രൊഫഷണലുകളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന പുതിയ മുഖങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം എന്നിവ യും കെജ് രിവാൾ മാതൃകയിൽ ഉള്ളതാണ്. എന്നാൽ ഈ താരതമ്യത്തിനപ്പുറം, ഒരു ഗൂഢമായ രാഷ്ട്രീയ തന്ത്രം ഇതിൽ ഒളിഞ്ഞുകിടക്കുന്നുണ്ടോ എന്നതാണ് ഇന്ന് വൻ രാഷ്ട്രീയമൂല്യമുള്ള ചോദ്യം.
ആർ.ജെ.ഡി.-മഹാഗഡ്ബന്ധൻ്റെ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ഒരു നിഗൂഢ പദ്ധതിയാവാം ഇത്.
കോൺഗ്രസിൻ്റെ മതേതര വോട്ടുകൾ കെജ്‌രിവാളിലേക്ക് എത്തിച്ച് കോൺഗ്രസിനെ തകർക്കാൻ സംഘപരിവാർ ശ്രമിച്ചതുപോലെ, ബീഹാറിൽ നിതീഷിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉള്ള നിലയ്ക്ക്, യുവജനങ്ങളുടെയും മതേതര ജനങ്ങളുടെയും വോട്ടുകൾ തേജസ്വി യാദവിൻ്റെ മഹാഗഡ്ബന്ധനിൽ എത്താതെ പ്രശാന്ത് കിഷോറിലേക്ക് തിരിച്ചുവിടാൻ ഉള്ള ശ്രമമാവാം പുതിയ പാർട്ടി രൂപവൽക്കരണവും പ്രവർത്തനവും. ഇത് വഴി ബി.ജെ.പി.ക്ക് മേൽക്കൈ ഉറപ്പിക്കാം.പ്രശാന്ത് കിഷോർ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി തേജസ്വി യാദവിനെ ഒരിക്കലും മുഖ്യമന്ത്രി ആയി കാണുവാൻ സാധിക്കില്ല എന്നും ജൻസുരാജ് വിജയിച്ചില്ല എങ്കിൽ നിതീഷ് കുമാർ ആയിരിക്കും മുഖ്യമന്ത്രിയാവാൻ ഏറ്റവും അർഹൻ എന്നും പറഞ്ഞത് ഇതിനോട് കൂട്ടി വായിക്കാം.സ്ത്രീകളുടെ വോട്ടുകൾ നിർണ്ണായകമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ടുകൾ ചെയ്‌താൽ അത് NDA യുടെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് അവർ കണക്കു കൂട്ടുന്നു
തീവ്ര വോട്ടർപട്ടികപരിഷ്കരണം തുടങ്ങിയ വിവാദങ്ങളും കോളിളക്കങ്ങളും കടന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ യാഥാർഥ്യമായിരിക്കുന്നു. ഒന്നാം ദിവസത്തെ പോളിംഗ് പതിവിലും ഉയർന്നതാണ് എന്ന് നിരീക്ഷകർ. മഹാരാഷ്ട്രയിലും, ഹരിയാനയിലും ജമ്മു കാശ്മീരിലും പോളിംഗ് ദിനം നടത്തിയ കൃത്യമായ പോളിംഗ് മാനേജ്‌മെന്റ് ബിജെപി ബീഹാറിലും ആവർത്തിക്കുന്നുണ്ട് എന്നു റിപ്പോർട്ടുകൾ. എന്തായാലും ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് പലതു കൊണ്ടും നിർണായകമാണ്. രാഷ്ട്രീയത്തിലെ നൈതികത, വോട്ട് നടപടിക്രമങ്ങളുടെ വിശ്വാസ്യത, സാങ്കേതികസംവിധാനങ്ങളുടെ സുരക്ഷിതത്വം എന്നിവയെല്ലാം പരീക്ഷിക്കപ്പെടുന്ന മഹാപ്രക്രിയയാണത്.
കവർ : ജ്യോതിസ് പരവൂർ
