പൂമുഖം LITERATUREകവിത ഇരുട്ടിന്‍റെ നിറം

ഇരുട്ടിന്‍റെ നിറം

1
പനിപിടിച്ച്
ഉറങ്ങിക്കിടന്നൊരുച്ച
നനവുള്ളിലകളെ
വകഞ്ഞു മാറ്റി
കാറ്റൂതി ജനാല തുറന്ന്
എൻ്റെ നഗ്നതയിലേക്ക്
ഉറ്റുനോക്കുന്നു.

ഉടലിലാകെ വേരില്ലാത്ത
നീരാവിമരങ്ങൾ.

2
സ്വപ്നത്തിൽ
വെയിൽ വന്ന് എന്നെ വിളിക്കുന്നു.

പോകാം ഇരുട്ട് പരക്കും മുമ്പ്
നീയീനഗരം കടക്കണം.

ദാഹിച്ചു വലഞ്ഞവൻ്റെ
തൊണ്ടക്കുഴിയിലേക്ക്
ഇന്നത്തെ സൂര്യൻ അസ്തമിക്കും

നമുക്കതിനെ ചക്രം
കണ്ടുപിടിക്കുന്നതിനും മുമ്പുള്ള
ഒരു കാലത്തിലൂടെ തള്ളി നിരക്കി
ഈ മരവിച്ച നഗരത്തിൻ്റെ
കിഴക്കുകൊണ്ടുവെയ്ക്കണം.

ഉഷ്ണപ്പുണ്ണു ബാധിച്ച
രാജ്യത്തിന് മുകളിലൂടെ
സുര്യനെ അമണ്ടം* കെട്ടി കടത്തണം.

പകയുടെ വെടിക്കെട്ടിൽ
ചിതറിപ്പോയ കുഞ്ഞുങ്ങളുടെ
കരച്ചിൽ പണ്ടൊരു രാജ്യമായിരുന്നു.

3
ഇരുട്ട് ജീവിതത്തിന്‍റെ
മറ്റൊരു പേരാണ്.

വിശന്നു മരിച്ചവന്‍റെ
ഒടുക്കത്തെ പിടച്ചിലിൽ
നിറമില്ലാത്തൊരു
നിസ്സഹായതയാണ് ഇരുട്ട്.

ഇരുട്ടിന്‍റെ നിറം കറുപ്പല്ല.

നിങ്ങൾ അടിവില്ല്* വെച്ചു പിടിച്ച
പകലിൻ്റെ പേരാണ് ഇരുട്ട്.

*അമണ്ടം – തടിപ്പണിക്കാരായ ചുമട്ടു തൊഴിലാളികൾ വലിയ തടികൾ നീക്കാനുപയോഗിക്കുന്ന മരക്കമ്പ്
*അടിവില്ല് – കൃഷിസ്ഥലങ്ങളിൽ എലിയെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.