എൻ്റെ കവിത!
പൊള്ളിക്കുന്നുണ്ടെന്ന്,
സുഖപ്പെടുത്തുന്നുണ്ടെന്ന്,
ലഹരിയിലേക്ക് പതഞ്ഞൊഴുകിച്ചേരുന്നുണ്ടെന്ന്,
മത്സ്യവേട്ടകളാണെന്ന്,
പക്ഷിപ്പിടച്ചിലുകളാണെന്ന്,
വലവിരിക്കുന്നുണ്ടെന്ന്,
നിലാവിലേർപ്പെടുന്നുണ്ടെന്ന്,
വെളിച്ചപ്പെടുന്നുണ്ടെന്ന്,
കാറ്റും തിരമാലകളും
ഒഴുക്കുമുണ്ടെന്ന്,
കുരിശേറുന്നുണ്ടെന്ന്,
മൂന്നാംപക്കം ഉയിർത്തെണീറ്റ്
കല്ലറകൾ പൊളിച്ചടുക്കുന്നുണ്ടെന്ന്,
ലോകത്തെ ജ്ഞാനസ്നാനം
ചെയ്യുന്നുണ്ടെന്ന്,
മെയ്ക്കച്ചവടത്തെരുവുകളിൽ
കരുണയുടെ കൽവിളക്കുകൾ കൊളുത്തുന്നുണ്ടെന്ന്,
നിശബ്ദതകളിൽ
പ്രേമത്തിൻ്റെ
കടുക് താളിക്കുന്നുണ്ടെന്ന്,
കാമത്തിൻ്റെ കാട്ടുപൂക്കൾ
ചൂടുന്നുണ്ടെന്ന്,
ഇണമനുഷ്യരോടൊത്ത്
ഇളനീരൂറ്റിക്കുടിച്ച്
ഇളവെയിലു കായുന്നുണ്ടെന്ന്,
ആറ്റുവഞ്ചികളുലയുമ്പോൾ കാറ്റിലലിയുന്നുണ്ടെന്ന്,
പവിഴമല്ലിച്ചൊടികളിൽ
പൂക്കൾ കൊരുത്തിടുന്നുണ്ടെന്ന്,
നാലുവരിപ്പാതകളിൽ
പച്ചവെളിച്ചവും കാത്ത് മുറുകിക്കിടക്കുന്നുണ്ടെന്ന്,
നോവുകളുടെ
അയഞ്ഞ സംഗീതത്തെ
പ്രാർത്ഥനകൾക്ക്
കാവലിരുത്തുന്നുണ്ടെന്ന്,
കരയുന്നുണ്ടെന്ന്,
ചിരിക്കുന്നുണ്ടെന്ന്,
ഉണർവിൻ്റെ ഭ്രാന്തുകളിലേക്ക്
രതിയുടെ മഴപ്പാറ്റകളെ
തുറന്നു വിടുന്നുണ്ടെന്ന്,
ലോകമേ,
നീ സാക്ഷ്യപ്പെടുത്തുകയില്ലേ?
ഞാനിതാ,
ഇറ്റുവീണ്
വറ്റിപ്പോകാറായിരിക്കുന്നു.
കവർ : ജ്യോതിസ് പരവൂർ