പൂമുഖം LITERATUREകവിത നിലാവ് പൂക്കുന്ന പ്രണയം

നിലാവ് പൂക്കുന്ന പ്രണയം

ഓർമ്മകൾ പെയ്യുന്ന രാവിൻ തൊടിയിൽ
നിൻ സ്വരം തേടുന്ന രാപ്പക്ഷി ഞാൻ
കൈതപൂക്കുന്ന രാത്രിസുഗന്ധമെൻ
കരളു കൊത്തിപ്പിളർത്തുന്നു കഴുകനായ്.

പേടിയാണിന്നുമീ രാവിനെ, മമ
പ്രാണനെ കൊത്തിപ്പറന്നു പോയെവിടെയോ
മൗനവാല്മീകത്തിലേകാന്ത തപമിരുന്നു-
രുകുകയാണെന്‍റെ ദുഃഖമോക്ഷത്തിനായ്.

കാലം വിടർത്തിയ, കൗമാര പുഷ്പത്തിൻ
കനവിതൾ നുള്ളിക്കളിച്ച കാലത്തെന്നോ
കല്പനാജാലകം മെല്ലെ തുറന്നെന്‍റെ
കരളിൽ പറന്നെത്തി പ്രേമചകോരം.

പൂനിലാവൊഴുകുന്ന പുഴയോരനനവിലും
ഇരുൾവീണ മൺപാതയരികിലും പിന്നെ,
കാവിലും, കടവിലും അമ്പലക്കോണിലും
തൂവൽ കൊഴിച്ചിട്ട ചിത്രപതംഗങ്ങൾ.

ഒരുപാട് സ്വപ്നങ്ങളുളളിൽ നിറച്ചിട്ട്
പിരിയാതിരിക്കുവാൻ മോഹിച്ച നാളുകൾ
അറിയാതെ പിൻതുടർന്നുയിരിനായ് ദാഹിച്ചു
ക്രൂരമതാന്ധക്കോമരക്കോലങ്ങൾ.,
ജാതിവേതാളങ്ങളമ്പെയ്തുവീഴ്ത്തിയ
പ്രണയകപോതം കുറുകുന്ന നെഞ്ചിൽ
ഒരു നിത്യസ്മാരകം തീർത്തതിൽ തിരിവച്ചു
പ്രാർത്ഥിക്കയാണു ഞാൻ നിന്നിലേക്കെത്താൻ.

സാന്ത്വനസ്പർശമായ് ചിരിതൂകിയെത്തുന്ന
വെൺതിങ്കൾ സാക്ഷിയാണെന്‍റെ ദുഃഖങ്ങൾക്ക്
ദൂരെ വിദൂരത്തു കണ്ണിമചിമ്മാതെ
ആരെയോ തിരയുന്നൊരേകാന്ത താരമേ
നിന്‍റെ മിഴിത്തുമ്പിലൂറുന്ന ബാഷ്പത്തി-
ലുണ്ടെന്‍റെ നഷ്ടപ്രണയത്തിൻ സ്പന്ദനം.

കവര്‍: ജ്യോതിസ് പരവൂര്‍

Comments
Print Friendly, PDF & Email

You may also like