പൂമുഖം LITERATUREകഥ ഡിജിറ്റലി എവർ ആഫ്റ്റർ

ഡിജിറ്റലി എവർ ആഫ്റ്റർ


601 ആം മുറി തുറന്നു, കൈ മാത്രം പുറത്തോട്ടിട്ട് അവൾ അവനെ അകത്തേക്ക് ഒറ്റ വലി.
എന്നിട്ട് ആപാദചൂഡം ഒന്നു വീക്ഷിച്ചു.
ആ നോട്ടം അവൻ കൗതുകത്തോട് കൂടി ആസ്വദിച്ചെങ്കിലും തുടർന്നു ചോദിച്ചു
“എന്നിട്ട് ?” ആ ചോദ്യത്തിൽ ജിജ്ഞാസയെക്കാൾ ആകാംക്ഷ കലർന്നിരുന്നു.
“ഉഗ്രൻ..” അവൾ പറഞ്ഞു.
അവൻറെ ശ്വാസം നേരെ വീണു.
ഒരു കാലം കെട്ട കാലത്തിലുള്ള പ്രണയം ആയിരുന്നു അവരുടേത്.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമ്പർക്കം നിയമവിരുദ്ധം ആക്കിയ കാലം.
സുഹൃദ് ബന്ധങ്ങൾ മരവിച്ച കാലം.
ഒറ്റപ്പെട്ടവർ വീണ്ടും ഒറ്റപ്പെട്ട കാലം.
ജോലിയുള്ളവർക്ക് ജോലി പോയ കാലം.
ഇല്ലാത്തവർക്ക് ദയാദാക്ഷിണ്യങ്ങൾ ഒട്ടുമേ ലഭിക്കാത്ത കാലം.
സോഷ്യൽ മീഡിയയിൽ ഉള്ള പരിചയത്തിനും ചങ്ങാത്തത്തിനും ഭാവി തീരെയില്ലാത്ത കാലം. അവളുടെ ചിരകാല ഡേറ്റിംഗ് സ്വപ്‌നങ്ങൾ ഒരുമിച്ച് കാപ്പി കുടിക്കുക, സിനിമയ്ക്ക് പോകുക, ഒന്നുമൊന്നും സാധ്യമല്ല. കടപ്പുറത്ത് കൈ കോർത്ത് സാന്ധ്യ വിഷാദങ്ങളെ ഒരുമിച്ച് അകറ്റുക എന്ന തോന്നൽ തന്നെ ഒരു അതിമോഹമായി തോന്നിയപ്പോൾ, അവളത് അലമാരയുടെ ഒരു മൂലയ്ക്ക് ഒളിപ്പിച്ചു വെച്ചു.
യാത്രാനിയമങ്ങൾ ദുഷ്കരം, അണു ബാധയ്ക്കുള്ള സാധ്യത ഉള്ളത് കൊണ്ട് അങ്ങേയറ്റം അപകടകരം.
എന്നാലും ഇവനെ എങ്ങനെ കാണാതിരിക്കും?
അത്രയ്ക്കും സ്നേഹിച്ചു പോയി.
അവളുടെ പ്രത്യേക ഇഷ്ടങ്ങൾ നോക്കി മാത്രം പാകപ്പെടുത്തി കടഞ്ഞെടുത്ത ഒരു കാമുകൻ ആയിരുന്നു അവൻ.
അവൾക്ക് കേൾക്കാൻ ഇഷ്ടമുള്ള വാക്കുകൾ, മാത്രമായിരുന്നു അവൻറെ ഭാഷ.
അവൾക്ക് പണ്ടേ കുറച്ചു പുകഞ്ഞ പപ്പടം ആയിരുന്നു ഇഷ്ടം .
ഇരുണ്ട നിറത്തിൽ , മൊരിഞ്ഞ്, കറുമുറെ കടിച്ചു തിന്നാൻ പാകത്തിൽ.
അതുപോലെ ചെമ്പിൻറെ അടിയിൽ പിടിച്ച ബിരിയാണി. (മറ്റുള്ളവരുടെ വേവും പാകവും അല്ല അവളുടേത്). ആ പുകഞ്ഞ ചൂടിൻറെ രുചി ആയിരുന്നു അവൻറെ പ്രേമത്തിന്. അവൻറെ വാക്കുകളും ചിരിയും രുചിച്ചിട്ടും നുകർന്നിട്ടും മതി വരാതെ ആയപ്പോൾ അവൾക്ക് മനസ്സിലായി അവൾ പ്രണയത്തിൽ ആണെന്ന്.
അങ്ങനെയാണ് അവൾ ആ തീരുമാനം എടുക്കുന്നത്.
ഭൂമിയുടെ രണ്ടറ്റങ്ങളിൽ പാർക്കുന്ന അവർ നടുക്കുള്ള ഒരു നഗരത്തിൽ/ദ്വീപിൽ ക്വാറന്റൈൻ ഒരുമിച്ചു ചെയ്യുക.
അതിന് തിരഞ്ഞെടുത്ത മുറിയാണ് ആറാം നിലയിലെ 601 ആം നമ്പർ മുറി.
“ഉഗ്രൻ എന്ന് മാത്രമല്ല… “
അവൾ തുടർന്നു
“പിന്നെ? “
ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന അവളുടെ നീണ്ട വിരലുകൾ നെഞ്ചോട് ചേർത്ത് വെച്ച് അവൻ പ്രോത്സാഹിപ്പിച്ചു…
“ഫോട്ടോയിൽ കണ്ടതിനേക്കാൾ… “
“കണ്ടതിനേക്കാൾ… “
അവൾ വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടി.
ഒരു പ്രത്യേക ശരീരഭാഷ ആയിരുന്നു അവൻറേത്.
ചടുലമായ നീക്കങ്ങൾ, പരിസരം മറന്നുള്ള, ആകർഷകമായ പൊട്ടിച്ചിരി, ശബ്ദത്തിനും വാക്കുകൾക്കും കടുകിൽ പൊട്ടിച്ചെടുത്ത, എണ്ണയിൽ വറുത്ത സ്വാദ്.
കിട്ടാതെ പോയ വാക്കിന് പകരം അവൾ തള്ളവിരലും ചൂണ്ടുവിരലും ഒരു വട്ടമാക്കി അവളുടെ പ്രണയം അറിയിച്ചു.
അത് കണ്ടപ്പോൾ ഒരൊറ്റ വലിക്ക് അവളെ കെട്ടിപ്പിടിച്ച് അടർത്തിയെടുക്കാൻ കഴിയാത്ത വിധം തൻറെ ശരീരത്തോട് ചേർത്ത് വെയ്ക്കാൻ ആണ് അവന് തോന്നിയത്.
അത് മനസ്സിലാക്കിയെന്നവണ്ണം അവൾ പറഞ്ഞു “ഒരൊറ്റ മിന്റ്റ് , എനിക്കൊരു ചെക്കിങ് ചെയ്യാനുണ്ട്, അതിൻറെ ഒക്കെ മുമ്പേ”
“എന്തു ചെക്കിങ് ..?” അവൻ മുഷിഞ്ഞു. കുഞ്ഞിക്കണ്ണുകൾ സൂചിമുനകൾ ആയി.
“ചിപ്പ് ചെക്കിങ്. എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയുന്ന ആദ്യത്തെ കാമുകനാണ് നീ. അതുകൊണ്ട് എനിക്കൊരു സംശയം. Cambridge analytica company എൻറെ സോഷ്യൽ മീഡിയ പരിശോധിച്ച്, എൻറെ ഇഷ്ടങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കി, ഉണ്ടാക്കിയെടുത്ത ഒരു ചിപ്പ് നിൻറെ ശരീരത്തിൽ ഉണ്ടോ എന്ന് “
“ഓഹോ, ശരീര പരിശോധന ആണോ, എന്നാൽ ഞാൻ റെഡിയോ റെഡി ” അവൻറെ കണ്ണുകളിലുള്ള സൂചിമുനകൾ വെട്ടിത്തിളങ്ങി, നിമിഷ നേരം കൊണ്ട് ജ്വാലാമുഖികളായ നക്ഷത്രങ്ങളായി….
അവൾ മെല്ലെ മെല്ലെ വിരലുകൾ അവൻറെ ശരീരമാസകലം പായിച്ചു.
വെള്ളഷർട്ടിന് അടിയിലൂടെ, അവളുടെ വിരൽത്തുമ്പുകൾ അവൾ എന്നും സ്വപ്നം കണ്ട ഒരു യാത്രയിൽ ഏർപ്പെട്ടു..
യാത്രകളെ പ്രണയിച്ച ഒരു സഞ്ചാരി ആയിരുന്നു അവൾ. അവൻറെ ശരീരത്തിലൂടെ യാത്ര ചെയ്തപ്പോൾ അവൾക്ക് തോന്നി അവൻ ആണ് അവളുടെ ഉദ്ദിഷ്ടസ്ഥാനം എന്ന്.
“Covid പോയില്ലെങ്കിലും സാരമില്ല ” അവൾ പറഞ്ഞു ” ഇനി യാത്രകൾ നടന്നില്ലെങ്കിലും കുഴപ്പമില്ല, നീയാണ് എനിക്കു ചെല്ലേണ്ട ഇടം, എൻറെ യാത്ര ഇവിടെ അവസാനിക്കുന്നു “
അവൻറെ അരക്കെട്ട് അവളോട്‌ ചേർത്ത് വെച്ചു ജനലിന് അടുത്തേക്ക് കൊണ്ടുപോയി ആകാശത്തേക്ക് ചൂണ്ടി ക്കാണിച്ചു കൊണ്ട് അവൾ ചോദിച്ചു
“ഈ നക്ഷത്രങ്ങൾ കാണുന്നുണ്ടോ..? “
അവളെ പുറകിൽ നിന്നും കെട്ടിവരിഞ്ഞ്, കഴുത്തിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു
“എനിക്കു കാണേണ്ടതെല്ലാം ഇവിടെ ഉണ്ട് “
അത് കേട്ടു അറിഞ്ഞു
എന്നാലും കേൾക്കാത്ത അറിയാത്ത ഭാവത്തിൽ അവൻറെ ചൂട് ആസ്വദിച്ചു കൊണ്ട് ഒരു സ്വപ്നത്തിൽ എന്നവണ്ണം അവൾ പറഞ്ഞു
“സൗരയൂഥത്തിലെ സർവത്ര സൂര്യപ്രകാശത്തിൻറെ അവകാശികൾ ആണ് ഈ നക്ഷത്രങ്ങൾ. എനിക്കവയൊക്കെ നിൻറെ നക്ഷത്രങ്ങൾ ആയി ഇപ്പോൾ തോന്നുന്നു.
നിൻറെ നക്ഷത്രങ്ങൾക്ക് ഒരേ ഒരു അവകാശിയേ ഉളളൂ. നിൻറെ കാമുകി.
ഞാൻ.
ഈ നക്ഷത്രങ്ങൾ എനിക്ക് ചുറ്റും സദാ നൃത്തം ചെയ്യും.
എൻറെ ശരീരത്തിൽ ചിന്നിച്ചിതറി പായും.
മുടിയിലും ചിരിയിലും പറ്റിപ്പിടിക്കും.
ഒരു നക്ഷത്രക്കോട്ടയിൽ സദാ ഒരു നക്ഷത്ര ലഹരിയിൽ ഞാൻ ജീവിക്കുന്നു.
ഇനിയും അങ്ങോട്ട് അങ്ങനെ തന്നെ
നിന്നെ എൻറെ വീട്ടുകാർക്കും നാട്ടുകാർക്കും ഒന്നും പരിചയപ്പെടുത്തില്ല”.
“ആരെയും?” അവൻ ചോദിക്കുന്നു
“പരിചയപ്പെടുത്തിയിട്ട് എന്തിനാ?”
അവളുടെ കണ്ണുകളിൽ പാറിയ തീപ്പൊരി വാക്കുകളിലൂടെ കനലാട്ടമാടി.
“അവർക്ക് എൻറെ ഉയരം കൂടുതൽ ആയി തോന്നും
നിൻറെ നിറം കുറവായും
എനിക്ക് അടക്കവും ഒതുക്കവുമില്ലെന്നു പറയും
നിൻറെ ജോലി അത്ര പോരെന്ന് മുറുമുറുക്കും.
നമ്മളായിട്ട് പന്തൽ കെട്ടി ചോറ് വിളമ്പി ഇതിനൊക്കെ അവസരം കൊടുക്കണോ?”
അവളുടെ കണ്ണുകളിലെ തീപ്പൊരി മുറിയിലെ വിളക്കിന് തിളക്കം കൂട്ടിയത് പോലെ.
കൂട്ടിനായി കടൽക്കാറ്റ് ജനൽവിരി വകഞ്ഞു മാറ്റി വന്നത് പോലെ, ഞൊടിയിട കൊണ്ട് ആഞ്ഞു വീശിയത് പോലെ.
നിന്നെ ഞാൻ എന്തു കൊണ്ട് പ്രേമിക്കുന്നു എന്ന വിശദീകരണം ആർക്കും കൊടുക്കാൻ എനിക്കു മനസ്സില്ല.
നിന്നിലേയ്ക്കുള്ള കുതിപ്പായിരുന്നു ഇത്ര നാൾ എൻറെ ജീവിതം എന്ന് നിൻറെ നിറക്കുറവിൽ പരിതപിക്കുന്ന മാലോകർക്കു എങ്ങനെ മനസ്സിലാകും?
ഈ അളവറിയാത്ത നെഞ്ചിൻകൂടാണെൻറെ വീട് എന്ന് വരുമാനത്തിൻറെ അളവ് തിട്ടപ്പെടുത്തുന്ന നാട്ടുകാർക്ക് എപ്പോൾ മനസ്സിലാകും?
“അതൊന്നും നമുക്ക് വേണ്ടാ “
എന്ന് പറഞ്ഞു മനോഹരമായി ചിരിക്കുമ്പോൾ,ആ ചിരിയുടെ പ്രകാശത്തിൽ അവളുടെ കണ്ണുകളിലെ തീപ്പൊരി സ്വയം കത്തിത്തീർന്നു, അവിടം തെച്ചിപ്പൂ ചിതറി,അരിപ്പൂവിനോപ്പം പൂക്കളം ഒരുക്കിയിരുന്നു.
“നമ്മളെ മനസ്സിലാക്കാൻ കെല്പുള്ളവരെ മാത്രമേ നമ്മൾ ഇനി കാണൂ.
ബാക്കിയെല്ലാവർക്കും ഇനി എന്നെ ഡിജിറ്റൽ ആയി മാത്രമെ കാണാൻ കഴിയൂ.
അവർക്കെല്ലാം ഞാൻ ഡിജിറ്റലി എവർ ആഫ്റ്റർ”.

Comments
Print Friendly, PDF & Email

സ്വദേശം കോഴിക്കോട്.
ഇപ്പോൾ ലണ്ടൻ നാഷണൽ ഹെൽത്ത്‌ സർവീസിൽ ഹെഡ് ആൻഡ് നെക്ക് കൺസൾറ്റന്റ്.

You may also like