പൂമുഖം നോവൽ കാടകം (അവസാനത്തെ അദ്ധ്യായം)

കാടകം (അവസാനത്തെ അദ്ധ്യായം)

നൂറ്റിപ്പതിനെട്ട്

2023 ആഗസ്ത് ഏഴിൻറെ പ്രഭാതത്തിൽ ഗിരി ഹേമയോട് പറഞ്ഞു: ‘ ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. കാടകം എഴുതാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷം തികയുന്നു.’

‘ആഹാ! കാടകത്തിന്റെ പിറന്നാളോ? നമുക്ക് പായസം വെക്കണം.’

അടുക്കിവെച്ചിരിക്കുന്ന കാടകത്തിന്റെ ബുക്കുകളിലേക്ക് നോക്കി ഗിരി ചോദിച്ചു: ‘എത്രയെണ്ണമുണ്ട്?’

‘നീ ഇപ്പോ എഴുതുന്നത് ഇരുന്നൂറ്റി എട്ടാമത്തേതാണ്. ഞാൻ കഴിഞ്ഞ ദിവസം എല്ലാത്തിനും എണ്ണമിട്ടു.’ ഹേമ പറഞ്ഞു.

‘സ്റ്റെല്ലയുടെയും എന്റെയും ഏറ്റവും പ്രിയപ്പെട്ട വിനോദമാ കാടകം വായിക്കുന്നത്. അറിയാവുന്ന കാര്യങ്ങളെക്കുറിച്ചാണെങ്കിലും നമ്മൾ തന്നെയാണല്ലോ കഥാപാത്രങ്ങൾ. പിന്നെ ഓരോ സംഗതിയെപ്പറ്റിയും നിന്റെ നിരീക്ഷണം കൂടിയാകുമ്പോ നല്ല രസം. നമ്മൾ കഥാപാത്രങ്ങളാകുന്ന വലിയ ഒരു നോവൽ വായിക്കുന്ന പോലെ. ചിലപ്പോൾ ആഹ്ളാദകരമായ ഒരു മതിഭ്രമം എനിക്കുണ്ടാകും, ഞാൻ ശരിക്കും ഒരു മനുഷ്യ സ്ത്രീ ആണോ അതോ കാടകത്തിലെ കഥാപാത്രമാണോ എന്ന്.’

‘ഇതിന്റെ രചയിതാവ് കാലമല്ലേ? എനിക്ക് രേഖപ്പെടുത്താനുള്ള ജോലിയല്ലേ ഉള്ളൂ!’ ഗിരി പറഞ്ഞു.

‘എല്ലാത്തിലും വെച്ച് ഇതിനൊരു പ്രത്യേകതയുണ്ട്. മനസ്സു നിറയെ സങ്കടമാകും.’

ഇരുന്നൂറ്റി ഏഴ് എന്ന് സംഖ്യയിട്ടിരിക്കുന്ന ബുക്ക് ഉയർത്തിക്കാട്ടി ഹേമ പറഞ്ഞു.

ഗിരി അത് വാങ്ങി നോക്കിയിട്ട് തിരിച്ചു കൊടുത്തു. പിന്നെ അൽപനേരം ആലോചനയിലാണ്ട ശേഷം പറഞ്ഞു:

‘സ്റ്റെല്ലയുടെ നിർബ്ബന്ധമില്ലായിരുന്നെങ്കിൽ എഴുത്ത് അവിടെ നിന്നേനെ. നാലുപേരുടെ കാര്യങ്ങൾ എഴുതിവന്ന് പിന്നെ മൂന്നു പേരുടെ മാത്രം എഴുതുക പ്രയാസമായിരുന്നു.’ ഗിരി പറഞ്ഞു.

‘കാടകം നിലയ്ക്കുന്നതിനെ പറ്റി ആലോചിക്കാൻ വയ്യ. എനിക്ക് അതിലെ കഥാപാത്രമായി ജീവിക്കണം. എൻറെ മരണം സംഭവിക്കുമ്പോൾ അതേപ്പറ്റിയും നീ എഴുതണം.’

‘ഞാനാണ് ആദ്യം മരിക്കുന്നതെങ്കിലോ?’

‘ഞാനോ സ്റ്റെല്ലയോ എഴുത്ത് തുടരും.’

ഹേമ ഇരുന്നൂറ്റിയേഴാം നമ്പറുള്ള ബുക്ക് തുറന്നു വായിച്ചു:

‘എന്റെ അനുഭവത്തിൽ മരണത്തെ രാജൻ നേരിട്ട പോലെ ആരും നേരിട്ടിട്ടില്ല. നാലു വർഷം മുമ്പാണ് കടുത്ത നടുവ് വേദനയുമായി രാജനെ ആശുപത്രിയിലാക്കിയത്. അസുഖം അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ രാജൻ തെല്ലും കുലുങ്ങിയില്ല. ആ സ്ഥൈര്യം കാരണമാകാം, മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് ഡോക്ടർ പറഞ്ഞ മരണം മൂന്നു വർഷം വൈകി. പല രാത്രികളിലും രാജൻ വേദനകൊണ്ട് പുളഞ്ഞിരുന്നെന്നു ഞാൻ കേട്ടു. പക്ഷേ ഒരു തവണപോലും ജീവിതത്തെ ശപിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് രണ്ടു കാരണങ്ങൾ കൊണ്ട് അസാധാരണമാണ്. ഒന്ന്, അതുപോലെയുള്ള രോഗപീഢ അനുഭവിക്കുന്ന ആളുകൾ ജീവിതത്തെ വെറുക്കും. രണ്ടാമത്തെ കാര്യം, രാജൻ എനിക്കറിയാവുന്ന കാലം മുതൽ ജീവിതത്തെ പറ്റി നെഗറ്റിവ് ആയ ആൾ ആയിരുന്നു. അതോടൊപ്പം അസാധാരണമായ ധൈര്യം ഉള്ളയാളും. എന്നിട്ടും അവൻ ജീവൻ ഒടുക്കാതെ മരണം കാത്തിരുന്നു.

കാട്ടിലെ രാജാധികാരം കിട്ടി വളരെ വൈകാതെ രാജൻ ജീവിതത്തെ വല്ലാതെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെയൊരു മാറ്റം സംഭവിച്ചതിൽ സ്റ്റെല്ലയ്ക്ക് എന്തോ പങ്കുണ്ടെന്ന് ഹേമ സംശയിച്ചിരുന്നു. രാജൻ തന്നെ ഒരു തവണ ആ രീതിയിൽ അവളോട് സംസാരിച്ചത്രെ. ഏതായാലും അവിശ്വസനീയമായ മാറ്റമായിരുന്നു രാജന്റേത്. സമാധാനത്തോടെയും ജാഗ്രതയോടെയും ദീർഘകാലം അവൻ കാടിനെ ഭരിച്ചു. ഒന്നും വെട്ടിപ്പിടിക്കാൻ ആഗ്രഹിച്ചില്ല. ആരെയും നിയന്ത്രിക്കാൻ ശ്രമിച്ചില്ല. ആരുടെ മേലും ഒന്നും അടിച്ചേൽപ്പിച്ചില്ല. കാലത്തിന്റെ സഞ്ചാരത്തിനിടയിൽ കാട്ടിൽ നിന്ന് കൂടുതലാളുകൾ നാട്ടിലേക്ക് താമസം മാറ്റി. രാജന്റെ തന്നെ മക്കളും വളർന്നു വലുതായപ്പോൾ കാട്ടിനു പുറത്തേക്കുള്ള വഴി തേടി. രാജൻ ഒന്നും തടഞ്ഞില്ല. കാട്ടിലെയാളുകളുടെ രാജഭക്തിക്കും ക്രമേണ ഇളക്കം തട്ടുന്നുണ്ടായിരുന്നു. രാജപദവി എന്നത് ഏറെക്കുറെ ഔപചാരികത മാത്രമായിത്തീർന്നു. രാജനും തേനിയും അതിനോട് സന്തോഷപൂർവ്വം പൊരുത്തപ്പെട്ടു.

രോഗം ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും രാജൻ ചികിത്സിക്കാൻ കൂട്ടാക്കിയില്ല. മക്കൾ രണ്ടുപേരും നാട്ടിൽ നിന്നെത്തി നിർബ്ബന്ധിച്ചെങ്കിലും രാജൻ വഴങ്ങിയില്ല. ജീവിതത്തെ ആഴത്തിൽ സ്‌നേഹിക്കുമ്പോൾ തന്നെ ചികിത്സയിലൂടെ അതിന്റെ ദൈർഘ്യം കൂട്ടാൻ എന്തുകൊണ്ടോ രാജൻ ഇഷ്ടപ്പെട്ടില്ല.

“നിനക്ക് മടുത്തോ?” ഒരുതവണ ഞാൻ ചോദിച്ചു.

നിഷേധാർത്ഥത്തിൽ രാജൻ തല ചലിപ്പിച്ചു. മുഖഭാവം കൊണ്ട് നല്ല വേദന അവൻ കടിച്ചു പിടിക്കുകയായിരുന്നു എന്ന് എനിക്ക് തോന്നി. അധികം കഷ്ടപ്പെടാതെ അവൻ മരിക്കട്ടെ എന്നു ഞാൻ ആഗ്രഹിച്ചു.

അടുത്ത മാസം ഞാൻ രാജനെ വീണ്ടും സന്ദർശിച്ചു. അത്തവണ എന്നോടൊപ്പം ഹേമയും സ്റ്റെല്ലയും ഉണ്ടായിരുന്നു. അവരുടെ വരവിൽ അവൻ വളരെ സന്തോഷിച്ചതു പോലെ തോന്നി. വിശേഷിച്ചും സ്റ്റെല്ലയുടെ സാന്നിദ്ധ്യത്തിൽ വല്ലാത്ത സംതൃപ്തി അനുഭവിക്കുന്നതു പോലെ. വലിയ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ഞങ്ങളോട് സംസാരിക്കാൻ അവൻ ഉത്സാഹിച്ചു. ഒരു തവണ ഇങ്ങനെ പറഞ്ഞു: ‘ദേഹത്തിന്റെ അവസ്ഥ വച്ച് ഞാൻ കുറച്ചു ദിവസം കൂടേ ഉള്ളു എന്ന് തോന്നുന്നു. നിങ്ങൾ അതു വരെ നില്ല്.’

വര: പ്രസാദ് കാനത്തുങ്കൽ

ഭംഗിവാക്കൊന്നും പറയാൻ ഞങ്ങൾ മുതിർന്നില്ല. സ്റ്റെല്ല അവന്റെ ശിരസ്സെടുത്തു മടിയിൽ വെച്ചു തലോടി. രാജൻ സ്റ്റെല്ലയോട് അവളുടെ അച്ഛൻ സെബാസ്ററ്യൻ സാറിന്റെ കാര്യം പറയാൻ തുടങ്ങി.

‘എനിക്ക് അങ്ങേരെ ചെന്നുകണ്ട് ചെയ്തുതന്ന കാര്യങ്ങൾക്കെല്ലാം നന്ദി പറയണമെന്നുണ്ടായിരുന്നു. നടന്നില്ല.’

‘അതിൽ വിഷമിക്കേണ്ട. അച്ഛൻ അക്കാര്യത്തെപ്പറ്റിയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അച്ഛൻ ചെയ്ത നല്ല കാര്യങ്ങളെല്ലാം സ്വന്തം തൃപ്തിക്കു വേണ്ടിയായിരുന്നു. ആളുകൾ നന്ദി കാണിച്ചോ, നന്ദികേട് കാണിച്ചോ എന്നതൊന്നും അച്ഛനു വിഷയമേ ആയിരുന്നില്ല.’

സ്റ്റെല്ല അവളുടെ അച്ഛനെ പറ്റി സംസാരിച്ചു: ‘അമ്മേടെ മരണം പെട്ടെന്നായിരുന്നല്ലോ രാജാ. അച്ഛൻ പിന്നീട് എന്നോട് പറഞ്ഞത് അമ്മ മരിച്ചു കിടക്കുമ്പോളാണ് അമ്മ എന്ന വ്യക്തിയെപ്പറ്റി അച്ഛൻ ആദ്യമായി എന്തെങ്കിലും ചിന്തിച്ചത് എന്നാണ്. അമ്മയുടെ സുഖകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നു, പക്ഷേ ഒരു വ്യക്തി എന്ന നിലയിൽ അമ്മയെ മനസ്സിലാക്കാനും അമ്മയുടെ ജീവിതത്തെ മികച്ച സാധ്യതകളിലേക്ക് നീക്കാനും ഒട്ടും ശ്രമിച്ചിട്ടില്ല. ഭർത്താവിന് ചുറ്റും നീങ്ങുന്ന ഉപഗ്രഹമായി മാത്രമേ അമ്മയെ കണ്ടിരുന്നുള്ളൂ. ആ നിലയ്ക്ക് താൻ ഭാര്യയെ ഒട്ടും സ്നേഹിച്ചിരുന്നില്ലെന്ന് അച്ഛൻ എന്നോട് കുമ്പസാരം നടത്തി.’

തേനിയും കാന്തിയും വന്ന് ഞങ്ങളുടെ അടുത്തിരുന്നു. നല്ല പ്രസരിപ്പ് ഉണ്ടെങ്കിലും വല്ലാതെ പ്രായം രണ്ടുപേർക്കും തോന്നിച്ചു. ഇരുവരും തരക്കേടില്ലാതെ മലയാളം പറയാൻ പഠിച്ചിരിക്കുന്നു. സ്റ്റെല്ലയുടെ മടിയിൽ കിടന്ന രാജൻറെ ശിരസ്സിൽ തേനി തലോടി.

‘ഞാൻ ചത്തു കഴിഞ്ഞ് നീ ഇവിടെത്തന്നെ നിൽക്കുമോ അതോ മക്കളുടെ കൂടെ പോകുമോ?’ രാജൻ തേനിയോട് ചോദിച്ചു.

കാന്തിയാണ് മറുപടി പറഞ്ഞത്: ‘ഞങ്ങൾ എങ്ങും പോകുന്നില്ല.’

“നിങ്ങൾ ഇപ്പോഴെങ്ങും മരിക്കില്ല” അല്ലെങ്കിൽ “ഞാൻ മരിച്ചു കഴിഞ്ഞേ നിങ്ങൾ മരിക്കൂ”- ഇത്തരം ഭംഗിവാക്കുകളൊന്നും ആരും പറയുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു. മരണമടുത്ത ആളിന് ഒരു ആശയക്കുഴപ്പവും ഉണ്ടാക്കാതെ യാത്രയാക്കുകയാകാം അവരുടെ രീതി.

രാജനെക്കുറിച്ചും അതിശയകരമായ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ശരീരം എണ്ണമറ്റ ബുദ്ധിമുട്ടുകൾ അവന് നല്കിക്കൊണ്ടിരിക്കുകയാണെന്നത് വ്യക്തമായിരുന്നു. പക്ഷേ ഒരുതവണ പോലും ഒന്നിനെപ്പറ്റിയും അവൻ പരാതിപ്പെട്ടില്ല. ഒരു സേവനവും ആരോടും ആവശ്യപ്പെട്ടതുമില്ല. ജീവിതത്തിൽ എപ്പോഴുമുണ്ടായിരുന്ന വലിയ ആത്മാഭിമാനം മരണത്തോടും അവൻ കാട്ടുകയായിരിക്കാം. ഒരുകാലത്ത് അവന്റെ മുഖമുദ്രയായിരുന്ന അസംതൃപ്തിയുടെ കണിക പോലും ഇപ്പോൾ മുഖത്തു കാണാനില്ല.

ഞങ്ങളെക്കൊണ്ട് സംസാരിപ്പിക്കാൻ അവൻ ശ്രമിച്ചു. ജീവിതത്തിൻറെയും മരണത്തിൻറെയും ഇടയിലുള്ള അതിരിലിരുന്ന് ജീവിതത്തെ നോക്കുകയാണവൻ എന്ന് എനിക്ക് തോന്നി. ഹേമക്കും അങ്ങനെതന്നെ തോന്നിക്കാണണം. ഓർമ്മയിൽ വന്ന നാട്ടുകാര്യങ്ങളൊക്ക അവൾ പറഞ്ഞു. എല്ലാം രാജൻ ശ്രദ്ധയോടെ കേട്ടു. ഇടയ്ക്ക് കോളേജിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവർ നടത്തിയ ഒരു മീറ്റിങ്ങിന്റെ കാര്യം ഹേമ പറഞ്ഞു. ഞങ്ങൾക്കാർക്കും പഴയ കൂട്ടുകാരുമായി കോളേജ് വിട്ടശേഷം ഒരു ബന്ധവുമില്ലായിരുന്നു. എങ്കിലും അവർ ഒരു കൗതുകത്തിന്റെ പേരിൽ ഞങ്ങളെയും മീറ്റിങ്ങിന് ക്ഷണിക്കാൻ തീരുമാനിച്ചു. മധു എന്ന് പേരുള്ള ഒരുവൻ എന്റെ കടയിൽ വന്നുകയറി. കൂടെ പഠിച്ചതാണെന്നും കടമ്പനാട്ട് കച്ചവടമാണെന്നും പറഞ്ഞു. എനിക്ക് തീരെ ഓർമ്മ വന്നില്ല. നടക്കാൻ പോകുന്ന മീറ്റിങ്ങിന്റെ കാര്യം അയാൾ പറഞ്ഞു. വരണമെന്ന് നിർബ്ബന്ധിക്കുകയും ചെയ്തു. ഞാനും ഹേമയും സ്റ്റെല്ലയും മീറ്റിങ്ങിനു പോകുന്ന കാര്യം ചർച്ച ചെയ്തു. ഞങ്ങൾ മൂന്നു പേർക്കും അതിൽ വലിയ താല്പര്യം തോന്നിയില്ല. പക്ഷേ ഫോണിൽ കൂടിയുള്ള മധുവിൻറെ നിർബ്ബന്ധം കലശലായപ്പോൾ പോകാൻ തീരുമാനിച്ചു. ഹേമ വിചിത്രമായ ഒരഭിപ്രായവും പറഞ്ഞു: ‘ഒരു ദിവസത്തേക്കുള്ള ബുദ്ധിമുട്ടല്ലേ ഉള്ളൂ. താല്പര്യമില്ല എന്നത് ശരിയാണ്. പക്ഷേ നമ്മൾ പോകണം. അതൊരു പരീക്ഷണമാണ്. ഓർക്കുന്നോ, കാട്ടിൽ നിന്ന് തിരികെ എത്തിയശേഷം നമുക്ക് അവരുമായിട്ടൊക്കെ ഇടപഴകാൻ വലിയ പ്രയാസമായിരുന്നു. അതിനു മാറ്റം വന്നിട്ടുണ്ടോ എന്നറിയാം. കാട് നമ്മളോട് എന്താണോ ചെയ്തത് അതിന്റെ ആഴം പഴയ കൂട്ടുകാരുമായി ഇടപഴകുമ്പോൾ നമുക്ക് അറിയാൻ കഴിയും. ഒപ്പം അവരുടെയിടയിൽ ജീവിതത്തിൽ മുന്നേറാൻ കഴിയാത്തതിന്റെ നിരാശയിൽ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ നമ്മളെ കാണുമ്പോൾ ആശ്വസിക്കട്ടെ. മറ്റുള്ളവരുടെ കണ്ണിൽ ജീവിതത്തിൽ എല്ലാവിധത്തിലും പരാജയപ്പെട്ടവരാണല്ലോ നമ്മൾ.’

രാജൻ നിസ്സംഗനായി ഞങ്ങൾ മീറ്റിങ്ങിനു പോയ കാര്യം പറയുന്നത് കേട്ടുകിടന്നു.

കോളേജിൽ വച്ചു തന്നെയായിരുന്നു മീറ്റിങ്. പ്രതീക്ഷിച്ചതു പോലെ വലിയ കൗതുകത്തോടെയാണ് ഞങ്ങളെ എല്ലാവരും കണ്ടത്. രാജന്റെ വിവരങ്ങളും ചിലർ തിരക്കി. കാട്ടിലാണെന്നും അവിടുത്തെ രാജാവാണെന്നും കേട്ടപ്പോൾ എല്ലാവരുടെയും താല്പര്യം ഇരട്ടിച്ചു. നാട്ടിലെ മന്ത്രിയാവുന്നതിലും നല്ലതാ കാട്ടിലെ രാജാവാകുന്നത് എന്നൊക്കെ ചിലർ തമാശ പറഞ്ഞു. വലിയ പദവികളിൽ എത്തിയ മൂന്നുനാലു പേർ ഉണ്ടായിരുന്നു. അവരോട് മിക്കവരും ആരാധനയുടെ അതിരോളമെത്തുന്ന ബഹുമാനം കാട്ടുന്നത് കണ്ടു. പലരും ഞങ്ങളുടെ- വിശേഷിച്ചും സ്റ്റെല്ലയുടെ- സാമീപ്യം ഇഷ്ടപ്പെടുന്നത് പോലെ തോന്നി. അത് ഹേമ സൂചിപ്പിച്ച കാരണം കൊണ്ടാകാം. പരാജിതർക്കു മാത്രം പകരാൻ കഴിയുന്ന ആശ്വാസം. പുറമേക്ക് ജീവിതത്തിൽ വിജയിച്ചവരും പല കാര്യം കൊണ്ടും അസ്വസ്ഥരാണെന്ന് എനിക്ക് മനസ്സിലായി. വിശേഷിച്ചും യൗവ്വനം വിട്ടുപോയതിന്റെയും പ്രായമേറി വരുന്നതിന്റെയും ദുഃഖം അവരെയെല്ലാം അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ സ്റ്റെല്ലയെയും ഹേമയെയും നോക്കി. നരയ്ക്കാത്തതായി ഒരു മുടി പോലും സ്റ്റെല്ലക്കില്ല. ഹേമയ്ക്കും ഉള്ളതിൽ കൂടുതൽ പ്രായം തോന്നിക്കും. പക്ഷേ രണ്ടുപേരും കുട്ടികളെപ്പോലെ ഉത്സാഹഭരിതരാണ്. ആഗ്രഹിക്കാൻ ഒന്നുമില്ലാത്തതിന്റെ ഊർജ്ജമാണത്.

ഹേമയും സ്റ്റെല്ലയും മീറ്റിങ്ങിൽ അധികം ഇരിക്കാൻ താല്പര്യപ്പെട്ടില്ല. അവർ പുറത്തിറങ്ങി കോളേജിനടുത്തുള്ള കായലിന്റെ തീരത്തേക്ക് പോയി. ഞാനും വൈകാതെ അങ്ങോട്ട് പോയി. ആരോടും യാത്ര പറയാതെ ഞങ്ങൾ തിരിച്ചും പോന്നു.

ഞങ്ങളുടെ വിവരണം കേട്ടിരിക്കെ രാജന് നീണ്ടുനിന്ന ചുമ വന്നു. ചുമച്ചു ചുമച്ച് അവൻ വല്ലാതെ അവശനായി.

ഞങ്ങൾ എത്തി ആറാം ദിവസം രാജന്റെ അവസ്ഥ മോശമായി. രാവിലെ മുതലെ കണ്ണുതുറന്നില്ല. ‘ഇന്ന് അവൻ പോകുമെന്ന് തോന്നുന്നു,’ സ്റ്റെല്ല ഞങ്ങളോട് പറഞ്ഞു. എനിക്കും അത് തോന്നുന്നുണ്ടായിരുന്നു. ഞാൻ എൻറെ അമ്മയുടെ മരണവും അച്ഛന്റെ മരണവും ഓർത്തു. മനസ്സിനെ വല്ലാതെ ശൂന്യമാക്കിക്കളഞ്ഞതായിരുന്നു രണ്ടു മരണങ്ങളും. വിശേഷിച്ചും അമ്മയുടേത്. പക്ഷേ രാജന്റെ മരണം അടുത്തടുത്ത് വരുന്നത് കണ്ടപ്പോൾ വേഗത്തിൽ അതു നടക്കട്ടെ എന്നാണു തോന്നിയത്. ഒരുവേള എന്റെ തന്നെ മരണമാണ് മുന്നിൽ നടക്കുന്നതെന്ന് എനിക്കു തോന്നി. രാത്രി രാജൻ മരിച്ചു. ഉറക്കത്തിലാണ് മരിച്ചത്. തേനിയും കാന്തിയും ചുപ്പനുമുൾപ്പെടെയുള്ളവർ വളരെ ശാന്തമായിട്ടാണ് രാജന്റെ മരണത്തെ സ്വീകരിച്ചത്. കാട്ടിലെ മരണാനന്തര ചടങ്ങുകൾ സവിശേഷതയുള്ളതാണ്. പരേതന്റെ മരിച്ചുപോയ പ്രിയപ്പെട്ടവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. അവർക്കുവേണ്ടി ഇരിപ്പിടങ്ങൾ ഒരുക്കും. രാജന്റെ മരിച്ചുപോയ മാതാപിതാക്കൾ, വളർത്തച്ഛൻ, വളർത്തമ്മ, മുത്തശ്ശി, കുങ്കനുൾപ്പെടെ കാട്ടിലെ പ്രിയപ്പെട്ട പരേതർ- എല്ലാവർക്കും ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. അവർ യഥാർത്ഥത്തിൽ അവിടെയുണ്ട് എന്ന ദൃഢ വിശ്വാസത്തിലാണ് കാട്ടിലുള്ളവർ പെരുമാറുന്നത്. ആ വിശ്വാസദാർഢ്യം ഞങ്ങളിലേക്കും സംക്രമിച്ചു. രണ്ടു ദിവസം കൂടി അവിടെ തങ്ങിയ ശേഷം ഞങ്ങളും നാട്ടിലേക്ക് തിരികെ പോന്നു. ഇതെഴുതുന്ന നിമിഷം വരെയും രാജൻ മരിച്ചതായി തോന്നുന്നില്ല. രാജന്റെ ജീവിതത്തെ പറ്റി ഓർക്കാത്ത ദിവസവുമില്ല. സ്റ്റെല്ല പറയാറുള്ള ഒരു കാര്യമുണ്ട്- അനാഥത്വവും പോരാട്ടവും ത്യാഗവും ഒക്കെ ചേർന്ന സമ്പൂർണ്ണ ജീവിതമായിരുന്നു രാജന്റേത്. അത് കാണുന്നവരുടെ മനസ്സിൻറെ ഉപരിതലത്തിൽ മാത്രം നടന്ന ഒന്നല്ല.’

കവർ: വിൽസൺ ശാരദ ആനന്ദ്

നോവൽ അവസാനിച്ചു.

Comments

You may also like