പൂമുഖം OPINION എന്തിനാണ് മയ്യിലിനെ ഇങ്ങനെ അപമാനിക്കുന്നത്?

വില്ലേജ് ഓഫീസറെ ബന്ദിയാക്കി മണല്‍ക്കടത്ത് വാഹനം മോചിപ്പിച്ചു എന്ന ആരോപണത്തിനെതിരെ, കയരളം വില്ലേജ് ഓഫീസര്‍ എസ് അരുണിന് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ തുറന്ന കത്ത്: എന്തിനാണ് മയ്യിലിനെ ഇങ്ങനെ അപമാനിക്കുന്നത്?

 

ന്ന്(18.06.2016) കാലത്ത്‌ മുതല്‍ താങ്കളുടെതായി ഒരു കുറിപ്പ്‌ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കണ്ടു.അങ്ങയോടുള്ള എല്ലാ സ്നേഹാദരങ്ങളോടും കൂടി ചോദിക്കട്ടെ “എന്തിനാണ് മയ്യിലിനെ ഇങ്ങനെ അപമാനിക്കുന്നത് ” .ആരുടെ ഒറ്റുകാരനായാണ് താങ്കള്‍ മാറുന്നത്? യഥാര്‍ത്ഥ സംഭവം എന്തെന്ന് അങ്ങയെ ഓര്‍മ്മപ്പെടുത്തേണ്ടതായി വന്നതില്‍ ഖേദമുണ്ട്.

മയ്യില്‍ പോലീസ്‌ സ്റേഷന്‍,കയരളം വില്ലേജ്‌ ഓഫീസ്‌,ബസ്‌ സ്ടാന്റ്റ്‌ എന്നിവയുടെ വിളിപ്പാടകലെയായി മയ്യില്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് സപ്ലൈ സൊസൈറ്റി ഒരു പുതിയ ഹോട്ടല്‍ ആരംഭിക്കുന്നുണ്ട്. നിലവിലുള്ള സൊസൈറ്റി ഓഫീസില്‍ നിന്ന് ഏതാണ്ട് 250 മീറ്റര്‍ അകലെയാണ് പ്രസ്തുത സൈറ്റ്‌. ഇക്കഴിഞ്ഞ ദിവസം (16.06.2016) സൊസൈറ്റിയുടെ (ഓര്‍ക്കുക,സ്വകാര്യവ്യക്തിക്കല്ല) പുതുതായി നിര്‍മ്മിക്കുന്ന ഹോട്ടലിന്റെ നിര്‍മ്മാണ ആവശ്യത്തിലേക്ക് മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി കടവില്‍ നിന്ന് രണ്ടു ലോഡ്‌ മണലെത്തുന്നു.(വാഹന നമ്പരുകള്‍ – KL 58 B 1743,KL59 9137) പഞ്ചായത്തിന്റെ ഔദ്യോഗിക കടവില്‍ നിന്ന് ഔദ്യോഗിക രീതിയിലാണ് സൊസൈറ്റി പൂഴി ബുക്ക്‌ ചെയ്തത്.15.06.2016 ന് കണ്ണൂര്‍ ഡപ്യൂട്ടി കലക്ടര്‍ കാസ്റമര്‍ ഐ ഡി 5912 ആയി രണ്ടു പാസുകള്‍ അനുവദിക്കപ്പെടുകയും ചെയ്തു.
ഏതാണ്ട് 9 മണിയോടെ സ്ഥലത്തെത്തിയ വില്ലേജ്‌ ഓഫീസര്‍ മണല്‍ ഇറക്കുന്ന തൊഴിലാളിയോടു മണല്‍ കടത്തിനുള്ള പാസ്‌ ആവശ്യപ്പെട്ടു.മണലിന്റെ കാശിനായി പ്രസ്തുത പാസുമായി സൊസൈറ്റിയുടെ ഓഫീസില്‍ ഡ്രൈവര്‍മാര്‍ പോയിരിക്കുകയാണ് എന്ന് തൊഴിലാളി മറുപടി നല്‍കി.ഡ്രൈവര്‍മാര്‍ വൗച്ചര്‍ ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ കോ .ഒപ്പ്‌ സൊസൈറ്റിക്ക്‌ കാശ് അനുവദിക്കാന്‍ പറ്റൂ എന്ന അറിവ്‌ അങ്ങയുടെ ഉന്നത വിദ്യാഭ്യാസവും പരിചയ സമ്പന്നതയും അങ്ങേക്ക്‌ പകര്‍ന്നു തന്നിട്ടുണ്ടാകും എന്നാണു ഞാന്‍ കരുതുന്നത്.ഏതാണ്ട് 250 മീറ്റര്‍ അകലെ നിന്ന് ഡ്രൈവര്‍മാര്‍ എത്തെണ്ടുന്ന മൂന്ന്‍ മിനുറ്റ് പോലും കാത്തു നില്‍ക്കാതെ അങ്ങ് വാഹനത്തിന്റെ താക്കോലും എടുത്ത്‌ ഓഫീസിലേക്ക്‌ പോയി.അഞ്ച് മിനുട്ടിനകം തന്നെ ഡ്രൈവര്‍ ഡെപ്യൂട്ടി കലക്ടര്‍ പഞ്ചായത്ത് മുഖാന്തിരം അനുവദിച്ച പാസുമായി അങ്ങയുടെ ഓഫീസിലെത്തി.ഇത് വ്യാജമാണ് എന്നാണു അങ്ങ് ആക്രോശിച്ചത്.മാത്രമല്ല മണല്‍ കൊള്ളക്കാര്‍ എന്ന് അങ്ങ് ഇവരെ അധിക്ഷേപിക്കുകയും ചെയ്തു.(കേവലമൊരു ഡ്രൈവറുടെ മുന്നില്‍ തെറ്റ്‌ സമ്മതിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മോശം തന്നെ. !! ഈഗോ.)

ഡപ്യൂട്ടി കളക്ടർ ഗ്രാമപഞ്ചായത്ത് മുഖാന്തിരം അനുവദിച്ച മണൽ പാസ്

ഡപ്യൂട്ടി കളക്ടർ ഗ്രാമപഞ്ചായത്ത് മുഖാന്തിരം അനുവദിച്ച മണൽ പാസ്

വിവരമറിഞ്ഞ് സൊസൈറ്റി പ്രസിടന്റ്റ്‌ ,ഗ്രാമപഞ്ചായത്ത് പ്രസിടന്റ്റ്‌ ഇവരെല്ലാം സ്ഥലത്തെത്തി.മില്‍ക്ക് സൊസൈറ്റി ജീവനക്കാരും വന്നു.അങ്ങയോട് സംസാരിച്ചു,പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോണ്‍ കൊളിനോട് പോലും അങ്ങ് പ്രതികരിച്ച രീതി ഞാന്‍ ഓര്‍മ്മിപ്പിക്കെണ്ടാതില്ലല്ലോ.എന്നിട്ടും അങ്ങ് തെറ്റ്‌ സമ്മതിക്കാന്‍ തയ്യാറായില്ല.സ്ഥലം MLA തഹസില്‍ദാരുമായി ബന്ധപ്പെട്ടു.രണ്ടു ഡപ്യൂട്ടി തഹസില്‍ദാര്‍ മാര്‍ പ്രശ്നം പരിഹരിക്കാന്‍ അങ്ങയുടെ ഓഫീസിലെത്തി.പാസുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടു.അങ്ങേയ്ക്ക് വേണ്ടി അവര്‍ പഞ്ചായത്ത് പ്രസിടന്റിനോടും ഡ്രൈവറോടും ഖേദം പ്രകടിപ്പിച്ചു.താക്കോല്‍ തിരിച്ചു നല്‍കി.ഇതായിരുന്നില്ലേ വസ്തുത.

ഏതാണ്ട് പന്ത്രണ്ടോടെ ഡപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ നിന്ന് താക്കോലുമായി മടങ്ങുമ്പോള്‍ അങ്ങ് പറഞ്ഞത്‌ അങ്ങേയ്ക്ക് പരാതി ഇല്ല എന്നായിരുന്നു.തഹസില്‍ദാര്‍ ചുമതലപ്പെടുതിയവരും , തഹസില്‍ദാരും , കലക്ടറുടെ ചുമതലയുള്ള ADM ഉം പ്രശ്നം രമ്യമായി തീര്ന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും വിഷയത്തില്‍ മറ്റ് പരാതികള്‍ ഇല്ലാ എന്ന് ജനപ്രതിനിധികളെ അറിയിക്കുകയും ചെയ്തു.

രാത്രി ഏതാണ്ട് പത്ത്‌ മണിക്ക് ശേഷം സംഭവത്തില്‍ പരാതി നല്‍കാന്‍ അങ്ങ് പോലീസ്‌ സ്റേഷനിലേക്ക് പോകുന്നു.സുദീര്‍ഖമായ പത്ത്‌ മണിക്കൂറിനിടയില്‍ എന്തൊക്കെ അണിയറ നാടകങ്ങള്‍ അരങ്ങേറി എന്നത് അങ്ങേയ്ക്ക് മാത്രം അറിയുന്ന രഹസ്യം.മേലുദ്യോഗസ്തന്മാരും പോലീസും താങ്കളുടെ ഭാഗത്താണ് തെറ്റ്‌ എന്ന് ചൂണ്ടി കാണിച്ചപ്പോഴും അങ്ങേയ്ക്ക് വാശിയായിരുന്നു.ഒരുതരം ദുര്‍വാശി.,അത് മയ്യിലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ,അനീതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച ഒരു ജനകീയ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കാന്‍ എന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? പിന്നെ വീടിനടുത്തേക്ക് സ്ഥലം മാറ്റം വേണമെങ്കില്‍ അതിനെന്തെല്ലാം വ്യവസ്ഥാപിതമായ രീതികളുണ്ട് .?? പിന്നെ അതിനിടയില്‍ പറയുന്നത് കേട്ടു, ആരോ ചിലര്‍ നിങ്ങളെ പ്രലോഭിപ്പിച്ച് വശത്താക്കാന്‍ വന്നുവെന്ന് .ഇത്രയും പറഞ്ഞ നിങ്ങള്‍ മയ്യിലില്‍ അങ്ങനെയുള്ള കളങ്കിത വ്യക്തി ആരാണ് എന്ന് വെളിപ്പെടുത്താനുള്ള സാമാന്യ മര്യാദ കൂടി കാണിക്കണം.പോലീസ് ഉദ്യോഗസ്ഥർ ഒന്ന് കൂടി പറഞു.മണൽ രംഗത്ത് വെട്ടിപ്പ് നടത്താത്ത പഞ്ചായത്താണ് മയ്യിലെന്ന്…

സ്റേഷനിലെ പരാതി പിന്‍വലിച്ചത് ആര് നടത്തിയ ഉപരോധത്തിന്റെ ഭാഗമായിട്ടാണ്?? പഞ്ചായത്ത് പ്രസിഡന്റും MLA യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലക്ടറുടെ ചുമതലയുള്ള ADM നെ കണ്ടപ്പോള്‍ പിശക് പറ്റിയെന്നല്ലേ അദ്ദേഹവും അംഗീകരിച്ചത്.

പിന്നെ ആര്‍ക്കെതിരെയാണ് നിങ്ങള്‍ കലി തുള്ളുന്നത്? കയരളം വില്ലേജ്‌ ഓഫീസിനെ ഒരു മാതൃക വില്ലേജ്‌ ഓഫീസ്‌ എന്ന് വിളിക്കാന്‍ അങ്ങേയ്ക്ക് എങ്കിലും ധൈര്യമുണ്ടാകുമോ? എന്നിട്ടും എല്ലാം ശരിയാകുമെന്ന് കരുതി ഇരിക്കുന്ന ഒരു ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അങ്ങേന്തിനു മുതിരുന്നു?? ക്ഷമകെട്ടു ജനം പ്രതികരിക്കുമെന്നും അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിനെ തന്നെ മാധ്യമങ്ങള്‍ പ്രതിക്കൂട്ടിലാക്കിക്കൊള്ളും എന്നുമുള്ള അങ്ങയുടെ ദിവാസ്വപ്നതിനനുസരിച്ച് ആടാന്‍ മയ്യിലിലെ ജനതയെ കിട്ടില്ല സര്‍…മറക്കണ്ട..ഇത് മയ്യിലാണ്..

ഇത്രയും അങ് പറയിച്ചതാണ്.നാടിനെ ഉത്തരേന്ത്യയോടുപമിച്ച് അപമാനിക്കുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കാൻ മനസ്സില്ലാത്ത ഒരഹങ്കാരിയുടെ കുറിപ്പായി ഇതിനെ കണ്ടാൽ മതി.

സ്നേഹപൂർവ്വം
ബിജു കണ്ടക്കൈ


Comments
Print Friendly, PDF & Email

You may also like