പൂമുഖം CINEMA കുഴികളടയ്ക്കാനുതകുന്ന കേസുകെട്ടുകൾ

കുഴികളടയ്ക്കാനുതകുന്ന കേസുകെട്ടുകൾ

ന്നാ താൻ കേസ് കൊട്” ഒരു ക്ലാസിക് സറ്റയർ

“വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..”

അയ്യപ്പപ്പണിക്കരുടെ ‘മോഷണം’ എന്ന പ്രശസ്തമായ കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മോഷ്ടാവും, കള്ളനും തമ്മിൽ എന്ത് വ്യത്യാസമുള്ളത് കൊണ്ടാകും ഈ ചോദ്യമുന്നയിക്കുന്ന മോഷ്ടാവിന് കള്ളനെന്ന വിളിയിൽ അപകർഷതയും ആത്മനിന്ദയും തോന്നിയത്…?

ഉത്തരം അടുത്ത വരികളിൽ ഇങ്ങനെ വ്യക്തമാക്കപ്പെടുന്നുണ്ട്..

“തുണി മോഷ്ടിച്ചതു കാണുന്നവരുടെ നാണം കാക്കാനായിരുന്നല്ലോ..
കോഴിയെ മോഷ്ടിച്ചെങ്കിലതേ അത് പൊരിച്ചു തിന്നാനായിരുന്നല്ലോ..”

പശുവിനെ മോഷ്ടിച്ചത് പാലുകുടിക്കാനായിരുന്നുവെന്നും, കോഴിയിറച്ചിയും പശുവിൻ പാലും വൈദ്യൻ പോലും വിലക്കിയിട്ടില്ലെന്നും നല്ലതും വല്ലോം മോഷ്ടിച്ചാലുടനെ അവനെ വെറുതേ കള്ളനാക്കുന്ന നിങ്ങളുടെ ചട്ടം മാറ്റണമെന്നും ‘മോഷ്ടാവ് ‘പിന്നീട് കൂട്ടിച്ചേർക്കുന്നതും കവിതയിൽ വായിക്കാം.

ഇപ്പോൾ മോഷ്ടാവ് കള്ളനാകുന്നതിലെ വൈരുധ്യം തെളിഞ്ഞു വരുന്നത് കാണാം.

അയ്യപ്പപ്പണിക്കർ

സൃഷ്ടിക്കുന്നവൻ സൃഷ്ടാവ്. മോഷ്ടിക്കുന്നവൻ മോഷ്ടാവ്.
കള്ളത്തരം കാണിക്കുന്നവനാണ് കള്ളൻ..
അഴിമതി, കൈക്കൂലി സ്വജനപക്ഷപാതം, പെൺവാണിഭം, പുതിയ കാലത്തെ ഓൺലൈൻ ചീറ്റിംഗുകൾ, തുടങ്ങി അന്യായമായ നിയമ ലംഘനങ്ങളും,ചെറുതും വലുതുമായ സകലമാന ആളെ പറ്റിക്കലുകളും നിയമപരമായോ, സാമൂഹികമായോ മാനുഷി കമായോ കള്ളത്തരങ്ങളാണ്.അവ ചെയ്യുന്നവർ കള്ളന്മാരും.
അപ്പോൾ വിശപ്പ് മാറ്റുക, നാണം മറയ്ക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ ചിലത് മോഷ്ടിക്കേണ്ടി വന്നവൻ മാത്രം എങ്ങനെ കള്ളനെന്ന പേര് പേറും ?!
ഇനി കള്ളനെങ്കിൽ അതിനവനെ നിർബന്ധിച്ച വ്യവസ്ഥിതികളെ എന്തു വിളിക്കണം..?

സത്യത്തിൽ കവിതയുടെ ആസ്വാദനമല്ല , തീയേറ്ററിൽ നിറഞ്ഞു കളിക്കുന്ന രതീഷ് ബാലകൃഷ്ണപ്പൊതുവാൾ- കുഞ്ചാക്കോ ബോബൻ ടീമിൻ്റെ ‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമയെ പറ്റി സംസാരിക്കാൻ ആരംഭിക്കുമ്പോൾ യാദൃശ്ചികമായി അയ്യപ്പപ്പണിക്കരുടെ കവിത ഓർത്തു പോയതാണ്.

സിംഹഭാഗവും സ്വന്തം നാടും നാട്ടുകാരും ( കാസർഗോഡ് ജില്ലയിലെ കയ്യൂർ-ചീമേനി – പുലിയന്നൂർ – ചെറുവത്തൂർ പ്രദേശങ്ങൾ ) ഉൾപ്പെടുന്ന ,പരിചയക്കാർ ഏറെ പിന്നണിപ്പെട്ട ഒരു സിനിമയുടെ വിശേഷം പറയുന്നതിൽ ചെറുതല്ലാത്ത ആവേശമുണ്ട്. എന്നാൽ അത്തരമൊരു ആഹ്ലാദപ്പൊങ്ങച്ചമോ സാങ്കേതിവശങ്ങൾ ഉൾപ്പെടുത്തിയുള്ള ഇഴകീറിയ സിനിമാ നിരൂപണമോ അല്ല,മറിച്ച്
‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമ ഉയർത്തുന്ന പ്രസക്തമായ സാമൂഹിക വിമർശനത്തിൻ്റെ സാംഗത്യം ചെറുതായെങ്കിലും പരിശോധിക്കുന്നതാണ് ഇവിടെ കൂടുതൽ അഭികാമ്യം.

കെ.ജി ജോർജ്ജിൻ്റെ “പഞ്ചവടിപ്പാല”ത്തിന് (1984) ശേഷം വന്ന ആക്ഷേപഹാസ്യം കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാൻ കെല്പുള്ള മറ്റൊരു മികച്ച സൃഷ്ടിയായി
‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമയെ പ്രാഥമികമായി വിലയിരുത്തുവാൻ സാധിക്കും.
“പഞ്ചവടിപ്പാലം” പൂർണമായും ആക്ഷേപഹാസ്യത്തിലൂന്നി ഭരണ വർഗ്ഗത്തിൻ്റെ ദുർഗതികളെ പരിഹസിക്കുമ്പോൾ കുടുംബ പശ്ചാത്തലത്തിലൂടെ ഒരല്പം വൈകാരികത കൂടി കലർത്തിയാണ് “ന്നാ താൻ കേസ് കൊട് “മുന്നേറുന്നത്..

ജീവിതത്തിൽ ആദ്യ കാലത്ത് കുറച്ച് മോഷണമൊക്കെ നടത്തേണ്ടി വന്ന ചെറുപ്പക്കാരനാണ് സിനിമയിലെ നായക കഥാപാത്രമായ കൊഴുമ്മൽ രാജീവൻ.പിൽക്കാലത്ത് ഇഷ്ടപ്പെട്ട പങ്കാളിയുടെ കൂടെ ജീവിക്കാൻ ആരംഭിച്ചപ്പോൾ മോഷണമൊക്കെ നിർത്തി കൂലിപ്പണി ചെയ്ത് ജീവിച്ചു വരുന്നയാൾ.
എന്നാൽ പോയ കാലം സമ്മാനിച്ച കള്ളനെന്ന വിളിപ്പേരും, സമൂഹത്തിൻ്റെ സംശയദൃഷ്ടിയും അയാളെ അപ്പൊഴും പിന്തുടരുന്നുണ്ട്.എങ്കിലും
അനുകൂലമായോ പ്രതികൂലമായോ എന്ത് പ്രലോഭനമുണ്ടായാലും ഇനി താൻ മോഷ്ടിക്കുകയില്ലെന്നും ജനിക്കാൻ പോകുന്ന തങ്ങളുടെ കുഞ്ഞിന് കള്ളൻ്റെ മകനായി ജീവിക്കേണ്ടി വരില്ലെന്നും അയാൾ ഗർഭിണിയായ പങ്കാളിയ്ക്ക് വാക്കു നൽകുന്നു.

ഈ സാഹചര്യത്തിലാണ് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് വരുന്ന രാജീവന് സ്ഥലം എം എൽ എ കുഞ്ഞിക്കണ്ണൻ്റെ വീട്ടിലെ പട്ടികളുടെ കടിയേൽക്കുന്നത്.

തുടർന്ന് രാജീവൻ മോഷ്ടിക്കാൻ കയറിയതാണെന്നും വീട്ടിലെ വില പിടിപ്പുള്ള ചിലത് കാണാതായെന്നും അയാൾക്ക് മേൽ കുറ്റം ചാർത്തപ്പെടുന്നു. എന്നാൽ താൻ മോഷണം നിർത്തിയതാണെന്നും മോഷ്ടിക്കാനല്ല റോഡിലെ കുഴി കാരണം തികച്ചും യാദൃശ്ചികമായി മതില് ചാടേണ്ടി വന്നപ്പോൾ പട്ടികൾ കടിച്ചതാണെന്നും രാജീവനും വാദിക്കുന്നു.

പിന്നീട് കോടതി മുറിയിലുടെ ഇതിൻ്റെ സത്യാവസ്ഥ വെളിപ്പെടുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് സിനിമയുടെ കഥാപരിസരം.

രാജീവൻ മോഷണം നടത്തിയാലും ഇല്ലെങ്കിലും ആ ‘നായക്കേസ് ‘മൂലം സമൂഹം ഇന്ന് നേരിടുന്ന പല പ്രധാന വിഷയങ്ങളും ഈ കോർട്ട് റൂം സിനിമയിലൂടെ കൃത്യമായി വിചാരണ ചെയ്യപ്പെടുന്നു.

റോഡിലെ കുഴിയടക്കമുള്ള പൊതുമരാമത്ത് പ്രശ്നങ്ങൾ, മന്ത്രിമാരുടെ അഴിമതിയും സ്വജനപക്ഷപാതവും, ഉദ്യോഗസ്ഥരുടെ അനാസ്ഥയും അതിൻ്റെ കാരണങ്ങളും, ഇവയ്ക്കിടയിൽ സാധാരണ ജനങ്ങൾ നേരിടുന്ന വെല്ലുവിളികളും തടസ്സങ്ങളും; ഇവയൊക്കെ നർമ്മരസ പ്രാധാന്യത്തോടെ സിനിമയിൽ കീറി മുറിക്കപ്പെടുന്നു.

സിനിമയിലെ പല വാചകങ്ങളും സന്ദർഭങ്ങളും ധ്വന്യാത്മകമായും വ്യംഗ്യമായും കാലിക പ്രസക്തവും വിപുലവുമായ പല ആശയങ്ങളെയും സംവേദിപ്പിക്കുമ്പോൾ രാഷ്ടീയ -സാമൂഹ്യ വിമർശനത്തിൻ്റെ പല അടരുകളും നമുക്കവയിൽ ദർശിക്കാം.
ചില ഉദാഹരണങ്ങൾ സൂചിപ്പിക്കാം.

കുണ്ടി എന്ന മലയാള പദത്തിന് കോടതി വ്യവഹാരങ്ങളിൽ സ്ഥാനമില്ലാതാവുന്നതും, പകരം പൃഷ്ഠം എന്ന സംസ്കൃത പദം ഉപയോഗിക്കപ്പെടുന്നതും ആദ്യം സൂചിപ്പിച്ച കവിതയുടെ സാരാംശത്തെ സിനിമ ഉൾക്കൊള്ളുന്നു എന്നതിനെ സാധൂകരിക്കുന്നു. ( സിനിമയുടെ പോസ്റ്ററിൽ പോലും കള്ളൻ എന്നതിന് പകരം മോഷ്ടാവ് എന്ന പദമാണ് പ്രാധാന്യത്തോടെ ഉപയോഗിച്ചിട്ടുള്ളത് എന്നോർക്കുക. )

‘ദൈവം പോലുമില്ലാത്തവർക്ക് മജിസ്ട്രേറ്റ് ഉണ്ട് ‘എന്നാണല്ലോ എന്ന നായക കഥാപാത്രത്തിൻ്റെ ഡയലോഗ് സാധാരണക്കാരന് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും നൽകുന്ന വിശ്വാസത്തെയും ആശ്രിതത്വത്തെയും വെളിപ്പെടുത്തുന്നു..

“ന്നാ താൻ കേസ് കൊട് ” എന്ന അധികാര ധാർഷ്ട്യത്തിൻ്റെ ആഹ്വാനത്തിനെതിരേ കഥാനായകൻ നിയമപരമായി പോരാടുമ്പോൾ മന്ത്രിക്കെതിരേ കേസെടുക്കണമെങ്കിൽ മന്ത്രിസഭയുടെ അനുവാദം വേണം എന്ന് കോടതി പറയുന്നു. കോടതിയുടെ ആ വാദത്തിനെതിരേ ഉയരുന്ന
‘എന്നെ അറസ്റ്റ് ചെയ്യന്നതിന് മുഴുവൻ കള്ളന്മാരുടെയും അനുവാദം വാങ്ങിയിരുന്നോ ‘ എന്ന കഥാപാത്രത്തിൻ്റെ മറുചോദ്യം ഭരണ വർഗ്ഗത്തിലെ പുഴുക്കുത്തുകളെയും, കള്ളന്മാരെയും കൃത്യമായി തന്നെ ചെന്നു തൊടുന്നു.

പ്രത്യക്ഷത്തിൽ മാത്രമല്ല, ഇങ്ങനെ സൂക്ഷ്മാർത്ഥത്തിലും സിനിമ അതിൻ്റെ സോഷ്യൽ ക്രിട്ടിസിസമെന്ന ഉദ്ദേശലക്ഷ്യം സാധ്യമാക്കുന്നു.
അടുത്തിടെ വലിയ വിജയം നേടിയ
ഡിജോ ജോസ് ആൻ്റണി – ഷാരിസ് മുഹമ്മദ് ടീമിൻ്റെ ‘ജനഗണമന’ അതിവൈകാരികമായും ശക്തമായും നിർവഹിച്ച ധർമ്മം തന്നെയാണ് മറ്റൊരു വഴിയിലൂടെ രതീഷ് ബാലകൃഷ്ണപ്പൊതുവാളും അദ്ദേഹത്തിൻ്റെ ക്രൂവും ചേർന്ന് നിർവഹിച്ചുട്ടള്ളതെന്ന് കാണാം..

മുൻപില്ലാത്ത വിധം നമ്മുടെ സമൂഹത്തിലെ
ഭരണ- ഉദ്യോഗസ്ഥ- മാധ്യമ-നവമാധ്യമ മേഖലകൾ വളരെയധികം ജീർണിച്ചിരിക്കുന്നു എന്ന് സമീപകാലത്ത് പലപ്പോഴും തോന്നിയിട്ടുണ്ട്.
“ന്നാ താൻ കേസ് കൊട് “എന്ന സിനിമ എന്നെ വ്യക്തിപരമായി ഏറെ സ്പർശിച്ചതും സന്തോഷിപ്പിച്ചതും ഉദ്യോഗസ്ഥ തലത്തിൽ നിന്ന് അടുത്തിടെയുണ്ടായ ദുരനുഭവത്തിൻ്റെ ‘കുഴി’യിൽ നിന്ന് ഇപ്പൊഴും പൂർണമായി കരകയറിയിട്ടില്ല എന്നതിനാൽ കൂടിയാണ്.
അത് കൊണ്ട് തന്നെ
സമൂഹത്തിൽ അപകടകരമായി നില നിൽക്കുന്ന പൊള്ളയായ വ്യവസ്ഥിതികളെയും വെല്ലുവിളികളെയും പൊളിക്കുകയും പൊള്ളിക്കുകയും ചെയ്യുന്ന ഇത്തരം ക്ലാസിക് സറ്റയറുകൾ വീണ്ടും വീണ്ടും അരങ്ങു തകർക്കുന്നത് കാണുമ്പോൾ വലിയ ആഹ്ലാദം തോന്നുന്നുണ്ട്.
ജനാധിപത്യവും ഭരണഘടനാപരമായ സാമൂഹ്യ വ്യവസ്ഥകളും അർത്ഥവത്താകും വിധം പുലരുന്നതിന് കാലത്തോട് കലഹിക്കുന്ന ഇത്തരം കലാസൃഷ്ടികൾ കരുത്തു പകരുക തന്നെ ചെയ്യും..

”യഥാർത്ഥ ലോകത്തിനപ്പുറം കൂടുതൽ മാനുഷികമായ ഒരു ലോകം സൃഷ്ടിക്കാനുള്ള ശ്രമമാണ് കല ” എന്നഭിപ്രായപ്പെട്ടത് ഫ്രഞ്ച് ചിന്തകനായ ആന്ദ്രേ മൗറോയ്സ്.

ചീമേനിയെ ചുറ്റിപ്പറ്റി സാമൂഹികതയുള്ള വലിയൊരു കലാസൃഷ്ടി സാധ്യമാക്കിയതിന് ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച സൃഹുത്തുക്കളടക്കമുള്ള എല്ലാ കലാകാരന്മാർക്കും മറ്റൊരു ചീമേനിക്കാരൻ്റെ സ്നേഹാഭിവാദ്യങ്ങൾ.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like