പൂമുഖം LITERATUREകഥ പാര്‍വ്വതീചരിതം

പാര്‍വ്വതീചരിതം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

എങ്ങനാ പാറുവമ്മേ, നിങ്ങളിങ്ങനെ വിധവയായത് എന്നു ചോദിച്ചാല്‍ കാണാതെ പഠിച്ചെടുത്തതു പോലെ തന്നെ ചടപടാന്ന് ഉത്തരം. അതു വിധിയാണ് കുട്ട്യേ, വിധി! പയ്യിന് തീറ്റവെട്ടാന്‍ കാത്തുവച്ച വെട്ടരുവയുടെ വാത്തല കൊണ്ട് ആണൊരുത്തനെ വെട്ടിക്കൊന്ന കഥയൊക്കെ പാറുവമ്മ പൂഴ്ത്തിവച്ചു. പാറുവമ്മ തീയത്തിയാണ്, വെറും തീയത്തിയല്ല. നല്ല കമ്യൂണിസ്റ്റുകാരിയായ തീയത്തി. അതു പറയുമ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ പാലക്കാട്ടെ തീയ്യന്മാര്‍ ചാടിത്തുള്ളിയ ആഹ്‌ളാദം ആ മുഖത്തു കാണാം. കമ്യൂണിസ്റ്റുകാരിയായ പാറുവമ്മ. അവരുടെ മുഖത്തു നോക്കിയാലൊന്നും അങ്ങനെയൊരു കഥ വായിച്ചെടുക്കാന്‍ പറ്റുന്നില്ല. എന്നിട്ടും പാറുവമ്മയുടെ ജീവിതകഥയില്‍ കൊലപാതകം കയറി വന്നു. അതവര്‍ ചെയ്തതു തന്നെയെന്ന് ഇപ്പം ആണയിട്ട് പറയാന്‍ അവര്‍ക്കൊരു പേടിയുമില്ല. ഇനിയീ പ്രായത്തില്‍ പോലീസിന് തന്നെയൊന്നും ചെയ്യാന്‍ പറ്റില്ലാന്നും താനൊരു കറകളഞ്ഞ കമ്യൂണിസ്റ്റുകാരിയാണെന്നും പാറുവമ്മയ്ക്ക് നന്നായി അറിയാം.

പാറുവമ്മേ, ഇങ്ങള്‍ പുളുവടിക്കുകയാണ്. എന്നിട്ട് എന്തേ, ഇങ്ങളെ പോലീസ് പിടിക്കാഞ്ഞൂ? ഇങ്ങടെ കെട്ടിയോന്‍ ദീനം വന്നു ചത്തു പോയതാണ്. ഇങ്ങള് വെറുതെ ആവശ്യമില്ലാത്തതൊന്നും മിണ്ടാന്‍ നിക്കണ്ട ഇന്നെക്കുറിച്ച് ഇങ്ങള്‍ക്ക് എന്തറിയാന്റെ കുട്ട്യേ? ഞാന്‍ അക്കാലത്തൊക്കെ സുന്ദരിയായിരുന്നു. സുന്ദരീന്നുവെച്ച്വാ സാവിത്രിയക്കാനെ പോലെ സുന്ദരി.

ഏതു സാവിത്രിയക്ക?

ഓ, ഇങ്ങക്ക് സിനിമ വല്യേ പിടിയില്ല്യാല്ലേ? കല്യാണം പണ്ണി പാര് എന്ന പടം കണ്ടിട്ടുണ്ടോ? അതിലെ സാവിത്രിയക്കാ മാതിരി. മുടിയൊക്കെ ഇങ്ങനെ എണ്ണമെഴുക്കില്‍ നൂര്‍ത്തെടുത്ത് ചെറ്യ നന്ത്യാര്‍വട്ടമൊക്കെ വച്ചു കഴിഞ്ഞാ അഴകിയ സുന്ദരി മാതിരിയിരിക്കും. ഇന്റെ വീട് അങ്ങ് കൊഴിഞ്ഞാമ്പാറയാണ്. അവിടെ പാലമരക്കാടാണ്. അതിലെ പാലപ്പൂവിന്റെ മണമാരുന്നു എനിക്കെന്നാണ് കന്നി കെട്ടിയോന്‍ പറഞ്ഞാര്‍ന്നത്.

ആദ്യത്തെ കെട്ടിയോനോ?

ഉം, ഞാനേ നാലേ കെട്ടിയത്. അതില്‍ മൂന്നാമത്തേതിനിയാ ഞാന്‍ കൊലപണ്ണിയത്. ആദ്യത്തെ ഗോവിന്ദചാമി. കോയമ്പത്തൂരില്‍ നിന്നും മരപ്പണിക്ക് വന്നതാ. മലമ്പനി പിടിച്ചു ചത്തു പോയി. അതില്‍ കുട്ടികളില്ല. രണ്ടാമത് വന്തത് വേലവന്‍. അതിലാ പിള്ളേര് ചറപറാന്ന് മൂന്നെണ്ണം. മൂന്നെണ്ണത്തിനും മൂപ്പെത്തും മുന്നേ അയാളും ചത്തു. കൊന്നതാ!

ആര്?

അയാക്കടെ കൂട്ടുകാരന്‍, പെരിയ റൗഡി! സെന്തില്‍.

എന്തിന്?

അയാക്ക് എന്നെ ഉന്നമുണ്ടാരുന്നു. എടക്കെടെ കൂടെ കിടക്കാന്‍ വരും. എനിക്ക് അയാടെ മൊശട് വാട തീരെ ഇഷ്ടല്ലാര്‍ന്നേ. അതുങ്ങള് കവുങ്ങ് കേറണ പണിയാണ്. അടയ്‌ക്ക്യേനെ പെറുക്കാന്‍ പോകുമ്പോ മൂത്രിക്കാന്‍ കാട്ടീകേറിയതാണെന്റെ കുട്ട്യേ, അവിടെ വച്ച് ഇന്നെ കേറിപിടിച്ച്. അതു കവുങ്ങിനു മുകളിലിരുന്നു വേലവണ്ണന്‍ കണ്ടു. അവര് അടികൂടി, അങ്ങനെ വേലവണ്ണന്‍ ചത്തു തൊലഞ്ഞു. സെന്തിലണ്ണന്‍ പിന്നെ ഇന്റെ കുടീന്ന് മാറീല്ല്യ. സരിക്കും ആയാളൊരു ആണ്‍കുട്ടി തന്നെയ്യാര്‍ന്നു. പക്ഷേ, ഉശിരത്തം കൂടിയാലും കൊണം പിടിക്കില്ലല്ലോ. അയാടെ റാക്ക് കുടിയാണ് ഇന്റെ ജീവിതം മക്കാറാക്കിയത്. ഇന്റെ മോളില്ലേ, രണ്ടാമത്തെവള്‍ മല്ലി. അവള്‍ടെ വയറ്റിലൊണ്ടാക്കീട്ട് ഇന്നെ പിടിക്കാന്‍ വരും. അതെനക്ക് സഹിക്കാന്‍ പറ്റൂല്ലെന്റെ കുട്ട്യേ. പയ്യിന് തീറ്റവെട്ടാന്‍ പാണ്ടിയണ്ണാച്ചീടെ കയ്യീന്ന് നല്ല വെട്ടരുവ മേടിക്കുമ്പോ ഇനിക്ക് അങ്ങനൊരു പദ്ധതി കൂട്യൊണ്ടാര്‍ന്നു.

ഇങ്ങള്‍ക്ക് പേടിയില്ലാരുന്നോ പാറുവമ്മേ?

വെട്ടരുവ കാണുമ്പോള്‍ പേടിച്ച് ഈയലു പോലെയാണ് അന്നൊക്കെ നമ്മള് വിറച്ചിരുന്നത്. അന്ന് പാലക്കാട് ദണ്ഡപാണി കൊട്ടകയില്‍ പടം കാണിക്കാനാണ് സെന്തിലണ്ണന്‍ ഇന്നേം കുട്ട്യേനെം കൊണ്ടോയത്. ഇളയ പൊണ്ണ് അല്ലിക്ക് നിറച്ച് മൊട്ടായീം പൊട്ടൂം വളേം. ഇനക്ക് അഞ്ചനോം, നേര്യേതും. വിജയാമ്മയുടെ കര്‍പഗം പടം. ജമിനിസാര്‍ നടിക്കുന്ന നല്ല സൊയമ്പന്‍ പടം. പടം പകുതിയായപ്പോ അല്ലിയെയും കൂട്ടി അണ്ണന്‍ കൊറിക്കാന്‍ മേടിക്കാന്‍ പുറത്തു പോയി. നേരം കഴിഞ്ഞ് ഓള് അടുത്തുവന്നിരുന്നപ്പോ അവക്ക് സെന്തിലിന്റെ അതേ മൊശടു മണം. പക്കത്ത് വീട്ട് പരുവമച്ചാന്‍ പാട്ട് കേട്ട് ഇരിക്കുവാര്‍ന്നു ഞാന്‍. കുത്തിക്കുത്തി ചോദിച്ചപ്പോ അല്ലി പറഞ്ഞു, അവളെ കൂട്ടിക്കൊടുത്താ പന്നീടെ മോന്‍ റാക്ക് മേടിച്ചതെന്ന്. അന്നു രാത്രി തന്തയില്ലാണ്ട് പെറ്റോന്‍ ഇന്റെ കൂടെക്കിടക്കാന്‍ വന്നപ്പാടെ ഞാന്‍ വെട്ടി.

എത്ര തവണ വെട്ടി?

എണ്ണാനൊന്നും അറിയില്ല സാറേ. എണ്ണിക്കൊണ്ട് വെട്ടാന്‍ പറ്റ്വോ? ചാവണവരേക്കും വെട്ടി. ചത്തൂന്ന് അറിഞ്ഞു കഴിഞ്ഞിട്ടും വെട്ടി. ജീവിതത്തില്‍ ഒരിക്കലും വാക്കത്തി കൊണ്ട് വെട്ടാന്‍ പറ്റാര്‍ന്ന അത്രയും വെട്ടി. വെറവല് കൊഴിയും വരേം വെട്ടി തുണ്ടമാക്കി!

പിന്നെ?

ഊരിലുള്ളവര്‍ പറഞ്ഞു കൊഴിഞ്ഞമ്പാറയ്ക്ക് വിട്ടോളീന്ന്. രണ്ടു വര്‍ഷം അവിടെ കഴിഞ്ഞു. അവിടെ വച്ചാണ് നാണുവപ്പന്‍ കൂടെകൂടീത്. അപ്പനോളം പ്രായൊണ്ടാര്‍ന്നു. പക്ഷേ, ഒരു പെണ്ണാകുമ്പം ആണ്‍തൊണ വേണംന്ന് നിരീച്ച്. അങ്ങനെ കൂടെക്കൂട്ടീതാണ്. പക്ഷേങ്കീ, കാര്യൊണ്ടാര്‍ന്നില്ല കുട്ട്യേ. ആസ്മ തന്നെയാര്‍ന്നു. അടുത്തു കെടന്നു വലിക്ക വലി കേട്ടാ കാട്ടുപന്നീ കൂര്‍ക്കിക്കുന്നതു പോല്യാര്‍ന്നു.

അയാള്‍ എത്രകാലം കൂടെയുണ്ടായിരുന്നു?

കഷ്ടീ രണ്ടേ രണ്ടു കൊല്ലം. പിന്നെ, ചത്ത് തന്ന്യേ പോയി. പിന്നെ സ്ഥിരാര്‍ന്നു ആരംല്യാ. ആയിടക്കാണ് കമ്യൂണിസ്റ്റായത്. കത്ത്ണ കമ്യൂണിസ്റ്റ്. ആരേം പേടില്യാത്ത കമ്യൂണിസ്റ്റ്, ആരും ചോദിക്കാനും പറയാനുമില്ലാര്‍ന്നൊരു പൊണ്ണൊരുത്തി കമ്യൂണിസ്റ്റ്.

അതെങ്ങനെ?

നാണുവപ്പന്‍ ചത്തതോടെ പറമ്പിപ്പണിക്ക് ഇറങ്ങി. തോട്ടത്തീ പണിക്ക് ആളെ വേണംന്ന് പറഞ്ഞപ്പോ, അവര്‍ടെ കൂട്യെ തന്ന്യെ പോയി. അങ്ങനെ തന്നെ കമ്യൂണിസ്റ്റായി. കൊടി പിടിച്ചില്ലാട്ട്വോ. ഗ്യോബ്യാക്ക് എന്ന് വിളിച്ചിട്ടുണ്ട്. വേറെയൊന്നും അറിയില്ല. കൂലി കൂട്ടണംന്ന് കൂടെയുള്ളോര് പറഞ്ഞപ്പോ അവര്‍ക്കൊപ്പം അക്കാര്യം ചോദിക്കാന്‍ കമ്പനീ മാനേജര്‍ക്കടുത്തു പോയി. അയാള്‍ പറഞ്ഞു കൂടെ കെടക്കുന്നവര്‍ക്ക് കൂലി കൂട്ടിത്തരാംന്ന്. ആ മാനേജര്‍ ചെറ്ക്കന് എന്റെ മൂത്ത കുട്ട്യേന്റെയത്രേം പ്രായമായീട്ടീല്ല. എല്ലാര്‍ടെം മുന്നീ വച്ച് എല്ലാ പെണ്ണുങ്ങളോടും ഓനങ്ങനെ പറഞ്ഞപ്പോ എല്ലാര്‍ക്കും നാണായി. പക്ഷേങ്കീ, എന്റെ കുട്ട്യേ കൂലി കൂട്ടി ചോദിച്ച്യാ അങ്ങനെയാ പറയ്ക. അതൊക്കെ ആണീന്റേം പെണ്ണീന്റേം ഇഷ്ടംല്ല്യേ?. ഞാന്‍ പറഞ്ഞു, ഇനിക്ക് കൂലി കൂട്ടി വേണ്ടാംന്ന്. അപ്പോ അവന്‍ പറയ്കയാണ്, ഇങ്ങള്‍ കമ്മ്യൂണിസ്റ്റാന്ന്.

ഇങ്ങള്‍ ശരിക്കും കമ്യൂണിസ്റ്റാണോ?

ശരിക്കും കമ്യൂണിസ്റ്റാണോന്ന് ചോദിച്ചാ, ഇനിക്ക് അറിയില്ലേ. പക്ഷേങ്കീ അന്ന് ഞാന്‍ കണ്ണാടി പോയി നോക്കി. കൊല്ലം കൊറേ ആയില്ലേ അഞ്ചനം എഴുതീട്ട്. കരിപൊരട്ടി കണ്ണില് തേച്ചെഴുതി. എന്നിട്ട് കണ്ണാടി നോക്കിയപ്പോ ഇനിക്ക് മനസ്സിലായി, ഞാനൊരു കമ്യണിസ്റ്റാന്ന്. പിറ്റേന്ന്, മാനേജര്‍ ചെക്കന്റെയടുത്ത് ചെന്നു ഞാന്‍ പറഞ്ഞ്, ഞാനൊരു കമ്യൂണിസ്റ്റാന്ന്. അപ്പോ അവന്‍ പറഞ്ഞു, നിങ്ങള്‍ക്ക് ഇവ്ട് വേലയില്ലാന്ന്. ഞാന്‍ വേറൈവിടെ വേലയ്ക്ക് പോകാനാണ്? ഞാന്‍ പറഞ്ഞു, സായ്പിന്റെ കൂട്ടിക്കൊടുക്ക്ണ പണി അമ്മേനം പ്രായ്മുള്ള ഇന്റേട്ത്ത് എടുക്കരുത്. ഞാന്‍ കമ്യൂണിസ്റ്റാന്ന്. അവന്‍ കൂത്തിച്ചീന്ന് വിളിച്ച് ചാടിയെണ്ണീറ്റ് ഇന്റെ കരണക്കുറ്റിക്ക് ഒറ്റയടിയാണേ. ഹോ, കണ്ണീന്ന് പൊന്നീച്ച പറക്കണ പോലൊരു നീറ്റല്‍. ഞാന്‍ നിലത്തേ വീണു പോയി. ചാടിയെണ്ണീറ്റപ്പോ കയ്യീലേ കേറിയത് വെള്ളം വാരണ തൊട്ട്യാണ്. അത് ഊക്കനെ എടുത്ത് അവന്റെ പിണ്ഡം നോക്കി ഞാനടിച്ചു. എത്രയടിച്ചൂന്ന് അറിയില്ല. ഓന്‍ ഓടീന്നാ കൂടെണ്ടാർന്ന പണിക്കാരികള്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ കമ്യൂണിസ്റ്റായി!

പോലീസ് പിടിച്ചത് അങ്ങനെയാണോ?

നിക്കര്‍ പോലീസ് പിടിച്ചോണ്ടു പോയി കണ്ണീ മുളകെഴുതിയിട്ടുണ്ട്. മൊലേല് മെഴുകുതിരീം ഉരുക്കീട്ടുണ്ട്. അത് കമ്പനീടെ കാപ്പിക്കുരു വിറ്റ് കായ് മേടീച്ചൂന്നും പറഞ്ഞ്. ശരിക്കും അതൊക്കെ നുണയാര്‍ന്നു. അതൊന്നും കമ്യണിസ്റ്റുകള്‍ ചെയ്യില്ല. നിക്കര്‍ പോലീസ് കേസാക്കൂം പാലക്കാട് ജയിലിലാക്കൂംന്നൊക്കെ പറഞ്ഞു. അവിടെ ഒരു എസ്ഐ ഇണ്ടാര്‍ന്നു. അയാളെ ഇന്നെ രാത്രി ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടു പോയി. പക്ഷേങ്കീ മേലഴുക്കായി അവിടെ വെച്ച്. അങ്ങനെ എന്നോടു പൊക്കോളാന്‍ പറഞ്ഞു. അവിടെങ്ങും കണ്ട് പോകര്‍തെന്നും പറഞ്ഞ്. വിശക്കൂന്ന് പറഞ്ഞപ്പോ കാലണ കൈയിലേക്ക് എറിഞ്ഞു തന്നു. അതൊക്കേയ് ഒരു കാലം.

പത്രക്കാര്‍ ഇനീ വരും, ഇതൊന്നും അവര്‍ക്കെടേല് വെളമ്പാന്‍ നിക്കണ്ട!

എന്തേ, എനിക്കൊന്നും ഒളിക്കാനില്ല. വാതത്തിന്റെ സൂക്കേട് ഉണ്ടേ കുട്ട്യേ. മരുന്നു മേടിക്കാന്‍ ആര് നൂറ് കായ് തന്നാലും ഞാന്‍ പറയും. ഇനീ പ്രായത്തീ എന്തോന്ന് കേസ്, എന്തോന്ന് ജയില്. അല്ലേ, ഇങ്ങള് പത്രത്തീന്നാ? ഇന്റെ ഫോട്ടോയും വരുവോ പത്രത്തീ?പാറുവമ്മക്ക് നാരീശക്തി പുരസ്‌ക്കാരം കിട്ടാന്‍ സാധ്യതയുണ്ടെന്നു കാണിച്ച് മലബാര്‍ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞിട്ട് ഫീച്ചറെഴുതാന്‍ വന്നതാണ് ചിറ്റൂര്‍ക്ക്. പേഴ്‌സില്‍ വഴിച്ചെലവിന് മാറ്റിവച്ചിട്ട് ബാക്കി കാശ് എടുത്ത് അവര്‍ക്ക് നീട്ടി. പൈസ മേടിക്കാന്‍ കൈയ് നീട്ടിയപ്പോ അതൊരു മനുഷ്യജീവിയുടെ കൈയാണോ എന്നു സംശയം തോന്നിപ്പോയി. അത്ര ക്ഷീണിച്ച്, അത്ര പരുവപ്പെട്ട്, അവര്‍ ആയാസത്തോടെ ചിരിച്ചു.
പാറുവമ്മേ, പറയ് ഇങ്ങള്‍ എങ്ങനെയാണ് ശരിക്കും കമ്യൂണിസ്റ്റായത്?

മാറ്റിയുടുക്കാന്‍ തുണിയില്ലാതെ, വാരിച്ചുറ്റുന്ന തുണി നാറീട്ട് രാത്രി കഴുകിയിടും. അടുത്ത വീട്ടീന്ന് കഞ്ഞീടെ വെള്ളം പോലും തരീല്ല കുട്ട്യേ കമ്യൂണിസ്റ്റുകള്‍ക്ക്. കമ്യൂണിസ്റ്റ് പെണ്ണിന്റെയുടത്തേക്ക് രാത്രീ റാക്ക് കൂടിം വലീം കഴിഞ്ഞേ ഒരു ആമ്പറന്നോനും വരില്ല. ദേവി പോലും വരില്യേ. വെശന്ന് വെശന്ന് എല പറിച്ചു തിന്നീട്ടുണ്ട്. അങ്ങനെ ആരേം ഒന്നിനേം പേടിയില്ലാത്ത രാത്രീല് കതക് തൊഴിച്ചു തൊറന്ന് അകത്തു കേറീ, രാമ്യാമ്പര്‍ടെ വീട്ടില്‍. അഞ്ചു ബാറ്ററീടെ ടോര്‍ച്ചടിച്ച് രാമ്യാമ്പീര് നോക്കി നിന്നു. വെട്ടരുവ കണ്ട് പേടിച്ച്, അവിടുന്ന് ഉടുക്കാനും ഉണ്ണാനുള്ളതും വാര്യെടുത്ത് ഇറങ്ങി പോന്നു, വാണിയംകുളത്തേക്ക്. പിന്നെ, ഒക്കെ തീരുമ്പോ അങ്ങനെ തന്ന്യയായി. കമ്യൂണിസ്റ്റാരെ ആര്‍ക്കും പേടില്യാന്റെ കുട്ട്യേ. ഇപ്പം ഒക്കെ പോയീല്ലേ. ഇപ്പെന്നേ ഞാന്‍ തെണ്ടണ കണ്ട്‌ല്യേ! ചാക്കു കൊണ്ട് മറച്ചുവച്ച കുടിയുടെ വാതിലിന് താഴുണ്ട്. മുകളില്‍ കാറ്റടിക്കുമ്പോ ഇളകുന്ന തകരപ്പാട്ടയുടെ മേല്‍ക്കൂര. ഇതൊരു ചരിത്രത്തിന്റെ ബാക്കിപത്രമാണ്. ഇതൊരു സ്ത്രീയല്ല, ഒരു നാടിന്റെ ചരിത്രമാണ് എന്നൊക്കെ ഫീച്ചറില്‍ എഴുതണംന്ന് കരുതി. ഇറങ്ങാറായപ്പോ പാറുവമ്മയ്ക്ക് ഒരു പൂതി-ഇങ്ങട് കൈയീ മൊബൈല്യുണ്ടോ?

എന്തേ, നിങ്ങക്ക് ആരെയെങ്കീലും വിളിക്കണോ?

പാറുവമ്മയ്ക്ക് നാണം.

ഒന്ന് പോയേ ഇങ്ങള്, ഏനിക്ക് ആരേം വിളിക്കണ്ട. ഇന്റെയൊരു ഫോട്ടോ എടുത്ത് വയ്‌ക്ക്യോ ങ്ങള്?

അതിപ്പോ എന്തിനാ പാറുവമ്മേ?

ചാവണ സമയത്ത് പത്രത്തീ കൊടുക്കാനാണേയ്, കമ്യൂണിസ്റ്റല്ലേന്റെ കുട്ട്യേ?

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like