കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച യുദ്ധത്തിന്‍റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണ്? അവ ഇന്ത്യന്‍ ജനതയെ എങ്ങനെയെല്ലാം ബാധിക്കും? പുതിയ സാമ്പത്തികമാറ്റം എങ്ങനെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാറ്റം വരുത്തുക?
അഞ്ഞൂറും ആയിരവും കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനം സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ഇന്ത്യ ഒട്ടാകെ ഉണ്ടാക്കിയത്. ഈ നയം നടപ്പാക്കുന്നതില്‍ വന്നത് എന്ന് കരുതുന്ന സാങ്കേതികമായ പിഴവ് കാരണം കോടിക്കണക്കിന് ജനങ്ങളാണ് ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ ആയി വരി നിന്ന് കഷ്ടപ്പെടുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, ഈ “സാങ്കേതിക പിഴവിനെ”ഇന്ത്യയൊട്ടാകെ വിമര്‍ശിക്കുന്നതും, ഭരണ കൂട്ടുകക്ഷിയായ എന്‍ ഡി എ യില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതും രാഷ്ട്രം കണ്ടുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം തുടച്ചു നീക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, മോഡി അനുകൂലികളും ഈ നീക്കത്തെ ആവര്‍ത്തിച്ച് ഉയര്‍ത്തിക്കാണിക്കുമ്പോള്‍ കള്ളപ്പണം ഇല്ലാതാക്കാന്‍ ഈ നയം കൊണ്ട് സാധ്യമാവില്ല എന്നതാണ് പരക്കെ പ്രതിപക്ഷത്ത് നിന്നുള്ള വിമര്‍ശനം. മോഡിയുടെ നീക്കത്തിന് പിന്നിലെ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രതിപക്ഷം ഒട്ടും തന്നെ തുറന്നു ചര്‍ച്ച ചെയ്യാതെ വിടുന്നത്തിനു പിന്നില്‍ കാര്യമായ ഒരു രാഷ്ട്രീയ ബലഹീനതയുണ്ട്. സത്യത്തില്‍ ആ ബലഹീനതയിലാണ് മോഡിയുടെയും കോര്‍പ്പറേറ്റ് സംഘങ്ങളുടെയും ഉന്നവും.
കള്ളപ്പണം ഇന്ത്യയില്‍ – ചില സ്ഥിതി വിവര കണക്കുകളും സത്യങ്ങളും
എന്താണ് കള്ളപ്പണം എന്നതില്‍ തുടങ്ങാതെ ഈ കുറിപ്പ് പൂര്‍ണ്ണമാക്കാന്‍ സാധ്യമല്ല. നിയമനിയന്ത്രിതമായ മുഖ്യധാരാ സമ്പദ് വ്യവസ്ഥക്ക് പുറത്ത് അതാതുരാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമല്ലാതെ ആ രാജ്യത്തിന് അകത്തോ പുറത്തോ വിനിമയം ചെയ്യപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്യപ്പെട്ട രാജ്യത്തിന്‍റെ സമ്പത്തിനെയാണ് കള്ളപ്പണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.നരേന്ദ്ര മോഡിയുടെ കറന്‍സി പിന്‍വലിക്കല്‍ നയം പ്രധാനമായും ലക്ഷ്യമാക്കുന്നത് രാജ്യത്തിനകത്ത് ലഭ്യമായ കള്ളപ്പണമാണ്. കള്ളപ്പണത്തിന്‍റെ വിനിമയം ആകട്ടെ ഒരു തരത്തിലുള്ള നികുതി – നിയമ ബാധ്യതകള്‍ക്കും വിധേയമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ മുഖ്യധാരാ സമ്പദ് വ്യവസ്ഥയും, ഈ സമാന്തര സമ്പദ് വ്യവസ്ഥ എന്ന് വിളിക്കാവുന്ന കള്ളപ്പണവും തമ്മില്‍ നിരന്തരമായ വിനിമയം നടക്കുകയും ചെയ്യുന്നുണ്ട്. കറുപ്പിക്കലും വെളുപ്പിക്കലും എന്ന് പേരിട്ടു വിളിക്കുന്ന ഈ വിനിമയങ്ങള്‍ക്ക് ഒക്കെയും സാധ്യതകളും ഉണ്ട്. ഉദാഹരണമായി, ഒരു മധ്യവര്‍ഗ്ഗ കുടുംബം തങ്ങളുടെ സമ്പാദ്യങ്ങള്‍ മിക്കതും ഉപയോഗിച്ച് അമ്പതു ലക്ഷം രൂപയുടെ ഒരു ഫ്ലാറ്റ് വാങ്ങുകയും, അതില്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിന് അനുസരിച്ച് ഇരുപതു ലക്ഷം രൂപ കള്ളപ്പണമായി നല്‍കുകയും ബാക്കി മുപ്പതു ലക്ഷം രൂപ കണക്കില്‍ കാണിക്കുകയും ചെയ്യുമ്പോള്‍, മുഖ്യധാരാ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഇരുപതു ലക്ഷം രൂപ കള്ളപ്പണമായി മാറുന്നു. ഫ്ലാറ്റ് നിര്‍മ്മിച്ച് വില്‍ക്കുന്ന റിയല്‍എസ്റ്റേറ്റ് വ്യവസായി അയാള്‍ക്ക് ലഭ്യമായ കള്ളപ്പണത്തില്‍ നിന്ന് ഇരുപതു ലക്ഷം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വഴിവിട്ട സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കുകയും ആ ഉദ്യോഗസ്ഥന്‍ ഒരു സ്വകാര്യ ബാങ്ക് വഴി ഈ പണം വെളുപ്പിച്ച് തന്‍റെ സമ്പാദ്യത്തിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്യുമ്പോള്‍ ഇരുപതു ലക്ഷം തിരിച്ച് മുഖ്യധാരാ സമ്പദ് വ്യവസ്ഥയില്‍ എത്തുന്നു. ഇതൊരു ചെറുതും ലളിതവുമായ ഉദാഹരണമാണ്. ഇതിലും സങ്കീര്‍ണ്ണമായ പല ഉദാഹരണങ്ങളും ഈ കറുപ്പും വെളുപ്പും തമ്മിലുള്ള നിരന്തരവിനിമയങ്ങള്‍ക്ക് നമുക്ക് കണ്ടെത്താന്‍ സാധിക്കും. ഒരു തരത്തില്‍ കറുപ്പിക്കാന്‍ ആണ് ഇന്ത്യയില്‍ ബുദ്ധിമുട്ട്– എട്ടു നിലയില്‍ പൊട്ടുന്ന ഒരു സിനിമ എടുത്താല്‍ വെളുപ്പിക്കാവുന്നതെ ഉള്ളൂ ഒരുമാതിരി കള്ളപ്പണം ഒക്കെ.
ഇന്ത്യക്ക് അകത്തുള്ള സമാന്തര സമ്പദ് വ്യവസ്ഥയുടെ അഥവാ കള്ളപ്പണത്തിന്‍റെ വലുപ്പത്തെ കുറിച്ച് ഒട്ടനേകം പഠനങ്ങള്‍ നിലവിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2010ല്‍ കള്ളപ്പണത്തെ സംബന്ധിച്ച് ഇറക്കിയ ധവള പത്രം അനുസരിച്ച് സര്‍ക്കാര്‍ കള്ളപ്പണത്തെ കാണുന്നത് നികുതി വെട്ടിപ്പും, അഴിമതിയും, മയക്കുമരുന്ന് വ്യാപാരവും പോലെ ഒട്ടനേകം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം എന്ന രീതിയിലാണ്. ധവളപത്രം ഇറക്കിയ യു പി എ സര്‍ക്കാര്‍ ഉള്‍പ്പടുത്തിയിരുന്നു എങ്കിലും അത്ര സുപ്രധാന കാരണമായി കാണാതെ വിട്ട ഭീകരവാദത്തെ നരേന്ദ്ര മോഡി സര്‍ക്കാര്‍ കള്ളപ്പണത്തിനു മറ്റൊരു പ്രധാന കാരണമായി അടുത്തിടെ കറന്‍സി പിന്‍വലിക്കല്‍ സംഭവവുമായി ബന്ധപ്പെട്ടു ഉയര്‍ത്തിക്കാട്ടുകയുണ്ടായി. പക്ഷെ എവിടെയും പരാമര്‍ശിക്കാതെ പോകുന്ന മറ്റൊരു വിഷയം സമാന്തര സമ്പദ് വ്യവസ്ഥയിലെ നിക്ഷേപകന്‍റെ സുരക്ഷിതത്വ ബോധമാണ്.
കറന്‍സി ഉപയോഗിച്ചുള്ള സാമ്പത്തിക വിനിമയങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എണ്ണത്തില്‍ ഇന്ത്യയിലെ 98 ശതമാനം സാമ്പത്തിക വിനിമയങ്ങളും നടക്കുന്നത് നോട്ടുകള്‍ ഉപയോഗിച്ചാണ്, മൊത്തം വിനിമയ മൂല്യത്തിന്‍റെ എഴുപതു ശതമാനത്തോളം വരും നോട്ടുകള്‍ ഉപയോഗിച്ചുള്ള ഈ വിനിമയങ്ങള്‍. ചൈനയിലും, സൌത്ത് ആഫ്രിക്കയിലും ഇത്തരം വിനിമയങ്ങള്‍ മൊത്തം വിനിമയ മൂല്യത്തിന്‍റെ നാല്‍പ്പത്തി അഞ്ചു ശതമാനത്തോളം വരുമ്പോള്‍ ബ്രിട്ടനില്‍ ഇത് വിനിമയ മൂല്യത്തിന്‍റെ പതിനാലു ശതമാനവും, അമേരിക്കയില്‍ പതിനൊന്നു ശതമാനവും ആകുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 12 ശതമാനത്തോളം മൂല്യം കറന്‍സി നോട്ടുകളിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഇന്ത്യ ഈ കാര്യത്തില്‍ റഷ്യയെക്കാളും മുന്നിലാണ്. കറന്‍സി ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ വഴിയാണ് കള്ളപ്പണം വിനിമയം ചെയ്യപ്പെടുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ഇന്ത്യന്‍ സമാന്തര സമ്പദ് വ്യവസ്ഥയുടെ ഒരു ഏകദേശ ചിത്രം വ്യക്തമാവും.
ഒരുവശത്ത് ഇത്തരം കണക്കുകള്‍ ഇരിക്കുമ്പോഴും, കള്ളപ്പണത്തിന്‍റെ വലുപ്പത്തിന്റെ കാര്യത്തില്‍ അത്ര മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമല്ല ഇന്ത്യ എന്നാണു ഭൂരിപക്ഷ അനുമാനം. കണക്കാക്കപ്പെട്ട ഇന്ത്യന്‍ സമാന്തര സമ്പദ് വ്യവസ്ഥ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ ഇരുപത്തി ആറു ശതമാനം മാത്രമാണ്. ഈ കാര്യത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നൈജീരിയ (അറുപത്തി മൂന്നു ശതമാനം) റഷ്യ(നാല്‍പ്പത്തി രണ്ടു ശതമാനം) തുടങ്ങിയ രാജ്യങ്ങളെക്കാള്‍ വളരെ പിന്നിലാണ് ഇന്ത്യ[1]. അതേ സമയം ഈ കണക്കുകളില്‍ തന്നെ പല സാമ്പത്തിക ഗവേഷകരും പല തട്ടിലാണ്. ഇന്ത്യന്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ അമ്പതു ശതമാനത്തോളം, മൂല്യത്തില്‍ വലുപ്പമുണ്ട് ഇന്ത്യന്‍ സമാന്തര സമ്പദ് വ്യവസ്ഥക്ക് എന്ന് വാദിക്കുന്ന ഗവേഷകരും ഉണ്ട്.
കള്ളപ്പണത്തിന്‍റെ സൂക്ഷിപ്പുകാര്‍ പലരാണെങ്കിലും അതിന്‍റെ സംരംഭങ്ങളില്‍ മിക്കപ്പോഴും നിക്ഷേപകര്‍ സാധാരണ ജനമാണ് – പ്രധാനമായും, ഒരുപക്ഷെ, മധ്യവര്‍ഗ്ഗ ജനത. കള്ളപ്പണത്തിന്‍റെ സാധ്യത പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗപ്പെടുത്താത്ത ആരും തന്നെ മധ്യവര്‍ഗ്ഗ സമൂഹത്തില്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ബില്‍ വാങ്ങാതെ നാം കാശ് കൊടുത്ത് കുടിക്കുന്ന കാലിച്ചായ മുതല്‍ കല്യാണത്തിനു ആയിരങ്ങള്‍ ലാഭിക്കാന്‍ ബില്‍ വാങ്ങാതെ വാങ്ങുന്ന സ്വര്‍ണ്ണം, കണക്കില്‍ കുറഞ്ഞു വില കാണിച്ചു വാങ്ങുന്ന ഭൂമി, പാതി കള്ളപ്പണം കൊടുത്തു ടാക്സ് ലാഭിച്ചു വാങ്ങുന്ന ഫ്ലാറ്റ് ഇങ്ങനെ നീളും നമുക്ക് കള്ളപ്പണ ബിസിനസ്സില്‍ ഉള്ള പങ്ക്. ബില്‍ ഇല്ലാതെയോ, വില കുറച്ചു കാണിച്ചോ വാങ്ങിയ എന്തെങ്കിലും ഒരു ചെറിയ ആസ്തിയെങ്കിലും കൈയ്യിലുണ്ടെങ്കില്‍ സത്യത്തില്‍ നമുക്കും കള്ളപ്പണ നിക്ഷേപവും അതില്‍ പങ്കും ഉണ്ടെന്നു തന്നെ ഫലത്തില്‍ പറയേണ്ടി വരും.
സമാന്തര സമ്പദ് വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ ഇല്ലാതെയാണ് എന്ന് കരുതുന്നത് തെറ്റാണ്. ഒരു പക്ഷെ മുഖ്യധാര സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങള്‍, സ്ഥാപനങ്ങള്‍ ഒക്കെ കാണിക്കാത്തത്രയും ഉത്തരവാദിത്തവും, നിയന്ത്രണവും സമാന്തര സമ്പദ് വ്യവസ്ഥാ സ്ഥാപനങ്ങള്‍ കാണിക്കുക തന്നെ ചെയ്യും. നിയമ പാലകര്‍ മിക്കപ്പോഴും നിയമം കൈയിലെടുക്കുന്ന ഗുണ്ടകളാണ്. കൃത്യമായ കണക്കുകള്‍ ഉപഭോക്താവിന് ലഭ്യമാണ്. വിനിമയങ്ങള്‍ നികുതി മുക്തമായത് കാരണം നികുതിഭാരം ജനങ്ങള്‍ക്ക് ഉണ്ടാവുന്നുമില്ല. മാത്രവുമല്ല, നിക്ഷേപങ്ങളുടെ പുനര്‍വിനിമയങ്ങളില്‍ കള്ളപ്പണത്തിന്‍റെ തോത് നീശ്ചയിക്കാന്‍ ഉപഭോക്താവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയും ചെയ്യുന്നു.
രാജ്യത്ത് കര്‍ശനമായ നികുതി പിരിവ് നടക്കാത്തതും ഈ കള്ളപ്പണത്തെ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഒരു രാജ്യത്തെ സമ്പദ്ഘടനയുടെ ചട്ടക്കൂട് തന്നെയാണ് രാജ്യത്തിന്‍റെ നികുതി വരുമാനത്തെ നിശ്ചയിക്കുന്നത്. 2014 ലാണ്പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തിമോത്തി ബസ്ലിയും ടോര്‍സന്‍ പേര്‍സനും ചേര്‍ന്നെഴുതിയ അവികസിത രാജ്യങ്ങള്‍ എന്തുകൊണ്ട് കുറഞ്ഞ നിരക്കില്‍ നികുതി പിരിക്കുന്നു എന്ന പഠനം പുറത്തു വന്നത്[2]. അവികസിത രാജ്യങ്ങളിലെ അസംഘടിത മേഖലകളിലെ (unorganized sector) ചെറിയ സംരംഭങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കാത്തതാണ് കുറഞ്ഞ നികുതി ചുമത്തലിനു അവര്‍ ചൂണ്ടിക്കാണിച്ച പ്രധാന കാരണം. ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കണിശമായ നടപടികള്‍ എടുക്കാന്‍ സാധിക്കാത്തതും കൃത്യമായ നികുതി പിരിവു നടക്കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
നികുതി പിരിവിന് ജനങ്ങളുടെ സഹകരണം ലഭ്യമല്ലാതെ പോവുന്നത് എന്തുകൊണ്ടാണ് എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. 1994ലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ജനങ്ങള്‍ക്കായുള്ള പദ്ധതികളില്‍ ചെലവഴിക്കപ്പെടുന്ന ഓരോ രൂപയില്‍ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാവുന്നത് പതിനേഴു പൈസയാണ് എന്ന് അഭിപ്രായപ്പെട്ടത്. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ:മന്‍മോഹന്‍ സിംഗ് കണക്കുകള്‍ ഉദ്ധരിച്ച് സ്ഥിതിഗതികള്‍ അത്ര ഭീകരമല്ല എന്ന് അഭിപ്രായപ്പെട്ടു. എങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുണ്ടാകുന്ന ചോര്‍ച്ച വളരെ വലിയൊരു ശതമാനം തന്നെ വരുന്നുണ്ട് എന്നതാണ് സത്യം. ഇത്തരം ദുര്‍ബ്ബല സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്ളൊരു രാജ്യത്ത് ജനം സര്‍ക്കാരിനെ വിശ്വസിച്ച് നികുതി കൊടുക്കുന്നതിനേക്കാള്‍ നികുതി വെട്ടിച്ച് സ്വകാര്യ ലാഭം ഉണ്ടാക്കുന്നതിനു താല്‍പ്പര്യപ്പെടുന്നു എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ സാഹചര്യത്തിന് വലിയൊരു പങ്കുണ്ട്. തങ്ങളുടെ പണം സമാന്തര സമ്പദ് വ്യവസ്ഥയുടെ കൈയില്‍ കൂടുതല്‍ സുരക്ഷിതമാണ് എന്ന ബോധം മധ്യവര്‍ഗ്ഗ ജനതയുടെ ഉപബോധത്തില്‍ ഉറച്ച് നില്‍പ്പുണ്ട്. ഒപ്പം കള്ളപ്പണം നിയന്ത്രിക്കുന്ന സമാന്തര ശക്തികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ നിയന്ത്രിക്കുകയും, മനുഷ്യാവകാശങ്ങളെയും, മറ്റു സ്വാതന്ത്ര്യങ്ങളെയും തടസപ്പെടുത്തുന്ന രീതിയില്‍ കടന്നു വരുകയും ചെയ്യുന്നതിനെ പറ്റി അതേ മദ്ധ്യവര്‍ഗ്ഗം തന്നെ ആശങ്കാകുലരും ആണ്. ഈ സാഹചര്യത്തെ മുതലെടുത്താണ് നരേന്ദ്രമോഡിയുടെ രാഷ്ട്രീയ ചുവടുമാറ്റം നടക്കുന്നതും.
മോഡി രാഷ്ട്രീയവും കള്ളപ്പണവും
മോഡിയുടെ അധികാര പ്രാപ്തിക്ക് ശേഷം രാജ്യത്ത് ഉടന്‍ നിലവില്‍ വന്നൊരു സാഹചര്യം (ഹിന്ദു) വംശീയ – സാസ്കാരിക – സവര്‍ണ്ണ ഫാസിസത്തിന്‍റെ നിറഞ്ഞാട്ടമാണ്. ഭരണ കക്ഷിയായ ബി ജെ പിയും സംഘ പരിവാര്‍ സംഘടനകളും ഇതിനെ നഗ്നമായി പിന്‍തുണയ്ക്കുക തന്നെ ചെയ്തു. അതിനു വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ രണ്ടു എം പി മാരുമായി പാര്‍ളിമെന്‍റില്‍ ഇരുന്ന ബി ജെ പി എന്ന പാര്‍ട്ടി രണ്ടായിരത്തി പതിനാലില്‍ തികഞ്ഞ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നതിനും ചായക്കടയില്‍ നിന്ന് പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ വളര്‍ച്ചക്കും ഒക്കെ വളമായത് ഈ ഹൈന്ദവ- സാംസ്കാരിക അധിനിവേശമാണ്. പക്ഷെ അധികാര പ്രാപ്തിക്ക് ശേഷം ഈ നയം ഉദ്ദേശിച്ച ഫലം കണ്ടില്ല എന്ന് മാത്രമല്ല ഉനയിലെ ദളിത് മുന്നേറ്റം, പട്ടേല്‍സമരം, സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പരാജയം തുടങ്ങി കാര്യമായ തിരിച്ചടികള്‍ ഈ നയത്തിന് ലഭിക്കുകയും ചെയ്തു.
ഗോരക്ഷയും മറ്റു ബ്രാഹ്മണിക്കല്‍ രാഷ്ട്രീയ-സാംസ്കാരിക നയങ്ങളും ഉയര്‍ത്തിക്കാണിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ നേരിട്ടത് ഏഴു സംസ്ഥാന തിരഞ്ഞെടുപ്പുകളെയാണ്. 2015ല്‍ ദില്ലിയിലും, ബീഹാറിലും ഉദ്ദേശിച്ച ഫലം കാണാതെ ഈ രാഷ്ട്രീയം പരാജയപ്പെട്ടു. 2016 ലാകട്ടെ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ബംഗാള്‍, തിരഞ്ഞെടുപ്പുകളില്‍ ഒന്നും തന്നെ പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാതെ പോയ ബി ജെ പിക്ക് ആകെ ആശ്വാസമായത് ആസാം മാത്രമാണ്. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണഘടനാ ഇടപെടലുകളും കോടതി നിര്‍വ്വീര്യമാക്കുകയുണ്ടായി. ഒരു ദിവസം സന്ധ്യക്ക് കള്ളപ്പണത്തിനെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിച്ച് അഞ്ഞൂറും ആയിരവും കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനം രാജ്യത്തെ അറിയിച്ച് ജപ്പാനിലേക്ക് പറക്കുമ്പോള്‍ മോഡി ചെയ്തത്.
ഇത്തരം പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നടത്തിയ വലിയൊരു രാഷ്ട്രീയ നയം മാറ്റമാണ്. തങ്ങളുടെ സാംസ്കാരിക അധിനിവേശ രാഷ്ട്രീയത്തില്‍ നിന്നും മറ്റൊരു സാമ്പത്തിക രാഷ്ട്രീയ തന്ത്രത്തിലേക്കുള്ള ചുവടുമാറ്റം. മോഡി ഉറപ്പിച്ച് തന്നെ മുന്നോട്ടു പോകാനാണ് സാധ്യത. കാരണം, ഒരു വെടിക്ക് മോഡിക്കും കൂട്ടായി നില്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കും ലക്‌ഷ്യം പല പക്ഷികളാണ്.
ചുവടുമാറ്റത്തിന്‍റെ രാഷ്ട്രീയ – സാമ്പത്തിക ലക്ഷ്യങ്ങള്‍
രാഷ്ട്രീയവും സാമ്പത്തികവുമായ രണ്ടു ലക്ഷ്യങ്ങള്‍ ആണ് മോഡിയെ ഇത്തരമൊരു നയം മാറ്റത്തിലേക്ക് നയിച്ചിട്ടുള്ളത്. ആദ്യം സാമ്പത്തിക സാഹചര്യങ്ങളും ലക്ഷ്യങ്ങളും എടുക്കാം
. നരേന്ദ്ര മോഡി ഒരു തികഞ്ഞ മുതലാളിത്ത വാദിയാണ്.ഇന്ത്യയിലെ വലിയ കോര്‍പ്പറേറ്റുകള്‍ – അതായത് മോഡിയുടെ സുഹൃത്തുക്കള്‍ ഇന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അല്ല. അവര്‍ ആഗോള കോര്‍പ്പറേറ്റുകള്‍ അഥവാ Multi-National Companies ആയി മാറി ക്കഴിഞ്ഞു. ആഗോള തലത്തിലോ ഇന്ത്യക്കകത്തോ ഉള്ള അവരുടെ സംരംഭങ്ങളെ ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ (Economy) കാര്യമായി പിന്‍തുണക്കുന്നില്ല എന്ന് തന്നെ പറയാന്‍ സാധിക്കും. ഇന്ത്യയിലെ ഇത്തരം കോര്‍പ്പറേറ്റുകളുടെ വമ്പന്‍ സംരംഭങ്ങള്‍ക്ക് പ്രധാനമായും പണം നല്‍കുന്നത് അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥാപനങ്ങളാണ്. ഇന്ത്യയുടെ കോര്‍പ്പറേറ്റ് സഹായം (കടങ്ങള്‍) വഴിയുള്ള സാമ്പത്തിക വളര്‍ച്ചയുടെ തോത് (Corporate Debt to GDP ratio) ലോക ശരാശരിയേക്കാള്‍ താഴെയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കണക്കുകള്‍ പ്രകാരം ചൈനയുടെ ഈ അനുപാതം 155ശതമാനവും, ലോക ശരാശരി 132ശതമാനവും ആയിരിക്കെ ഇന്ത്യയില്‍ ഇത് വെറും അമ്പത്തി രണ്ടു ശതമാനമാണ്.
അനുദിനം വികസിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കുടുംബ ഓഹരി (per household) ബാങ്ക് നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് സാരമായ കുറവാണ്. 2011 – 12 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബ ഓഹരി സമ്പാദ്യം 23 ശതമാനം ആയിരുന്നത് 2015 – 16 വര്‍ഷത്തില്‍ 18.7 ശതമാനത്തിലേക്ക് താഴ്ന്നു. മുതലാളിത്ത വികസന നയങ്ങളിലൂടെ സാമ്പത്തിക വികസനം ലക്ഷ്യമാക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തമായ ഒരു ഓഹരി വിപണി അനിവാര്യമാണ്. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തില്‍ പോലും വളരെ നേരിയ ശതമാനം മാത്രമാണ് ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. കോര്‍പ്പറേറ്റ് ബോണ്ടുകള്‍ എന്ന ആശയം തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ പരാജയമാണ്. ചുരുക്കത്തില്‍ സമ്പദ്ഘടനയുടെ ചിത്രം വ്യക്തമാണ് – ഉദ്ദേശിക്കുന്ന വളര്‍ച്ചക്ക് ആനുപാതികമായി രാജ്യത്തിനകത്ത് നിന്നും മൂലധനം ശേഖരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഴിയാതെ പോകുന്നു. കള്ളപ്പണം സൃഷ്ടിക്കുന്ന താഴെക്കിടയില്‍ ഉള്ള അഴിമതിയുടെ സാഹചര്യമാണ്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകളുടെ മറ്റൊരു പ്രശ്നം. സാധാരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനുള്ള താഴെക്കിടയിലുള്ള അഴിമതി നടത്താന്‍ അധോലോക ബാങ്കിംഗ് (underground Banking) എന്ന കള്ളപ്പണ ശൃംഖലയെ ആശ്രയിക്കേണ്ടി വരുന്നു. മൊത്തത്തില്‍ ധനം സമാന്തര സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കപ്പെടുമ്പോള്‍ ഒരു മുതലാളിത്ത വ്യവസ്ഥയില്‍ നഷ്ടപ്പെടുന്നത് കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തന മൂലധനമാണ്.
സമാന്തര സമ്പദ് വ്യവസ്ഥയെ പരമാവധി തുടച്ചു നീക്കുമ്പോള്‍ സംഭവിക്കുന്നത് പ്രധാനമായും മൂന്നു സാമ്പത്തിക സാഹചര്യങ്ങള്‍ ആണ്.
ഒന്ന്: മുഖ്യധാര സാമ്പത്തിക വ്യവസ്ഥക്ക് പുറത്ത് കിടക്കുന്ന സമ്പത്ത് ഒരു തവണ എങ്കിലും ബാങ്കുകളില്‍ എത്തുകയും അതിനു ശേഷമുള്ള അവയുടെ കൈമാറ്റങ്ങളെ നിരീക്ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുകയും ചെയ്യും. വെളുപ്പിക്കപ്പെട്ട പണം ബാങ്ക് നിക്ഷേപമായി സൂക്ഷിക്കപ്പെടുന്നത് ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ വിനിമയങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തുകയും ചെയ്തു.
രണ്ട്: സമാന്തര സമ്പദ് വ്യവസ്ഥ നിര്‍ജ്ജീവമാവുന്നതോടെ ബാങ്ക് നിക്ഷേപത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് വഴി ബാങ്ക് പലിശകളില്‍ കാര്യമായ കുറവുണ്ടാവും. ലാഭകരമല്ലാത്ത ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും ഷെയര്‍ മാര്‍ക്കറ്റ്, മ്യുച്വല്‍ ഫണ്ടുകള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ തുടങ്ങിയ കോര്‍പ്പറേറ്റ് സൌഹൃദ നിക്ഷേപങ്ങളിലേക്ക് ജനങ്ങള്‍ക്ക് മാറേണ്ടി വരും.
മൂന്ന്: നിക്ഷേപങ്ങള്‍ ശക്തമാകുമ്പോള്‍ കുറഞ്ഞ നിരക്കില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ധനസഹായം നല്‍കാന്‍ ബാങ്കുകള്‍ക്കും സാധ്യമാവും.
ചുരുക്കത്തില്‍ രാജ്യത്തിന്‍റെ മൊത്ത വിനിമയത്തില്‍ ഏറിയ പങ്കും അഞ്ഞൂറ് ആയിരം നോട്ടുകള്‍ ആണെന്ന് പറയേണ്ടതില്ലാത്ത സാഹചര്യത്തില്‍ സമാന്തര സമ്പദ് വ്യവസ്ഥയില്‍ കുടുങ്ങി കിടക്കുന്ന പണം കോര്‍പ്പറേറ്റ് വളര്‍ച്ചക്ക് ഉപയോഗിക്കാനുള്ള എളുപ്പമുള്ള ഉപാധിയാണ് ഈ നോട്ടുകള്‍ പിന്‍വലിക്കുക എന്നത്.
ഇനി രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് കടക്കാം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മോഡിയുടെ സാംസ്കാരിക ഫാസിസ്റ്റ് പിന്‍ബലമുള്ള രാഷ്ട്രീയ മുന്നേറ്റത്തിനു തടയിട്ട പാര്‍ട്ടികളുടെ ലിസ്റ്റ് എടുത്താല്‍ അവയെല്ലാം തന്നെ പ്രാദേശിക പാര്‍ട്ടികള്‍ ആണെന്ന് കാണാം. ദില്ലിയില്‍ ഒതുങ്ങിയ ആം ആദ്മി, തമിഴ്നാട്ടിലെ എ ഐ എ ഡി എം കെ, ബംഗാളിലെ തൃണമൂല്‍, കേരളത്തില്‍ സി പി എം (ത്രിപുരയിലും കേരളത്തിലും മാത്രം ഭരണമുള്ള സി പി എമ്മിനെ മോഡി ടീം ഒരു ദേശീയ പാര്‍ട്ടിയായി കണക്കാക്കാന്‍ തരമില്ല), ജനതാ ദള്‍, ആര്‍ ജെ ഡി എന്നിവയാണ് അവ. ദേശീയ തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന മറ്റു പാര്‍ട്ടികളെ എടുത്താലും ശിവസേന, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവകള്‍ പോലെ പ്രാദേശിക പാര്‍ട്ടികളാണ് അവയെല്ലാം തന്നെ. കോണ്‍ഗ്രസ് ഒരു ഭീഷണിയല്ലാത്തവിധം ദുര്‍ബ്ബലമായി കഴിഞ്ഞു. ഇത്തരം പാര്‍ട്ടികളുടെ എല്ലാം തന്നെ സാമ്പത്തിക സ്രോതസ്സുകള്‍ പ്രാദേശികമായ സമാന്തര സമ്പദ് വ്യവസ്ഥയെ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ആണ്. പ്രാദേശികമായി മാഫിയകള്‍ എന്ന് തന്നെ വിളിക്കാന്‍ മാത്രം പോന്ന ശക്തികളാണ് അവയെല്ലാം തന്നെ. പൂര്‍ണ്ണ ഭൂരിപക്ഷമുള്ള ബി ജെ പി മോഡി ടീമിനാകട്ടെ കോര്‍പ്പറേറ്റുകളുടെ സമ്പൂര്‍ണ്ണ പിന്തുണയും ലഭ്യമാണ്. ബി ജെ പിക്ക് അകത്ത് തന്നെയുള്ള മോഡി വിരുദ്ധരുടേയും സാമ്പത്തിക സ്രോതസ് ഇത്തരം പ്രാദേശിക വ്യവസായങ്ങളാണ്. കള്ളപ്പണത്തെ ഇല്ലാതാക്കുക വഴി ദുര്‍ബ്ബലമാവുക ഇത്തരം പ്രാദേശിക രാഷ്ട്രീയ ശക്തികളാണ്. ഒരു സാംസ്കാരിക- വംശീയ രാഷ്ട്രീയത്തിനു കഴിയാതെ പോയ മാറ്റമാണ് ഈ സാമ്പത്തിക നീക്കം വഴി മോഡി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം പാര്‍ട്ടികളുടെ നിലനില്‍പ്പിനായുള്ള സമാന്തര സമ്പദ് വ്യവസ്ഥയുടെ മേലുള്ള ആശ്രയത്തിന്‍റെ ഇന്നത്തെ തോത് നോക്കിയാല്‍ അത് ഇല്ലാതാകുന്നതോടെ ഈ പാര്‍ട്ടികള്‍ പ്രവര്‍ത്തന ഊര്‍ജ്ജമില്ലാതെ ബി ജെ പിക്ക് മുന്നില്‍ തകരുമെന്നതാണ് മോഡി ടീമിന്‍റെ കണക്കു കൂട്ടല്‍. ഒപ്പം കോര്‍പ്പറേറ്റ് സംഭാവനകള്‍ ലഭ്യമാക്കി ബി ജെ പി മോഡി ടീം സമ്പന്നരായി നിലനില്‍ക്കുകയും ചെയ്യും. ഇലക്ഷന്‍ കമ്മീഷന്‍, ആര്‍ ബി ഐ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക വഴി ഇത്തരം കോര്‍പ്പറേറ്റ് സംഭാവനകള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള സാമ്പത്തിക നിയമ നിര്‍മ്മാണങ്ങള്‍ നടപ്പാക്കാനുള്ള സാധ്യതയും മോഡി ടീം ചെയ്തു വച്ചു കഴിഞ്ഞു. എവിടെയും മോഡിജിയോട് ഒരു ചെറിയ “നോ/നഹി” പോലും പറയുന്നതിനെ പറ്റി ആലോചിക്കാനാവാത്ത ആശ്രിത സമൂഹമാണ് ഉള്ളത്. ഇത്തരമൊരു സമ്പൂര്‍ണ്ണ നീക്കത്തിന് വഴി മരുന്നിട്ടിട്ടാണ് മോഡി ജപ്പാനിലേക്ക് പറന്നതും.
നിവൃത്തിയില്ലാതെ ഇരയില്‍ കൊത്തിയ പ്രതിപക്ഷകക്ഷികള്‍
കേരളത്തിലെ സി പി എം അടക്കം പ്രതിപക്ഷകക്ഷികള്‍ എല്ലാം തന്നെ വല്ലാത്തൊരു നിവൃത്തികേടിലാണ് നരേന്ദ്ര മോഡിയുടെ ഈ നീക്കത്തിന് മുന്നില്‍ പെട്ടു പോയത്. സ്വന്തം സാമ്പത്തിക സ്രോതസ്സുകള്‍ കള്ളപ്പണ സംവിധാനങ്ങള്‍ ആണെന്ന് തുറന്നു സമ്മതിക്കാതെ ഒരു പോരാട്ടം അസാധ്യമാണ് എന്നതാണ് ആ ദുര്‍ഘട സന്ധി. കള്ളപ്പണത്തിന്‍റെ പൂര്‍ണ്ണമായ ആനുകൂല്യങ്ങള്‍ പറ്റുകയും എന്നാല്‍ ഉപബോധത്തില്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷ ജനത ഈ തുറന്നു സമ്മതിക്കലോടെ അവരുടെ കൈയില്‍ നിന്ന് പുറത്തുപോകും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മാത്രമാണ് ‘കറ നല്ലതാണ്’ എന്ന പരസ്യത്തിലെന്നത് പോലെ കള്ളപ്പണം അത്ര കുഴപ്പമുള്ള ഒന്നല്ല എന്ന് പറയാന്‍ എങ്കിലും ശ്രമിച്ചത്.
ഇത്തരം ഒരു മാറ്റം നടപ്പാക്കുമ്പോള്‍ പിഴവെന്ന വ്യാജേന മോഡി ടീം നടത്തിയ വലിയൊരു നാടകത്തില്‍ പിടിച്ചാണ് പ്രതിപക്ഷം ദുര്‍ബ്ബലമായ തങ്ങളുടെ എതിര്‍പ്പ് മുന്നോട്ടു വെക്കുന്നത്. നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ വേണ്ടത്ര പകരം നോട്ടുകള്‍ ലഭ്യമാക്കിയില്ല എന്നതാണ് മന:പൂര്‍വ്വം വരുത്തിയ പിഴവ്. വിപണിയിലെ മൊത്ത നോട്ടുകളുടെ ആകെ എണ്ണത്തില്‍ 24 ശതമാനവും, മൂല്യത്തില്‍ എണ്‍പത്തി നാല് ശതമാനവും വരുന്ന കറന്‍സികള്‍ പിന്‍വലിക്കുമ്പോള്‍ ഇത്തരം ഒരു പിഴവ് അസാധ്യമാണ്.
ആവശ്യത്തിനു പകരം കറന്‍സികള്‍ നോട്ടുകള്‍ മാറാനുള്ള കാലാവധിക്ക് അകത്ത് ലഭ്യമല്ലാതെ വരുമ്പോള്‍ സംഭവിക്കുന്നതും രണ്ടു കാര്യങ്ങള്‍ ആണ്.
ഒന്ന്,സാമ്പത്തികമായി ധനം ബാങ്ക് നിക്ഷേപങ്ങളായി ഒരു ചുരുങ്ങിയ കാലത്തേക്ക് എങ്കിലും മാറ്റാന്‍ ജനം നിര്‍ബ്ബന്ധിതരാകുന്നു.. രണ്ട്, ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഇടയില്‍ ഇതിന്‍റെ സാമ്പത്തിക അണിയറ രഹസ്യങ്ങള്‍ മറഞ്ഞു കിടക്കും.. പുതുവര്‍ഷാരംഭത്തോടെ ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്ന (നോട്ടുകളായി ശേഖരിക്കപ്പെട്ട) ഈ കള്ളപ്പണം എങ്ങോട്ട് പോകുന്നു എന്ന അന്വേഷണത്തിലാവും ദേശീയ സംവിധാനങ്ങള്‍ എല്ലാം തന്നെ. കാരണം കള്ളപ്പണത്തെ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് രാഷ്ട്രീയ സാമ്പത്തിക ലക്‌ഷ്യം എന്നത് തന്നെ. മോഡി കള്ളപ്പണക്കാരനാണ് എന്നൊക്കെയുള്ള വാദങ്ങള്‍ കൊണ്ട് ഓട്ടയടക്കാവുന്ന ഇരുട്ടല്ല ചുറ്റും.
നയങ്ങളുടെ ഭാവി
വരാനിരിക്കുന്നത് ഒട്ടും നല്ലകാലമല്ല. ബാങ്ക് പലിശകളില്‍ കാര്യമായ കുറവ് വരുകയും, കള്ളപ്പണ നിക്ഷേപങ്ങളായി ശേഖരിക്കാന്‍ സാധ്യത ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് ബിസിനസ്സുകളില്‍ ഷെയര്‍, ബോണ്ട് ഒക്കെയായി നിക്ഷേപിക്കുക മാത്രമാണ് ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ടാകാവുന്ന ഒരേയൊരു വഴി. ദുര്‍ബ്ബലമാവുന്ന ഒരു സംഘം പ്രതിപക്ഷ കക്ഷികള്‍ക്ക് മുന്നില്‍ സജീവമായി ബി ജെ പി മാത്രം നിലനില്‍ക്കും. ഫ്ലക്സ് ആഘോഷങ്ങള്‍ക്കും, മേളപ്പോലിമയുള്ള സമ്മേളനങ്ങള്‍ക്കും പണം കണ്ടെത്താനാവാതെ പ്രതിപക്ഷകക്ഷികള്‍ പ്രത്യക്ഷത്തില്‍ ദുര്‍ബ്ബലമാവും. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ കൃത്യമായി നിയന്ത്രിക്കാനോ, അവയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനോ ശക്തവും, സാങ്കേതികക്ഷമവും, കഴിവുറ്റതും ആയ സംവിധാനങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ അടുത്ത അല്‍പ്പം ചില വര്‍ഷങ്ങളില്‍ തന്നെ സാധാരണ ജനത്തിന്‍റെ പണം കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കും, ഒപ്പം മദ്ധ്യ-പൂര്‍വ്വ ഏഷ്യയില്‍ ഉരുണ്ടു കൂടുന്ന ആഗോള മാന്ദ്യം ഒന്ന് വീശിയടിക്കുക കൂടി ആയാല്‍ രാജ്യം സമ്പൂര്‍ണ്ണ ദാരിദ്യ്രത്തിലേക്ക് കൂപ്പു കുത്തും. ആ തകര്‍ച്ചയില്‍ നിന്നും രാജ്യം രാഷ്ട്രീയമായും സാമ്പത്തികമായും കരകയറുന്നത് എങ്ങിനെ എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ലോക സാമ്പത്തിക ശക്തിയാവാന്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ ഭാവി. ആ കൊടുങ്കാറ്റില്‍ കുറെയേറെ ഇലകള്‍ കൊഴിയും, മാമരങ്ങള്‍ കടപുഴകും, സിംഹാസനങ്ങള്‍ തകര്‍ന്നു വീഴും – സംശയമില്ല.
സത്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഒരു പ്രതിസന്ധിയെ അഭിമുഖീ കരിക്കുകയാണ്. മധ്യവര്‍ഗ്ഗ പ്രീണനം വഴി, അഴിമതിയുടെയും കള്ളപ്പണത്തിന്‍റെയുമൊക്കെ ബലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയം കൊണ്ട് മലീമസമായൊരു ജനാധിപത്യ സംവിധാനം. പണത്തിന്‍റെയും അധികാരത്തിന്‍റെയും പിന്‍ബലമില്ലാത്ത മനുഷ്യര്‍ക്ക് നീതി അപ്രാപ്യമാകുന്നൊരു വിചിത്ര ലോകം. മൂന്നു നേരത്തെ ഭക്ഷണത്തിനു ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന രാഷ്ട്രം. തെരുവില്‍ ഉറങ്ങുന്ന പാവങ്ങളുടെ മേല്‍ നിയന്ത്രണം വിട്ട ആഡംബരകാര്‍ കയറി ഒരാള്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ റോഡരികില്‍ ഉറങ്ങുന്നത് കൊലപാതകത്തെക്കാള്‍ കുറ്റകരമാണെന്നു കണ്ടെത്തുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇടം. സമത്വമെന്ന വാക്ക് തന്നെ നിഘണ്ടുവില്‍ നിന്ന് എടുത്തു കളഞ്ഞ മനുഷ്യര്‍. സര്‍വ്വോപരി നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി പോരാടുക എന്നത് അസംഭാവ്യമായി കരുതി, ഒരു മേശക്കിരുപുറങ്ങളില്‍ ഇരുന്നു അവനവന്‍റെ രാഷ്ട്രീയ സാമ്പത്തിക ബലത്തിനനുസരിച്ച് ചര്‍ച്ചചെയ്തു തോല്‍ക്കുകയും ജയിക്കുകയും ചെയ്ത് കാലം കഴിക്കാന്‍ ഒരു നാണക്കേടും ഇല്ലാത്ത ജനതയുടെ രാഷ്ട്രം
പാലോറ മാതമാരുടെ പശുക്കള്‍ സംഭാവനയായി വാങ്ങിയ പാര്‍ട്ടി നേതാക്കള്‍ ഗുണ്ടകളായി പോകുന്നത് മറ്റൊന്നും കൊണ്ടല്ല. കള്ളപ്പണക്കാരന് വിടുപണിചെയ്ത് തട്ടിക്കൊണ്ടു പോകലില്‍ പ്രതിയായ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ സംരക്ഷിക്കേണ്ടി വരുന്നതിനു കാരണവും മറ്റൊന്നല്ല. കള്ളപ്പണം ആവശ്യമുള്ള പാര്‍ട്ടിക്ക് ജനങ്ങളെ അറിയുന്ന, പാവപ്പെട്ടവന്‍റെ വീട്ടില്‍ അന്നമെത്തിക്കുന്ന, ആരുമില്ലാത്തവന്‍റെ നീതിക്കായി ആയുധമെടുക്കാന്‍ മടിയില്ലാത്ത നേതാക്കളെ അല്ല, പകരം കള്ളപ്പണക്കാരനില്‍ നിന്നും സംഭാവനകള്‍ വാങ്ങാന്‍ സാധിക്കുന്ന നേതാക്കളെയാണ് ആവശ്യം എന്ന് വരുന്നു.
സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ബിരിയാണി ഒരു തമാശയല്ല. മനുഷ്യത്വം എന്തെന്ന് അറിയാതെ ജനിക്കുകയും വളരുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് അത്. നമുക്കിനി ചെറിയ പാഠങ്ങള്‍ കൊണ്ട് മാറ്റമുണ്ടാകാന്‍ പോകുന്നില്ല. എന്‍ എന്‍ പിള്ളയുടെ നാടകത്തില്‍ പറഞ്ഞത് പോലെ വസൂരി ബാധിച്ച സമൂഹത്തിന് ഓരോ പുണ്ണിലും ചികിത്സ നടക്കില്ല – വേണ്ടത് സമ്പൂര്‍ണ്ണമായ മാറ്റമാണ്. നരേന്ദ്ര മോഡിയുടെ അധികാര മോഹം, തന്ത്രങ്ങള്‍ ഒക്കെ നമ്മെ എത്തിക്കുക ഇത്തരമൊരു മാറ്റത്തിലേക്കാവും. ജനങ്ങളെ അറിയുന്ന ജനകീയ മുഖമുള്ള, ഉറച്ച മനുഷ്യത്വവും, നീതി ബോധവും ഉള്ള രാഷ്ടീയ നേതാക്കള്‍ ഉയര്‍ന്നു വരും. അധികാരധാര്‍ഷ്ട്യമുള്ള കര്‍ക്കശമായ കയര്‍ക്കലുകള്‍ക്ക് പകരം അന്യന്‍റെ വേദനയെ മനസ്സിലാക്കുന്ന രാഷ്ട്രീയ ശബ്ദങ്ങളും സംവാദങ്ങളും ഉയരേണ്ടി വരും കാരണം തിരിച്ചു പോവുന്നത് പാലോറ മാതമാരുടെ പശുക്കളെ വളര്‍ച്ചക്ക് സാമ്പത്തിക ആവശ്യമായി വരുന്നൊരു കാലഘട്ടത്തിലേ ക്കായിരിക്കും എന്നത് തന്നെ. വരാന്‍ പോകുന്നത് വറുതിയുടെ നാളുകള്‍ തന്നെയാവും, പക്ഷെ “ഇന്ത്യ” അതിനെ അതിജീവിക്കുക തന്നെ ചെയ്യും. സംശുദ്ധവും, ജനകീയവും സാധാരണക്കാരന്‍റെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ ഒരു പുതിയ രാഷ്ട്രീയം ആ വറുതിക്കുമപ്പുറം ഉണ്ടാകുമെന്ന് തന്നെ ഞാന്‍ കരുതുന്നു. കാരണം, ഞാന്‍ കണ്ടതും അറിഞ്ഞതുമായ ഇന്ത്യക്ക് അങ്ങിനെ നശിക്കാന്‍ സാധ്യമല്ല . അന്നത്തെ ബോലോ ഭാരത് മാതാ കീ ജയ് എന്ന വിളിക്ക് ഒരു കൊലവിളിയുടെ ഭയപ്പെടുത്തുന്ന ശബ്ദമാവില്ല. അതൊരു പൂമരച്ചില്ലയിലെ കിളിയുടെ പാട്ട് പോലെ മനോഹരമാവും അതിനിടയില്‍ ബലികൊടുക്കേണ്ടി വരുന്ന അനേകം ജീവനുകളുണ്ട് അവയില്‍ ചിലവ എന്‍റേതും നിങ്ങളുടേതും ആവും.
[1] കണക്കുകള്‍2013 വര്‍ഷത്തെ വിവരങ്ങളെ ആധാരമാക്കിയവ
[2] Timothy Besley and TorstenPersson (2014) Why Do Developing Countries Tax So Little?,Journal of Economic Perspectives—Volume 28, Number 4—Fall 2014—Pages 99–120