പൂമുഖം LITERATUREലേഖനം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയം

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയം

ജമാഅത്തെ ഇസ്ലാമി എന്ന മത സംഘടനക്കു ഇസ്ലാമിക ദർശനത്തിലൂന്നിയ ഒരു രാഷ്ട്രീയമുണ്ട്. അതിന്റെ സ്ഥാപകൻ ഒരു hardcore ഇസ്ലാമിസ്റ്റ് തന്നെ ആയിരുന്ന അബുൽ ആലാ മൗദൂദി ആയിരുന്നല്ലോ. ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ അത്തരം രാഷ്ട്രീയ പ്രവർത്തനം എളുപ്പമാണെങ്കിലും, ബഹുസ്വരസമൂഹമായ ഇന്ത്യയിൽ അതത്ര എളുപ്പമല്ല. ഒന്നാമത് ഇസ്‌ലാം ഇവിടെ ഒരു ന്യൂനപക്ഷമാണ്, രണ്ടാമത് അവരിൽ തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു പാട് അവാന്തരവിഭാഗങ്ങളുണ്ട്. അവർക്കൊക്കെ സംഘടനകളുമുണ്ട്. അപ്പോൾ ജമാ അത്തുകാർ നേരിട്ട് രാഷ്ട്രീയം കളിച്ചാൽ അതൊരു വമ്പൻ പരാജയമായിരിക്കുമെന്നു തിരിച്ചറിഞ്ഞതിന്റെ ഫലമായി അവർ രൂപം കൊടുത്ത രാഷ്ട്രീയപാർട്ടി യാണ് വെൽഫെയർ പാർട്ടി. അമുസ്ലിം വിഭാഗത്തിലുള്ള ചിലരെങ്കിലും കൂടെയുണ്ടെങ്കിലേ, അതിനൊരു മതേതരമുഖം ഉണ്ടാകൂ എന്നും, ആ മതേതര മുഖം ഉണ്ടെങ്കിലേ, പ്രത്യേകിച്ച് ഈ സംഘപരിവാർ കാലത്ത്, പിടിച്ചു നിൽക്കാൻ കഴിയൂ,എന്ന ബോധ്യം ഉള്ളതുകൊണ്ടും, അങ്ങനെയൊന്നു പയറ്റി നോക്കിയാലോ എന്നു കരുതി തന്നെയാണ് സംഘടന ഈ സാഹസത്തിനു ഒരുങ്ങിയത്. അതിനു പറ്റിയവരെ കിട്ടാൻ, ആർ.എസ്.എസ്സിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവരെ കിട്ടാൻ ബുദ്ധി മുട്ടില്ലാത്ത ഈ കാലത്തു എളുപ്പമാണല്ലോ. അങ്ങിനെ അമുസ്ലിം വിഭാഗത്തിൽ നിന്നും ചിലരെയൊക്കെ അവർക്കു കിട്ടുകയും ചെയ്തു. എന്നാൽ ജമാഅത്തുകാരല്ലാത്ത ഒരൊറ്റ മുസ്ലിമും ആ പാർട്ടിയിൽ ഇല്ലാത്തതുകൊണ്ടും എല്ലാ ജമാഅത്തുകാരും ആ പാർട്ടി ക്കാരായതുകൊണ്ടും വെൽഫെയർ പാർട്ടിയെ ജമാഅത്തെ ഇസ്ലാമി തന്നെയായി കണക്കാക്കാം.

അപ്പോൾ വെൽഫെയർ പാർട്ടിയെ മനസ്സിലാക്കണമെങ്കിൽ ജമാഅത്തിനെ മനസ്സിലാക്കണം. പണ്ടൊക്കെ ജമാഅത്തെ ഇസ്‌ലാമിയിലെ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്ത, സർക്കാർ ഉദ്യോഗം സ്വീകരിക്കാത്ത വ്യക്തികളായിരുന്നു. അതിനു കാരണമായി പറഞ്ഞിരുന്നത് ജനാധിപത്യം മതേതരത്വം മുതലായ ആശയങ്ങളുമായി ഭരണം കയ്യാളുന്ന ഒരു സർക്കാരിനെ അംഗീകരിക്കാൻ മൗദൂദിയൻ ദർശനം പിന്തുടരുന്ന’ പ്രസ്ഥാന’ക്കാർക്കു കഴിയുകയില്ല എന്നായിരുന്നു. അന്നവർ പ്രവർത്തിച്ചിരുന്നത് ‘ഹുകുമുൽ ഇലാഹി'(ദൈവിക രാഷ്ട്രം) എന്ന ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനായിരുന്നുവത്രെ. ഇതു വെട്ടിത്തുറന്നു പറയുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ, അവരുടെ മുദ്രാവാക്യം ഇഖാമത്തുദ്ദീൻ (മതസംസ്ഥാപനം)എന്നാക്കി മാറ്റുകയും രണ്ടും ഒന്ന് തന്നെയാണെന്ന് അണികളോട് വിശദീകരിക്കുകയും ചെയ്തു. (ഈ വിശദീകരണം അക്കാലത്തെ പ്രബോധനത്തിന്റെ ഒരു ലക്കത്തിൽ വായിച്ചിട്ടുണ്ട്.)

അങ്ങനെയിരിക്കേ, സി. എച് .മുഹമ്മദുകോയ വിദ്യാ ഭ്യാസമന്ത്രിയായിരിക്കേ , കേരളത്തിലെ സ്‌കൂളുകളിൽ കുറേ അറബി അദ്ധ്യാപകരുടെ തസ്‌തികകൾ സൃഷ്ടിക്കുകയും ഒരു പാട് മുസ്ലിമിങ്ങൾക്ക് തൊഴിലവസരം ഉണ്ടാകുകയും ചെയ്തു.അപ്പോളാണ് സർക്കാർ ജോലി സ്വീകരിക്കാതിരിക്കുന്നതിലെ ബുദ്ധിശൂന്യത ജമാഅത്തുകാർക്കു ബോധ്യപ്പെട്ടത് . അങ്ങിനെ അവരുടെയൊക്കെത്തന്നെ സ്ഥാപനങ്ങളിൽ നിന്നും അറബി അദ്ധ്യാപകനാകാൻ വേണ്ട യോഗ്യതയൊക്കെ നേടി കൂട്ടത്തോടെ അവർ സർക്കാർ ജോലിയിൽ പ്രവേശിച്ചു. എന്റെ തലമുറയിലെ ജമാഅത്തുകാരിൽ ഒരു വലിയ വിഭാഗം അറബി അദ്ധ്യാപകരായതു അതുകൊണ്ടാണ്.(അക്കാലത്ത് നിയമസഭയിൽ കേട്ട “നാട്ടിൽ കുട നന്നാക്കി നടന്നിരുന്നവർ അറബി അദ്ധ്യാപകരായി”എന്ന പ്രസ്താവന നല്ല ഓർമ്മയുണ്ട്.)

തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയം അട്ടത്തു തന്നെ വയ്‌ക്കേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതോടെ അതിനുള്ള നീക്കവും പതിയെ ആരംഭിച്ചു. രസകരമായ രീതിയിലായിരുന്നു അവർ വോട്ട് ചെയ്യാൻ ആരംഭിച്ചത്. ആർക്കാണ് വോട്ട് എന്ന് സംഘടന പരസ്യമായി പറയുകയില്ല, രഹസ്യമായി ഓരോ നിയോജക മണ്ഡലത്തിലും ആർക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു ജമാ അത്തു പ്രവർത്തകർക്ക് നിർദേശം കൊടുക്കും. അവർ അത് അനുസരിക്കും. പിന്നീട് തീരുമാനം പരസ്യമാക്കി തുടങ്ങി.’മുന്നണിയോ പാർട്ടിയോ നോക്കാതെ’ വ്യക്തികളെ ‘നോക്കിയാണ് തീരുമാനം. ഐസ്ക്രീം പാർലർ കേസ് കത്തിനിൽക്കുന്ന കാലത്തു കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാൻ തീരുമാനിച്ചതൊക്കെ അന്ന് ചർച്ചാവിഷയമായിരുന്നു. പിന്നീട് അവർ മുന്നണികളെ പിന്തുണയ്ക്കാനും തുടങ്ങി. അങ്ങിനെ ഒടുവിൽ അവർ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുകതന്നെ ചെയ്തു.

ഇതുകൂടാതെ പിന്നെയും പലവിധ പ്രവർത്തനങ്ങളും അവരുടേതായിട്ടുണ്ട്. യുവജനസംഘടനയായ സോളിഡാരിറ്റി രൂപീകരിക്കുന്നതിനും മുൻപേ അവർക്കു വിദ്യാർത്ഥിസംഘടനയുണ്ടായി. അതാണ് കുപ്രസിദ്ധമായ SIMI.അക്കൂട്ടരാണ് അന്ന് കേരളത്തിന്റെ ചുവരുകളായ ചുവരുകളൊക്കെ “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്നൊക്കെ എഴുതിവച്ചു കളഞ്ഞത്. ഇന്ത്യയുടെ “മോചനം” ഹിന്ദുത്വയിലൂടെ സാധിച്ചെടുക്കാൻ സംഘപരിവാറിനെ,ആ മുദ്രാവാക്യം ഒട്ടൊക്കെ സഹായിക്കുകയും ചെയ്തു. സമൂഹത്തിനു കാര്യങ്ങൾ മനസ്സിലായി എന്ന് വന്നപ്പോൾ സിമിയെ തള്ളിപ്പറഞ്ഞതും മറ്റൊരു വിദ്യാർത്ഥി സംഘടനയുമായി രംഗത്തു വന്നതും മറക്കുന്നില്ല. ഇപ്പോൾ കേരളത്തിലെ കാമ്പസുകളിലെത്തിക്കഴിഞ്ഞാൽ ഒരു തമാശ കാണാം.ഒന്നിലേറെ വിദ്യാർത്ഥി സംഘടനകൾ..1. SIO.2.GIO. 3. ഫ്രറ്റെണിറ്റി. ഇതിലൊക്കെ അംഗങ്ങൾ ജമാഅത്തു അനുഭാവികൾ. SIO ആൺകുട്ടികളുടെ. GIO പെൺകുട്ടികളുടെ.ഫ്രറ്റെണിറ്റിയിൽ ആൺകുട്ടികളും പെൺകുട്ടികളും മേമ്പൊടിക്കു ചില അബ്ദുല്ലക്കുട്ടിമാരും അംബുജാക്ഷന്മാരുമൊക്കെയുണ്ടെന്നു മാത്രം.

മാധ്യമരംഗത്തെ അവരുടെ ഇടപെടൽ ആരംഭിക്കുന്നതു “മാധ്യമം” ആരംഭിക്കുന്നതോടെയാണ്.പിന്നീട് അച്ചടി മാധ്യമം പോരാ വാർത്താ ചാനൽ തന്നെ വേണമെന്ന് മനസ്സിലായപ്പോൾ, മീഡിയ വണ്ണും തുടങ്ങി. അതിനൊക്കെ വേണ്ട പണം സ്വരൂപിക്കാൻ മതവിശ്വാസവും സമർപ്പണ ബോധവുമുള്ള പ്രസ്ഥാനത്തിലെ അംഗങ്ങൾ അരയും തലയും മുറുക്കി ഇറങ്ങുകയും ചെയ്തു.

മൗദൂദി ദർശനം”സദാചാരത്തെയും മൂല്യങ്ങളെയും” മുറുകെപ്പിടിക്കുന്നതുകൊണ്ടു ലൈംഗികതയും സദാചാരവിരുദ്ധതയും കൊടികുത്തിവാഴുന്ന സിനിമയെയും ചൂതുകളിയുടെ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിയത്തറയിൽ കെട്ടിയുണ്ടാക്കിയ ഭാഗ്യക്കുറിയെയും പരസ്യവരുമാനത്തിൽ ഉൾകൊള്ളിക്കാതിരിക്കാനുള്ള “ആർജ്ജവം” മാധ്യമം” കാട്ടി. മുതലാളിത്തത്തിന്റെയും ചൂഷണത്തിന്റെയും വാർപ്പു മാതൃകകളായ സ്വർണക്കച്ചവടക്കാരടക്കം ഉള്ള വാണിജ്യ മാഫിയയെ താലോലിക്കാനൊന്നും ആ മൂല്യബോധം തടസ്സമായതുമില്ല. മതബോധവും വംശബോധവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തത് കൊണ്ടു മുസ്ലിം കിഡ്‌നി ആവശ്യപ്പെട്ടുകൊണ്ടും മുസ്ലിം സ്ത്രീകളെ പ്രസവശുശ്രൂഷക്കു നൽകുന്നതുമായ പരസ്യങ്ങളൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇപ്പോളത്തെ സ്ഥിതി ഇതിലൊക്കെ തമാശയുള്ളതാണ്. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണക്കുന്നതിനാൽ ‘വീക്ഷണ’ത്തേക്കാൾ വലിയ സുധാകര ഭക്തി കാണിക്കുവാനും ജമാഅത്ത് റെഡിയായിരിക്കുന്നു.

യുഡിഎഫിനൊപ്പം കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിക്ക് അടൂർ പ്രകാശിനെയും, ഹൈബി ഈഡനെയും ബെന്നി ബെഹനാനെയും സുധാകരനെയും ഉണ്ണിത്താനെയുമൊക്കെ പിന്തുണക്കാൻ ഒരാദർശവും ഒരു മൂല്യബോധവും ഒരു സദാചാരസങ്കല്പവും തടസ്സമായിരുന്നില്ല.

മുന്നണിയിൽ ചേർക്കാൻ കൊണ്ഗ്രസ്സിനു ലേശം ഉളുപ്പൊക്കെ ഉണ്ടായിരുന്നു എങ്കിലും ,നേതാക്കന്മാരിൽ ചിലർ തള്ളിപ്പറഞ്ഞിരുന്നെങ്കിലും,ഇപ്പോളും വെൽഫെയർപാർട്ടി എന്ന ജമാഅത്തെ ഇസ്ലാമി യുഡിഎഫ് നൊപ്പം തന്നെയാണ്.

ഈ ജമാഅത്തെ ഇസ്ലാമിയാണ് ഇപ്പോൾ, RSS മായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണത്തിന്റ പേരിൽ വിമർശിക്കപ്പെടുന്നത്. ആദ്യം തർക്കം ഇതര ഇസ്ലാമിക സംഘടനകളുമായി ആയിരുന്നെങ്കിലും ഇപ്പോൾ അതു ജമാഅത്തെ ഇസ്ലാമിക്കാരും സിപിഎം കാരും തമ്മിലായിട്ടുണ്ട്. ഈ സിപിഎം കാർക്ക് എന്തിന്റെ കേടാണെന്നാ മനസ്സിലാകാത്തത്!ജമാഅത്ത് ഒരു മത സംഘടനയല്ലേ. അവർ ആരെങ്കിലുമായി ചർച്ച ചെയ്യട്ടേന്ന് അതവരുടെ നില നിൽപ്പിന്റ പ്രശ്നമല്ലേ. സംഘടനാ പ്രവർത്തനം കൊണ്ടു അവർ നേടിയെടുത്തതൊക്ക തകർത്തു കളയാൻ അധികാരം കയ്യാളുന്ന സംഘപരിവാറിന് ഒരു പ്രശ്നവും ഉണ്ടാകില്ല. അപ്പോൾ അവർ ചർച്ച ചെയ്യുകയോ ഒത്തു തീർപ്പുണ്ടാക്കുകയോ ചെയ്യട്ടെയെന്നു കരുതിയാൽ പോരേ. എത്ര സന്ധി ചെയ്താലും കമ്മ്യുണിസ്റ്റ് എന്ന ലേബൽ ഉള്ളിടത്തോളം കാലം സിപിഎം നേയും അവർ ശത്രുപക്ഷത്തേ നിറുത്തൂ. അതു കൊണ്ട് ഒരു ചർച്ച സിപിഎം നും ഗുണം ചെയ്തേക്കും. ഗോൾവോൾക്കറെ ഒന്നുകൂടി വായിക്കാൻ ഇരുകൂട്ടരും ശ്രദ്ധിച്ചാൽ നന്നായിരിക്കും. സിപിഎംനെ സംബന്ധിച്ചേടത്തോളം കാന്തപുരവും ജലീലും ജോസ്മോനുമൊക്കെ ഹലാലായ സ്ഥിതിക്ക്, ജമാഅത്ത് കാരെയും ഹലാൽ ഗ്രൂപ്പിൽ തന്നെ പെടുത്താം. മദനിയേയും തോളിലേറ്റി നടന്നവർക്ക് ഷെയ്ക്ക് മുഹമ്മദ്‌ കാരക്കുന്നിനെയും തോളിലേറ്റാം. അങ്ങിനെയും ഒരു കാലമുണ്ടായിരുന്നല്ലോ. വിപ്ലവം നടക്കാതെ പോയത് അതുകൊണ്ടൊന്നുമല്ലല്ലോ. ദേശാഭിമാനിക്ക് കൂട്ടായി മാധ്യമവും കൈരളിക്ക് കൂട്ടായി മീഡിയ വണ്ണും ഉണ്ടാകുകയും ചെയ്യും.

ജമാഅത്തെ ഇസ്ലാമിയുടെ വിമർശകനെങ്കിലും, എനിക്ക് ആ സംഘടനയോട് ചെറിയ പ്രതിപത്തിയുണ്ട്. പ്രധാന കാരണം, ഇക്റഉ എന്ന ഖുർആൻ വചനം അനുസരിക്കുന്ന, കുറേശ്ശെ എങ്കിലും, സ്വന്തം തലച്ചോർ കൊണ്ടു വ്യായാമം ചെയ്യുന്ന,എന്റെ വംശത്തിൽ പെട്ട കുറേ മനുഷ്യരെ ആ സംഘത്തിൽ കണ്ടു മുട്ടുന്നത് കൊണ്ടാണ്. കലയെ കുറിച്ചും സംഗീതത്തെ കുറിച്ചും ബോധമുള്ള കുറേ ചെറുപ്പക്കാർ, അവിടെ പെട്ടു പോയിട്ടുണ്ട്. അതുകൊണ്ടാണ്, അവരുടെ പത്രത്തിൽ വിലക്കുണ്ടായിട്ട് പോലും, പ്രസ്ഥാനത്തിലുള്ള യുവാക്കൾ സിനിമ പിടിക്കാനൊക്കെ ഒരുമ്പെട്ടത്. മാത്രമല്ല, മീഡിയ വണ്ണിൽ സിനിമയെക്കുറിച്ചുള്ള പരിപാടികൾ ഉൾക്കൊള്ളിക്കാൻ അവർ നിർബന്ധിതരായത്.

ജമാ അത്തെ ഇസ്ലാമിയോ, അതിന്റ ഏതോ പോഷക സംഘടനയോ എന്നു വ്യക്തമായി ഓർക്കുന്നില്ല, ഒരിക്കൽ ഒരു കാമ്പയിനുമായി രംഗത്തു വന്നിരുന്നു. “മതം, മത ജീർണ്ണതക്കെതിരെ”. അതായത് മതത്തിൽ ജീർണ്ണത അന്തർലീനമാണെന്നും അതിനെതിരെ മതത്തിൽ നിന്നു തന്നെ യുദ്ധം ചെയ്യണമെന്നുമാണ് അവർ പറഞ്ഞുവച്ചത്. ആ ശ്രമം ദയനീയമായി പരാജയപെട്ടത് കൊണ്ടാവാം, പിന്നീട് അതു അധികമാരും പറഞ്ഞു കേട്ടില്ല.

ജീർണ്ണത എന്ന വാക്ക് ഏതു അണ്ടനും അടകോടനും എടുത്തുപയോഗിക്കുന്നതു കൊണ്ടു എന്താണ് ജീർണ്ണത എന്നു വ്യക്തമാക്കേണ്ടതായിട്ടുണ്ട്. പ്രായപൂർത്തി ആയ ആണിനും പെണ്ണിനും ഒരുമിച്ചു ജീവിക്കുവാൻ അനുവാദം കൊടുക്കുന്ന, ആ പ്രവൃത്തി നിയമവിധേയമാക്കിയിരിക്കുന്ന, ഈ 21ആം നൂറ്റാണ്ടിൽ, ഇസ്ലാമിലെ വിവാഹം എങ്ങിനെയാണെന്ന് ഒന്നു നിരീക്ഷിക്കൂ. വിവാഹിതയാകുന്ന പെണ്ണിന്റെ പിതാവ്, അദ്ദേഹമല്ലെങ്കിൽ സഹോദരൻ, രണ്ടുപേരുമല്ലെങ്കിൽ പിതാവിന്റെ ഒരു പുരുഷ ബന്ധു, ഇത്ര പണത്തിനു പകരമായി പെണ്ണിനെ നിങ്ങൾക്ക് വിവാഹം ചെയ്തു തരുന്നുവെന്ന് ആണിനോട് പറയുന്ന പ്രാകൃതമായ ചടങ്ങാണ് ഇസ്ലാമിലെ വിവാഹം. വിവാഹത്തിന് “വിധേയമാകുന്ന”പെണ്ണിനോ, അവളെ ഗർഭം ധരിച്ചു, പ്രസവിച്ചു,മുലയൂട്ടി വളർത്തിയ മാതാവിനോ ഒരു റോളും നൽകാത്ത ആ നിയമത്തെ ജീർണ്ണതയെന്നു വിളിക്കാൻ ജമാഅത്തെ ഇസ്ലാമിയിലെ “ഉൽപതിഷ്ണുക്കൾ”ക്കു ആകുമോ എന്നതാണ് അവരുടെ അംഗങ്ങൾ നേരിട്ടേക്കാവുന്ന യഥാർത്ഥ ചോദ്യം.

ജനനസമയത്ത് കേൾക്കുന്ന ബാങ്ക് വിളിമുതൽ ശൈശവകാലത്തേ മസ്‌തിഷ്കത്തിൽ കയറ്റിവിടുന്ന മരണാനന്തരം ലഭിക്കുന്ന ദൈവശിക്ഷയെ കുറിച്ചുള്ള ഭീതി വരെ മുസ്ലിം വംശത്തിൽ ജനിക്കുന്ന ഏതൊരു മനുഷ്യനും ആ വിശ്വാസത്തിൽ നിന്നും രക്ഷപ്പെടാൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അങ്ങിനെ വളരുന്ന ഒരു മുസ്ലിമിന് സ്വതന്ത്രമായി ചിന്തിക്കാനും, വേണമെങ്കിൽ ആ തടവറയിൽ നിന്നും രക്ഷപ്പെടാനും, സംഘടന സഹായിക്കുമെങ്കിൽ അത്രയും നല്ലതായേക്കും.

എന്തായാലും തട്ടമിടാത്ത മുസ്ലിം പെണ്ണുങ്ങളെയും മിശ്രവിവാഹം കഴിച്ച ചെറുപ്പക്കാരെയും ചാനലിൽ ജോലിക്കെടുക്കാൻ കാണിച്ച ആ ധൈര്യത്തിനു ഒരു പൂച്ചെണ്ട് . അതും RSS ചർച്ചയും ലക്ഷ്യം വയ്ക്കുന്നത് നിലനിൽപ്പാണെന്ന് അസൂയാലുക്കൾ പറയുന്നത് തൽക്കാലം അവഗണിക്കാം

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like