പൂമുഖം LITERATUREലേഖനം മുതിർന്നവരുടെ കലാപങ്ങളും കുട്ടികളും

മുതിർന്നവരുടെ കലാപങ്ങളും കുട്ടികളും

മണിപ്പൂർ എന്ന ഇന്ത്യൻ വടക്കുകിഴക്കൻ സംസ്ഥാനം എല്ലാ വാർത്താമാധ്യമ മേഖലകളിലും ദിനംപ്രതി നിറഞ്ഞുനിൽക്കുകയാണ്. കലാപാന്തരീക്ഷത്തിൽ വെന്തുരുകുന്ന സംസ്ഥാനത്തിലെ ഞെട്ടിക്കുന്ന വാർത്തകളും വിവരങ്ങളും പതിയെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറംലോകത്തോടുള്ള ജനങ്ങളുടെ ബന്ധം വിഛേദിച്ചതുനിമിത്തം മണ്ണടിഞ്ഞുപോവുമായിരുന്ന ഈ സത്യങ്ങളുടെ കെട്ട് ഓരോന്നായി അഴിഞ്ഞുവരുന്നതിനൊപ്പം സമൂഹത്തിന്‍റെ നാനാതുറയിൽനിന്നും ശബ്ദങ്ങളും ഉയർന്നുവന്നുതുടങ്ങി; അനുകൂലമായും പ്രതികൂലമായും. സംസ്ഥാനത്തെ മലയോരജില്ലകൾ കത്തിയെരിയുന്ന ഈ അവസ്ഥയിൽ അവയ്ക്കിടയിൽ കത്തിയെരിയപ്പെടുന്നത് ഒരുകൂട്ടം നിരപരാധികളായ മനുഷ്യരുടെ ഭാവി കൂടെയാണ്. രണ്ട് വംശീയവിഭാഗങ്ങളുടെ വിദ്വേഷവെറികൾക്ക് അവർ അവരുടെ സ്വൈര്യജീവിതം ബലിവെക്കുകയാണ്.

മെയ് മാസം മൂന്നാം തീയതി പൊട്ടിപ്പുറപ്പെട്ട ലഹള ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതോടെയാണ് ചോരക്കളമായ മണിപ്പൂരിന്റെ യഥാർത്ഥ ചിത്രം പുറംലോകത്തെത്തിയത്. എന്നാൽ ഇതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ബിരേൻ സിംഗ് നടത്തിയ പ്രസ്താവനയാണ് തമാശ: യുവതികളെ പൂർണ്ണനഗ്നരാക്കി നടത്തിച്ച്, കൂട്ടബലാത്സംഗം ചെയ്തതുപോലുള്ള, ആളുകൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കാത്ത സംഭവങ്ങൾ അനവധിയാണ്, അതൊന്നും പുറത്തെത്താതിരിക്കാൻ! കേന്ദ്രസർക്കാരിന്റെ അവസ്ഥ അതിനേക്കാളും ദയനീയമാണ്. പ്രശസ്ത ഇംഗ്ലീഷ് പത്രമായ ടെലിഗ്രാഫ് അടക്കം പ്രധാനമന്ത്രിയുടെ ‘മുതലക്കണ്ണീർ’ ഫീച്ചർ ചെയ്തു. ഇപ്പോൾ ക്ഷമനശിച്ച സുപ്രീംകോടതിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ ചർച്ചകൾക്കും പാർലമെന്റിലെ ബഹളങ്ങൾക്കും ഇടയിൽ ഇനി എന്തെന്നറിയാത്ത, നടന്നതെന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ ആവാതെ സ്തബ്ധരായി നിൽക്കുന്ന ഒരു വിഭാഗം ഉണ്ട് ; മണിപ്പൂരിലെ കുട്ടികൾ.

പത്ത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുന്നൂറിലധികം ദുരിതാശ്വാസക്യാമ്പുകളിലായി വലിയൊരു സംഖ്യ കുട്ടികളാണ് അഭയത്തിൽ കഴിയുന്നത്. അവരിൽ ഒരു വിഭാഗത്തെ തങ്ങളുടെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട് ചിൽഡ്രൻസ് ഹോമുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അതിൽ ഒരു നവജാതശിശു ഉൾപ്പെടെയുണ്ട് എന്നത് സങ്കടകരമായ യാഥാർഥ്യമാണ്. കലാപത്തിലും ഒളിച്ചോടലിലുമൊക്കെയായി ഒരുപറ്റം കുട്ടികളാണ് മണിപ്പൂരിൽ അനാഥരായിപ്പോയത്. അവരുടെ ഭാവി ഇനി എന്താണ്? ശരീരത്തിലേൽക്കുന്ന മുറിവുകൾ പതിയെ ഭേദമാകും, എന്നാൽ ഇവരുടെ മനസ്സിലേൽക്കുന്ന മുറിവിന് ആരാണ് മറുപടി പറയുക?ഒരു ജനതയുടെ ഭാവിയായി കണക്കാക്കപ്പെടുന്ന വിദ്യാർത്ഥികൾ ഇനിയെന്തെന്ന് അറിയാതെ വ്യാകുലപ്പെട്ട് ഉറക്കമില്ലാത്ത രാത്രികൾ കഴിച്ചുകൂട്ടുകയാണ്. ഉന്നതതല വിദ്യാഭ്യാസത്തിനുവേണ്ടി തയാറെടുക്കേണ്ട തങ്ങളുടെ വിലപ്പെട്ട സമയം കൂടിയാണ് ആ വിദ്വേഷാഗ്നിയിൽ ഞെരിഞ്ഞമർന്നതെന്ന് മണിപ്പൂരിന്റെ കൗമാരം മനസ്സിലാക്കിയിരിക്കുന്നു. മാനസികമായി തളർന്ന, പ്രതീക്ഷ കൈവെടിഞ്ഞ ഒരു നാളെയെയാണോ മണിപ്പൂർ സർക്കാർ വാർത്തെടുക്കുന്നത്?

നീണ്ട കോവിഡ്കാല ലോക്കഡൗണിൽ നിന്ന് കരകയറി വന്ന വിദ്യാഭ്യാസമേഖലയാണ് ഇന്ന് ഈ കലാപത്തിൽ വീണ്ടും ചവിട്ടിത്താഴ്ത്തപ്പെട്ടത്. പല സ്കൂളുകളും കലാപവെറിയിൽ കത്തിയമർന്നു, ചിലത് ഭാഗികമായി തകർന്നു. ബാക്കിയുള്ള പലതും ഇന്നും ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുകയാണ്. കലാപം തുടങ്ങി രണ്ടുമാസം ആയതിനെത്തുടർന്ന് സ്കൂളുകൾ തുറക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും ആകെ 20-40 ശതമാനം കുട്ടികൾ മാത്രമേ സ്കൂളിലെത്തിയുള്ളൂ. മിക്ക രക്ഷിതാക്കളും കലാപരൂക്ഷമായ വഴികൾ താണ്ടി കുട്ടികളെ സ്കൂളിലെത്തിക്കാൻ വിമുഖത കാട്ടുന്നു, ഭയപ്പെടുന്നു. ഇതുകൂടാതെ ഒരുകൂട്ടം ജനത തങ്ങളുടെ നാടും വീടും എല്ലാം ഉപേക്ഷിച്ച്‌ ഒന്ന് തിരിഞ്ഞുനോക്കാൻ പോലും ഭയപ്പെട്ട് ഓടിമറഞ്ഞു. അവർക്കിനി ആ നാട്ടിലേക്ക് ഒരു മടക്കം ഉണ്ടാകില്ല; ഒപ്പം ആ കുട്ടികൾക്കിനി തങ്ങളുടെ സ്കൂളുകളിൽ പോയി പഠനം തുടരാനും കഴിയില്ല. പഴയതുപോലെ സ്കൂളിൽ പോയി കൂട്ടുകാരൊത്ത് കളിച്ചും ക്ലാസ്മുറികളിൽ ഇരുന്ന് പഠിച്ചും വളരേണ്ട അവർ ഇന്ന് ഓരോ നിമിഷവും പേടിച്ച് കഴിഞ്ഞുകൂടുകയാണ്.

ദുരിതാശ്വാസക്യാമ്പുകളിലേക്ക് ജനിച്ചുവീഴുന്ന കുട്ടികളും വിരളമല്ല. അക്രമം കണ്ടുവളർന്ന കുട്ടികളെ ഭാവിയിൽ പല രീതിയിൽ ആ കാഴ്ചകൾ സ്വാധീനിച്ചേക്കാം. തങ്ങളുടെ കൺമുമ്പിൽ എല്ലാം നഷ്ടപ്പെട്ട അവർ ഒരുപക്ഷെ എന്നന്നേക്കുമായി മാനസികമായി തളരാനും അതല്ലെങ്കിൽ ചുറ്റുപാടിനെ അനുകരിച്ച് ആയുധധാരികൾ ആയിമാറാനും സാധ്യതകൾ ഏറെയാണ്. മണിപ്പൂരിന്റെ ബാല്യത്തിന് മുറിവേറ്റിരിക്കുകയാണ്. തങ്ങൾക്കു നഷ്ടപ്പെട്ട വീടിനെക്കുറിച്ചും, പുസ്തകങ്ങളെക്കുറിച്ചും, കളിപ്പാട്ടങ്ങളെയും വളർത്തുമൃഗങ്ങളെയും കുറിച്ചും എല്ലാം അവർ വാതോരാതെ ചോദ്യങ്ങൾ ചോദിച്ചുവരികയാണ്. ഓരോ കുട്ടികളും ഒന്ന് സമാധാനത്തോടെ കിടന്നുറങ്ങാൻ ഇനി എത്ര കാലമെടുക്കും? അവർ ഞെട്ടിയുണരാത്ത രാത്രികൾ വളരെ വിരളമായിരിക്കും. അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട, അനാഥരാക്കപ്പെട്ട കുട്ടികൾക്കിനി പഴയപോലൊരു ജീവിതത്തിലേക്ക് മടങ്ങാൻ ആവില്ലെന്ന സത്യം അവർ പതിയെ മനസ്സിലാക്കും. ദുരിതാശ്വാസക്യാമ്പുകളിൽ വയറുനിറയെ ഭക്ഷണം കിട്ടാതെ, തിരിച്ചു പോകാൻ ഒരു സ്ഥലമില്ലാതെ, ഇഷ്ടപ്പെട്ടിരുന്ന സ്കൂളുകളിലേക്ക് പോകാനാകാതെ അവരുടെ ഭാവി അവർക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും. സർക്കാർ വാഗ്ദാനമായ അഞ്ചു ലക്ഷം കൊണ്ട് നികത്താനാവുന്നതല്ല ഈ മുറിവുകൾ. കലാപം ഒരുനാൾ അല്ലെങ്കിൽ മറ്റൊരുനാൾ കെട്ടടങ്ങുമായിരിക്കാം. എന്നാൽ മണിപ്പൂരിലെ കുട്ടികൾക്കുണ്ടായ നഷ്ടങ്ങൾക്ക് ആര് ഉത്തരംപറയും?

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like