വീട്ടുമുറ്റം!
അതീവ രാത്രി!
പെരുങ്കാറ്റ് തുലാമഴയുമുടുത്ത്
തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു.
അതിനിടെ,
ആദ്യമായി കൺമിഴിച്ച,
അഞ്ചുപത്ത് മധുരം മാത്രം കെട്ടിയിരുപ്പുള്ള
ഒരു പാവം നന്ത്യാർവട്ടപ്പൂ,
കാറ്റിനെന്തൊരു വീര്യമാണെന്ന്,
മൂക്കത്ത് വിരൽ വച്ച്,
കണ്ണുതള്ളി നിന്നു.
“നിന്നോട് മിണ്ടിയതറിഞ്ഞാൽ, ൻ്റമ്മയും കാമുകിയും ന്നോട് തെറ്റിപ്പൂവും”
കാറ്റ് പൂവിനോടപ്പോൾ ഉഡായിപ്പിറക്കി.
“നീയെന്നെ വലവീശിപ്പിടിക്കും”
“നീയെന്നെ വശീകരിക്കും”
പൂവിനെ ബ്ലോക്കിയെറിഞ്ഞ്,
കാറ്റ് ഓടിപ്പോയി.
അപരാധമായിപ്പോയോയെന്ന്,
തെറ്റിദ്ധരിക്കപ്പെട്ടല്ലോയെന്ന്,
മിണ്ടാതിരുന്നാൽ മതിയായിരുന്നെന്ന്,
മിണ്ടാതിരുന്നിരുന്നെങ്കിൽ
വിളയാട്ടക്കാറ്റെങ്കിലും
കണ്ടോണ്ടിരിക്കാമായിരുന്നെന്ന്
പൂവ് സങ്കടപ്പെട്ടു.
കാറ്റിന്,
കാലിൽ വളംകടിയാണെന്ന്,
ചൊറിച്ചിൽ മാറാഞ്ഞിട്ടാണെന്ന്,
നിൽപ്പുറക്കാഞ്ഞിട്ടാണെന്ന്
കണ്ടുനിന്ന രാപ്പാടി ന്യായീകരിച്ചു.
പിറ്റേ ദിവസം,
നാലും കൂടിയ കവലക്കരികിൽ വേലിയരുക്കിൽ
വെണ്മച്ചന്തം വിടർത്തിയുണർന്ന പൂവ്,
കവലയിൽ
പോസ്റ്റിട്ട് തിരുവാതിര കളിക്കുന്ന
കാറ്റിനെ കണ്ടു.
“ഹായ് കാറ്റ്”
എല്ലാം മറന്ന്,
പൂവ് പരിചയം പുതുക്കി.
കാറ്റ്,
ഒച്ചയുണ്ടാക്കാതെ,
അനക്കമുണ്ടാക്കാതെ,
കവലയിൽ നിന്ന് ലെഫ്റ്റടിച്ച്
മായം തിരിഞ്ഞു.
അന്തംവിട്ട പൂവ്,
പിന്നെയും അപമാനപ്പെട്ട് പിറന്നപടി പൊഴിഞ്ഞു വീണു.
ഇനി വിടരുന്നില്ലെന്നോർത്ത്
ഉറങ്ങിനിന്ന ഒരു സന്ധ്യക്ക്,
പൂവിനെ,
ചന്തയോരത്തേക്ക് തലനീട്ടിപ്പിടിപ്പിച്ച്
ആരോ വിടർത്തിക്കുത്തി നിർത്തി.
ഒരു കിലോ തുലാമഴക്ക് അഞ്ചിറ്റ് മധുരം മാത്രം!
ഒന്നെടുത്താൽ ഒന്ന് ഫ്രീ!
ചന്തപ്പടിക്കൽ
കാറ്റിൻ്റെ കച്ചോടം തകർത്തുവാരി.
“അങ്ങനൊന്നും വിൽക്കുന്നവനല്ല കാറ്റ്.
ഗതികേടു കൊണ്ടാണ്!
ഒന്നോ രണ്ടോ കിലോ,
വാങ്ങുന്നുണ്ടേൽ വാങ്ങ്.
നാളെ പുലർന്നാൽ
കാറ്റിൻ്റെ വീട് ജപ്തിയാകും.
എന്തെങ്കിലും സഹായിക്ക്..”
ഏതേതോ പൂക്കൾ
പതം പറഞ്ഞ് ചിതറിവീണു.
കഷ്ടമായിപ്പോയല്ലോയെന്ന്,
പൂവ്,
മഴ വാങ്ങാൻ
അഞ്ചിറ്റ് മധുരമൂറിച്ചതും,
കാറ്റ്,
എന്ത് സൂക്കേടോണ്ടാണാവോ!
ചന്തയോരത്തു നിന്നും കച്ചവടമിട്ടെറിഞ്ഞ്,
പിന്നെയും ലെഫ്റ്റടിച്ചു!
വേണ്ടായിരുന്നുവെന്ന്
പൂവ് കരഞ്ഞുപോയി!
കവര്‍: ജ്യോതിസ് പരവൂര്‍
