പൂമുഖം LITERATUREലേഖനം ചരിത്രം വെള്ളം ചേർക്കപ്പെടുമ്പോൾ

ചരിത്രം വെള്ളം ചേർക്കപ്പെടുമ്പോൾ

പാഠപുസ്തകങ്ങളുടെ പരിഷ്കരണവും വിവാദവും

ചരിത്രം എന്നും വ്യക് ത്യാധിഷ്ഠിതമാണ്. മറ്റു വ്യക്തികളാൽ എഴുതപ്പെട്ട ചരിത്രാഭിപ്രായങ്ങളാണ് കാലാകാലങ്ങളായി നമ്മൾ പിന്തുടർന്നുപോരുന്നത്. ആദിമമനുഷ്യരുടെ ദൈനംദിന ജീവിതവും അവരുടെ വികാസവും, സംസ്കാരങ്ങളും, സംഘർഷങ്ങളും തുടർന്നുണ്ടായ യുദ്ധങ്ങളും, ലോകനേതാക്കളുടെ വിപ്ലവാശയങ്ങളും, വികാസങ്ങളും സൗഹൃദങ്ങളും എല്ലാം ഒരുകൂട്ടം ചരിത്രകാരന്മാരുടെ കണ്ണുകളിലൂടെയാണ് നമ്മൾ നോക്കിക്കാണുന്നത്. തീർച്ചയായും ചരിത്രം തിരുത്തിയെഴുത്തുകൾക്ക് വിധിക്കപ്പെട്ടതാണ്. ഓരോ ചരിത്രകാരന്മാരും ഓരോ ദിവസവും പുതിയ വഴിത്തിരിവുകൾ കണ്ടെത്തി സഞ്ചരിച്ച് കൃത്യമായ തെളിവുകളും പഠനങ്ങളും നിരത്തി അവയെ സാധൂകരിക്കുന്നുമുണ്ട്. എന്നാൽ നാളത്തെ സമൂഹത്തിന്റെ അടിത്തറ പാകുന്ന വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിലെ തിരുത്തലുകൾ ചരിത്രപഠനത്തിന്റെ അനിവാര്യതയെയും ആധികാരികതയെയും ചോദ്യം ചെയ്യുകയാണ്.

ചരിത്രം തിരുത്തിയെഴുതി എന്നത് ഒരു വെറുംവാക്കിലുപരി പേടിപ്പിക്കുന്ന യാഥാർഥ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ അഭിപ്രായം വെളിപ്പെടുത്തുന്നത് എന്ന നിരീക്ഷണത്തിലാണ് പാഠപുസ്തകങ്ങളിലെ കത്രികവെപ്പ് എന്നാണ് ന്യായീകരണം. കേന്ദ്ര ഭരണം നടത്തുന്ന പാർട്ടിയുടെ ഒരു പ്രമുഖ വക്താവിന്റെ അഭിപ്രായത്തിൽ പാഠപുസ്തകങ്ങളിലെ മിക്ക വാദങ്ങളും തെറ്റും, ചില പ്രത്യേക വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നവയുമാണ്. എന്നാൽ ആവിധം ” ബാധിക്കുന്നു “എന്നു പറയപ്പെടുന്ന ചരിത്രവസ്തുതകൾ മിക്കതും ഹിന്ദു തീവ്ര ദേശീയചിന്തകളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നത് വെറും യാദൃശ്ചികതയല്ല . രാഷ്ട്രപിതാവ് ഗാന്ധിയെ കുറിച്ചും, മുഗൾ മുസ്ലിം ഭരണകാലത്തെ കുറിച്ചും ഉള്ള പാഠഭാഗങ്ങളാണ് തിരുത്തലുകൾക്ക് ആദ്യം വിധേയമായത് . ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ വെള്ളപൂശുന്ന തരത്തിലുള്ള സമീപനമുണ്ടായി.ഗാന്ധിവധത്തിനെ പിന്തുടർന്ന് ആർ എസ് എസ് നിരോധിക്കപ്പെട്ടതും ദളിത് പ്രസ്ഥാനത്തെ പറ്റിയുള്ള ഒരു കവിതയും പുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്തു. ഇതുകൂടാതെ ഉറുദു കവി ഫെയ്‌സ് അഹ്മദ് ഫായിസിന്റെ വരികളും, ജാതിവ്യവസ്ഥയെ വിമർശിച്ച ദളിത് എഴുത്തുകാരുടെ പരാമർശങ്ങളും എടുത്തുമാറ്റപ്പെട്ടു. ഗുജറാത്ത് കലാപത്തെ പറ്റിയുള്ള വാദങ്ങളും തിരുത്തലുകൾക്ക് വിധേയമായി . ബി ബി സി യുടെ ഇതേ വിഷയത്തെ സംബന്ധിച്ച ‘ഇന്ത്യ: ദി മോദി ക്വസ്ട്യൻ’ എന്ന ഡോക്യുമെന്ററി, ഇന്ന് ഭരിക്കുന്ന ബി ജെ പി ഗവൺമെന്റ് നിരോധിച്ചതിന്റെ വെളിച്ചത്തിൽ ഈ കത്രികവയ്പ്പിൽ അത്ഭുതപ്പെടാനില്ല. ഇതേസമയം പല വിധത്തിലുള്ള കൂട്ടിച്ചേർക്കലുകളും നടന്നതായി കാണാം. ഇവയെല്ലാം ഇന്ത്യ കാവിവൽക്കരിക്കപ്പെടുകയാണെന്നും “സംസ്കൃതൈസേഷൻ” വെറുമൊരു മിഥ്യയല്ല എന്നും തുറന്നുകാട്ടുന്നു.

ഉന്നത വിദ്യാഭ്യാസത്തിനുള്ള NCERT പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി ടെക്സറ്റ്ബുക്കുകളിലാണ് ‘എക്സ്പെർട്ടുകളുടെ പാനൽ’ നടത്തിയ ഈ ഉദ്യമം എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ലോകത്തേയും ചരിത്രത്തേയും ഭാവിയേയും പഠിതാക്കൾ നോക്കിക്കാണുന്ന രീതിയെ ഇത് വലിയ രീതിയിൽ സ്വാധീനിക്കും എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ ഡൽഹി യൂണിവേഴ്സിറ്റി തങ്ങളുടെ ഫിലോസഫി സിലബസ്സിൽ നിന്നും അംബേദ്കറിനെ കുറിച്ചുള്ള പരാമർശവും അദ്ദേഹത്തിന്റെ തത്ത്വചിന്തകളും എടുത്തുകളയാൻ പോവുകയാണ് എന്ന ഉത്തരവിൽ ഈ വിഷയം എത്തിനിൽക്കുകയാണ്. (ഡി യു പലവിധത്തിൽ കാവിവൽക്കരിക്കപ്പെടുന്ന കാഴ്ച കുറച്ചുകാലമായി പല വിവാദങ്ങൾക്കും വാർത്തകൾക്കും സമരങ്ങൾക്കും വഴിതെളിക്കുന്നത് പ്രത്യക്ഷമായ കാര്യമാണ്.)

ലോകത്തെ ഏറ്റവും അധികം കൗമാരജനസംഖ്യയുള്ള രാജ്യത്താണ് വിദ്യാഭ്യാസസമ്പ്രദായത്തിലെ ഈ പാവക്കൂത്ത് എന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്. ജാതീയതയും വർഗീയതയും കൊണ്ട് വെറുപ്പ് പടർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സെക്കുലർ സ്വഭാവത്തിന്റെ ആഴത്തിലേക്കുള്ള കൂപ്പുകുത്തലിന് ആക്കംകൂട്ടുന്ന ഘടകമാണിത്. എല്ലാ വിഭാഗം ആളുകളാലും പടുക്കപ്പെട്ട രാജ്യത്തിന്റെ ചരിത്രത്തേയും വികാസത്തേയും ചിലരുടെ മാത്രം കുത്തകമേഖലകളാക്കി, അവർ കൂടി ഉത്തരവാദികളായ പല സംഭവവികാസങ്ങളിൽ നിന്നും ഒളിച്ചോടി വെള്ളപൂശുന്നത് തികച്ചും ഹീനമായ പ്രവൃ ത്തി തന്നെയാണ്.

സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വർഗീയതയും വിദ്വേഷവും കൊണ്ടുവന്ന് ആധികാരികാഭിപ്രായങ്ങളുടെ എല്ലാം വായടപ്പിച്ച് എല്ലാം തങ്ങളുടെ അധികാരത്തിന് കീഴിലാക്കി വെക്കുന്ന ഭരണകൂടത്തിന്റെ മറ്റൊരു ‘കുസൃതി’ ആയി മാത്രം ഈ വിഷയത്തെ ലേബൽ ചെയ്യാൻ പറ്റില്ല. ചരിത്രം അറിയാതെ വളർന്ന മനുഷ്യന് ഒരിക്കലും ഭാവിയെ സ്വപ്നം കാണാനാവില്ല. ഒരു വികസ്വര രാജ്യമായ ഇന്ത്യയിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണ്. കള്ളസത്യങ്ങൾ കേട്ടുപഠിച്ച് ഉത്തരപ്പേപ്പറുകളിൽ ഛർദ്ദിച്ച് ഉയർന്ന റാങ്കുകളിൽ കയറിയിരുന്ന് വിശ്രമിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് ‘ന്യു ഇന്ത്യ’ എങ്കിൽ- എങ്കിൽ നമ്മൾ കൃത്യമായ “കർത്തവ്യപഥ”ത്തിലാണ്’.

Comments
Print Friendly, PDF & Email

You may also like