നീ എപ്പോഴെത്തി, യാത്രയൊക്കെ സുഖമായിരുന്നോ എത്ര ദിവസത്തെ അവധിയുണ്ട്?
അതെ, യാത്ര സുഖമായിരുന്നു. രാത്രി എട്ടുമണിയായപ്പോൾ എത്തി. മൂന്നമ്പത്തഞ്ചിന് തിരിച്ച ഫ്‌ലൈറ്റാണ്. ഇടക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ നാല് മണിക്കൂറേ വേണ്ടിവന്നുള്ളൂ.
ആരാണ് അറിയിച്ചത് ?
രാവിലെ പതിവ് പോലെ ഓഫീസിലെ തിരക്കിലായിരുന്നു. പതിനൊന്ന് മണിക്ക് ആരോ ഫോൺ ചെയ്തു. വളരെ പതിഞ്ഞ ശബ്ദത്തിൽ, മടിച്ചു മടിച്ചാണ് സംസാരിച്ചു തുടങ്ങിയത്. വിഷമിക്കരുത്, എല്ലാം സഹിക്കാൻ കഴിയണം, പടച്ചവൻ വിളിക്കുമ്പോൾ എല്ലാവർക്കും ഒരു ദിനം പോയേപറ്റൂ എന്നൊക്കെയുള്ള മുഖവുരയോടെ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ കേൾക്കാൻ പോവുന്നത് എന്താണെന്ന് മനസ്സിലായി. പിന്നെ തിരിച്ചൊന്നും ചോദിച്ചില്ല. ആരാണ് വിളിക്കുന്നതെന്നും ചോദിച്ചില്ല. തിരികെ റൂമിൽ പോകാതെ നാല് ദിവസത്തെ ലീവ് എഴുതി കൊടുത്തിട്ട് ഓഫീസിൽ നിന്നും നേരെ എയർപ്പോർട്ടിലെത്തി.
ഉച്ചക്ക് എന്ത് കഴിച്ചു?
വിശപ്പ് തോന്നിയില്ല.
ഫ്‌ളൈറ്റിൽ ഭക്ഷണം ഉണ്ടായിരുന്നില്ലേ?
ഇല്ല.
എന്തെങ്കിലും വാങ്ങി കഴിക്കാമായിരുന്നില്ലേ നിനക്ക്?. .
കുറച്ചുനേരം ഉറങ്ങാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ച് സീറ്റിൽ കണ്ണടച്ചിരുന്നു. നാല് മണിക്കൂറിനുള്ളിൽ പല തവണ മയക്കത്തിലേക്ക് വീണു. വിശപ്പും ക്ഷീണവുമറിയുന്ന ശരീരത്തെ എവിടെയൊക്കെയോ മറന്നുവച്ചതുപോലെ തോന്നി.
ഇത് ആദ്യമായിട്ടാണ് നീ വരുമ്പോൾ കൂട്ടികൊണ്ടു പോരാൻ എനിക്ക് വരാൻ കഴിയാത്തത്?
അതെ, ഉണ്ടാവില്ല എന്നറിയാമായിട്ടും ബാഗുമായി പുറത്തിറങ്ങിയപ്പോൾ വെറുതേ കണ്ണുകൾ ചുറ്റും തിരഞ്ഞു. ഒരുപക്ഷെ എവിടെയെങ്കിലും നിൽപ്പുണ്ടെങ്കിലോ അദൃശ്യനായി. കണ്ടയുടനെ ഓടി അരികിലെത്തി ബാഗ് ബലമായി പിടിച്ചു വാങ്ങി വിരലുകൾ കോർത്തു പിടിച്ച് ഒരു സ്‌കൂൾ കുട്ടിയെപ്പോലെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്ന ഒരു ക്ഷീണിച്ച രൂപം.
വർഷത്തിലൊരിക്കലുള്ള ആ കാത്തുനിൽപ്പിന്റെ ത്രിൽ നിനക്കറിയില്ല. നിന്നോട് എനിക്കത് പറഞ്ഞു തരാനും കഴിയില്ല. ആഴ്ചകൾക്ക് മുമ്പേ ദിവസങ്ങളെ എണ്ണിയെണ്ണി കുറച്ചു തുടങ്ങും. നിന്‍റെ വരവും മടക്കയാത്രയും എന്‍റെ ഒരു വർഷത്തെ രണ്ടാക്കി പകുത്തിരുന്നു. ഒരു കാത്തിരിപ്പിന്‍റെ തുടക്കവും അവസാനവും.
ഇന്ന് എനിക്കത് മനസ്സിലായി. ആരോ വഴിയിലുപേക്ഷിച്ച, വീട്ടിലേക്കുള്ള വഴികൾ മറന്ന ഒരു സ്‌കൂൾ കുട്ടിയെപ്പോലെ തോന്നി വീടെത്തും വരെ.
നീ ഇനി വിഷമിക്കരുത്. എപ്പോഴും നിന്‍റെ കൂടെത്തന്നെയുണ്ടെന്ന് വിചാരിച്ചാൽ മതി.
അതെ ഞാൻ അങ്ങിനെയേ ചിന്തിച്ചിട്ടുള്ളൂ.
നീ മാത്രമേ വരാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ. രാവിലെ പതിനൊന്നു മണി മുതൽ നിന്‍റെ വരവും കാത്ത് ഞാൻ ഇവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. നിന്നെക്കൂടി കണ്ടിട്ട് വേണം എനിക്ക് പോകാൻ. കാണേണ്ടവരൊക്കെ പകലു തന്നെ കണ്ടിട്ട് മടങ്ങി. വന്നവരൊക്കെ ചോദിച്ചത് നിന്നെപ്പറ്റിയായിരുന്നു. നീയിവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ വച്ച് നീട്ടണ്ടായിരുന്നു. നീ അടുത്തുണ്ടായിരുന്നെങ്കിൽ ആ സമയത്ത് ഇച്ചിരി വെള്ളം കൊടുക്കാമായിരുന്നു, വേണ്ട സമയത്ത് ആരും അടുത്തില്ലാതായിപ്പോയല്ലോ എന്നൊക്കെ ആയിരുന്നു വന്നവരൊക്കെ പരാതി പറഞ്ഞത് .
എത്രമണിക്കാണ് അത് സംഭവിച്ചത് ?
രാവിലെ പതിനൊന്നു മണിക്കായിരുന്നു. ആ സമയത്ത് ആരും അടുത്തില്ലായിരുന്നു. ഹോം നഴ്സ് എന്തോ ആവശ്യത്തിന് പുറത്ത് പോയിരിക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം കഞ്ഞി കുടിപ്പിക്കാൻ വേണ്ടി വിളിച്ചുണർത്താൻ നോക്കുമ്പോഴേക്കും ശരീരം തണുത്തിരുന്നു. കണ്ണുകൾ തുറന്നു തന്നെ ഇരുന്നതായും അവ തിരുമ്മി അടയ്ക്കുമ്പോൾ കുറേക്കാലങ്ങളായി കാത്തിരുന്ന ആരെയോ, എന്തിനേയോ കണ്ടപോലെ കൃഷ്ണമണികൾ തിളങ്ങിയിരുന്നതായും ഹോം നേഴ്സ് പറയുന്നുണ്ടായിരുന്നു.
നീണ്ട കാത്തിരിപ്പ് അവസാനിച്ചതിലുള്ള സന്തോഷമാവണം അല്ലെ?
അതെ. എപ്പോ വന്നു വിളിച്ചാലും ഭയമില്ലാതെ, കൂടെ ഇറങ്ങിപ്പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു. ഒരുമിച്ച് പഠിച്ചവരും, കൂടെ കളിച്ചു വളർന്നവരും, ഒരുമിച്ചു ജീവിച്ചവളും തനിച്ചാക്കി പോയിട്ട് കാലമെത്രയായി. അസുഖം നോക്കാൻ വന്നവരും, ദീർഘായുസ്സ് നേർന്നവരും, ഉറങ്ങാതെ കൂട്ടിരുന്നവരും മുമ്പേ പോയി. എത്രയും വേഗം പോകണമെന്നു തന്നെയായിരുന്നു ആഗ്രഹവും.
അവസാന ദിവസങ്ങളിൽ എന്തെങ്കിലും ഓർത്ത് വിഷമിച്ചിരുന്നോ? ആരെയെങ്കിലും കാണണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നോ?
ഇല്ല, എണീറ്റിരിക്കാനും, സംസാരിക്കാനും, സ്വന്തമായി ഭക്ഷണം കഴിക്കാനും, ഒന്നും ഓർത്തുവയ്ക്കാനും കഴിയാത്തതൊഴിച്ചാൽ വേറെ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ആരെയും കാണാൻ ആഗ്രഹവുമില്ലായിരുന്നു. നഴ്സ് അല്ലാതെ വേറെ ആരും അടുത്തില്ലായിരുന്നുവെങ്കിലും ആരും ഒന്നിനും ഒരു കുറവും വരുത്തിയില്ല. മാസശമ്പളം വാങ്ങിയിരുന്ന ഹോം നഴ്‌സ് കൃത്യമായി തന്‍റെ ഡ്യൂട്ടി നോക്കിയിരുന്നു. വിശന്നാലും ഇല്ലെങ്കിലും മൂന്നുനേരവും ഭക്ഷണം കഴിപ്പിച്ചിരുന്നു, വിശപ്പില്ല എന്ന് പറയുമ്പോഴും നിർബന്ധിച്ചും, ചിലപ്പോൾ വഴക്കു പറഞ്ഞും തീറ്റിപ്പിച്ചു. കുളിക്കാൻ തോന്നുന്നില്ല എന്ന് പറയുമ്പോഴും നിർബന്ധിച്ച് കുളിപ്പിച്ചിരുന്നു. ടോയ്‌ലെറ്റിൽ പോകാൻ തോന്നിയില്ലെങ്കിലും ഇനിമ വച്ച് സഹായിച്ചിരുന്നു. ഒന്നിനും ഒരു കുറവുമില്ലായിരുന്നു.
ആറു മാസങ്ങൾക്ക് മുൻപ് കണ്ട മുഖമല്ല ഇന്ന് ഞാൻ കണ്ടത്. തിരിച്ചറിയാൻ കഴിയാത്ത വിധം ക്ഷീണിച്ചിരിക്കുന്നു. വെള്ളി പോലെ നരച്ചു നീണ്ട താടിയും മുടിയുമുള്ള, ആരോഗ്യം തോന്നിച്ച മുഖമായിരുന്നു എന്‍റെ ഉള്ളിൽ. മുടിയും താടിയും പറ്റെ വെട്ടിയ, കവിളെല്ലുകൾ ഉയർന്നു നിൽക്കുന്ന വെളുത്ത തുണിയിൽ പൊതിഞ്ഞ ഈ മുഖമായിരിക്കും ഇനി അവസാനത്തെ ഓർമ്മയായി അവശേഷിക്കുക.
ഇതൊക്കെ ഒരിക്കൽ ഉണ്ടാവുമെന്ന് നീ പ്രതീക്ഷിച്ചിരുന്നതല്ലെ?
അതെ. ഇങ്ങിനെയൊരു ദിവസം ഒരിക്കൽ ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. പ്രതീക്ഷിച്ചിരിക്കാതെയുള്ള ഒരു വരവ്, വീട്ടു മുറ്റം നിറയെ ആൾക്കാർ, പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന അടക്കിപ്പിടിച്ച കരച്ചിലുകൾ, അടുത്തെത്തി ചേർത്ത് പിടിക്കുന്ന ചിലർ, ഒടുവിൽ ആരും കാണാതെ ഒന്ന് കരയാൻ തോന്നുക. എല്ലാം ഒരിക്കൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു.
പക്ഷെ ഇന്ന് നീ കരയുന്നത് ഞാൻ കണ്ടില്ലല്ലോ?
അതെ, ഞാനും ആ ചോദ്യം എന്നോട് തന്നെ ചോദിക്കുകയായിരുന്നു. എന്ത് കൊണ്ട് കരയാൻ കഴിയുന്നില്ല എന്ന്.
നീ എന്നും അങ്ങിനെയായിരുന്നല്ലോ. പൊട്ടിച്ചിരിക്കാനും, കരയാനും പിശുക്ക് കാണിക്കുന്നവൻ.
ഇഷ്ടപ്പെടുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ അതോടൊപ്പം നഷ്ടമാവുന്നത് അതുവരെ കാണാൻ കഴിഞ്ഞിരുന്ന രൂപവും, ആ ശബ്ദവും ഒക്കെയാണ്. അതൊക്കെ ഇനി ഒരിക്കലും ആവർത്തിക്കില്ല എന്നറിയുമ്പോൾ കരയാനല്ല തോന്നുന്നത് കുറച്ചു നേരം വെറുതേ നിൽക്കാനാണ്.
എങ്കിലും അറിഞ്ഞുകൊണ്ട് ഒന്നും ഉള്ളിലൊതുക്കരുത്. ഒരു തമാശ കേട്ട് ഉറക്കെ ചിരിക്കുന്നത് പോലെ തന്നെയാണ് വേദന തോന്നുമ്പോൾ കരയാൻ തോന്നുന്നതും. ഒന്നും ഉള്ളിൽ കൊണ്ടു നടക്കാതെ ചിരിച്ചും കരഞ്ഞും ഭാരം കുറയ്ക്കാൻ കഴിയണം. മരിച്ചു പോയവരെ കുറച്ചു കാലത്തേക്ക് ഓർത്തുവയ്ക്കാൻ കഴിയും ആ ഓർമ്മകൾ സൂക്ഷിക്കുന്നവരുടെ മരണം വരെ മാത്രം. അവരും കടന്നു പോയാൽ പിന്നെ അങ്ങിനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നു എന്നുപോലും ആർക്കും തെളിയിക്കാൻ കഴിയില്ല. കാലത്തിന് മായ്ക്കാൻ കഴിയാത്തതായി ഒന്നുമില്ല.
മരിച്ചവരെ കൈയ്യെത്തി തൊടാൻ കഴിയില്ല എന്നേയുള്ളൂ. ഓർമ്മകളിൽ അവരെ യഥേഷ്ടം വിളിച്ചു വരുത്താം. എന്നോ ഒരിക്കൽ കേട്ട ശബ്ദവും, കണ്ട രൂപവും, എന്നോ ഒരിക്കൽ അറിഞ്ഞ ചൂടും, ഗന്ധവും പേറി അവർ മുന്നിൽ വന്നു നിൽക്കും. ഏത് വറുതിയിലും ഉണങ്ങാത്ത ബീജങ്ങളെപ്പോലെയാണ് ചില ഓർമ്മകൾ. നിനച്ചിരിക്കാത്ത സമയങ്ങളിൽ അവ പെറ്റു പെരുകും.
വേദനിപ്പിക്കുന്ന ഓർമ്മകളെ കണ്ടില്ലെന്ന് നടിക്കാനോ ഉപേക്ഷിക്കാനോ കഴിയില്ലല്ലോ.
ആർക്കും ഒന്നും ഉപേക്ഷിക്കാൻ കഴിയില്ല. ഓർമ്മിക്കുന്നവനും അവന്‍റെ ഓർമ്മകളും ഒരു വടിയുടെ രണ്ടറ്റം പോലെയാണ്. ഒരറ്റമുണ്ടെങ്കിൽ മറ്റേയറ്റവും ഉണ്ട്. ഒരു പൂവ് കായ് ആയിത്തീരുമ്പോൾ അതിന്‍റെ ഇതളുകൾ തനിയേ കൊഴിഞ്ഞു പോവുന്നത് പോലെ. പുതിയതൊന്ന് വരുമ്പോൾ പഴയത് തനിയേ അടർന്നു മാറും.
ശരിയാണ്. ഇവിടെ കുറുക്കു വഴികളില്ല.
ഓർമ്മകളായിത്തീർന്നവർ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാം, വേണമെങ്കിൽ അങ്ങനെയൊരാൾ ജീവിച്ചിരുന്നിട്ടേയില്ല എന്നും വിശ്വസിക്കാം.
നീ എത്ര വേഗം പറഞ്ഞു തീർത്തു.
മരിച്ചുപോയ ഒരാളും, ഈ നിമിഷം എവിടെയോ ജീവിച്ചിരിക്കുന്ന ഒരാളും ഓർമ്മകളിൽ ഒരുപോലെയല്ലെ? നക്ഷത്രങ്ങളെ നോക്കാൻ ആകാശത്തേക്ക് നോക്കുമ്പോഴും നാം നമ്മുടെ ഉള്ളിലേക്കു തന്നെയാണ് നോക്കുന്നത്. ആകാശത്തേക്ക് നോക്കുന്നവനും നോക്കുന്നവന്‍റെ ഉള്ളിൽ തന്നെയാണ്. എല്ലാം ചിത്ത വിഭ്രാന്തികൾ. പുറമേ കാണുന്ന കാഴ്ചകളെല്ലാം ഉള്ളിലെ ദൃശ്യ പ്രതീതികൾ ആണെന്നുള്ള സത്യം നാം മറക്കുന്നു. ഈ സംസാരിക്കുന്ന എന്‍റെ ശരീരം പോലും എന്‍റെ ഉള്ളിൽ ഞാൻ കാണുന്നതല്ലേ. ഓർമ്മകളെ മെരുക്കണമെങ്കിൽ ചിത്ത വിഭ്രമം തീർന്നു കിട്ടണം, അകത്തും പുറത്തുമുള്ള ദൃശ്യങ്ങൾ അവസാനിച്ചു കിട്ടണം . പൂവ് കായായിത്തീരുന്നത് വരെയുള്ള കാത്തിരിപ്പ്.
നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കേട്ടിരിക്കാൻ എന്നും എനിക്കിഷ്ടമായിരുന്നു. നീ വായിച്ചിരുന്ന പുസ്തകങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു കൊണ്ട് എത്ര രാത്രികളിലാണ് നമ്മൾ ഉറങ്ങാതെ നേരം വെളുപ്പിച്ചിട്ടുള്ളത് . നിനക്കിപ്പോഴും വായിക്കാനൊക്കെ സമയം കിട്ടാറുണ്ടോ? ഇപ്പോ ആരുടെ പുസ്തകങ്ങളാണ് വായിക്കുന്നത്.
വായന എപ്പോഴോ നിന്നുപോയി. ഇനിയൊന്നും വായിക്കരുത് എന്നാണ് ആഗ്രഹം. പത്രങ്ങൾ പോലും വായിക്കാതെയായി. ഫയലുകൾ പോലും വായിച്ചുനോക്കാൻ ക്ഷമയില്ലാതെ ഒപ്പിട്ടയക്കേണ്ടി വന്നിട്ടുണ്ട്.
എന്തുപറ്റി?
അറിയില്ല. ഉണർന്നിരുന്ന് തന്നോടുതന്നെ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നൊരു നചികേതസ്സ് എപ്പോഴും ഉള്ളിലുള്ളത് പോലെ തോന്നാറുണ്ട്. അതൊക്കെ പോകട്ടെ ഇവിടത്തെ വിശേഷങ്ങൾ പറയൂ.
ഇവിടെ ചില സംഭവങ്ങൾ നടന്നു. അതൊക്കെ നിന്നോട് പറയണമെന്നുണ്ട്. ഇതൊന്നും കേട്ട് നീ വിഷമിക്കരുത്. ആരോടും തിരക്കാനും വിശദീകരണത്തിനുമൊന്നും നിൽക്കേണ്ട. ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്.
എന്താണ്?
ഇന്നുച്ചയ്ക്ക് പള്ളിപ്പറമ്പിൽ മയ്യത്ത് മറവ് ചെയ്യാനുള്ള കുഴിയെടുക്കാൻ തുടങ്ങുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കുഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ചില അദൃശ്യ സാന്നിദ്ധ്യങ്ങൾ തടസ്സം നിൽക്കുന്നതായി കുഴിയെടുക്കുന്നവർക്കു തന്നെ തോന്നി. കുഴിക്കുന്തോറും കരയിൽ നിന്നും കുഴിയിലേക്ക് തന്നെ മണ്ണിടിഞ്ഞു വീണു കൊണ്ടേയിരുന്നു. കാലുകൾ കൊണ്ട് ആരോ മണ്ണ്നീക്കി കുഴി മൂടാൻ ശ്രമിക്കുന്നത് പോലെയായിരുന്നു അത്. തള്ളക്കുഴിയിൽ നിന്നും മണ്ണ് വീണ് പിള്ളക്കുഴി നിറഞ്ഞു തുടങ്ങിയപ്പോൾ കുഴിച്ചു കൊണ്ടിരുന്നവർക്ക് എന്തോ പന്തികേട് തോന്നി. അവർ കുഴിയെടുപ്പ് മതിയാക്കി മൗലവിയെ കാണാൻ തീരുമാനിച്ചു.
മൗലവി എന്ത് പറഞ്ഞു?
പള്ളിക്ക് സ്ഥലം വാങ്ങാനും പള്ളി പുതുക്കിപ്പണിയാനുമുള്ള ഫണ്ടിലേക്ക് മരിച്ച മനുഷ്യൻ പണം നല്കിയിട്ടില്ലായിരുന്നു. ദീനിന് വേണ്ടി സഹായം ചെയ്യാത്തൊരു മനുഷ്യന്‍റെ മയ്യത്തടക്കാൻ ജിന്നുകൾ തടസ്സം സൃഷ്ടിച്ചിരിക്കാം എന്നാണു മൗലവിക്ക് വെളിപ്പെട്ടു കിട്ടിയത്. ഹദീഥുകളും, ആയത്തുകളും മനഃപാഠമാക്കിയ മൗലവിക്ക് ജിന്നുകളുടെ കറാമത്തുകൾ വെളിപ്പെട്ടു കിട്ടിക്കാണണം.
പിന്നീടെന്തുണ്ടായി?
കൊടുക്കേണ്ട പണം അടച്ചു തീർത്ത് രസീത് വാങ്ങിയിട്ട് കുഴിയെടുപ്പ് വീണ്ടും തുടർന്നു. പിന്നീട് കുഴപ്പമൊന്നും ഉണ്ടായില്ല.
റിയൽ എസ്റേറ്റിലും സാമ്പത്തിക തട്ടിപ്പുകളിലും താല്പര്യമുള്ള ജിന്നുകൾ!
അതെ.
പണ്ട് പലപ്പോഴും പറഞ്ഞിരുന്നു പ്രാണൻ പോയിക്കഴിഞ്ഞാൽ പിന്നെ തന്‍റെ ശരീരത്തെ മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാനായി വിട്ടു കൊടുക്കുമെന്ന്.
അതെ, ആ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവർ ആണ് . എല്ലാം കൃത്യ സമയത്തിനുള്ളിൽ ചെയ്യുകയും വേണമല്ലോ. ശരീരം ഉറുമ്പരിക്കും മുമ്പേ ചെയ്യണം. നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അതൊക്കെ നടന്നേനെ. പക്ഷെ അവിടേയും സംഭവങ്ങൾ തീർന്നില്ല. രാവിലെ മയ്യത്തിനെ ആദ്യമായി കുളിപ്പിക്കാൻ എടുത്തപ്പോഴായിരുന്നു തടസ്സങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
എന്തു പറ്റി?
കഴുകിയിട്ടും കഴുകിയിട്ടും മയ്യത്ത് വൃത്തിയാവുന്നില്ല. അടിവയർ എത്ര ഞെക്കി കഴുകിയിട്ടും ഉള്ളിൽ കെട്ടിക്കിടന്ന മലവും മൂത്രവും തീരുന്നില്ല. മയ്യത്ത് കുളിപ്പിക്കുന്നതിൽ വർഷങ്ങളുടെ പരിചയമുള്ള അലിയാരു ഹാജിയുടെ മേൽനോട്ടത്തിലായിരുന്നു കുളിപ്പിച്ചത്. ശരീരത്തിനുള്ളിൽ കെട്ടികിടക്കുന്ന അഴുക്കുകൾ എല്ലാം വൃത്തിയാക്കി വേണം മയ്യത്തിനെ മറവു ചെയ്യാൻ. കഴുകുന്തോറും അഴുക്കുകൾ കറുത്ത നിറത്തിൽ വെള്ളത്തിൽ കലരുന്ന മഷി കണക്കെ വീണ്ടും വീണ്ടും പുറത്തേക്ക് ഒഴുകി പടർന്നു കൊണ്ടിരുന്നപ്പോൾ …..
മൗലവിയെ വിളിച്ചിട്ടുണ്ടാവും അല്ലെ?
അല്ല ഹാജി എല്ലാം അറിയുന്ന പണ്ഡിതനായിരുന്നു. തന്‍റെ പാണ്ഡിത്യം സഹായത്തിനെത്തി. അദ്ദേഹം മൂന്നു തവണ തന്‍റെ താടി ഉഴിയുകയും മൂന്നു പ്രാവശ്യം മന്ത്രങ്ങൾ ഉരുവിടുകയും മൂന്നു തവണ ഇടവും വലതും ഊതിയിട്ട് ലക്ഷണങ്ങൾക്ക് വേണ്ടി ആകാശത്തേക്ക് കണ്ണുകൾ അടച്ചു നിന്നപ്പോഴേക്കും കാരണം വെളിപ്പെട്ടു കിട്ടി.
എന്തായിരുന്നു?
ദുനിയാവിൽ ചെയ്തു കൂട്ടിയ പാപങ്ങൾ അഴുക്കുകളായി ഉള്ളിൽ കെട്ടികിടക്കാൻ സാദ്ധ്യത ഉണ്ടത്രേ. മുടക്കിയ നിസ്‌കാരങ്ങൾ, അനുഷ്ടിക്കാതെ പോയ നോമ്പുകൾ, സക്കാത്തുകൾ, ഒഴിവാക്കിയ ജുമാ നിസ്‌കാരങ്ങൾ, ഈമാൻ-ഇസ്‌ലാം കാര്യങ്ങൾ നിഷേധിച്ചുള്ള ജീവിത രീതി. ഇങ്ങിനെയൊക്കെ ജീവിച്ചവരിൽ ഇത് സംഭവിക്കാം എന്നായിരുന്നു ഹാജിയുടെ അഭിപ്രായം.
കുളിപ്പിച്ചവർ ബുദ്ധിമുട്ടികാണുമല്ലോ.
ഇല്ല. അഴുക്കുകൾ കൂടുതൽ ഇളകി വരുന്തോറും ഹാജിയുടെ മുഖം കൂടുതൽ തിളങ്ങി കൊണ്ടിരുന്നു. സന്തോഷം കൊണ്ട് ഇടയ്ക്കിടെ മാഷാ അള്ളാ, സുബ്ഹാനള്ളാ എന്ന് വിളിക്കുകയും കൂടുതൽ ഉത്സാഹത്തോടെ വെള്ളം കോരി ഒഴിക്കുകയും, കൈകൾ കൊണ്ട് തേച്ചു വൃത്തിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പുണ്യം നിറഞ്ഞ മനുഷ്യ സ്നേഹി.
അതെ, ഒരു കാഫിറിനെപ്പോലെ ജീവിച്ചു മരിച്ച ഒരു മനുഷ്യന്‍റെ അഴുക്കുകൾ കഴുകി ശുദ്ധീകരിക്കുമ്പോൾ കിട്ടുന്ന ഗുണങ്ങൾ ലോകത്ത് മറ്റേത് സൽ പ്രവൃത്തികൾ ചെയ്യുമ്പോൾ കിട്ടുന്ന ഗുണത്തേക്കാളും പത്തിരട്ടി എന്നാണു ഹാജി പറഞ്ഞത്. ഇങ്ങിനെ കിട്ടുന്ന ഗുണങ്ങൾ കൂട്ടിയും കിഴിച്ചും എഴുതി സൂക്ഷിക്കാൻ ഒരു ഡയറിയും കൊണ്ടാണ് ഇദ്ദേഹം മരണ വീടുകളിൽ ചെല്ലുന്നത്.
നല്ലൊരു സമ്പാദ്യം ഉണ്ടാകണമല്ലോ ഹാജിക്ക്.
അതെ, മയ്യത്തു കുളിപ്പിക്കലിന് പരിശീലനം നേടുന്ന കുറെ കുട്ടികൾ ഇദ്ദേഹത്തിന് കീഴിലുണ്ട്.
ജൈന മതത്തിൽ സന്താര എന്നൊരു വഴിയുണ്ട്, ഒരു രക്ഷാ മാർഗ്ഗം. കൂട്ടിക്കൊണ്ടു പോകാനായി അടുത്തെത്തി കാത്തു നിൽക്കുന്ന മരണത്തെ കൈനീട്ടി സ്വീകരിക്കാം. പടിപ്പടിയായി ഭക്ഷണം വർജ്ജിക്കേണ്ടിവരും. മൂന്നു നേരത്തിൽ നിന്നും രണ്ടു നേരത്തേക്ക്, പിന്നെ ഒരു നേരം, ഒടുവിൽ ജലപാനം പോലും ഒഴിവാക്കണം. സ്നേഹിക്കുന്നു, നന്നായി പരിപാലിക്കുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി വിശപ്പില്ലെങ്കിലും നിർബന്ധിച്ചു തീറ്റിപോറ്റുന്നവരിൽ നിന്നും രക്ഷ കിട്ടും. മരണസമയത്ത് ദഹിക്കാത്ത ഭക്ഷണങ്ങൾ ഉള്ളിൽ കിടന്ന് ഇതുപോലെ ചീഞ്ഞു നാറില്ല. പാപിയായി മരിക്കുമ്പോഴും മറ്റൊരുവന് ഗുണകരമാവുന്നു എങ്കിലും കുളിപ്പിക്കുന്നവരെ ബുദ്ധിമുട്ടിക്കേണ്ടി വരില്ല. പിന്നെ എന്തെങ്കിലും ഉണ്ടായോ?
ഉണ്ടായി, ഖുർ-ആൻ പാരായണം ചെയ്തു കൊണ്ടിരുന്ന സ്ത്രീകൾ തുടർച്ചയായി കോട്ടുവായ് ഇടുകയും ഇടക്കൊക്കെ അവരറിയാതെ ഉറങ്ങിപ്പോവുകയും ചെയ്തുകൊണ്ടിരുന്നു. വായിച്ചു കൊണ്ടിരുന്ന വരികൾ തെറ്റിപ്പോകുകയും, എന്തോ അബദ്ധം പിണഞ്ഞപോലെ അവർ ചുറ്റും നോക്കി അതിശയിക്കുകയും ചെയ്തു. വെള്ളെഴുത്ത് ബാധിച്ചവരെപ്പോലെ അവർ അക്ഷരങ്ങൾക്ക് വേണ്ടി പരതി നടന്നു.
ജിന്നുകൾ?.
അതെ അദൃശ്യരായി വരുന്ന ഇഫിരീത്തുകൾക്ക് എന്തിനും കഴിയുമത്രെ. പതിഞ്ഞ ശബ്ദത്തിൽ കരഞ്ഞു കൊണ്ട് ഖുർ-ആൻ ഓതി കൊണ്ടിരുന്ന പർദ്ദ ധരിച്ച ഒരു സ്ത്രീ ഇടക്കെപ്പോഴോ അറിയാതെ കുലുങ്ങി ചിരിക്കുന്നതും കണ്ടു. കരയുന്നവരെ ചിരിപ്പിക്കാനും, ചിരിക്കുന്നവരെ കരയിപ്പിക്കാനും അവർക്ക് കഴിയുമത്രെ.
അനുസരണയില്ലാത്ത കുട്ടികളെപ്പോലെ കുസൃതികൾ കാട്ടുന്ന ജിന്നുകളും, ഇബിലീസുകളും! ഉള്ളിൽ തോന്നാത്ത ദുഃഖം പുറത്തു കാണിച്ച്, കള്ള കരച്ചിൽ നടത്തിയതാണോ ജിന്നുകളെ ചൊടിപ്പിച്ചത് ?
അല്ല, മയ്യത്തിനെ ഫ്രീസറിൽ സൂക്ഷിച്ചതായിരുന്നു ജിന്നുകളെ ചൊടിപ്പിച്ചത് എന്നായിരുന്നു മൗലവി പറഞ്ഞത്. തണുത്ത പെട്ടിക്കുള്ളിൽ കിടക്കുന്ന മരിച്ച മനുഷ്യൻ നിലവിളിച്ച് കരയുമത്രെ! ആ നിലവിളി കേൾക്കാൻ മനുഷ്യർക്ക് കഴിയില്ലെന്നാണ്. മരിച്ച മനുഷ്യനെ തണുപ്പിച്ചു സൂക്ഷിക്കാൻ ഹദീഥുകളിലോ വിശുദ്ധ പുസ്തകങ്ങളിലോ പറയുന്നില്ല.
മരിച്ച മനുഷ്യരെ ഫ്രീസറുകളിൽ സൂക്ഷിക്കേണ്ട ആവശ്യം അന്നുണ്ടായിരുന്നോ? ഫ്രീസറുകൾ തന്നെ ഉണ്ടായിരുന്നോ അക്കാലത്ത്?
അറിയില്ല, നിന്‍റെ ചോദ്യങ്ങൾ അതിരു കടക്കുന്നില്ലെ?
അതിരുകൾക്കുള്ളിൽ നിൽക്കുന്നവർക്ക് ചോദ്യങ്ങൾ ഉണ്ടാവില്ല. അതിരുകൾക്കുള്ളിൽ സുരക്ഷിതരാണവർ. അറവു ശാലയിലേക്ക് തെളിച്ചു കൊണ്ടുപോവുന്ന മൃഗങ്ങളെപ്പോലെ ശാന്തരാണവർ. നയിച്ചു കൊണ്ട് പോകുന്നവന്‍റെ കല്പനകൾക്ക് ചെവിയോർത്താൽ മതി. ചോദ്യങ്ങൾ വേണ്ട. വഴി അറിയാത്തവരേയും അവർ ലക്ഷ്യത്തിലെത്തിക്കും. എന്നാൽ അതിരുകൾക്ക് പുറത്ത് ചോദ്യങ്ങളുമായി തനിച്ചു നിൽക്കാനാണ് ധൈര്യം വേണ്ടത്. ഏത് നിമിഷവും വേട്ടയാടപ്പെടാം.
നീ ഒന്നിനേയും ഭയക്കരുത്.
മരണത്തെ മനസ്സിലാക്കിയവരെ ഭയം തീണ്ടില്ല. മരണത്തക്കാളും ഭയപ്പെടുത്തുന്നതായി യാതൊന്നുമില്ലല്ലോ ലോകത്തിൽ.
നിന്‍റെ മടക്കയാത്ര എന്നാണ്?
ഞാൻ നാളെത്തന്നെ മടങ്ങുകയാണ്.
ഇനിയുള്ള മരണാനന്തര ചടങ്ങുകൾക്കൊന്നിനും നീയുണ്ടാവില്ല അല്ലെ?
ഇല്ല, മരിച്ചവർ ഇവിടം വിട്ടു പോയി എന്നുറപ്പ് വരുത്താനുള്ള വഴികളല്ലേ എല്ലാ മരണാനന്തര ചടങ്ങുകളും. മരിച്ചവരെ പേടിക്കുന്നവരുടെ ചടങ്ങുകൾ! ജീവിച്ചിരുന്നപ്പോൾ എത്ര തന്നെ സ്നേഹിച്ചവരേയും മരിച്ചു കഴിഞ്ഞാൽ പേടി തോന്നും. ഉള്ളിൽ വെറുത്ത് കൊണ്ട് പുറമെ സ്നേഹം കാട്ടിയവരും, ജീവിച്ചിരുന്നപ്പോൾ സ്നേഹിക്കാൻ മറന്നവരുമാണ് മരിച്ചവരെ കൂടുതൽ പേടിക്കുന്നത്.
എന്നാൽ നീ നാളെത്തന്നെ പുറപ്പെട്ടോളൂ, നിന്‍റെ ജോലിയും തിരക്കും എനിക്ക് മനസ്സിലാക്കാൻ കഴിയും. ഇനി എന്നാ നിന്നെയൊന്ന് കാണുക എന്ന് ഞാൻ ചോദിക്കുന്നില്ല. നിനക്ക് നാട്ടിലേക്ക് വരാൻ ഇതുവരെ ഒരു കാരണമുണ്ടായിരുന്നു. ഇപ്പൊ അതും തീർന്നിരിക്കുന്നു. എങ്കിലും അവധി കിട്ടുമ്പോൾ വരാൻ മറക്കരുത്.
ഉള്ളിൽത്തന്നെ കൊണ്ട് നടക്കുകയല്ലേ ഞാൻ. തമ്മിൽ കാണാതിരുന്നപ്പോഴും എന്‍റെ ഉള്ളിൽ തന്നെയായിരുന്നല്ലോ. ഇനിയും അങ്ങിനെ തന്നെ തുടരും. ചോദ്യങ്ങളും ഉപദേശങ്ങളുമായി ഉറങ്ങാതിരിക്കുകയല്ലെ ഉള്ളിൽ. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം, വിശന്നിരിക്കരുത്, അസുഖം വരാതെ നോക്കണം, രാത്രിയിൽ വൈകാതെ റൂമിലെത്തണം, ഏത് പുസ്തകമാണ് വായിക്കുന്നത്. എപ്പോ വേണമെങ്കിലും കാണാമല്ലോ, എനിക്ക് കണ്ണൊന്ന് അടക്കുകയല്ലേ വേണ്ടു. തമ്മിൽ സംസാരിച്ചിരിക്കാം, വിഷമങ്ങൾ പങ്കു വയ്ക്കാം, പിരിയാം…വീണ്ടും കാണാം…വീണ്ടും പിരിയാം. മരിച്ചിട്ടില്ല എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
Comments
സുബൈർ MH, പ്ലാനിങ് കമ്മീഷനിൽ ജോലി, ഡൽഹിയിൽ താമസം