എണ്ണയുടെ നാട്, അഥവാ ജ്വാലയാർന്ന അതേഷ്‌ഗയും യാനാർദാഗും
യാത്രയുടെ അവസാനദിവസം രാവിലെ തന്നെ, പ്രധാന ഇടമായ അഗ്നിക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. ബാക്കുവിൽ നിന്ന് അകലെയല്ലാതെ അതേഷ്ഗയിലേക്കുള്ള യാത്രയിൽ നിരവധി ചെറുകിട എണ്ണഖനനപ്പാടങ്ങൾ കാണാമായിരുന്നു. ഈ യാത്രയിലെ കാഴ്ചകൾ അസർബൈജാനിലെ എണ്ണഖനനത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുവാനും അന്വേഷിക്കുവാനും പ്രേരണയേകി.

അസർബൈജാൻ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ്. പുരാതനകാലം മുതലുള്ളതാണ് ഇതിന്റെ എണ്ണചരിത്രം. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബാക്കുവിലും പരിസരപ്രദേശങ്ങളിലും എണ്ണപ്പാടങ്ങൾ വികസിപ്പിച്ചതോടെയായിരുന്നു ആഗോളതലത്തിൽ ഈ രാജ്യം വലിയ പ്രാധാന്യം നേടിയത്. 1900-ത്തിന്റെ തുടക്കത്തിൽ ലോകത്തിലെ എണ്ണയുടെ വലിയൊരു പങ്ക് ബാക്കുവിൽ നിന്നായിരുന്നു. നൂതനമായ ഡ്രില്ലിംഗ് സാങ്കേതികവിദ്യകൾക്ക് പേരുകേട്ട ഈ പ്രദേശം നോബൽ സഹോദരന്മാരും റോത്ത്‌ചൈൽഡ്‌സും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരെപ്പോലും ആകർഷിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ചെറുകിട എണ്ണഖനനം ഇപ്പോഴും നടക്കുന്ന ഒരു പ്രദേശമാണ് അസർബൈജാൻ. അസെറി-ചിരാഗ്-ഗുനാഷ്‌ലി എണ്ണപ്പാടങ്ങളിലെ വൻകിട വ്യാവസായിക പ്രവർത്തനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. ഇവിടങ്ങളിൽ പണിയെടുക്കുന്നവർ സ്വദേശീയരാണ് ഏറെയും എന്നതാണ് യാത്രാവേളയിലെ അന്വേഷണത്തിൽ ഗൈഡിൽ നിന്നും അറിയാൻ സാധിച്ചത്. എങ്കിലും അസർബൈജാനിൽ, പ്രത്യേകിച്ച് ബാക്കുവിന് ചുറ്റുമുള്ള ചെറുകിട എണ്ണപ്പാടങ്ങളിലോ ആദ്യകാല എണ്ണഖനന സ്ഥലങ്ങളിലോ, തൊഴിലാളികളായി തദ്ദേശീയരെ കൂടാതെ താലിഷ്, ലെസ്ഗിൻസ് പോലുള്ള വംശീയ ന്യൂനപക്ഷങ്ങളും അർമേനിയക്കാർ, റഷ്യക്കാർ തുടങ്ങിയ രാജ്യക്കാരും ഉണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും റഷ്യക്കു കീഴിൽ കുതിച്ചുയരുന്ന തൊഴിൽ കേന്ദ്രമായി ബാക്കു മാറിയപ്പോഴാണ് പേർഷ്യ (ആധുനിക ഇറാൻ), ജോർജിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നും ജോലി ചെയ്യാൻ കുടിയേറ്റ തൊഴിലാളികൾ എത്തിയത്. ഇന്ന് അക്കാലങ്ങളിലെന്ന പോലെ വിദേശ തൊഴിലാളികൾ ഇല്ലെന്നു തന്നെ പറയാം.അടിസ്ഥാന വർഗ്ഗത്തിന്റേയും തൊഴിലാളികളുടേയും കാര്യത്തിൽ മുതലാളിത്ത നയം പിന്തുടരുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത്തരം സമീപനങ്ങൾ കാണാൻ സാധിക്കും. അസർബൈജാനും അതിൽ നിന്ന് വ്യത്യസ്തമായി കാണാൻ സാധിക്കില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുക.

എണ്ണഖനനത്തിലെ കുതിച്ചുചാട്ടം ബാക്കുവിനെ ഒരു സമ്പന്ന നഗരമാക്കി മാറ്റി. വിദേശ നിക്ഷേപകരും പ്രാദേശിക ഉന്നതരും വളരെയധികം ലാഭം നേടിയെങ്കിലും, ഭൂരിഭാഗം തൊഴിലാളികളും ദാരിദ്ര്യത്തിൽ തുടർന്നു. വളരെ കുറഞ്ഞ വേതനത്തിന് അപകടകരമായ സാഹചര്യങ്ങളിൽ ദീർഘനേരം ജോലി ചെയ്യുന്നവരായിരുന്നു ആദ്യകാലത്തെ തൊഴിലാളികൾ. മാത്രമല്ല, ബാക്കു മേഖലയ്ക്ക് ചുറ്റും ശുചിത്വവും സുരക്ഷിതത്വവും അപര്യാപ്തമായിരുന്ന, തിരക്കേറിയതും മോശമായി നിർമ്മിച്ചതുമായ ബാരക്കുകളിലോ താൽക്കാലിക ഷെൽട്ടറുകളിലോ ആയിരുന്നു പലപ്പോഴും ഭൂരിഭാഗം തൊഴിലാളികളും താമസിച്ചിരുന്നത്. സോവിയറ്റ് കാലഘട്ടത്തിൽ എണ്ണ ഉൽപാദനം ദേശസാൽക്കരിക്കുകയും തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഭവനം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവ ലഭിക്കുകയും ചെയ്തപ്പോഴാണ് സ്ഥിതി ക്രമേണ മെച്ചപ്പെട്ടത്. ഇപ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറിയെന്ന് ഉറപ്പു പറയാൻ സാധിക്കില്ലെന്നാണ് ഞങ്ങളുടെ ഗൈഡിൽ നിന്നും മറ്റുള്ള അന്വേഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്.

ക്ഷേത്രത്തിലെത്തിയതും ഒരു കാലത്ത് സൊറാസ്ട്രിയക്കാർുടെ ആരാധനാകേന്ദ്രമായിരുന്ന പുരാതന നിർമ്മിതികളും നിലയ്ക്കാത്ത അഗ്നിജ്വാലയും കണ്ടു. ഏഴാം നൂറ്റാണ്ടിൽ ഇസ്‌ലാം മതത്തിലേക്ക് അസർബൈജാൻ ചുവടുകൾ വെച്ചപ്പോഴും ഇവിടെ സൊറാസ്ട്രിയക്കാരുടെ ആരാധന തുടർന്നിരുന്നുവത്രെ. എന്നാൽ കാലാന്തരത്തിൽ സൊറാസ്ട്രിയക്കാരുടെ കൊഴിഞ്ഞുപോക്ക് ഇവിടെയും മാറ്റങ്ങൾക്ക് കാരണമാകുകയും കേവലം ഒരു ടൂറിസ്റ്റ് സ്പോട്ട് മാത്രമായി ഈ ക്ഷേത്രം മാറുകയും ചെയ്തു.ക്ഷേത്രസമുച്ചയത്തിലൂടെ നടക്കുമ്പോൾ, ഒരു കാലത്ത് ഇവിടെ തഴച്ചുവളർന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് ഞങ്ങൾ മനസ്സിലാക്കി. അത് ആകർഷകമായ സാംസ്കാരികവും ചരിത്രപരവുമായ ഒരനുഭവമായി.

അതിനടുത്തായി, ഞങ്ങൾ ‘യാനാർഡാഗ്’ (കത്തുന്ന പർവ്വതം) സന്ദർശിച്ചു. ഈ പ്രകൃതിവാതക തീ സഹസ്രാബ്ദങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. സന്ധ്യാകാശത്തിനെതിരെ തീജ്വാലകൾ നൃത്തം ചെയ്യുന്നത് കാണുന്നത് മനസ്സിനെ മയക്കുന്ന കാഴ്ചയായിരുന്നു. സത്യത്തിൽ ഒരു പ്രകൃതിവാതക ചോർച്ചയാണ് ഈ പ്രതിഭാസം. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരണങ്ങളിലൊന്നാണ് അസർബൈജാൻ. ഭൂമിയുടെ പുറംതോടിലെ വിള്ളലുകളിലൂടെ ഉപരിതലത്തിലേക്ക് എത്തുന്ന വാതകമാണ് ഇങ്ങനെ കത്തിക്കൊണ്ടിരിക്കുന്നത്. പുരാതനമായ സൊറാസ്ട്രിയൻ ക്ഷേത്രവും യാനാർഡാഗും “അഗ്നിയുടെ നാട്” എന്ന അസർബൈജാന്റെ നേർസാക്ഷ്യമാണ്.
(അവസാനിച്ചു)
കവർ: ജ്യോതിസ് പരവൂർ
