പൂമുഖം ART ഏത് പൂതം?

ഏത് പൂതം?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

pootham

ഫോക്ക് ലോറിനെ മറ്റ് സംസ്കാര ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്‍റെ പാരമ്പര്യവുമായുള്ള നാഭീ നാള ബന്ധമാണെന്ന് പ്രശസ്ത ഫോക്ക് ലോറിസ്റ്റായ ഡോ. രാഘവൻ പയ്യനാട് അഭിപ്രായപ്പെട്ടുന്നു. പഴമയെക്കുറിച്ചുള്ള കേവലമായ പഠനം എന്ന നിലയിൽ നിന്നും ഫോക്ക് ലോർ ഏറെ വളർന്നിരിക്കുന്നു. മറേറതൊരു വിജ്ഞാന ശാഖയേയും പോലെ ഫോക് ലോർ നിത്യനൂതനമാണ്. വികസ്വരവുമാണ്. നമ്മുടെ നാട്ടിലെ പാരമ്പര്യവും പുരാവൃത്തവും മനോഹരമായി സമ്മേളിച്ച ഒരു കാവ്യമാണ് ഇടശ്ശേരിയുടെ ‘​പുതപ്പാട്ട്​’​.  മലയാളത്തിൽ ഫോക്ക് ലോറുമായി ബന്ധപ്പെട്ട് രചിച്ച ഏറ്റവും ശ്രേഷ്ഠമായ കൃതി എന്ന് തന്നെ വിശേഷിപ്പിക്കാം.

മാതൃത്വത്തിൻ്റെ ഇതിഹാസമെന്ന് പേർ കൊണ്ട ആ മഹാകാവ്യം ഉടലെടുത്തിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. അന്നും ഇന്നും കാവ്യാസ്വാദകരെ കുഴക്കുന്ന ഒരു ചോദ്യം ഈ കാവ്യത്തിൽ ഒളിഞ്ഞ് കിടക്കുന്നു. പൂതപ്പാട്ടിലെ പൂതം മണ്ണാൻ പൂതമോ പറപ്പൂതനോ? ഇവിടെ വള്ളുവനാട്ടിലെ രണ്ട് തരം പൂതങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. വള്ളുവനാട്ടിലെ മണ്ണാൻ സമുദായത്തിൽ പെട്ട കലാകാരന്മാരും പറയ സമുദായത്തിലെ കലാകാരന്മാരും ദേവീക്ഷേത്രങ്ങളിലെ പൂരാഘോഷങ്ങളോടനുബന്ധിച്ച് പൂതൻ കെട്ടി കളിക്കാറുണ്ട്. ഭൂതം തന്നെയാണ് പൂതം. ദേവിയുടെ ചൈതന്യം ആ കലാരൂപത്തിലേക്ക് ആവാഹിക്കുന്നു എന്ന് സങ്കൽപ്പം പുതങ്ങൾ ആദ്യം ഗൃഹ സന്ദർശനം നടത്തി വഴിപാടുകൾ സ്വീകരിച്ച് കാവ് തീണ്ടി മടങ്ങുന്നു.

കുട്ടിക്കാലത്ത് താൻ കണ്ട ഈ ദൃശ്യങ്ങൾ കവിയെ ഏറെ ആകർഷിച്ചതായി കവിതയുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. മൂത്ത സഹോദരങ്ങൾ പറഞ്ഞു തന്നpootham 1 യക്ഷിക്കഥകളും മറ്റുo തൻറെ ഭാവനയുടെ ചിറക് വിരുത്താൻ ഏറെ സഹായിച്ചു. ആ ബാല്യ കൌമാര കാലത്ത് താൻ കണ്ട പൊട്ടിച്ചൂട്ടുകളാണ് പൂതപ്പാട്ടും കാവിലെ പാട്ടുമായി മാറിയത്.  ഗ്രീഷ്മ കാലത്ത് തുടികൊട്ടും കുഴൽ വിളിയുമായി വീടുകളിൽ കടന്നു വരുന്ന പൂതങ്ങളുടെ ദൃശ്യം മനസ്സിൽ മായാതെ നിൽക്കുന്നതായി കവി തുടരുന്നു. ഇവിടെയും ഒരു വൈരുധ്യമുണ്ട് തുടി കൊട്ടുന്നത് മണ്ണാൻ പുതവും കുഴൽ വിളിക്കുന്നത് പറയപ്പൂതനുമാണ്. കവിതയിൽ കടന്നു വരുന്ന പൂതത്തെ നോക്കുക. തുടികൊട്ട്, ഓട്ട് ചിലമ്പിൻറെ കലമ്പൊലികൾ. മെയ്യിലണിഞ്ഞ അമ്പിളിക്കല, മാറിലെ പിച്ചളത്തോട, കഴുത്തിൽ കലപില പാടും പണ്ടങ്ങൾ. അലുക്കണിഞ്ഞ ചായക്കിരീടം, ചെപ്പിണ ചെമ്മണിക്കുത്തു മുലകളിൽ ഇഴയുന്ന പൂമാല്യം, പുറവടി മൂടിക്കിടക്കുന്ന വാർകുഴൽ, അരമണി, വെള്ളപ്പാവാട – രണ്ട് വിഭാഗക്കാർക്കും വാദിക്കാൻ ഇഷ്ടം പോലെ വകുപ്പുകൾ ഈ വിവരണത്തിൽ സുലഭം.

പറയൻറെ കുന്നിൻറെ അങ്ങേത്തലക്കലെ പാറക്കെട്ടിനിടയിലാണ് പൂതത്തിൻറെ താമസമെന്ന് കവി സൂചിപ്പിച്ചിരിക്കുന്നു. കരിമ്പൂതമെന്നാണ് ഒരു വിശേഷണം. മാറിലെ പിച്ചളത്തോടയും കുത്തു മുലകളും പറയപ്പൂതനാണ് യോജിച്ചത്.  ​അരമണി മണ്ണാൻ പുതത്തിനില്ല,​ ​പറപ്പൂതത്തിനുണ്ട്. ചായക്കിരീടം മണ്ണാൻ പൂതത്തിനുള്ളതാണ്. അഞ്ചിത നൃത്തം ചെയ്യുന്ന മണിപ്പൂതത്തിന് വെള്ള പാവാടയാണ്. ഇത് മണ്ണാൻ പൂതത്തിന് ഇണങ്ങുന്ന വിശേഷണമാണ്. ഉണ്ണി താമസിക്കുന്ന
വീടേതെന്ന് ചോദിക്കാൻ മറന്നു പോയതു കൊണ്ടാണ് പൂതത്തിന് എല്ലാ വീടുകളും കയറി ഇറങ്ങേണ്ടി വരുന്നത്.  (ഗൃഹസന്ദർശനത്തിൻ്റെ യുക്തി ഇതാണ്)  ഉണ്ണിയെ കണ്ടോ ഉണ്ണിയെ കണ്ടോ എന്ന് എല്ലാ വീട്ടിലും കയറി ഇറങ്ങി ചോദിക്കുന്ന മണ്ടനായ പൂതത്തിൻ്റെ വേഷം മണ്ണാൻ പൂതത്തിൻേറതു തന്നെ അഥവാ ഇതൊരു വൃഥാ വ്യായാമമാകാം. ഇടശ്ശേരിയുടെ പൂതം അദ്ദേഹത്തിൻ്റെ മാത്രം പൂതമാകുന്നു. അപാരമായ കാവ്യ സംസാരത്തിൽ കവി തന്നെയാകുന്നു പ്രജാപതി.

Comments
Print Friendly, PDF & Email

You may also like