പൂമുഖം ഡി ഫാക്ടോ എല്ലാം വിഴുങ്ങുന്ന ലിംഗം

എല്ലാം വിഴുങ്ങുന്ന ലിംഗം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നമ്മുടെ രാഷ്ട്രഭദ്രതയുടെ അടിസ്ഥാനസൂചകങ്ങളെല്ലാം താഴേക്ക് പതിക്കുമ്പോള്‍ എക്കാലവും ഉദ്ധരിച്ച് മേലോട്ട് നില്‍ക്കുമെന്നുറപ്പുള്ള ഒന്നില്‍ ജനതയപ്പാടെ കെട്ടിപ്പിടിക്കുന്നൊരു കാഴ്ച നാം കാണുന്നു. അതൊരു ലിംഗത്തിന്മേ ലാണ്. എല്ലാ ആപത്തുകളില്‍ നിന്നും ആ മഹാലിംഗം നമ്മെ രക്ഷിച്ചേ മതിയാവൂ. എന്നാല്‍ അങ്ങനെയത് നമ്മെ രക്ഷിക്കണമെങ്കില്‍ നാം ആദ്യം ആ ലിംഗത്തെ രക്ഷിച്ച് സംരക്ഷിക്കേണ്ടതുണ്ട്. പൂജിക്കേണ്ടതുണ്ട്. ലിംഗം പ്രസാദിച്ചാല്‍ അത് നമുക്കായി രക്ഷയുടെ വാതില്‍ തുറന്നു തരും. സാധാരണ ഗതിയില്‍ ലിംഗം നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണെങ്കില്‍ വിശുദ്ധലിംഗം രാഷ്ട്രീയശരീരം തന്നെയായി മാറുന്നു. ഒരു വലിയ രാജ്യത്തിന്റെ രാഷ്ട്രീയത്തെ അപ്പാടെ ഒരു ലിംഗം ഹൈജാക്ക് ചെയ്യുന്ന കാഴ്ച കണ്ട് നാം അമ്പരക്കുന്നു. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് പിന്നെയും വിചിത്രമായ പലതും സംഭവിക്കുന്നു. നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ഒരു ജനത ലിംഗത്തിലേറി ചരിത്രസഞ്ചാരം നടത്തുന്നു. ചരിത്രത്തിന്റെ ചെളിമണ്ണ് കൈയ്യിലെടുത്ത് നാം ഊതുന്നു. അങ്ങനെ ചരിത്രത്തിന്റെ അസംബന്ധങ്ങള്‍ക്ക്, അതിന്റെ മനുഷ്യരൂപങ്ങള്‍ക്ക് നാം ജീവന്‍ കൊടുക്കാന്‍ ശ്രമിക്കുന്നു. എന്നിട്ട് പൊയ്‌പ്പോയ കാലത്തിന്റെ ശരിതെറ്റുകള്‍ പുനര്‍നിര്‍ണയിക്കാന്‍ ശ്രമിക്കുന്നു. ഈ രാജ്യത്തിന്റെ സകലസംവിധാനങ്ങളും ഒരു ലിംഗത്തിലേക്ക് ഉറ്റുനോക്കിയിരിക്കുകയാണ് ഇപ്പോള്‍.

സത്യത്തില്‍ ചരിത്രത്തിലേക്ക് പിന്‍മടങ്ങി തെറ്റുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് തന്നെ നിരര്‍ത്ഥകമാണ്. ചരിത്രത്തിന്റെ അതിക്രമങ്ങളെ ചരിത്രത്തില്‍ തന്നെ ചെറുത്തു തോല്‍പ്പിച്ചും ചിലതിനൊക്കെ പിൽക്കാലത്തു മാപ്പുകൊടുത്തിട്ടും ആണ് നാം ഇന്ന് ഒരു രാഷ്ട്രമായി വര്‍ത്തമാനത്തില്‍ കാലൂന്നി നില്‍ക്കുന്നത്. വെട്ടിപ്പിടിക്കലുകളും അതിക്രമങ്ങളും തച്ചുതകര്‍ക്കലുമെല്ലാം സ്വാഭാവിക വാഴ്ചയായിരുന്ന ഒരു കാലത്ത് നിന്നും ഒരുപാട് പരിണമിച്ചാണ് നാം ഇന്നിവിടെ എത്തി നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ആ വഴിക്ക് അധികമൊന്നും നമുക്ക് തിരിച്ചു സഞ്ചരിക്കാനാവില്ല. കൂടിയാല്‍ ഒരു ഇരുന്നൂറ് വര്‍ഷമോ, അഞ്ഞൂറ് വര്‍ഷമോ മാത്രം. എന്നിരുന്നാലും എന്ത് കാര്യം? ചരിത്രത്തിന്റെ തെറ്റുകളെ ചരിത്രത്തില്‍ തന്നെ ഉപേക്ഷിക്കുന്നത് കൂടിയാണ് ചരിത്രബോധം. ഇന്ത്യന്‍ ജനതയുടെ കഴുത്തില്‍ അടിമത്തത്തിന്റെ നുകം നൂറ്റാണ്ടുകള്‍ ചാര്‍ത്തിയ, ഈ നാടിനെ സ സൂക്ഷ്മം കൊള്ളയടിച്ച ബ്രിട്ടനുമായി നാം അന്തസ്സാര്‍ന്ന നയതന്ത്രബന്ധവും സൗഹൃദവും ആണ് പുലര്‍ത്തുന്നത്. കൊളോണിയലിസത്തിന്റെ തെറ്റുകളെ നമ്മള്‍ ചരിത്രത്തിന് വിട്ട് കൊടുക്കുന്നത് കൊണ്ടാണിത്. ചരിത്രം എന്നാല്‍ കേവലം കഴിഞ്ഞു പോയ കാലത്തിന്റെ നാള്‍വഴികള്‍ മാത്രമാവുന്നില്ല. അത് പോയ കാലത്തിന്റെ തടവറയും മോര്‍ച്ചറിയും കൂടെയാണ്. അത് തുറക്കുമ്പോള്‍ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു.

എന്തു തന്നെ ആയാലും വാരാണസിയില്‍ ഉയിര്‍ത്തുവെന്ന് പറയപ്പെടുന്ന ലിംഗം അതിന്റെ അദൃശ്യസഞ്ചാരം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ മുക്കിലും മൂലയിലും ആ ലിംഗത്തിന്റെ പൊളിറ്റിക്കല്‍ ക്‌ളോണുകള്‍ സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു ജനതയുടെ മനസ്സുകളെയപ്പാടെ ലിംഗം വിഴുങ്ങുന്നു. എല്ലാവരും ഒരു ലിംഗത്തിലേക്ക് ചുരുങ്ങുന്നു. അപ്പോഴും മറ്റ് ചിലത് ഇവിടെ സംഭവിക്കുന്നുണ്ട്.

ഇന്ത്യന്‍രൂപയുടെ മൂല്യം സര്‍വകാല റെക്കോഡിലേക്ക് ഇടിഞ്ഞത് ഈ അടുത്ത ദിവസങ്ങളിലാണ്. ഒപ്പം ഇന്ധനവില അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഇവ സൃഷ്ടിച്ച വിലക്കയറ്റം രാജ്യമൊട്ടാകെ മനുഷ്യജീവിതം ഏറ്റവും ദുസ്സഹമാക്കിയിരിക്കുന്നു. ഇന്‍ഫ്‌ളേഷന്‍ എന്ന് സാമ്പത്തികശാസ്ത്രത്തില്‍ വ്യവഹരിക്കപ്പെടുന്ന ഈ പ്രതിഭാസം നിയന്ത്രിക്കുവാന്‍ ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ല. ഇതിനിടയില്‍ പാചകവാതകവിലയും വന്‍തോതില്‍ ഉയര്‍ന്നു. ഈ കുറിപ്പ് എഴുതുന്ന ദിവസവും പാചകവാതകത്തിന് മൂന്നോ നാലോ രൂപ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യയിലെ തൊഴിലില്ലായ്മ ഏതാണ്ട് മൂന്നൂറ് ഇരട്ടിയായാണ് വര്‍ധിച്ചത്. ഒപ്പം അന്താരാഷ്ട്ര ഇന്‍ഡക്‌സുകളില്‍ ഇന്ത്യയുടെ സ്ഥാനം, അത് പട്ടിണിയുടെ കാര്യത്തിലാവട്ടെ, ദാരിദ്ര്യത്തിന്റെ കാര്യത്തിലാവട്ടെ, സന്തോഷത്തിന്റെ, മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാവട്ടെ ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തി.

ഇതൊക്കെയും സ്വാഭാവികമാണ് എന്ന് ഒരു വിഭാഗം എഴുതുന്നുണ്ട്. അവര്‍ പറയാതെ പറയുന്നത് ജനങ്ങള്‍ ദുരിതത്തിലായിരിക്കുക എന്നത് ഒരു കഴിവുകെട്ട ഭരണത്തിന്‍കീഴില്‍ സ്വാഭാവികമാണ് എന്നാവാം. അല്ലെങ്കില്‍ ഒരു ജനതയുടെ ദുരന്തമെന്നത് അവരുടെ തന്നെ കഴിവുകേടിന്റെ പ്രതിഫലനമാണ് എന്നുമാവാം. എന്ത് തന്നെ ആയാലും ഇത്രയും നാള്‍ ഒളിഞ്ഞിരുന്ന ഒരു ലിംഗത്തിന്റെ വെളിപ്പെടലില്‍ ഈ രാജ്യം വിചിത്രമായൊരു ഉദ്വേഗം അനുഭവിക്കുന്നു. ഒരു ഹിച്ച്‌കോക്ക് സിനിമയായി വാരാണസി പരിണമിക്കുന്നു. ആളുകൾ നൊടിയിടയിൽ ചരിത്ര സഞ്ചാരികൾ ആയി മാറുന്നു. നൂറ്റാണ്ടുകൾ പിന്നിലേക്ക് ഒരസംബന്ധ കേളീരംഗം ഒരുങ്ങുന്നു. ഏറ്റവുമൊടുവിൽ ചോദിക്കേണ്ടതൊന്നും ചോദിക്കാതെ, 130 കോടി മനുഷ്യര്‍ വെറുമൊരു ദുര്‍ബല ലിംഗമായി തീ പിടിച്ച തെരുവില്‍ ഇഴയുന്നു. എല്ലാം വിഴുങ്ങുന്ന ഒരു ലിംഗം മാത്രം ആത്യന്തം ഉദ്ധരിച്ചു നിൽക്കുന്നു.

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like