പൂമുഖം LITERATUREകവിത മരുപ്പച്ച

മരുപ്പച്ച

മേൽക്കഴുകുമ്പോൾ
നമ്മളോര്‍ക്കുന്നതേയില്ല
ഈ അഴുക്കു വെള്ളം
അടുക്കളത്തൊടിയില്‍
ഒരു മരുപ്പച്ച തീര്‍ക്കുന്നത്

കടും പച്ച പുല്ലുകള്‍
ഒട്ടകക്കൂനുമായ് ഒച്ചുകള്‍
തേരട്ടകള്‍ കരിം നീല കറിവേപ്പും
തണലും തണുത്ത മണ്ണും.

നമ്മള്‍ പ്രതീക്ഷിക്കാത്തിടത്താണ്
മരുപ്പച്ചകള്‍ ഉണ്ടാകുന്നത്

ഒരിക്കലും പുഞ്ചിരിച്ചിട്ടില്ലാത്ത
അപരിചിതരെന്ന്
നാം കരുതിയവര്‍
നമുക്കങ്ങേയറ്റം ദാഹിക്കുന്ന
നിമിഷമറിയും

നമ്മള്‍ കുഴഞ്ഞ് വീഴുന്നത്
ആ കൈകളിലേക്കാണ്
അവിശ്വസനീയമാം വണ്ണം
ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്
ആ മടിയിലും

തണലുമായ് വരുന്നവരുടെ
തിളക്കമാണ്
ദിക്കറിയാത്ത ഭൂമികയിലെ
കാന്തമുന

മുന്നോട്ട് നടക്കുക

നെഞ്ചില്‍ മരുപ്പച്ചയുമായി
തന്റെ തോലുറയില്‍
ഒരു കവിള്‍ വെള്ളം
നിങ്ങള്‍ക്കായി ഒരാള്‍
മാറ്റി വച്ചിട്ടുണ്ട്

കവർ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like