കൈക്ക് ചെറിയ വിറയല്‍ ഉണ്ട്. എഴുത്തില്‍ ചില തെറ്റും ഉണ്ടാകും. 1935 നു ശേഷം 1944 വരെ അമ്മയും ഏട്ടന്മാരും അനുഭവിച്ചറിഞ്ഞു എനിക്ക് പറഞ്ഞുതന്നതും പിന്നെ 1950 വരെ ഞാന്‍ നേരിട്ട് കണ്ട് അറിഞ്ഞതുമായ ഓര്‍മ്മയിലെ ചില കാര്യങ്ങള്‍. പിന്നെ 1960 വരെയുള്ള നടന്ന കാര്യങ്ങള്‍ ചിലതും.
ആവള കോഴിക്കോട് ജില്ലയില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലാണ്. കുറ്റ്യാടി പുഴയുടെ തെക്കുഭാഗം പെരിഞ്ചേരിക്കടവ് ഗുളികപ്പുഴ എന്നിവയുടെ തെക്കുഭാഗം പടിഞ്ഞാറ് ആവള പാണ്ടിയും കുറൂര കടവും തെക്ക് ഭാഗം മഠത്തില്‍മുക്ക് വരെ. കിഴക്ക് ഇടവരാട് ഭാഗം. ഇതിനുള്ളില്‍ പകുതി പാണ്ടിയും ബാക്കി കരപ്രദേശവും. പാണ്ടിയില്‍ തെക്ക് ഭാഗം – കരയോട് തൊട്ടുകിടക്കുന്ന 5 വീടുകള്‍ ഉള്ള ഒരു തുരുത്ത്. തുരുത്തിന്‍റെ കിഴക്ക്ഭാഗം ആവള പാണ്ടിയുടെ ഒരറ്റത്തുള്ള തണ്ണീര്‍പന്തലിന്‍റെ (തണ്ണി പന്തല്‍) പടിഞ്ഞാറ് ഭാഗത്താണ് താഴെ കുറൂര എന്ന വീട്. തുരുത്തിന്‍റെ ഒരറ്റത്ത്.
ഈ പറമ്പിലെ നാല് ഏക്കറോളം ഫലവൃക്ഷങ്ങള്‍ നിറഞ്ഞ കരപ്രദേശവും ബാക്കി താഴെ നാലേക്കറോളം കണ്ടല്‍ക്കാടുകളും വേനലില്‍ പച്ചക്കറികളും കപ്പ കൃഷിയും ചെയ്യുന്ന കൊല്ലിയും. മഴക്കാലമായാല്‍ ഇതൊക്കെ വെള്ളത്തിനടിയിലായിരിക്കും. ഏറ്റവും അടിയില്‍ ഒരു കുണ്ട്കുളവും ഉണ്ട്. മഴക്കാലം തുരുത്ത് ഒറ്റപ്പെടും. പിന്നെ തോണിയിലേ ചുറ്റു പ്രദേശങ്ങളില്‍ പോകാനാവു. 1941 ല്‍ ടി കെ ശങ്കരന്‍ നമ്പ്യാര്‍ എന്നൊരാള്‍ താഴെ കുറൂര വീട്ടില്‍ കുടുംബസമേതം താമസമാക്കി.
ടി കെ ശങ്കരന്‍ നമ്പ്യാര്‍ക്ക് ഭാര്യയും 5 മക്കളുമാണ് ഉള്ളത്. മൂത്തത് ടി കെ അപ്പുക്കുട്ടി നമ്പ്യാര്‍ രണ്ടാമത് ടി കെ ഗോപാലന്‍ നമ്പ്യാര്‍ മൂന്നാമത് ടി കെ അമ്മാളു അമ്മ നാലാമത് ടി കെ ജാനു അഞ്ചാമത് ടി കെ നാരായണി. പില്‍ക്കാലത്ത് ടി കെ നാരായണി ടീച്ചര്‍ ആയ ഞാന്‍. ഞാന്‍ 1940 ജനുവരി 20 നാണ് ജനിച്ചത്. ഞങ്ങളെയല്ലാം പ്രസവിച്ചത് മുയിപ്പോത്തെ രയരോത്ത് എന്ന വീട്ടിലാണ്. (ഇപ്പോള്‍ അവിടെ R Sasi. CPI ആണ് താമസം). എനിക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ താഴെ കുറൂരയിലേക്ക് താമസം മാറിയത്. അതുവരെ ആവള കോരംകുളങ്ങര അമ്പലത്തിന് കിഴക്ക് ഭാഗത്തുള്ള മുന്നൂറ്റന്‍ കുഴിയിലാണ്.

ടി കെ ശങ്കരന്‍ നമ്പ്യാര്‍ (അച്ഛന്‍) ഒരു കളരി ആശാനും അഭ്യാസങ്ങള്‍ നന്നായി അറിയുന്ന ആളും ഒടിവും ചതവും ശരിയാക്കികൊടുക്കുന്ന ആളും ഉഴിച്ചിലും പിഴിച്ചിലും എല്ലാം അറിയുന്ന തന്റേടിടിയായ ഒരു വലിയ, കറുത്ത മനുഷ്യനാണ്. ആളുകള്‍ക്കെല്ലാം ഇതുകൊണ്ട് അല്‍പ്പം ബഹുമാനവും വലിയ പേടിയും ആണ്. തെറ്റ് എവിടെ കണ്ടാലും ഉടന്‍ പ്രതികരിക്കും. പാവപ്പെട്ടവന്‍റെ ഭാഗത്ത് നില്‍ക്കും. ശരിയുടെ ഭാഗത്തേ നില്‍ക്കൂ. വലിയ സമ്പന്നന്മാരുടെ പണമോ പദവിയോ അച്ഛന് പ്രശ്നമേ അല്ല. അന്ന് ജന്മി നാടുവാഴി പറയുന്ന വ്യവസ്ഥയാണ്. എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. ഇത് എപ്പോഴും തെറ്റായ വ്യവസ്ഥകള്‍ ആയിരിക്കും. അച്ഛന്‍ അതൊന്നും അംഗീകരിച്ച് കൊടുക്കില്ല. അതുകൊണ്ട് തന്നെ താഴെക്കിടയിലുള്ളവര്‍ക്ക് വലിയ ബഹുമാനവും ഒരു സുരക്ഷിതബോധവുമാണ്. അവര്‍ക്കൊക്കെ എന്ത് പ്രശ്നം വന്നാലും അച്ഛന്‍ ഇടപെടും.
1935 മുതല്‍ തന്നെ സി.കെ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയ ചില ആളുകള്‍ വന്ന് അച്ഛനുമായി ബന്ധപ്പെടും. ശരിയുടെ ഭാഗത്ത് നില്‍ക്കുന്ന ഒരു തന്റേടി എന്ന നിലക്കാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ആ കാലത്ത് താഴെ കുറൂരയില്‍ താമസിച്ചുകൊണ്ട് പല ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും അവിടെവെച്ചാണ് രൂപം കൊടുക്കുന്നത്. ഇവര്‍ താമസിക്കുന്ന വിവരം മറ്റാരും അറിയില്ല. അതുകൊണ്ടുതന്നെ ശങ്കരന്‍ നമ്പ്യാര്‍ പറമ്പില്‍ വിശ്വസ്ഥനായ ഒരു പണിക്കാരനെ ആക്കും. കരിങ്ങാട്ടുമ്മല്‍ കണ്ണന്‍. ഗോപാലേട്ടനും അമ്മാളു ഏട്ടത്തിയും കൂടി പണിക്കാരന് ഭക്ഷണവൂമായി വരും. അതില്‍ രണ്ടോ മൂന്നോ പൊതി സി.കെ.ജിക്കും കൂട്ടുകാര്‍ക്കും ഉള്ളതായിരിക്കും. ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് അച്ഛന്‍ താഴെ കുറൂരയിലേക്ക് താമസം മാറിയത്. കണ്ടല്‍കാടുകള്‍ നിറഞ്ഞ ഒരു തുരുത്തായത്കൊണ്ട് അവിടെ സുരക്ഷിതമാണ്. ഒരു ദിവസം സി.കെ.ജി ക്ക് വടകര ഭാഗത്തേക്ക് പോകണം പക്ഷെ കടത്തുതോണിക്ക് കൊടുക്കാന്‍ കാശില്ല. അച്ഛന്‍റെ കയ്യിലും ഇല്ല. അങ്ങനെ എന്തുചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോള്‍ ഒരു ചെണ്ട അടി ശബ്ദം കേട്ടു. കുറച്ചകലെ ഏതോ വീട്ടില്‍ ഗര്‍ഭിണിക്ക് മലയന്മാരും മലയിയും വന്നു ബലിക്കള കഴിക്കുന്നതിന്‍റെ ചെണ്ട അടിയാണ്. പിറ്റെ ദിവസം രാവിലെ അച്ഛന്‍ അവര്‍ മടങ്ങിപ്പോകുന്ന വഴിയില്‍ പോയി നിന്നു. മലയന്‍ ബലിക്കളയും കഴിഞ്ഞ് മടങ്ങുപോള്‍ ദക്ഷിണയായി പണവും അരിയും തേങ്ങയും എല്ലാം കൊടുക്കും. മലയന്‍ (കേളു പണിക്കര്‍ നിടുമ്പ്രത്ത്) അയാളോട് പറഞ്ഞു നിനക്ക് രണ്ടു മൂന്നു പനയിലെ ഓല തരുന്നുണ്ട്, ഒരണ തരണം എന്ന്. മലയര്‍ക്ക് പരിപാടി ഇല്ലാത്ത ദിവസം പനയോല കൊണ്ട് തലക്കുടയും കാല്‍ക്കുടയും കെട്ടലാണ് പണി. അങ്ങനെ ഒരണ വാങ്ങി സി.കെ.ജി. ക്ക് കൊടുത്തു. (4 പൈസ ഒരു മുക്കാല്‍ 4 മുക്കാല്‍ ഒരണ 16 അണ ഒരു രൂപ) 2 പൈസ തോണിക്ക് കൊടുത്താല്‍ ബാക്കി അദ്ദേഹത്തിന് മറ്റാവശ്യങ്ങള്‍ക്കും എടുക്കാമല്ലോ. ഇത് അച്ഛനും അമ്മയും ഏട്ടന്മാരും എല്ലാം പറയുന്നത് കേട്ടതാണ്.

1945 ന് മുന്‍പ് മുതല്‍ തന്നെ സ: കൃഷ്ണപ്പിള്ള വീട്ടില്‍ വന്നു തുടങ്ങി. പകല്‍ സമയത്ത് കുറൂര തുരുത്തില്‍ തന്നെയുള്ള കച്ചവടമില്ലാത്ത പീടികയുടെ അറയുടെ മുകളിലോ താഴെ കുറൂര തന്നെ അട്ടത്തോ കഴിഞ്ഞുകൂടും. രാത്രി വൈകിയാല്‍ അച്ഛന്‍ അത്യാവശ്യം ചില തന്റേടികളെ വീട്ടില്‍ സംഘടിപ്പിച്ചിരിക്കും. അവര്‍ക്ക് കൃഷ്ണപ്പിള്ള സ്റ്റഡിക്ലാസ് നടത്തും. ഞാന്‍ അന്ന് മൂന്ന് വയസ്സുള്ള കുട്ടിയാണ്. ഞാന്‍ ഉറങ്ങാതെ കിടന്ന് ക്ലാസ് തുടങ്ങിയാല്‍ കൃഷ്ണപ്പിള്ളയുടെ മടിയില്‍ ചാടി ഇരിക്കുമത്രെ. എനിക്ക് ഓര്‍മ്മയില്ല. അമ്മയും ഏട്ടന്മാരും പറഞ്ഞുകേട്ടതാണ്. ഇങ്ങനെ പല ദിവസങ്ങളോളം പല പ്രാവശ്യമായി സഖാവ് സ്റ്റഡി ക്ലാസ് നടത്തിയിട്ടുണ്ട്. അദ്ദേഹം പമ്പ് കടിയേറ്റ് മരിച്ചത് ഞങ്ങളറിഞ്ഞ ദിവസം വീട്ടില്‍ ചോറ് പോലും വെച്ചിട്ടില്ല. അത്ര സങ്കടമായിരുന്നു. അന്നെനിക്ക് നല്ല ഓര്‍മ്മയുണ്ട്. സഖാവ് താമസിച്ചത് മുഴുവന്‍ ഒളിവിലാണ്.
പിന്നെ വരുന്നത് A.K.G. യാണ്. A.K.G. ദിവസങ്ങളോളം, 1948 വരെയുള്ള കാലയളവില്‍. അത് എനിക്കും നല്ല ഓര്‍മ്മയുണ്ട്. A.K.G യും ഇതുപോലെ പകല്‍ സമയം മുഴുവനും കണ്ടല്‍ക്കാടിനുള്ളിലും അട്ടത്തും പീടികപ്പുറത്തും എല്ലാം കഴിയും. രാത്രി വീട്ടിലെത്തും സ്റ്റഡി ക്ലാസും ഒക്കെയായി കഴിയും. പിന്നെ പിന്നെ ആളുകള്‍ ഇതൊക്കെ മണത്തറിയാന്‍ തുടങ്ങി. പിന്നെ ഇങ്ങനെ ഒളിച്ചുകഴിയുന്നവരെ പിടിച്ച് പോലീസിനെ ഏല്‍പ്പിക്കാനുള്ള ശ്രമമായി. അപ്പോഴേക്കും മൂത്ത ഏട്ടനെ (ടി കെ അപ്പുക്കുട്ടി നമ്പ്യാര്‍) പാട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്തു കൊണ്ട്പോയിരുന്നു. CKG യുടെയും AKG യുടെയും ക്ലാസുകള്‍ കേട്ട് ഏട്ടന്‍ ഒരു കോണ്ഗ്രസ്സായി.
പട്ടാള ക്യാമ്പിലും ധാരാളം കോണ്‍ഗ്രസ്സുകാര്‍ ഉണ്ടായിരുന്നു. ഒരു ദിവസം അവരുടെ ക്യാമ്പില്‍ അവര്‍ ദേശീയ പതാക ഉയര്‍ത്തി അങ്ങനെ അവരെയെല്ലാം പിരിച്ചുവിട്ടു. ഏട്ടന്‍ ജോലി നഷ്ടപ്പെട്ട് വീട്ടില്‍ എത്തി. അപ്പോഴേക്കും ആവളയിലുള്ള ഈ സ്റ്റഡി ക്ലാസുകളില്‍ പങ്കെടുത്തവരെല്ലാം കമ്മ്യൂണിസ്റ്റ് അനുഭാവികളായി മാറിയിരുന്നു. അച്ഛനും ഏട്ടന്മാരും എല്ലാം സഖാവിന്‍റെ പിന്‍ഗാമികളായി. ഇവരൊക്കെ പിടിക്കപ്പെടുമെന്ന സ്ഥിതിയായി. എല്ലാവരും ഒളിവില്‍ തന്നെ. ഇവര്‍ ഭക്ഷണം കഴിക്കാന്‍ വരുന്നത് പാതിരാസമയത്തായിരിക്കും. വൈകുന്നേരം ചോറ് വെച്ചാല്‍ ഒരു വലിയ കുടുവന്‍ കിണ്ണത്തില്‍ ചോറ് വിളമ്പി കുത്തി അമര്‍ത്തി മൂടി അട്ടത്ത് വെക്കും (അടുക്കളയുടെ). ഒരു ചെറിയ മണ്ണെണ്ണ വിളക്ക് കത്തിച്ച് തിരി താഴ്ത്തി അടുക്കളയില്‍ വെക്കും. ജനല്‍ ഒന്നും ഇല്ലാത്തതിനാല്‍ വെളിച്ചം പുറത്തുകാണില്ല. വാതിലുകള്‍ അടച്ചു മേല്‍പ്പടിയില്‍ നിന്ന് ഒരു തഴുത് വാതിലിന് ഇപ്പുറത്ത് കൂടി ഇട്ടാല്‍ വാതില്‍ പുറത്ത് നിന്ന് തുറക്കാന്‍ കഴിയില്ല. അങ്ങനെയാണ് വാതില്‍ അടയ്ക്കുക. ഈ തഴുതുകളുടെ ഭാഗത്ത് വാതില്‍ പലകകള്‍ (വാതില്‍ പോളകള്‍) ചേരുന്നതിനും നേരെയായി ഒരു വിടവുണ്ടാകും. എല്ലാ തഴുതുകളും അങ്ങനെയാണ്. താഴെ കുറൂര ഒരു ചെറിയ കട്ടപ്പുരയാണ്. നടുക്ക് കുറച്ചു വലിയ ഒരകം. ഒരു അടുക്കള ചെറുത്. പടിഞ്ഞാറ് ഭാഗത്ത് നീളത്തില്‍ ഒരു ചെറിയ അകം. ജനല്‍ ഒന്നും ഇല്ല. ചുറ്റുപാടും വീതിയിലും നീളത്തിലുമുള്ള കോലായികള്‍. മുന്‍വശം താഴെയും മേലെയുമായി നീളത്തില്‍ രണ്ട് കോലായി. എല്ലാം ചാണകവും കരിയും മെഴുകി വെള്ളില പുഴുങ്ങി കരി ചേര്‍ത്ത് തേച്ച് വടിച്ച് നല്ല മിനുസത്തില്‍. വേനലില്‍ എല്ലാവരും നിലത്തുതന്നെ കിടന്നുറങ്ങും. പുരുഷന്മാരെല്ലാം കോലായില്‍ കിടന്നുറങ്ങും. സ്ത്രീകള്‍ നടുക്കെ വലിപ്പമുള്ള അകത്തും. പ്രസവിക്കുമ്പോഴും തെരണ്ട് തീണ്ടാരിക്കുമ്പോഴും സ്ത്രീകള്‍ പടിഞ്ഞാറ് ഭാഗത്തുള്ള നീണ്ട ചെറിയ അകത്ത് കിടക്കും.
(തുടരും)
കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്
