പൂമുഖം വ്യൂഫൈൻഡർ കൃഷ്ണശിലകളിലെ സംഗീതം

കൃഷ്ണശിലകളിലെ സംഗീതം


കാഞ്ചീപുരം ജില്ലയിലെ പുരാതനമായ തുറമുഖ നഗരമാണ് മഹാബലിപുരം.ചെന്നൈ പട്ടണത്തിൽ നിന്നും രണ്ടുമണിക്കൂർ യാത്രചെയ്താൽ കടലോരത്തെ വാസ്തുശില്പസൗന്ദര്യമാർന്ന മഹാബലിപുരത്ത് നാം കാലുകുത്തും. ദക്ഷിണേന്ത്യയിലെ പല്ലവ രാജാക്കന്മാരാണ് ഈ നഗരം രൂപകൽപന ചെയ്തത്.പല്ലവ രാജാവായ മാമല്ലൻ്റെ പേരിലറിയപ്പെടുന്നതിനാൽ ഇവിടം മാമല്ലപുരം എന്നും കേൾവിപ്പെടുന്നു. ലോക പൈതൃക നഗരികളുടെ സംരക്ഷണത്തിലുള്ള മഹാബലിപുരം ക്രിസ്തുവർഷം ഏഴിനും ഒൻപതിനുമിടയിലാണ് നിർമ്മിക്കപ്പെട്ടത്.


നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ശിലാഗുഹകളും അപൂർണമായ ചൈത്യങ്ങളും ബുദ്ധവിഹാരങ്ങളും മാമ്മല്ലപുരം കാഴ്ചകളുടെ നിറമാലയാണ്.


അപൂർണമായ ശില്പനിർമിതികൾ സംരക്ഷിക്കാനായി പല്ലവരാജാക്കന്മാർ നിർമിച്ച മഹാവിഷ്ണു ക്ഷേത്രമാണ് തിരുക്കടൽ മല്ലൈ. പടിഞ്ഞാറ് അഭിമുഖമായ കടലോരത്തെ വിഷ്ണുക്ഷേത്രം മനോഹരമായ കാഴ്ചയൊരുക്കുന്നു. തൊട്ടരികെ പാണ്ഡവരുടെ പഞ്ചരഥങ്ങൾ ഓരോന്നും വ്യത്യസ്ത ശില്പശൈലികളിലാണ് വിന്യസിച്ചിരിക്കുന്നത്. പിരമിഡിൻ്റെ ആകൃതിയിലുള്ള ഈ രഥശില്പങ്ങൾ പഞ്ചപാണ്ഡവർക്കുള്ള ആരതിയൊരുക്കുന്നു. മഹിഷാസുര മർദ്ദിനി ഗുഹാക്ഷേത്രവും മറ്റു ശിലാനിർമിതികളും ശില്പചാതുരിയുടെ സാക്ഷ്യപത്രങ്ങളാണ് .


ദ്രാവിഡ വാസ്തുശില്പകലയുടെ സൗന്ദര്യമാതൃകയാണ് ഇവിടത്തെ ഓരോ ശിലാനിർമിതിയും.പാറതുരന്നു നിർമിച്ച ഓരോ സ്മാരകവും കാഴ്ചയുടെ സവിശേഷമായ ലാവണ്യാനുഭവമാണെന്ന് പറയാതെ വയ്യ.ഗുഹാക്ഷേത്രങ്ങളും ഒറ്റക്കല്മണ്ഡപങ്ങളും നിറഞ്ഞ മഹാബലിപുരം പല്ലവ ശില്പകലയുടെ മകുടോദാഹരണമാണ്. പല്ലവരാജ്യത്തിലെ ശില്പകലാ വിദ്യാലയമായിരുന്നുവത്രെ മഹാബലിപുരം. ശില്പങ്ങളിൽ എല്ലാം പൂർണമല്ലെന്നു നോക്കിയാൽ അറിയാം.

ഒറ്റക്കല്ലിലുള്ള തൃക്കൈ വെണ്ണപോലുള്ള ഉരുണ്ട പാറകല്ല് മറ്റൊരു അദ്‌ഭുതം തുറന്നുവെക്കുന്നു. സന്ദർശകർ കൂട്ടമായി കൈകൾകൊണ്ട് തള്ളിത്താഴെയിടാൻ നോക്കുമ്പോൾ ഇതാ ഇപ്പൊ വീഴുമെന്ന മട്ടിലാണ് ഭീമാകാരമായ പാറയുടെ നില്പ്.

അർജുനൻ്റെ തപസ്സ് എന്ന പേരിലുള്ള അ ബൃഹത്തായ കൃഷ്ണാശിലാശില്പമാണ് മഹാബലിപുരത്തിൻ്റെ ഓർമകളിലെ ഏറ്റവും ദീപ്‌തമായ അനുഭവം. ഇത്രയും ബൃഹദാകാരമായൊരു ശിലാതളിമത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഗജേന്ദ്രനും അർജുനനും ഇതര പുരാണ കഥാപാത്രങ്ങളും വള്ളിപ്പടർപ്പും പൂക്കളും വൃക്ഷങ്ങളും ഇടതിങ്ങിയ ശില്പവിന്യാസം ഒരുക്കിയ അക്കാലത്തെ തച്ചന്മാരുടെ കരവിരുതിനു മുമ്പിൽ ശിരസ്സ് വണങ്ങാതെ നമുക്കവിടം വിട്ടുപോരാനാവില്ല.

Comments
Print Friendly, PDF & Email

You may also like