പൂമുഖം LITERATUREകഥ അച്ഛൻ

അച്ഛൻ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഇന്ന് എന്റെ മോളുടെ വിവാഹമായിരുന്നു. ദേവിയുടെ നടയിൽനിന്ന് തൊഴുത് എന്റെയും ഭാര്യയുടെയും കാൽതൊട്ട് അനുഗ്രഹവും വാങ്ങി അവൾ മണ്ഡപത്തിൽ കയറി. ഞങ്ങളുടെയും അവളുടെയും കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. കുരവയും നാദസ്വരവും നിറഞ്ഞ അന്തരീക്ഷത്തിൽ ഞാൻ എന്റെ മോളുടെ കൈ പിടിച്ചു കൊടുത്തു. ഒരച്ഛന്റെ നിറഞ്ഞ മനസ്സോടെ.

അവളില്ലാത്ത ഈ വീട് ജീവനില്ലാത്തത് പോലെ എനിക്ക് തോന്നി. മകളെ വിവാഹം കഴിപ്പിച്ചയച്ച ഒരച്ഛന്റെ സന്തോഷവും ഇതുവരെ പിരിഞ്ഞിരിക്കാത്ത അവളെ കാണാത്തതിന്റ സങ്കടവും എന്നെ ഒരുപോലെ അലട്ടി. അടുത്ത മാസമാണ് അവൾക്ക് ഇരുപത്തഞ്ചു വയസ്സ് തികയുന്നത്. വർഷങ്ങൾ പോയത് അറിഞ്ഞതേ ഇല്ല. ചിരിച്ചും വാശിപിടിച്ചും കരഞ്ഞും കുറുമ്പ് കാട്ടിയും അവൾ ഞങ്ങളുടെ ജീവിതമെന്നത് അവളുടേത് മാത്രമാക്കി.

ഈ വീട്ടിലെപ്പോഴും അവളുടെ ചിരി നിറഞ്ഞു നിന്നു. ഹാളിൽ ഞങ്ങൾക്കൊപ്പമുള്ള അവളുടെ ഫോട്ടോ. ആ ഫോട്ടോയിലേക്ക് നോക്കി നിൽക്കെ ഇരുപതു വർഷങ്ങൾക്ക് മുൻപ് എന്റെ കയ്യും പിടിച്ചു കരഞ്ഞുകൊണ്ട് ഈ വീട്ടിലേക്ക് കയറി വന്ന ഒരു നാലര വയസ്സുകാരിയുടെ മുഖം ഓർമയിൽ തെളിഞ്ഞു.
എന്റെ ചായക്കടയിലെ പറ്റുകാരനായിരുന്നു പൊന്നുച്ചാമി. എണ്ണക്കറുപ്പിൽ മെലിഞ്ഞു ഉയരമുള്ള ഒരുത്തൻ.. ഒരു അൻപതു വയസ്സ് വരും. പേര് മാത്രമേ അറിയാമായിരുന്നുള്ളൂ. അല്ലെങ്കിൽ അവൻ പറഞ്ഞിരുന്നുള്ളൂ. രാവിലെ തിരക്കിൽ കൂടുതൽ അന്വേഷിച്ചറിയാൻ സമയം കിട്ടിയിരുന്നതുമില്ല..
ദിവസവും രാവിലെ വന്ന് ഒരു ചായയും കുടിച്ച് കുറച്ചു നിന്നേ അവൻ പണിക്ക് പോയിരുന്നുള്ളൂ. പണി എന്ന് പറഞ്ഞാൽ പഴയ കുപ്പിയും പാട്ടയും പെറുക്കുന്ന പണി. അതിന്റെ കൂടെ പുഴവക്കത്തു പഞ്ചായത്ത്‌ ശ്മശാനത്തിൽ അവൻ ഇടക്ക് പോയിരുന്നു. കത്തിത്തീർന്ന ചിതകളിലെ ചാരത്തിനിടയിൽ, മണ്ണിൽ.. അവൻ എന്തോ തിരയുന്നത് എനിക്ക് കടയിൽ നിന്നാൽ കാണാം.
എന്താ നീയെവിടെ ചെയ്യുന്നതെന്ന് ഞാനൊരിക്കൽ അവനോട് ചോദിച്ചതാണ്. ‘ഒന്നുമില്ല അണ്ണാ’ പറഞ്ഞു അവൻ തല ചൊറിഞ്ഞു. പക്ഷേ അതിലെന്തോ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു..
“നീ പറ.. ഞാനാരോടും പറയില്ല “
അവൻ തേഞ്ഞു കുറ്റിയായ കറുത്ത പല്ല് കാണിച്ചു ചിരിച്ചു. പല ചോദ്യങ്ങൾക്കും ഈ ചിരി മാത്രമാണവന്റെ ഉത്തരം. പിന്നെ പതുക്കെ ഷർട്ടിന്റെ ഉള്ളിലെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതി എടുത്തു.
പൊതി തുറന്നു കണ്ട എന്റെ കണ്ണ് മിഴിഞ്ഞു പോയി.. സ്വർണത്തിന്റെ പൊട്ടും പൊടിയും.. ഒന്നും മനസ്സിലാവാതെ ഞാനവന്റെ മുഖത്ത് നോക്കി.
“ശത്തു പോണവങ്കൾക്ക് എതുക്ക് ഇതെല്ലാം..”
അവൻ ചോദിച്ചു.. എനിക്ക് കാര്യം മനസ്സിലായി. സംസ്കരിക്കുമ്പോൾ മരിച്ചു പോയവരുടെ വായിൽ സ്വർണത്തിന്റെ അംശം എന്തെങ്കിലും ഇടുന്ന പതിവുണ്ട് ഇവിടെ.. ആ തരികളാണ് ഇവന്റെ കയ്യിൽ ഇരിക്കുന്നത്.
“എത്ര തപ്പിയാലാണ് ഇതു കിട്ടുക! “
ഞാൻ അതിശയപ്പെട്ടു.
അവൻ ചിരിച്ചു. എന്നിട്ട് ഒന്ന്‌ ചുറ്റും നോക്കി. അതിനടിയിൽ മറ്റൊരു കുഞ്ഞു കടലാസ് പൊതി എടുത്തു പതുക്കെ തുറന്നു.
ഒരു താലി.
മരിച്ച ഭർത്താവിന്റെ വായിൽ ഭാര്യയുടെ താലി അഴിച്ചു ഇടുമത്രേ.
അത് നിറം മാറിയിരുന്നില്ല.
“ഇതു മാത്രമെന്തിനാ വേറെ വച്ചിരിക്കുന്നത്? “
ഞാൻ ചോദിച്ചു
“ഏൻ പൊണ്ടാട്ടിക്ക്. “
അവന്റെ മുഖത്ത് നിറഞ്ഞ സ്നേഹം.
“ഹാ.. നിനക്ക് പൊണ്ടാട്ടിയൊക്കെ ഉണ്ടോ,” ഞാൻ ചിരിച്ചു.
“മ്മ് “. അവന്റെ മുഖം ചുവന്നു, ഒരു ചിരി ചുണ്ടിൽ വന്നു.
“പക്ഷേ ഇത്, വേറൊരാളുടെ, എങ്ങനെ? “
“അവളുടെ വിറ്റ് പോയി അയ്യാ, അതാ.
ഇത്.. കോവിലിൽ പൂജിച്ചു കെട്ടണം.. “
“മ്മ്, ഞാൻ മൂളി.
ഞാൻ പോട്ടെ.”
കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ തിരിഞ്ഞു നടന്നു.

വര : മധുസൂദനൻ അപ്പുറത്ത്

പിന്നെ കുറച്ചു ദിവസം അവനെ കണ്ടില്ല. അവൻ ഭാര്യയുടെ അടുത്ത് പോയിക്കാണുമെന്ന് കരുതി..
രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസം അവൻ വന്നു. കൂടെ നാലു നാലര വയസ്സുള്ള ഒരു പെൺകുഞ്ഞും..
വെളുത്തു നക്ഷത്രക്കണ്ണുള്ള ഒരു സുന്ദരി.
“നിന്റെ മോളാണോ “
ഞാൻ ചോദിച്ചു
അവൻ തലകുലുക്കി.
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവളെയും കൊണ്ട് അവൻ നടന്നു നീങ്ങി.
ദിവസവും രാവിലെയും വൈകിട്ടും അവളെയും കൂട്ടി വന്നു പാലും ഭക്ഷണവും വാങ്ങി കൊടുക്കും… അവൻ പോകുന്നിടത്തെല്ലാം അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് നടന്നു. അവനോട് കൊഞ്ചിക്കൊണ്ട് സംസാരിച്ചും കൈയിൽപിടിച്ചു തുള്ളി നടക്കുകയും ചെയ്യുന്ന ആ മാലാഖയെ ഞാൻ പലപ്പോഴും നോക്കി നിന്നു.
“ഇവളുടെ അമ്മയോ”
ഞാൻ ഒരു ദിവസം ചോദിച്ചു..
അവൻ ഒന്നും മിണ്ടിയില്ല. പക്ഷേ അവനെ എന്തോ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുനിഞ്ഞ മുഖത്ത് നിന്ന് ഒരു തുള്ളി കണ്ണുനീർ താഴെ വീണുടഞ്ഞു.
“മരിച്ചു പോയി.”
അവൻ തമിഴ്ചുവയുള്ള മലയാളത്തിൽ പറഞ്ഞു.
ഒരു നിമിഷം എന്റെ കൈ നിശ്ചലമായി.
താലി കാണിച്ചു “ഏൻ പൊണ്ടാട്ടിക്ക്” പറഞ്ഞ അവന്റെ മുഖം ഓർമ വന്നു.
അവൻ അവന്റെ മകളെയും കൂട്ടി നടന്നിരുന്നു.

കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോയ ഞാൻ ഒരു ആൾക്കൂട്ടം കണ്ട് എന്താണെന്നറിയാൻ അടുത്ത് ചെന്ന് നോക്കി.
ആളുകൾ ചേർന്ന് ഒരാളെ മർദിച്ചു അവശനാക്കിയിരിക്കുന്നു, തിരിഞ്ഞു കിടക്കുന്നതിനാൽ മുഖം കാണാനില്ല.
“എന്താ, ആരാ.. എന്തെങ്കിലും മോഷ്ടിച്ചോ? “
ഞാൻ അടുത്ത് കണ്ട ഒരാളോട് ചോദിച്ചു.
“ഓ, മോഷ്ടിച്ചു, ഒരു കൊച്ചിനെ.”
അയാൾ പുച്ഛത്തോടെ പറഞ്ഞു..
“ആര്, ആരുടെ കൊച്ചിനെ?”
“പോലീസിൽ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ വരും. അപ്പൊ അറിയാം എല്ലാം.”
എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ ആ കിടക്കുന്ന രൂപം, പരിചയം ഉള്ള പോലെ..
അടുത്തേക്ക് ചെല്ലാൻ തുടങ്ങിയപ്പോഴേക്കും പോലീസ് ജീപ്പ് വന്നു നിന്നു.
അച്ഛാ.
ഒരു കരച്ചിൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവൾ! നക്ഷത്രക്കണ്ണുള്ള അവൾ.
ആ കുഞ്ഞാണ് ഓടി വരുന്നത്.അപ്പൊ ഇത്?
ഞാൻ വേഗം അടുത്തേക്ക് ചെന്നു.
ആ, ഇതാ ആ കൊച്ച്.. ആരോ പറഞ്ഞു.
പോലീസ് വന്നു അവനെ തിരിച്ചു കിടത്തി.. അടികൊണ്ട് പൊട്ടി ചോരയൊലിച്ചു നീര് വന്ന മുഖവും ശരീരവും.
എന്റെ ശരീരം മരവിച്ചു.
അച്ഛാ.
അവൾ ഓടിവന്നു ആ ചോരക്കെട്ടിലേക്കു വീണു കരഞ്ഞു.
ഒരു പോലീസുകാരൻ അവളെ പതുക്കെ ദേഹത്തു നിന്നടർത്തി മാറ്റി.
“ഇവനെ വേഗം ഹോസ്പിറ്റലിലേക്ക് മാറ്റ് ഇല്ലെങ്കിൽ ചത്തു പോവും. നിങ്ങൾക്കൊക്കെ ഇങ്ങനെ ചെയ്യാൻ ആരാടാ അധികാരം തന്നത്.”
ഇൻസ്‌പെക്ടർ ആളുകളോട് ചൂടായി.
“എന്താ സാർ കാര്യം.”
ഞാൻ പതുക്കെ കുട്ടിയെ പിടിച്ചു മാറ്റിയ പോലീസുകാരനോട് ചോദിച്ചു.
“ഇവൻ ഈ കൊച്ചിനെ മോഷ്ടിച്ചതാണെന്നാ പറയുന്നേ.
നാട്ടുകാർ ചോദിച്ചിട്ട് അവനൊന്നും വിട്ടു പറയുന്നില്ല, അവര് കൈ വെച്ചു”
“അയ്യോ അല്ല സാർ, ഇതവന്റെ മോളു തന്നെയാ.”
ഞാൻ പെട്ടെന്ന് പറഞ്ഞു.
“തനിക്കെങ്ങനെ അറിയാം.”
ഇൻസ്‌പെക്ടർ എന്റെ നേർക്ക് തിരിഞ്ഞു..
“അത്, ഇവൻ എന്റെ കടയിൽ വരാറുണ്ട് ദിവസവും.”
“അവൻ പറഞ്ഞോ ഇത് അവന്റെ കൊച്ചാണെന്നു.”
“ഉവ്വ് സാർ “
“എന്നിട്ട് ഇവർ ഈ കൊച്ചിന്റെ അമ്മയെ കുറിച്ചോ എന്തോ ചോദിച്ചപ്പോൾ അവൻ ഒന്നും പറഞ്ഞില്ല എന്ന് കേട്ടല്ലോ. “
“അവന്റെ ഭാര്യ മരിച്ചു എന്നാണ് പറഞ്ഞിരുന്നത് സാർ.”
“കേട്ടല്ലോ, എന്താ ഏതാ എന്നറിഞ്ഞിട്ട് ഞാൻ വീണ്ടും വരും, ഇപ്പോൾ കാണിച്ച ആവേശമൊക്ക അപ്പഴും കാണണം.
അവനെന്തെങ്കിലും പറ്റിയാൽ തല്ലിയവന്മാരൊക്ക അകത്താ,ഓർത്തോ.”
ഇൻസ്‌പെക്ടർ.. ആൾക്കൂട്ടത്തിനെ വിരട്ടി.
“എടൊ ആ കൊച്ചിനെ ജീപ്പിലേക്ക് കേറ്റ്‌. “
“താനും വാ”
അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു. ഞങ്ങൾ നേരെ പോയത് ആശുപത്രിയിലേക്കാണ്.
ഡോക്ടറെ കണ്ടു എങ്ങനെ ഉണ്ട് എന്നന്വേഷിച്ചു.
“നല്ല പോലെ മർദിച്ചിട്ടുണ്ട്‌ തലക്കും എല്ലായിടത്തും, ഒന്നും പറയാൻ പറ്റില്ല.”
“മ്മ്, അവന്റെ മൊഴിയെടുക്കാൻ പറ്റുമോ.?
“ഇടക്ക് ബോധം വരുന്നുണ്ട്, സാർ ചെന്നു നോക്കൂ.”
ഇൻസ്‌പെക്ടർ വേറൊരു പോലീസുകാരനെയും എന്നെയും വിളിച്ചു അവനടുത്തേക്ക് പോയി.
പ്രാകൃതമായ ശിക്ഷാരീതികൾ അവന്റെ നില വഷളാക്കിയിരുന്നു.
“വിളിക്ക്.”
പോലീസുകാരൻ എന്നോട് പറഞ്ഞു.
“പൊന്നുച്ചാമി, പൊന്നുച്ചാമി”
ഞാൻ വിളിച്ചു. രണ്ടാമത്തെ തവണ അവൻ മൂളി.
കണ്ണ് പതുക്കെ ചിമ്മി.
എന്നെ കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞു.
“എൻ പുള്ളെ.”
“അവിടെയുണ്ട്., എന്താ ഉണ്ടായത്, നീ പറ”
“അത് നിന്റെ കൊച്ചാണോ?”
ഇൻസ്‌പെക്ടർ ചോദിച്ചു.
“ആമാ സാർ.”
“സത്യം പറയണം, ആ കൊച്ചിനെ കണ്ടാൽ നിന്റെ കൊച്ചാണെന്ന് തോന്നുന്നില്ലല്ലോ.”
അവന്റെ കണ്ണിലൂടെ വെള്ളം നിറഞ്ഞൊഴുകി.
“ഉള്ളത് പറഞ്ഞോണം, അതറിയാനിപ്പൊ ടെസ്റ്റ്‌ ഒക്കെ ഉണ്ടെന്നറിയാലോ.”
“എന്റെ കുട്ടിയാ.. പക്ഷേ.”
“എന്താടാ ഒരു പക്ഷേ.?
“അവളെന്റെ കുഞ്ഞല്ല.”
“എന്താ, എന്താ.”
എനിക്ക് തലകറങ്ങി.
“അത് സാർ.” അവന്റെ തൊണ്ട വിറച്ചു..
അവൾ എന്റെ ഭാര്യ പ്രസവിച്ച കുഞ്ഞു തന്നെയാ, പക്ഷേ എന്റെ.
അവന് ശ്വാസം വിലങ്ങി.
ചുമച്ചു, ചോര തുപ്പി.
“പതുക്കെ, പതുക്കെ.”
ഇൻസ്‌പെക്ടറുടെ മുഖം നിസ്സഹായമായി.
“തെളിച്ചു പറ.”
“എന്റെ ഭാര്യ, അവൾ, അവളെ കുറേ പേര്.”
അവൻ പൊട്ടിക്കരഞ്ഞു.
“അതിലുണ്ടായതാ ഇവള്, അതോടെ അവള്, എന്റെ പെണ്ണ്, കഴുത്തിനു താഴോട്ട് തളർന്നു പോയി.
ഒടുവിൽ എന്നേം കൊച്ചിനേം വിട്ട്.”
അവൻ പിന്നെയും ചുമച്ചു ചോര തുപ്പി, കണ്ണുകളിൽ പുഴയൊഴുകി.
“എന്റെ മോളാ, എന്റെ മോള്, എനിക്കവളെ ഒന്നു കാണണം സാറേ.”
അവൻ ശ്വാസമെടുക്കാൻ പിടഞ്ഞു.
നഴ്സ് ഡോക്ടറെ വിളിക്കാൻ ഓടി.
എന്റെ കൈകാലുകൾ തളർന്നു ഞാൻ വീണുപോകുമെന്ന് തോന്നി.
ഞങ്ങൾ പുറത്തു കടന്നു.
പുറത്തു പോലീസുകാരന്റെ കയ്യിലിരുന്നു കരഞ്ഞു കൊണ്ടിരുന്ന അവളെ ഞാനെടുത്തു തോളിൽ ചായ്ച്ചു കിടത്തി. കണ്ട പരിചയം കൊണ്ടാവണം അവൾ കരഞ്ഞു കൊണ്ട് എന്റെ തോളിൽ ഒതുങ്ങി കിടന്നു.
“സാർ, അയാൾ.”
ഡോക്ടർ മുഴുമിപ്പിക്കാതെ തല കുനിച്ചു നടന്നു നീങ്ങി.
“അച്ഛാ, അച്ഛനെ കാണണം.”
എന്റെ തോളിൽ കരഞ്ഞു തളർന്നു കിടക്കുന്ന അവളെയും കൊണ്ട് ഞാൻ ഇൻസ്‌പെക്ടറുടെ അടുത്തെത്തി.
“സാർ, ഞാനിവളെ കൊണ്ട് പൊയ്ക്കോട്ടേ.”
“മ്മ്.”
കുറച്ചു നേരം എന്നെയും കുഞ്ഞിനേയും നോക്കി അയാൾ സമ്മതിച്ചു.
“വിളിക്കാം, അപ്പോൾ വരണം.”
“വരാം.”
ഞാൻ അവളെയും തോളിലിട്ട് നടന്നു.
അവനെ ഒന്നുകൂടി കാണണം എന്നുണ്ടായിരുന്നു, വേണ്ട, ചതഞ്ഞു ജീവനറ്റ ആ രൂപം ഇനി ഇവൾ കാണണ്ട.

ഇരുപതു വർഷങ്ങൾ! മക്കളില്ലാതിരുന്ന എനിക്കും എന്റെ ഭാര്യക്കും അവൾ സ്വന്തമായി, ഞങ്ങളുടെ ജീവനായി. ഇന്ന് അവളുടെ കൈ പിടിച്ചു യോഗ്യനായ ഒരു ചെറുപ്പക്കാരന്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ ഞാൻ ആൾക്കൂട്ടത്തിൽ തിരഞ്ഞു. പൊന്നുച്ചാമി നിൽക്കുന്നുണ്ടോ, അവന്റെ മോളെ കാണാൻ.
ഞാൻ എല്ലാം അവളോട് പറഞ്ഞിരുന്നു.
ഒന്നൊഴിച്ചു്, അവൾ, പൊന്നുച്ചാമിയുടെ, അവളുടെ അച്ഛന്റെ, മകളല്ലെന്ന് മാത്രം എനിക്ക് പറയാൻ കഴിഞ്ഞില്ല.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like