പൂമുഖം LITERATUREകവിത കാത്തിരിപ്പ്

കാത്തിരിപ്പ്

കാത്തിരിപ്പിനൊടുവില്‍ അയാള്‍ ആ കുന്നിറങ്ങി
അപ്പോഴും അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു
ഇല്ല, കാണുന്നില്ല
കൈയിലുണ്ടായിരുന്ന തൂവാലയെടുത്ത് മുഖം തുടച്ചു
ആ കാത്തിരിപ്പ്
അയാളുടെ യൗവനത്തെ തളര്‍ത്തിയപോലെ അനുഭവപ്പെട്ടു
കാത്തിരുന്ന് തളര്‍ന്നൊടുവില്‍ കഴുത്തുവെട്ടി വീഴുന്ന
റോസാപൂവിനെ പോലെയായിരുന്നു അയാള്‍
മണ്ണിലേക്ക് തളര്‍ന്നുവീണപ്പോഴും
പാതിമിടിപ്പില്‍ അയാള്‍
മണ്ണോട് കാതുചേര്‍ത്തുതന്നെ കിടന്നു
അകലെനിന്നെങ്ങാനും
ഒരു പദചലനം കേള്‍ക്കുന്നുണ്ടോ
ഇല്ല, പിന്നെ നിശബ്ദനും നിസഹായനുമായി
അയാള്‍ കണ്ണുകളടച്ചു
അപ്പോള്‍, മഴ അയാള്‍ക്കു മേല്‍ പതിച്ചുകൊണ്ടിരുന്നു
എങ്കിലും അയാള്‍ക്ക് തണുപ്പ് തോന്നിയില്ല
കാലടികളെ പ്രളയം തൊടുന്നതായി അയാള്‍ക്ക് തോന്നി
പിന്നെ, അയാള്‍ ഒന്നുമറിഞ്ഞില്ല

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments

You may also like