ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് പിൻസീറ്റിലിരുന്ന് റംല സ്വപ്നനഗരിയുടെ മായാ കാഴ്ചകൾ കാണുന്നത്. ആ ദൃശ്യങ്ങളിലേക്ക് തന്നെ കണ്ണും നട്ട് അബ്ദു അവരുടെ കൈകൾ ചേർത്തു പിടിച്ചു. മുന്നിലെ ഹാൻഡ് റെസ്റ്റിൽ അള്ളിപ്പിടിച്ചിരിക്കുന്ന പേരമകൻ ഡാനിഷ് ദൂരേക്ക് കൈകൾ ചൂണ്ടിപ്പറഞ്ഞു.
“മാമാ ബുർജ് ഖലീഫ .”
എല്ലാവരുടെയുടെയും നോട്ടം നരച്ച കെട്ടിടങ്ങൾക്കിടയിൽ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ആ സൂചിമുനയിലേക്ക്.
“ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്.”
ഡ്രൈവിങ്ങിനിടയിൽ മരുമകൾ സജില പറഞ്ഞു.
“ഉപ്പ കേറീട്ടുണ്ടോ അതിനകത്ത്?’
വലതുഭാഗത്തിരിക്കുന്ന മകൻ ഹാരിസ് കഴുത്ത് ചരിച്ച് ചോദിച്ചു.
“ഇല്ല… “
നൈരാശ്യമൊന്നും അയാളുടെ വാക്കുകളിലുണ്ടായിരുന്നില്ല.
“എൻ്റെ ഫ്രണ്ടിന് അതിനകത്ത് ഫ്ലാറ്റുണ്ട്. ഞങ്ങളവിടെ സ്ഥിരമായി പോകാറുണ്ട്.”
“അതെയോ…. നാൽപ്പത് കൊല്ലം ഞങ്ങളൊന്നും കണ്ടിട്ടില്ല. ഈ നഗരം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണറിയുന്നത്.”
“പാപ്പാൻ്റെ പുളു..”
“സത്യാണ് മോനൂ”
കാർ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിലേക്കിറങ്ങി ഗ്രീൻ സെൻസർ മിന്നുന്ന വരയ്ക്കുള്ളിൽ നിറുത്തിയിട്ടു. പുറത്തിറങ്ങിയപ്പോൾ അസഹ്യമായ ചൂട് റംലയുടെ മുഖത്തടിച്ചു. ഒരു പാതാളത്തിലകപ്പെട്ടതു പോലെ അവർക്ക് ശ്വാസം മുട്ടി. അയാളാകട്ടെ തിരികെ വെള്ളത്തിലിട്ട മത്സത്തെപ്പോലെ ശ്വാസമെടുത്തു. ഗൃഹാതുരതയുടെ ചൂടുവായു അയാളിൽ ആനന്ദം തീർത്തു. താഴ്ന്നു പോയ പാൻ്റ് കുടവയറിനു മുകളിലേക്ക് കയറ്റുമ്പോൾ അയാൾക്ക് ഒരു ജേതാവിൻ്റെ ഭാവമായിരുന്നു.
ഡിക്കിയിൽ നിന്നും ലഗേജുകൾ പുറത്തെടുത്ത് എല്ലാവരും ലിഫ്റ്റിൽ കയറി. ഒമ്പതാമത്തെ നിലയിലെ 905 നമ്പർ റൂമിൻ്റ വാതിൽ തുറന്നപ്പോൾ വിശാലമായ ഒരു ഹാളിലേക്കാണ് പ്രവേശിച്ചത്. സോഫയും ടി.വി.യും ഡൈനിംഗ് ടേബിളും അതിനകത്താണ്.
“രണ്ട് ബെഡ് റൂമുണ്ട്. ബാത്ത് റൂം അറ്റാച്ച്ഡ്. പിന്നെ കിച്ചൺ. ഇവിടെ ഇതന്നെ ധാരാളം. നാട്ടിലോ ആറായിരം സ്ക്വയർ ഫീറ്റ് വീട് താമസിക്കാനാളില്ലാതെ പൂട്ടിക്കിടക്കുന്നു ..”
അയാൾ മകൻ്റെ മുഖത്തു നോക്കി ചിരിച്ചതേയുള്ളൂ.
“എൻ്റെ ഉമ്മയുണ്ടാക്കിയ മാങ്ങയച്ചാറ് കൊണ്ടു വന്നിട്ടില്ലേ.
അതും കൂട്ടിയാണ് ഇന്നത്തെ ചോറ് “
സജിലക്ക് ധൃതിയായി.
റംല അതത്ര ഗൗനിക്കാതെ അടുക്കളയിലേക്ക് കയറി. വേസ്റ്റ് ബിന്നിലെ പഴകിയ ഭക്ഷണത്തിൻ്റെ രൂക്ഷഗന്ധം തലച്ചോറിലേക്ക് കയറി അവർക്ക് ഓക്കാനം വന്നു.
ഹാരിസ് ഗാർബേജ് ബാഗെടുത്ത് പുറത്തേക്ക് പോകുന്നത് അവർ കണ്ടു. ബെഡ് റൂമിലെ ഗ്ലാസ് വിൻഡോയിലൂടെ ഷാബിയയിലെ എല്ലാ റോഡുകളിലും വാഹനങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശക്കാഴ്ച.അയാൾ കർട്ടൻ വലിച്ചു നീക്കിയപ്പോൾ റൂമിനകത്ത് രൂപപ്പെട്ട ഇരുട്ടിൽ റംല അസ്വസ്ഥതപ്പെടുന്നത് കണ്ടു.
“ഞങ്ങളുടെ റൂമിനകത്ത് എപ്പോഴും ഇരുട്ടായിരുന്നു. ഒരു നേരത്തും ലൈറ്റിടാറില്ല. എല്ലാ സമയത്തും ആരെങ്കിലുമൊക്കെ കിടന്നുറങ്ങുന്നുണ്ടാവും..”
പലപ്പോഴായി പറഞ്ഞതാണെങ്കിലും റംല അതൊക്കെയും സഹതാപത്തോടെ തന്നെ കേട്ടു നിന്നു.
“തകരഷീറ്റുകൊണ്ട് മറച്ച ആസ്ബസ്റ്റോസിന്‍റെ ചെറിയൊരു ഷെഡ്ഡ്. അകത്ത് കടന്നാൽ ആദ്യം ഇടുങ്ങിയ ഒരു മുറി. അവിടെയാണ് ഭക്ഷണമുണ്ടാക്കലും കഴിക്കലും ടി വി കാണലും. ഞങ്ങളുടെ ഡ്രെസ്സും പെട്ടികളും എല്ലാം അതിനകത്താണ്. പൊട്ടിയ മേൽക്കൂരയുടെ ദ്വാരത്തിലൂടെ ആകാശത്തിൻ്റെ കഷ്ണങ്ങൾ കാണാം. മഴ വരുമ്പോൾ നിലത്ത് പാത്രങ്ങൾ വെക്കും. പിന്നെ കുടുസ്സായ രണ്ടു റൂമുകൾ. ഒന്നിലുമാത്രമേ എ.സി.യുള്ളൂ. ഇടയിലെ ചുമരിൽ ഒരാൾക്ക് നൂണു പോകാവുന്നത്ര വലിപ്പത്തിൽ ദ്വാരമുണ്ടാക്കിയിട്ടുണ്ട്. അതിലൂടെയാണ് മറ്റേ റൂമിലേക്ക് തണുപ്പ് കടന്നുവരാറുള്ളത്. ശബ്ദമുണ്ടാക്കാതെ ആ ഇരുട്ടുമുറിയിലാണ് ഞാൻ മുസല്ലവിരിച്ച് നിസ്ക്കരിക്കാറുള്ളത്. ചുവരിലെ ദൈവങ്ങളുടെ ഫോട്ടോയിൽ കൃഷ്ണേട്ടൻ രണ്ടു നേരം വിളക്ക് തെളിക്കും. ഞങ്ങൾ പന്ത്രണ്ടു പേരാണ് രണ്ടട്ടിക്കട്ടിലുകളിലായി അവിടെ ഞെരുങ്ങിക്കഴിഞ്ഞത്. നാൽപ്പത് വർഷം ആ ഇരുട്ട് മുറിയിൽ..”
റംലയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
“എന്താ രണ്ടു പേരും ഇരുട്ടത്തിരിക്കുന്നത് .”
ഹാരിസ് അകത്ത് കടന്നയുടനെ ലൈറ്റ് ഓൺ ചെയ്തു. ഉമ്മയുടെ കണ്ണുകൾ കലങ്ങിയത് അവൻ ശ്രദ്ധിച്ചു.
“അത് ശരി.. ഉപ്പ ഇവിടെയും കദന കഥകൾ വിളമ്പുകയാണോ.,. “
ജാള്യത പുറത്തു കാണിക്കാതെ അയാൾ അൽപ്പം പരുങ്ങി നിന്നു.
“ഉമ്മാനെ അവിടെയൊക്കെ നമുക്ക് കാണിക്കണം.”
” അതു വേണ്ട മോനേ. ഇവളത് കാണണ്ട”
“വേണം. അങ്ങനെയെങ്കിലും അക്കഥകൾ ഇനി നിങ്ങൾ പറയരുത്.”
” ബുർജ് ഖലീഫ മാത്രം കാണാനല്ലല്ലോ ഞാൻ വന്നത്… എനിക്കതും കാണണം”
പലപ്പോഴും റംലയെ കൊണ്ടുവന്ന് എല്ലാം കാണിക്കണമെന്ന് അയാൾ ആഗ്രഹിച്ചതായിരുന്നു. ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഇങ്ങനെ നടക്കാതെ പോകുന്ന എത്രയെത്ര സ്വപ്നങ്ങൾ… പക്ഷേ, ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങൾ തൊട്ടു മുന്നിലെത്തുമ്പോൾ ഒരുതരം നിസ്സംഗത തോന്നുക അയാളുടെ ദൗർബല്യമായിരുന്നു. അപകർഷതാബോധം കൊണ്ട് പലപ്പോഴും ഉൾവലിഞ്ഞു നിൽക്കാറുണ്ട്.
“മോൻ കാരണമെങ്കിലും നിനക്കീ നാട് കാണാൻ പറ്റിയല്ലോ . എനിക്ക് കഴിയാത്തത് ഇവനെക്കൊണ്ട് സാധിച്ചു.”
ഹാരിസിൻ്റെ മുഖത്ത് അഭിമാനവും സന്തോഷവും പ്രതിഫലിച്ചു.”നിങ്ങളുടെ കൂടെയല്ലേ ഞാൻ വന്നത്. എനിക്കത് മതി .”
“വാ ഫുഡ് കഴിക്കാം.”
ഹാരിസ് അവരെ ഹാളിലേക്ക് വിളിച്ചു കൊണ്ടുപോയി.
സോഫയിൽ കയറിയിരിക്കുന്ന പേരമകൻ കൈയ്യിലെ പ്ലെയ്റ്റിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ട് ഹിന്ദി റിയാലിറ്റി ഷോ കാണുകയാണ്. ഹാരിസും സജിലയും പ്ലെയ്റ്റുമായി അവൻ്റെ തൊട്ടടുത്ത് വന്നിരുന്നു. ഡൈനിംഗ് ടേബിളിൽ ഭക്ഷണം കഴിക്കുന്ന റംലയും അബ്ദുവും അവരെ നീരസത്തോടെ നോക്കുന്നു.
“ഇവിടെ സൗകര്യത്തിലിരുന്ന് കഴിച്ചൂടേ.. “
“ഇതാണ് ശീലം .. ഈ പ്രോഗ്രാം കണ്ടാണ് എന്നും കഴിക്കാറുള്ളത്.”
ചെറിയ ഡൈനിംഗ് ടേബിൾ പോലും വെക്കാനിടമില്ലാത്ത മുറിയിൽ ഇരിക്കാൻ പറ്റുന്നിടത്ത് അരച്ചന്തിയെങ്കിലും കൊള്ളിച്ച് പ്ലെയ്റ്റ് കൈയ്യിലെടുത്ത് ഭക്ഷണം കഴിക്കുന്നത് അയാൾക്ക് ഓർമ്മ വന്നു.
“അബ്ദൂ എപ്പോഴാണ് നമുക്ക് ടേബിൾ വച്ച് ഇവിടെ കഴിക്കാനാവുക..”
“നിലത്തെങ്കിലും ഒരുമിച്ചിരിക്കാനുള്ള സൗകര്യമുണ്ടായാൽ മതിയായിരുന്നു കൃഷ്ണേട്ടാ..”
ടി വി യിൽ ശബ്ദമില്ലാതെ സിനിമ കാണുന്നതിനിടയിൽ വളരെ പതുക്കെയായിരുന്നു അവരുടെ സംസാരം. അകത്ത് ഇരുട്ട് മുറിയിലെ കരിമ്പടയനക്കം അവർ ഭയപ്പെട്ടിരുന്നു. മനസ്സു തുറന്ന് സംസാരിക്കാനോ, ഒച്ചയെടുത്ത് കരയാനോ ചിരിക്കാനോ സ്വാതന്ത്ര്യമില്ലാത്ത ഒരു തടവറയായിരുന്നു ആ ആസ്ബസ്റ്റോസ് മുറികൾ.
“ഇവിടെയെത്തിയാൽ എല്ലാവരും ആദ്യം കാണാൻ പോകുന്നത് ദുബായ് മാൾ, ബുർജ് ഖലീഫ, അബ്ര, മറീന ബീച്ച്, പാം അയലൻ്റ്, മിറാക്കൾ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളാണ്. രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് ഇതൊക്കെയും കണ്ടു തീർക്കാം. പക്ഷേ, ദുബായ് ശരിക്കും കാണണമെങ്കിൽ ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണം. രണ്ടു വർഷമായിട്ടും ഞങ്ങൾക്ക് ഈ മെട്രോസിറ്റി മുഴുവനും കാണാൻ പറ്റിയില്ല.”
അയാൾക്ക് ചിരി വന്നു. നാൽപ്പത് വർഷം ജീവിച്ച സ്ഥലത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാൻ പിന്നീട് വിസിറ്റിംഗ് വിസയിൽ വരേണ്ടി വന്നയാളോടാണ് മകൻ്റെ ഈ പരിഭവം.
” ദുബായ് ഫ്രെയിമിൽ കയറിയാൽ ഈ നഗരത്തിൻ്റെ മുഴുവൻ കാഴ്ചകളും ഒറ്റ നോട്ടത്തിൽ കാണാം “
അയാൾക്കതിലൊന്നും വലിയ താൽപര്യം തോന്നിയില്ല. കൃഷ്ണേട്ടനെ ഒന്നു കാണണം. ആ റൂമിൽ ഒരു ദിവസം താമസിക്കണം.
പ്രവാസ ജീവിതം മതിയാക്കിയ ആദ്യ നാളുകൾ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് അയാളുടെ നെഞ്ചിൽ തല വെച്ച് റംല ചോദിക്കും.
“ഇത്രയും കാലം ഒറ്റക്ക് കഴിഞ്ഞിട്ടും അവിടുത്തെ ജീവിതം മതിയായില്ലേ നിങ്ങക്ക്?”
“യഥാർത്ഥത്തിൽ ഒറ്റപ്പെടുന്നത് ഇവിടെയാണ്. കഷ്ടപ്പാടാണെങ്കിലും അവിടുത്തെ ജീവിതം തന്നെയാണ് നല്ലതെന്നു ഇപ്പോൾ തോന്നുന്നു. ശുദ്ധമായ വായു. എല്ലാ പൗരന്മാർക്കും സ്വസ്ഥതയും സമാധാനവും. ശബ്ദ കോലാഹലങ്ങളില്ല.വെറുപ്പിൻ്റെ രാഷ്ട്രീയമില്ല. “”അവസാന കാലത്തും ഇവിടെ ജീവിക്കാൻ ആഗ്രഹമില്ലേ, മരിക്കാനെങ്കിലും നാട് തന്നെയല്ലേ നല്ലത്?”
പക്ഷേ നാട്ടിലെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവുന്നില്ല. വർഷങ്ങളോളം മരുഭൂമിയിൽ പിടിച്ചു നിന്ന ഒരു ചെടിയെ പിഴുതെടുത്ത് മറ്റൊരിടത്ത് നട്ടാൽ വേരുകൾ മണ്ണിലിറങ്ങാൻ ചിലപ്പോൾ സമയമെടുക്കും. അല്ലെങ്കിൽ അത് വാടിപ്പോകും. അവിടെത്തന്നെ മരിച്ചാൽ മതിയായിരുന്നു. “
റംലയ്ക്ക് കരച്ചിൽ വന്നപ്പോൾ അയാൾ സംസാരം നിർത്തി ഉറങ്ങാൻ ശ്രമിച്ചു.
സത്യത്തിൽ ഇവിടെയാണ് യഥാർത്ഥ മരുഭൂമിയെന്ന് അയാൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. റെസ്റ്റോറൻ്റിലെ അടുപ്പിൽ ഉരുകിയൊലിച്ച ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ ഇന്ന് എത്രമാത്രം ഗൃഹാതുരയാണനുഭവപ്പെടുന്നത്. ഹൃദയത്തെ അത്രമേൽ കീഴ്‌പെടുത്തിയിരുന്നു പ്രവാസലോകത്തെ സ്നേഹ സൗഹൃദങ്ങൾ. ഓർമ്മവെച്ച കാലത്തിനു ശേഷം രണ്ടു സന്ദർഭങ്ങളിലാണ് അയാൾ പൊട്ടിക്കരഞ്ഞത്. ഉപ്പ മരിച്ചപ്പോഴും യാത്ര പറഞ്ഞ് കൃഷ്ണേട്ടനെ കെട്ടിപ്പിടിച്ചപ്പോഴും.
” അബ്ദൂ. നീ പോയാൽ എനിക്കത് മരണമാണ്. ഞാൻ മാത്രമായി എങ്ങനെ ഇവിടെ ജീവിക്കും. നീയും കരയിലിട്ട മത്സ്യത്തെപ്പോലെയാകും.”
കുട്ടികളെപ്പോലെ അവർ കരയുകയായിരുന്നു. ഓരോ പ്രാവശ്യവും അവധി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ഒരിക്കൽ പോലും അയാൾക്ക് കരച്ചിൽ വന്നിരുന്നില്ല. എല്ലാ വേദനകളും ഉള്ളിലൊതുക്കാനുള്ള കരുത്ത് അപ്പോഴുണ്ടാകാറുണ്ട്.
“കൃഷ്ണേട്ടനെ വിളിക്കണ്ടേ.”
” വേണ്ട നേരിട്ട് കാണാം. അയാളൊന്ന് ഞെട്ടട്ടെ.”
ദിവസങ്ങൾ കഴിഞ്ഞിട്ടും അബ്ദുക്ക കൃഷ്ണേട്ടനെ വിളിക്കുകയോ കാണുകയോ ചെയ്തില്ല.
“എന്താന്നറിയില്ല എനിക്കതിന് കഴിയുന്നില്ല.”
ഈയൊരു നിസ്സംഗത അയാളുടെ ജീവിതത്തിൽ എപ്പോഴും സംഭവിക്കാറുള്ളതാണ്.
അന്നവർ കൃഷ്ണേട്ടനെ കാണാൻ ജുമൈറയിലേക്ക് തിരിച്ചു. രണ്ടു പേരും ധൃതി പിടിച്ചു നടന്ന വഴിയിൽ ഒരിടത്തെത്തിയപ്പോൾ അയാളുടെ കാലുകൾ സൂക്ഷ്മതയോടെ പതുക്കെയായി.
പൊങ്ങിക്കിടന്ന പൊട്ടിയ ഇൻ്റർലോക്കിൻ്റെ കല്ല് പിഴുതുമാറ്റി പുതിയത് പാകിയിട്ടുണ്ട്. പാതയോരത്തെ വിളക്കു കാലുകൾ പെയിൻ്റടിച്ചിട്ടുണ്ട്. സിമൻ്റ് ബെഞ്ചിൽ സ്ഥിരമായി ഇരിക്കാറുള്ളവരെ കാണുമോയെന്ന് അയാൾ വെറുതെ ആഗ്രഹിച്ചു. മിണ്ടാറില്ലെങ്കിലും അവരോട് കൈ ഉയർത്തി ചിരിക്കുക പതിവായിരുന്നു.
ബീച്ചിലേക്ക് പോകുന്നവരുടെ തിരക്ക് പാതയോരത്ത് കാണാമായിരുന്നു. തൊട്ടടുത്തായിട്ടും പാർക്കിലോ ബീച്ചിലേക്ക് ഒരു തവണ പോലും അയാൾ പോയിരുന്നില്ല.
കടലിരമ്പുന്ന ശബ്ദകേൾക്കാം. ഒഴുകിയെത്തുന്ന ഉഷ്ണക്കാറ്റിലും അറബികൾ പൂശിയ മുന്തിയയിനം പെർഫ്യൂമിൻ്റെ സുഗന്ധം. ആകാശച്ചെരുവിൽ നിന്നും അന്തിവെട്ടം ബുർജ് അറബ് കെട്ടിടത്തിൻ്റെ പാർശ്വങ്ങളിൽ തട്ടി ചിതറുന്നത് കണ്ടു. ഷോട്ടും ഇറുകിയ ബനിയനുമിട്ടു നടക്കുന്ന ഒരു പെൺകുട്ടിയെ കണ്ടപ്പോൾ റംലക്ക് ലജ്ജ തോന്നി.
“ഒരു പെരുന്നാളിന് ഉച്ചക്ക് ശേഷം ലീവ് കിട്ടിയപ്പോൾ ഞങ്ങൾ അബ്രയിൽ നിന്നും ഒരു ദിർഹത്തിന് ബോട്ടിൽ കയറി ദേരയിലെത്തി. ആദ്യം ഏജൻറുമാരായിരുന്നു പിന്തുടർന്നത്. പിന്നീട് ഇവളുമാരും വരാൻ തുടങ്ങി. ചായം പൂശി എല്ലിച്ച രൂപങ്ങളായിരുന്നു പലതും. ഞങ്ങൾക്ക് ദൈന്യത തോന്നി. ആദ്യം അൻപത് ദിർഹംസാണ് പറഞ്ഞത്. ഞങ്ങൾ താൽപര്യം കാണിക്കാതായപ്പോൾ അത് ഇരുപത്തഞ്ചായി. ധൃതിയിൽ നടന്നുവെങ്കിലും അവർ വിടാൻ ഭാവമില്ലായിരുന്നു. അവസാനം ഞങ്ങൾ പണം മാത്രം നൽകി അവിടെ നിന്നും രക്ഷപ്പെട്ടു.”
പറഞ്ഞത് മുഴുവനും വിശ്വസിക്കാത്തതു പോലെയായിരുന്നു റംലയുടെ ചിരി.
തകരഷീറ്റുകൾ കൊണ്ട് മറച്ച കോമ്പൗണ്ടോ അതിനകത്തെ ആസ്ബസ്റ്റോസ് മുറികളോ അവിടെയെങ്ങും കണ്ടില്ല. തിരിച്ചറിയാനാവാത്ത വിധം ആ ഭാഗം നിറയെ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. അബ്ദു വിഷമത്തോടെ ചുറ്റിലും കണ്ണോടിച്ചു. റോഡിന് എതിർവശത്ത് പഴയ ചില കടകളുണ്ട്. ആരോ കൈ ഉയർത്തി വിളിക്കുന്നുണ്ട്. അവർ അങ്ങോട്ടു നടന്നു. ഗ്രോസറി കട നടത്തുന്ന അഹമ്മദ് കുട്ടി അടുത്തുവന്ന് അബ്ദുവിനെ കെട്ടിപ്പിടിച്ചു.
“സുഖാണോ ഇക്കാ.. “
“അൽഹംദുലില്ലാ.. നിനക്കോ”
“അങ്ങനെ പോകുന്നു.. “
“ആകെ മാറിപ്പോയല്ലോ അയമ്മൂട്ട്യേ.”
”പഴയതൊക്കെ പോയില്ലേ. ഇതും പൊളിയും”
“അവരൊക്കെ എങ്ങോട്ടു പോയി?. “
” കുറച്ചു പേർ ലേബർ ക്യാമ്പിലേക്ക് മാറി. ദാസനും ജബ്ബാറും ക്യാൻസൽ ചെയ്തു.”
“കൃഷ്ണേട്ടനോ?”
“അയാൾ മോൻ്റെ കൂടെയാണെന്നാ അറിഞ്ഞത്. ആദ്യമൊക്കെ വിളിക്കുമായിരുന്നു. ഇപ്പൊ ആറുമാസമായി ഒരു വിവരവുമില്ല.”
“മകൻ്റെ നമ്പറുണ്ടോ?”
“ഇല്ല..”
“നോ പ്രോബ്ലം നമുക്ക് അന്വേഷിക്കാം”
ഹാരിസ് ഉപ്പയെ ആശ്വസിപ്പിച്ചു. ചങ്ങാതിയെ കാണാൻ കഴിയാത്തതിലുള്ള വേദന പക്ഷേ, അബ്ദു പുറത്തു കാണിച്ചില്ല. അത് റംലക്ക് ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ കണ്ണുകൾ കലങ്ങാൻ തുടങ്ങി. യാത്രയുടെ പ്രധാന ഉദ്ദേശ്യം തന്നെ കൃഷ്ണേട്ടനെ കാണുകയും ആ റൂമിൽ ഒരു ദിവസം ഒരുമിച്ചു കഴിയുകയെന്നതുമാണ്.
അന്നവർ സബീൽ പാർക്കിലുള്ള ദുബായ് ഫ്രെയിം കാണാനാണിറങ്ങിയത്. ചതുരാകൃതിയിലുള്ള സ്ഫടികക്കൂട്ടിലൂടെ നടക്കുമ്പോൾ അത്ഭുതത്തോടൊപ്പം അമ്പരപ്പും റംലക്ക് അനുഭവപ്പെട്ടു. ലിഫ്റ്റിലേക്കുള്ള വഴി നീളെ നഗരത്തിൻ്റെ പൗരാണിക ചരിത്രം പറയുന്ന കാഴ്ചകൾ. ചില ചിത്രങ്ങൾക്ക് മുന്നിൽ അബ്ദു വികാരാധീനനായി നിന്നു. ഓർമ്മപ്പരപ്പിലൂടെ ഒരു പത്തേമാരി സഞ്ചരിക്കുന്നു.
“ലോകത്തിലെ ഏറ്റവും വലിയ ഫ്രെയിമാണിത്. 150 മീറ്റർ ഉയരമുണ്ട് ഇതിന്.
“ഹാരിസ് വിശദീകരിച്ചു.
നാല്പത്തിയെട്ട് നിലകളിലൂടെ ലിഫ്റ്റിൽ ഉയർന്നു പൊങ്ങുമ്പോൾ ആദ്യം പാർക്കിലെ പച്ചപ്പ് കണ്ടു. റംല അബ്ദുവിൻ്റെ കൈകൾ ചേർത്തു പിടിച്ചു. ഫ്രെയിമിൻ്റെ ടോപ് സ്പാനിലെ ഒബ്സർവേഷൻ ഡെക്കിൽ നിന്നും ഗ്ലാസ് ഫ്ലോറിലൂടെ വേച്ചു വേച്ചു നടന്ന് താഴെയുള്ള കാഴ്ചകൾ കൂടി കണ്ടു. ഒരു വശത്ത് മോഡേൺ സിറ്റിയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് ഹാരിസും സജിലയും. ഡാനിഷ് എല്ലാം മൊബൈലിൽ പകർത്തുന്നുണ്ട്. മറുവശത്ത് പഴയ നഗരം നോക്കി നിൽക്കുകയാണ് അബ്ദു.
“ഇവിടുന്ന് നിങ്ങളുടെ ഗല്ലി കാണുന്നുണ്ടോ.”
അടുത്തുവന്ന ഹാരിസിൻ്റെ വാക്കുകളിൽ പരിഹാസം തോന്നി.
അബ്ദു ദൃഷ്ടികളെടുക്കാതെ ദൈന്യമായി ഒന്നു ചിരിച്ചു.
അൽപസമയം അവർ ഒന്നും മിണ്ടിയില്ല.
ആ മൗനത്തിൽ ഹാരിസ് ധൈര്യം സംഭരിക്കുകയായിരുന്നു.
“അവൻ്റെ നമ്പർ കിട്ടിയിരുന്നു. മൊബൈൽ സ്വിച്ച്ഡ് ഓഫാണ്. അന്വേഷിച്ചപ്പൊ ജയിലിലാണെന്നാ അറിഞ്ഞത്. കൃഷ്ണേട്ടനെ കൊന്നതിന്.”
ഫ്രെയിമിൻ്റെ ഗ്ലാസ് ഫ്ലോർ വിണ്ടു കീറി നാനൂറടി താഴ്ചയിലേക്ക് നിപതിക്കുന്നതായി അബ്ദുവിനു തോന്നി. ഹാരിസ് അയാളെ താങ്ങിപ്പിടിച്ചു. മറുഭാഗത്തുണ്ടായ സജിലയും റംലയും ഓടിയെത്തി. മറ്റു സന്ദർശകർ ചുറ്റും കൂടി. ആരോ വെള്ളം കുടിപ്പിച്ചു. അബ്ദു അൽപ നേരം അവിടെയിരുന്ന് വിശ്രമിച്ചു.
“അവൻ ആവശ്യപ്പെട്ടിട്ടും നാട്ടിലെ സ്വത്തുക്കൾ എഴുതിക്കൊടുക്കാൻ കൃഷ്ണേട്ടൻ തയ്യാറായില്ല. ഇവിടെ ബിസിനസ് തുടങ്ങാൻ അവന് പണം ആവശ്യമായിരുന്നു. വാക്കേറ്റം ശക്തമായപ്പോൾ അവൻ കുത്തി.”
അബ്ദു എഴുന്നേറ്റ് ഗ്ലാസ് ചുവരിൽ താങ്ങി നിന്ന് പുരാതന നഗരത്തിലേക്ക് തന്നെ കണ്ണകൾ നട്ടു. ഒരു ഉൾവിളി കേട്ട പോലെ, ഭ്രാന്തമായ ആവേശത്തിൽ താഴേക്കിറങ്ങാൻ ലിഫ്റ്റിലേക്ക് ഓടിക്കയറി. ഫ്രെയിമിൽ നിന്നും പുറത്തേക്കുള്ള വഴിയിൽ ഭാവി നഗരത്തിൻ്റെ സങ്കൽപ്പ വീഡിയോ ദൃശ്യങ്ങൾ അയാൾ കണ്ടതേയില്ല.
പോസ്റ്റര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍