ഈയിടെ ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിഖ്യാതഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
“പ്രധാനമായും ശബ്ദത്തിൽ അടയിരിക്കുന്ന ഭാവം. അത് ജന്മസിദ്ധമാണ്. ഏത് ശ്രേണിയിൽപ്പെട്ട പാട്ടുകളെയും വരികളെയും ജ്വലിപ്പിച്ചു നിർത്താൻ അതിന് കഴിയും. അത് പോലെ ആലാപനത്തിലെ അനായാസത. ഏത് റേഞ്ചിലും എളുപ്പത്തിൽ പാടാൻ അദ്ദേഹത്തിന് സാധിക്കും. മറ്റൊന്ന്, മധുരമായ മെലഡി തന്നെ.” റഫിയുടെ കടുത്ത ആരാധകൻ കൂടിയാണല്ലോ ജയചന്ദ്രൻ.
മുഹമ്മദ് റഫിയുടെ ജന്മ ശതാബ്ദി ആഘോഷിയ്ക്കുന്ന ഈ അവസരത്തിൽ റഫിയുടെ വ്യക്തിജീവിതം, പാട്ടുകൾ, സംഗീതയാത്രയിൽ ഒന്നിച്ചുണ്ടായ മറ്റ് ഗായികാ-ഗായകന്മാർ, ഗാന രചയിതാക്കൾ, സംഗീത സംവിധായകർ, റഫിയുടെ പാട്ടുകൾ വെള്ളിത്തിരയിൽ അഭിനയിച്ച് ഫലിപ്പിച്ച നടന്മാർ എന്നിവയെല്ലാം സമഗ്രമായി അവലോകനം ചെയ്തു കൊണ്ടാണ് ജാബിർ പാട്ടില്ലം ‘സൗ സാൽ പഹ്‌ലെ’ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധി, പാക്കിസ്ഥാൻ ഇന്ത്യ എന്നീ ദേശങ്ങളിലെ സംഗീതക്കൈമാറ്റങ്ങൾ, തുടങ്ങിയ ചരിത്ര സംഭവങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അവതാരികയിൽ പാട്ടെഴുത്തുകാരൻ രവി മേനോൻ സൂചിപ്പിച്ചത് പോലെ, പേരിൽ തന്നെ പാട്ടുള്ള (ജാബിർ പാട്ടില്ലം) ഒരേ സമയം റഫി ആരാധകനും ചരിത്രാന്വേഷിയും ആയിട്ടുള്ളതിന് തെളിവാണ് ഈ പുസ്തകം. ഇതിലെ ഏറ്റവും ചേതോഹരമായ ഭാഗം എഴുത്താൾ എഴുതിയ ആമുഖത്തിലെ ഓർമ്മകളാണ്. കുഞ്ഞിരാമൻ മാഷിന്റെ റഫി വിശേഷണങ്ങൾ തൊട്ടുള്ള ഭാഗം പുസ്തകത്തിലേക്കുള്ള നല്ലൊരു പ്രവേശികയാണ്.

ബോളിവുഡ് സിനിമയിൽ ചുവടുറപ്പിക്കാൻ റഫി നടത്തിയ പ്രയത്നങ്ങളും സ്വഭാവത്തിലെ ലാളിത്യവും പുസ്തകത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട് . റഫി സ്വരത്തിന്റെ കൂർത്ത, ലോല, നിർമ്മല സമഗ്രഭാവങ്ങളെയും ഒരളവോളം ഉപയോഗിച്ചത് ഒരുപക്ഷെ സംഗീത സംവിധായകൻ നൗഷാദ് അലി ആയിരിക്കുമെന്ന് ജാബിർ സൂചിപ്പിക്കുന്നു. ബോളിവുഡിലെ വിവിധ നായകനടന്മാരുടെ മാനറിസങ്ങൾക്ക് അനുസരിച്ചുള്ള റഫിയുടെ ആലാപനവൈവിദ്ധ്യം ഏറെ ശ്രദ്ധയാകർഷിച്ച ഘടകമാണ്.

ജാബിർ പാട്ടില്ലം
റോയൽറ്റിയെച്ചൊല്ലി ലതാ മങ്കേഷ്കരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് മൂന്നു കൊല്ലത്തോളം റഫി-ലത യുഗ്മ ഗാനങ്ങൾ ഉണ്ടായിരുന്നില്ല. ആ സമയത്ത് ആശാ ഭോസ്ലേയുമായി ചേർന്ന് ഏറെ ഗാനങ്ങൾ പാടുകയുണ്ടായി. റഫി ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയിട്ടുള്ളതും ആശയുമായി ചേർന്നാണ്. അതെ ആശ തന്നെ റഫിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ആലാപനത്തെ ഇകഴ്ത്തി സംസാരിച്ചത് റഫിയുടെ ആരാധകരെ ചൊടിപ്പിച്ചു. ഇതിന്റെ കാരണം റഫി-ആശാ യുഗ്മഗാനങ്ങൾ ഇപ്പോഴും സംഗീതാസ്വാദകർ ഏറ്റെടുക്കുന്നുണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് റഫിയ്ക്ക് തന്നെ ലഭിയ്ക്കുന്നതാവണം എന്നാണ് ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നത്.
എഴുപതുകളുടെ തുടക്കത്തിൽ നവ സംഗീതത്തിന്റെ അലയൊലിയിൽ റഫിയ്ക്ക് ഗാനങ്ങൾ കുറഞ്ഞതും കിഷോർ കുമാർ രാജേഷ് ഖന്നയ്ക്ക് വേണ്ടി പാടിയ ഗാനങ്ങൾ ഇൻഡസ്ട്രി കീഴടക്കിയതും, പിന്നീട് റഫിയുടെ ശക്തമായ തിരിച്ചു വരവും ആവേശത്തോടെ ജാബിർ നോക്കിക്കാണുന്നുണ്ട്.
കാലമിത്ര കഴിഞ്ഞിട്ടും റഫി ഗാനങ്ങളുടെ സൗരഭ്യം നിലനിൽക്കുന്നതിന്റെ രഹസ്യമറിയാൻ ഈ പുസ്തകത്തിലൂടെ യാത്രചെയ്യുക തന്നെ വേണം. ഇഷ്ട ഗാനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഇതിലുണ്ട്.
ഇത് റഫിയുടെ ജീവിതവും സംഗീതവും നിറഞ്ഞ പുസ്തകമാണെങ്കിലും ബോളിവുഡ് സംഗീതലോകത്തിന്റെ വസന്തകാലത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനവുമാണ്. സംഗീത പ്രേമികൾക്ക് ഏറ്റവും ആസ്വാദ്യകരമായി വായിച്ചുപോകാൻ കഴിയുന്ന ലളിത സുന്ദരമായ ഗദ്യമാണ്. റഫിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ അപൂർവ്വ നിമിഷങ്ങളുടെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്.