പൂമുഖം LITERATURE ആ വെല്‍വെറ്റുടുപ്പ്

ആ വെല്‍വെറ്റുടുപ്പ്

 


 

െക്കൊലീറ്റ ജലധാരയില്‍ നിന്ന്‍ തൂവാല നനച്ച് നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ആകെ ക്ഷീണിച്ചു തളര്‍ന്നാണ് ഞങ്ങള്‍ ഒടുവില്‍ അവിടെയെത്തിയത് മനോഹരമായ ഉദ്യാനമുള്ള അയാക്കുചോ തെരുവിലെ ആ വീട്ടില്‍.ഹാ, എന്തൊരാനന്ദം!
ഞങ്ങള്‍ അഞ്ചാംനിലയിലേയ്ക്കുള്ള എലിവേറ്ററില്‍ കയറി. എന്‍റെ ഈ മുഷിഞ്ഞ വസ്ത്രങ്ങള്‍ കാരണം ഈ യാത്രയില്‍ എനിക്കത്ര മന:സുഖമൊന്നും തോന്നിയില്ല. മാത്രമല്ല, പുറത്തു പോകാന്‍ അനുകൂലമായൊരു മാനസികാവസ്ഥയിലുമായിരുന്നില്ല ഞാന്‍. ഉച്ച തിരിഞ്ഞുള്ള സമയം കിടക്കവിരി അലക്കിയും തേച്ചുമടക്കിയും മറ്റും ചെലവഴിക്കാമെന്ന വിചാരത്തിലായിരുനു ഞാന്‍.
ഞങ്ങള്‍ വാതില്‍മണി അമര്‍ത്തി. വീട് തുറക്കപ്പെട്ടു. കാസിന്‍ഡയും ഞാനും എന്ന ‘ഞങ്ങള്‍’ പൊതിക്കെട്ടുമായി വീട്ടിനുള്ളിലേയ്ക്കു കയറി. കാസിന്‍ഡ ഒരു തയ്യല്‍ക്കാരിയാണ്. ഞങ്ങള്‍ ബുര്‍സാക്കോയിലാണ് താമസം. തലസ്ഥാനത്തേയ്ക്കുള്ള യാത്രകള്‍ അവള്‍ക്ക് സാധാരണ സുഖക്കേടുണ്ടാക്കുന്നതാണ്. വിശേഷിച്ചും, വടക്കന്‍ പ്രവിശ്യയിലേയ്ക്കുള്ള ഇത്തരം ദൂരയാത്രകള്‍. വന്നു കയറിയ ഉടന്‍ തന്നെ പഴ്സില്‍ കരുതിയിരുന്ന ആസ്പിരിന്‍ ഗുളിക വിഴുങ്ങുവാനായി കാസിന്‍ഡ വീട്ടുജോലിക്കാരിയോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. അതാ അവളുടെ കൈയില്‍ നിന്ന്‍ ആസ്പിരിന്‍ നിലത്തു വീഴുന്നു. കൂടെ ആ ഗ്ലാസും പഴ്സും.
പരവതാനി വിരിച്ച (പാറ്റാഗുളിക ഗന്ധമുള്ള) കോവണിപ്പടികളിലൂടെ ജോലിക്കാരി ഞങ്ങളെ നയിച്ചു. മുകളില്‍ കോര്‍ന്നീലിയ കാറ്റാല്‍പിന എന്നാ സ്ത്രീയുടെ കിടപ്പുമുറിയിലെയ്ക്ക്. ആ പേര് ഓര്‍ത്തിരിക്കുക എന്നത് തന്നെ എനിക്കൊരു പീഡനമായാണ് അനുഭവപ്പെട്ടത്‌. കിടപ്പുമുറിയില്‍ എങ്ങും ചുവപ്പുനിറം. വെള്ള തിരശ്ശീലകളും സ്വര്‍ണ്ണ ചട്ടക്കൂടിനുള്ളിലെ കണ്ണാടികളും ഉള്‍മുറികളില്‍ നിന്ന്‍ അവരുടെ മൂളിപ്പാട്ടുകളും ഉച്ചത്തിലുള്ള ശകാരങ്ങളും കേള്‍ക്കാം. ഒടുവില്‍, നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവര്‍ പുറത്തേക്കിറങ്ങി വന്നു. ആദ്യം അവരുടെ സുഗന്ധം പ്രവേശിച്ചു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം പുതുമയുള്ള മറ്റൊരു സുഗന്ധവുമായി അവരും. അവര്‍ ഒരു പരാതിയോടുകൂടി ഞങ്ങളെ അഭിവാദനം ചെയ്തു : “ബ്യൂണോസ് ഐരിസിനു പുറത്തു ജീവിക്കുന്ന നിങ്ങളെത്ര ഭാഗ്യവതികളാണ്! അവിടെ ഇതുപോലെ പുകയും പൊടിയുമില്ലല്ലോ. ചിലപ്പോ പേപ്പട്ടികളും  ചവറുകൂനകളും കാണുമായിരിക്കും….എന്‍റെ കിടക്കവിരി നോക്കു., നിങ്ങള്‍ കരുതുന്നുണ്ടോ ഇത് ശരിക്കും ഇത്ര നരച്ചതാണെന്ന്‍. അല്ല കേട്ടോ- ഇത് തൂവെള്ളയാണ്…മഞ്ഞുപാളികള്‍ പോലെ തൂവെള്ള..” അവര്‍ എന്‍റെ താടിക്ക് പിടിച്ചുയര്‍ത്തിക്കൊണ്ടു ചോദിച്ചു: “അതൊന്നും ആലോചിച്ച് നീ വിഷമിക്കണ്ട…ചെറുപ്പത്തിനെന്ത് ഉന്മാദമാണ്! നിനക്ക് എട്ടു വയസ്സുണ്ടാവും അല്ലേ? എന്നിട്ട് കാസിന്‍ഡയെ നോക്കി, കൂട്ടിച്ചേര്‍ത്തു: “നിനക്ക് ഇവളുടെ തലയില്‍ ഒരു കല്ലെടുത്തുവെച്ചുകൂടേ? അവള്‍ വളരാതിരിക്കട്ടെ. നമ്മുടെ യൌവനം നമ്മുടെ മക്കളുടെ ചെറുപ്പം കഴിയുന്നത്‌ വരേയ്ക്കുമേയുള്ളൂ…”
എല്ലാവരുടേയും വിചാരം കൂട്ടുകാരി കാസിന്‍ഡ എന്‍റെ അമ്മയാണെന്നാണ്..തമാശ തന്നെ.!
“മാഡം ഇതൊന്നു ധരിച്ചു നോക്കുന്നോ?” നന്നായി പൊതിഞ്ഞുവെച്ചിരുന്ന ആ പൊതിക്കെട്ട് അഴിച്ചുകൊണ്ട് കാസിന്‍ഡ ചോദിച്ചു.
എന്നിട്ട് അവള്‍ എന്നോടു പറഞ്ഞു : “പഴ്സില്‍ നിന്ന്‍ ആ പിന്‍ എടുത്തുവാ..”
“ഹൊ..വസ്ത്രങ്ങള്‍ ഇട്ടുനോക്കുക..വല്യ പാട് തന്നെ എനിക്ക്! എനിക്ക് വേണ്ടി മറ്റ് വല്ലവരും വസ്ത്രമിട്ട് നോക്കിയിരുന്നെങ്കില്‍ ഞാന്‍ എത്ര സന്തോഷിക്കുമായിരുന്നു! വല്ലാത്ത ആയാസം തന്നെ.!”
അവര്‍ വസ്ത്രം മാറ്റി, വെല്‍വെറ്റ് തുണിയിലുള്ള പുതുവസ്ത്രം അണിയിക്കുവാന്‍ കാസിന്‍ഡ അവരെ സഹായിക്കുകയാണ്.
“മാഡം, എപ്പോഴാണ് യാത്ര പുറപ്പെടുക?” ശ്രദ്ധ തിരിക്കുവാനായി കാസിന്‍ഡയുടെ ചോദ്യം.
ആ സ്ത്രീയ്ക്ക് മറുപടി പറയാനാവുന്നില്ല. ഉടുപ്പ് അവരുടെ തോളുകളില്‍ ഉടക്കി നില്‍ക്കുകയാണ്. കഴുത്തിന് താഴേക്കിറങ്ങുന്നതില്‍ നിന്ന്‍ എന്തോ അതിനെ തടയുന്നത് പോലെ. എന്തൊരു തമാശയാണിത്!
“വെല്‍വെറ്റ് വിയര്‍ത്തൊട്ടുന്ന വസ്ത്രമല്ലേ മാഡം..ഇന്നാണെങ്കില്‍ നല്ല ഉഷ്ണവും. നമുക്ക് കുറച്ചു പൌഡര്‍ ഇട്ടുനോക്കാം. ”
“ഊരിമാറ്റ്‌…എനിക്ക് ശ്വാസം മുട്ടുന്നു.” അവര്‍ നിലവിളിച്ചു. കാസിന്‍ഡ വസ്ത്രത്തിന്‍റെ ഒരറ്റം പിടിച്ചുകൊണ്ട് അവരെ ചാരുകസേരയിലിരുത്തി., അവരോ, ആകെ മോഹാലസ്യപ്പെട്ട വസ്ഥയിലും.!
“എപ്പോഴാണ് മാഡം യാത്ര തീരുമാനിച്ചിരിക്കുന്നത്?” ശ്രദ്ധ തിരിക്കുവാനുള്ള കാസിന്‍ഡയുടെ ചോദ്യം വീണ്ടും.
“എനിക്ക് ഏതു ദിവസം വേണമെങ്കിലും പോകാം. വിമാനങ്ങളുടെ കാലമല്ലേ, തോന്നുമ്പോള്‍ പോകാം, വരാം. പക്ഷെ കൊണ്ടുപോകാനുള്ള വസ്ത്രം ശരിയാകണമല്ലോ.അവിടെ ഇപ്പോള്‍ മഞ്ഞുവീഴാന്‍ തുടങ്ങിക്കാണും. എങ്ങും വെളുത്ത്, വൃത്തിയില്‍ തിളങ്ങുന്ന ശോഭ….”
“പാരീസിലേയ്ക്കാണോ മാഡം..?”
“ഞാന്‍ ഇറ്റലിക്കും പോകുന്നുണ്ട്..”
“മാഡം, ഒന്നുകൂടി നോക്കിയാലോ, ഉടുപ്പ്..? ഇത്തവണ ഞങ്ങളിത് വേഗത്തിലിട്ടുതരാം.”
അവര്‍ തലകുലുക്കി.
“ആദ്യം ഇരുകൈകളും ഉയര്‍ത്തി നില്‍ക്കു. ഞങ്ങള്‍ ഉടുപ്പിന്‍റെ കൈകള്‍ കയറ്റാം.,ആദ്യം.” വസ്ത്രം വീണ്ടും ഇടുവിക്കാന്‍ ശ്രമിച്ചുകൊണ്ട് കാസിന്‍ഡ പറഞ്ഞു.
കുറച്ചു നിമിഷങ്ങള്‍ നീണ്ട നിഷ്ഫല പരിശ്രമത്തിനു ശേഷം ഇടുപ്പില്‍ നിന്ന് താഴേയ്ക്ക് വസ്ത്രം ഇറക്കാനാവാതെ കാസിന്‍ഡ തളര്‍ന്നിരുന്നു. എന്‍റെ കഴിവിന്‍റെ പരമാവധി ഞാനും സഹായിച്ചു.
ഒടുവില്‍ കാസിന്‍ഡ അവരെ ഉടുപ്പ് ഇടീക്കുക തന്നെ ചെയ്തു. ശേഷം അല്‍പനേരം അവര്‍ ചാരുകസേരയില്‍  തളര്‍ന്നിരുന്നു. പിന്നീട് കണ്ണാടി നോക്കുവാനായി എണീറ്റുനിന്നു. ഉടുപ്പ് വളരെ മനോഹരവും സങ്കീര്‍ണ്ണവും ആയിരുന്നു! ഗൌണിന്‍റെ ഇടതുഭാഗത്ത് കറുത്ത സീക്വെന്‍സുകള്‍ തുന്നിപ്പിടിപ്പിച്ച ഡ്രാഗണ്‍. കാസിന്‍ഡ മുട്ടുകുത്തി നിന്ന്‍ കണ്ണാടിയില്‍ നോക്കിക്കൊണ്ട് വസ്ത്രത്തിന്‍റെ അരികുകള്‍ ഞൊറിഞ്ഞിട്ടു. എന്നിട്ടവള്‍ എണീറ്റ്‌ നിന്നുകൊണ്ട് ഗൌണിന്‍റെ കഴുത്തിലും കൈയിലുമുള്ള മടക്കുകളില്‍ പിന്ന് തിരുകി. ഞാന്‍ മെല്ലെ ആ വെല്‍വെറ്റ് ഒന്നു തലോടിനോക്കി.ഒരു ദിശയില്‍ തടവുമ്പോള്‍ പരുക്കനും എതിര്‍ദിശയില്‍ തടവുമ്പോള്‍ മൃദുലവും. അതിന്‍റെ പളപളപ്പില്‍ എനിക്കെന്‍റെ പല്ല് പുളിച്ചു. എന്‍റെ കൈലുണ്ടായിരുന്ന പിന്നുകള്‍, തടി പാകിയ നിലത്തേയ്ക്ക് വീണു. ഞാന്‍ അതീവ നിഷ്ഠയോടുകൂടി അവ ഒന്നൊന്നായി നിലത്തുനിന്ന്‍ പെറുക്കിയെടുത്തു….”
“ഹൊ!, എത്ര മനോഹരമായ ഉടുപ്പ്! ഇത്രയും ഭംഗിയുള്ള ഡിസൈന്‍ ബ്യൂണോസ് ഐരിസില്‍ എവിടെയും കാണുമെന്നു തോന്നുന്നില്ല…” കാസിന്‍ഡ തട്ടിവിട്ടു. ചുണ്ടില്‍ നിന്നും ഒരു പിന്‍ ഊര്‍ന്നുപോകാന്‍ അനുവദിച്ചുകൊണ്ട് അവള്‍ ചോദിച്ചു. “മാഡത്തിന് ഇഷ്ടമായില്ലേ?”
“ഒരുപാടിഷ്ടമായി വെല്‍വെറ്റ് എന്‍റെ ഇഷ്ടനിറമാണ്. വസ്ത്രങ്ങളെന്നാല്‍ പുഷ്പങ്ങള്‍ പോലെയാണ്. ഓരോരുത്തര്‍ക്കും അവരവരുടെ പ്രിയങ്ങളുണ്ട്…എനിക്ക് തോന്നുന്നു വെല്‍വെറ്റ് സ്പൈക്നാര്‍ഡ്പുഷ്പം പോലെയാണെന്ന്…”
“ഇഷ്ടമാണോ സ്പൈക്നാര്‍ഡ്? അതിനൊരു ശോകലക്ഷണമാണ്…” കാസിന്‍ഡ എതിര്‍ത്തു.
“സ്പൈക്നാര്‍ഡ് എനിക്ക് ഉപദ്രവമുണ്ടാക്കുമെങ്കില്‍ കൂടി അതെന്‍റെ പ്രിയപുഷ്പമാണ്‌. അതു മണക്കുമ്പോള്‍ എനിക്ക് അസുഖം വരും. വെല്‍വെറ്റ് തൊടുമ്പോള്‍ എന്‍റെ ശരീരത്തില്‍ രോമങ്ങള്‍ ഉയര്‍ന്നെഴുന്നേല്‍ക്കും., എനിക്ക് പല്ല് പുളിക്കും. പണ്ട് കൊച്ചുപെണ്‍കുട്ടിയായിരുന്നപ്പോള്‍ ലിനന്‍ കൈയുറകള്‍ ധരിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ അനുഭവം. എങ്കിലും എനിക്ക് ഈ പ്രപഞ്ചത്തില്‍ വേല്‍വെറ്റ് പോലെ ഇഷടമുള്ള മറ്റൊരു തുണിയില്ല. അതിന്‍റെ മൃദുലത ചിലപ്പോള്‍ എന്‍റെ വിരലുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുമെങ്കില്‍ പോലും..വെല്‍വെറ്റ് എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. കറുത്ത വെല്‍വെറ്റ് തുണിയില്‍ അല്ലേ ഒരു സ്ത്രീ ഏറ്റവും മനോഹരിയായി കാണപ്പെടുക? ആ വസ്ത്രത്തില്‍ അവള്‍ക്കൊരു കസവ് പട്ടയുള്ള കുപ്പായക്കഴുത്തോ, ഒരു മുത്തുമാലയോ ആവശ്യമില്ല. മറ്റേതൊരു  ആടയാഭരണവും അവിടെ ഒരനാവശ്യമായി മാറുന്നു. വെല്‍വെറ്റ് എന്തിനും പകരം വെയ്ക്കാം.. അത് പ്രൌഢവും രാജകീയവുമാണ്…”
ഇത്രയും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അവര്‍ ശ്വസിക്കുവാന്‍ നന്നേ പ്രയാസപ്പെടുന്നു ണ്ടായിരുന്നു…അവരുടെ നെഞ്ചില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന ആ ഡ്രാഗണും..മേശപ്പുറത്തുനിന്ന്‍ ഒരു പത്രത്താളെടുത്ത് കാസിന്‍ഡ അവര്‍ക്ക് വീശിക്കൊടുത്തു. പക്ഷേ, അവര്‍ അവളെ തടഞ്ഞു. ശുദ്ധവായു അവര്‍ക്കൊരു ഗുണവും ചെയ്യില്ലത്രെ. വല്ലാത്ത തമാശ തന്നെ!
പുറത്ത് ഏതോ തെരുവ് കച്ചവടക്കാര്‍ എന്തൊക്കെയോ വിളിച്ചുകൂവുന്നുണ്ട്.അവര്‍ എന്ത് വില്‍ക്കുന്നവരാവും..? പഴങ്ങള്‍..? അതോ ഐസ്ക്രീമോ..? കത്തി മൂര്‍ച്ചപ്പെടുത്തുന്നവന്‍റെ ചൂളമടിയും ഐസ്ക്രീം കച്ചവടക്കാരന്‍റെ മണിമുഴക്കങ്ങളും തെരുവില്‍ ഇടക്കിടെ കേട്ടുകൊണ്ടിരുന്നു. സാധാരണ ചെയ്യാറുള്ളതുപോലെ ഞാന്‍ അവരെ കാണുവാനായി ജനാലയ്ക്കരികിലേയ്ക്ക് ഓടിയില്ല. തിളങ്ങുന്ന സീക്വന്‍സ് തുന്നിയ ആ ഡ്രാഗന്‍ ഉടുപ്പിന്‍റെ ഭംഗിയില്‍ നിന്ന്‍ എനിക്കെന്‍റെ കണ്ണുകള്‍ പറിച്ചെടുക്കാനായില്ല
പതറുന്ന ചുവടുവെയ്പ്പുകളിലൂടെ ആ സ്ത്രീ അതാ വീണ്ടും എണീറ്റ്‌ കണ്ണാടി ക്കരികിലേയ്ക്ക് നടക്കുന്നു. സീക്വന്‍സിലെ ഡ്രാഗണുമുണ്ട് ഒരു പതര്‍ച്ച. കൈത്തണ്ടയിലെ ഒരു ചെറിയ മടക്ക് ഒഴിച്ചാല്‍ വസ്ത്രം ഇപ്പോള്‍ ഏറെക്കുറെ പാകമാണവര്‍ക്ക്. കാസിന്‍ഡ വീണ്ടും പിന്നുകള്‍ പുറത്തെടുത്തു. ആ വിചിത്രമായ വസ്ത്രത്തിന്‍റെ അങ്ങുമിങ്ങും പൊങ്ങിനിന്ന ചുളിവുകളിലേയ്ക്ക് അവള്‍ ആപത്ക്കരമായ രീതിയില്‍ പിന്നുകള്‍ ആഴ്ത്തിയിറക്കി.
“നീ വലുതാകുമ്പോള്‍ ..,” അവര്‍ എന്നെ നോക്കി പറഞ്ഞു. “നിനക്കുമൊരു വെല്‍വെറ്റ് ഉടുപ്പ് വേണമെന്നു തോന്നില്ലേ..?”
“അതെ..,” പറയുമ്പോള്‍ ആ വെല്‍വെറ്റ് ഉടുപ്പിന്‍റെ കൈയുറയിട്ട കൈകള്‍ എന്‍റെ കഴുത്തിനെ ഞെരിച്ചു മുറുക്കുന്നുണ്ടായിരുന്നു. തമാശ തന്നെ!
“ഇനി ഇത് ഊരാന്‍ എന്നെ സഹായിക്കു..” അവര്‍ പറഞ്ഞു.
ഞൊറിവുകള്‍ ഇരുകൈകളിലും മുറുക്കിപ്പിടിച്ചുകൊണ്ട് കാസിന്‍ഡ അവരെ വസ്ത്രം അഴിക്കുവാന്‍ സഹായിച്ചു. അവര്‍ അല്‍പനേരം വസ്ത്രം മുകളിലേയ്ക്ക് വലിക്കുവാന്‍ നോക്കിയെങ്കിലും പരാജിതയായി വീണ്ടും അത് പഴേപടി തന്നെ നിവര്‍ത്തിയിട്ടു.
“എനിക്കിതില്‍ തന്നെ ഉറങ്ങേണ്ടിവരുമെന്ന് തോന്നുന്നു.” കണ്ണാടിയില്‍ തന്‍റെ വിളറിയ മുഖം നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു. അവരോടൊപ്പം ആ ഡ്രാഗണും വിറകൊണ്ടു.
“വെല്‍വെറ്റ് ഒരു വിസ്മയമാണെങ്കിലും, അതിനിത്തിരി ഭാരം കൂടുതലാണ്.” നെറ്റിയില്‍ നിന്ന്‍ വിയര്‍പ്പ് തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു. “ഇതൊരു തടവറയാണ് എങ്ങനെ രക്ഷപ്പെടും ഇതില്‍ നിന്ന്‍? വസ്ത്രങ്ങള്‍ കാറ്റും പ്രകാശവും വെള്ളവും പോലെ അപ്രധാനമായ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിക്കേണ്ടത്.”
‘നിങ്ങള്‍ക്ക് സില്‍ക്ക് മതിയെന്ന് അപ്പോഴേ ഞാന്‍ പറഞ്ഞതാണ്.’ കാസിന്‍ഡയുടെ നിഷേധം .
പെട്ടെന്ന് അവര്‍ നിലത്തേയ്ക്ക് വീണു. നെഞ്ചിലെ ഡ്രാഗണ്‍ പിടച്ചുകൊണ്ടിരുന്നു ഡ്രാഗണ്‍ പിടപ്പ് നിര്‍ത്തും വരെ കാസിന്‍ഡ അവര്‍ക്ക് മേല്‍ കുനിഞ്ഞുനോക്കി നിന്നു. ഞാന്‍ വീണ്ടും വെല്‍വെറ്റില്‍ തഴുകി. അതൊരു ജീവനുള്ള മൃഗത്തെ പോലെ തോന്നിച്ചു. കാസിന്‍ഡ വ്യസനത്തോടെ പറഞ്ഞു.
“അവര്‍ മരിച്ചു. ഞാന്‍ എത്ര കഷ്ടപ്പെട്ടാണ്‌ ഈ വസ്ത്രം തുന്നിയത്? എനിക്കെത്ര ചെലവുണ്ടായെന്നറിയാമോ?”
തമാശ തന്നെ …

[സില്‍വിന ഒക്കാമ്പോ (1903-1993) ബ്യൂണോസ് ഐരിസില്‍ ജനിച്ചു വളര്‍ന്ന ചിത്രകാരിയും വിവര്‍ത്തകയുമായ കഥാകൃത്ത് .കഥാസമാഹാരങ്ങള്‍ കൂടാതെ അനവധി കവിതകളും നാടകങ്ങളും സില്‍വിനയുടേതായുണ്ട്.സ്പാനിഷ് ഭാഷയില്‍ നിന്ന്‍ ഡാനിയല്‍ ബാള്‍ഡര്‍സ്റ്റണ്‍ വിവര്‍ത്തനം ചെയ്ത Thus were their faces എന്ന കഥാസമാഹാരത്തിലെ The velvet dress എന്ന ചെറുകഥ -]

പരിഭാഷ: സോണിയ റഫീക്ക്

14468555_10210494520736333_6623181971585593588_o

Comments
Print Friendly, PDF & Email

സില്‍വിന ഒക്കാമ്പോ (1903-1993): ബ്യൂനോസ് ഐരിസില്‍ ജനിച്ചുവളര്‍ന്ന ചിത്രകാരിയും വിവര്‍ത്തകയുമായ കഥാകൃത്ത്. കഥാസമാഹാരങ്ങള്‍ കൂടാതെ അനവധി കവിതകളും സില്‍വിനയുടേതായുണ്ട്. സ്പാനിഷ് ഭാഷയില്‍ നിന്ന്‍ ഡാനിയല്‍ ബാള്‍ഡര്‍സ്റ്റണ്‍ വിവര്‍ത്തനം ചെയ്ത Thus Were Their Faces എന്ന കഥാസമാഹാരത്തിലെ 'The velvet dress' എന്ന ചെറുകഥ.

You may also like