പൂമുഖം LITERATUREലേഖനം അമേരിക്ക ആഭ്യന്തരകലാപത്തിലേയ്ക്ക്?

അമേരിക്ക ആഭ്യന്തരകലാപത്തിലേയ്ക്ക്?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഡോണൾഡ് ട്രമ്പിന്റെ വലംകൈയും വിശ്വസ്തനും അടുത്ത അനുയായിയും ആയ ചാർളി കിർക്, തന്റെ ആശയങ്ങൾ ആരാധകരോട് വിശദീകരിക്കുകയും അതിനുവേണ്ടി നിലകൊള്ളാനും പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വേദിയിൽ വെടിവെച്ചു വീഴ്ത്തപ്പെട്ടത് ആ സമൂഹത്തിൽ ആഘാതതരംഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പൗരന്മാർക്ക് ആത്മരക്ഷക്കുവേണ്ടി തോക്ക് കൈവശം വെയ്ക്കാം എന്ന ആശയത്തിന്റെ വക്താവാണ് അവിടെ ഒരു തോക്ക്ധാരിയാൽ കൊല്ലപ്പെട്ടത്. കൊലപാതകി ഒരു ഡെമോക്രാറ്റ് ആയിരുന്നില്ല, കറുത്ത വർഗ്ഗക്കാരൻ ആയിരുന്നില്ല, നിറമുള്ളവനും ആയിരുന്നില്ല. കിർക്കിന്റെ ട്രാൻസ് വിരുദ്ധ വിക്ഷേപണങ്ങളാണ് 22 കാരൻ റോബിൻസണെ മുന്നിലുള്ള ഒരു കെട്ടിടത്തിൽ നിന്നു പിഴക്കാത്ത ലക്ഷ്യത്തോടെ നിറയൊഴിക്കുവാൻ പ്രകോപിപ്പിച്ചത് എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർ ഉയർത്തിയതായി പുറത്തു വന്നിരുന്നു.

മുൻപും അമേരിക്കയിൽ കൗമാരക്കാരും യുവാക്കളും അല്ലാത്തവരും കൂട്ടവെടിവെപ്പ് നടത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ.തോക്ക് കൈവശം വെയ്ക്കുന്നത് അമേരിക്കൻ സാമൂഹ്യ ജീവിതത്തിൽ ആഴത്തിൽ ഉൾചേർന്നിട്ടുള്ള ഒരു ഘടകമാണ്.തോക്ക് കൈവശം വെയ്ക്കുന്നതിനുള്ള അവകാശം അവിടെ ഭരണഘടന അനുവദിച്ചിരിക്കുന്നു. 40% ത്തോളം ആളുകൾ തോക്ക് കൈവശം ഉള്ളവരാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

അങ്ങനെയുള്ള ഒരു സമൂഹം അച്ചടക്കത്തോടെയും സംയമനത്തോടെയും സമാധാനമായി സഹവർത്തിക്കുന്നതും ക്രമാനുഗതമായ പല ഘട്ടങ്ങളിലൂടെ ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുകയും ജനാധിപത്യം നിലനിർത്തുകയും ചെയ്യുന്നതും അവരിൽ വേരാഴ്ന്നു വളർന്ന് ഉറച്ച സവിശേഷമായ സാംസ്‌കാരികബോധത്തിന്റെ ഫലമായാണ്. ആ നിലക്ക് ട്രമ്പിന് മുൻപും അമേരിക്ക ‘ഗ്രേറ്റ്’ ആയിരുന്നു എന്ന് നിസ്സംശയം പറയാം.

പല രാജ്യങ്ങളിൽ നിന്നു കുടിയേറിയ ജനത പൊതുഭരണഘടനക്ക് കീഴിൽ അമേരിക്കൻ ഐക്യനാടുകൾ രൂപീകരിക്കുകയും ശാസ്ത്രീയമായും സാമ്പത്തികമായും വ്യാവസായികമായും സൈനികമായും വികസിക്കുകയും ചെയ്തു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും യോഗ്യതയും നൈപുണിയും ഉള്ളവരെ സ്വാഗതം ചെയ്തു.അവർക്ക് മേന്മയുള്ള ജീവിത സാഹചര്യങ്ങൾ ലഭ്യമാക്കുകയും അവരുടെ അധ്വാനം രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കുകയും ചെയ്തു. വർഗീയവും വംശീയവും ആയ വിവേചനങ്ങൾക്കെതിരെ പരസ്യമായ നിലപാട് എടുത്തു. ലോകത്തിന്റെ ഗതി നിർണയിക്കാൻ മാത്രം പ്രാപ്തിയുള്ള വൻ ശക്തിയായി. നാനാഭാഗത്തുള്ളവരുടെ സ്വപ്നഭൂമിയായി.

മുതലാളിത്തവ്യവസ്ഥയാണ് ഈ സർവ്വതല സ്പർശിയായ വളർച്ചയുടെ സാമ്പത്തിക അടിത്തറ എന്ന് പറയാതെ വയ്യ. ഉദാരമായ സ്വകാര്യമൂലധനം സ്വാഗതം ചെയ്യൽ, മികവിനുള്ള അംഗീകാരം, പ്രാപ്തിക്കും, അധ്വാനക്ഷമതക്കും നിർവഹണത്തിനുമുള്ള പ്രോത്സാഹനം, വിശാലമായ ഉൾക്കൊള്ളൽ എന്നിവ വളർച്ചയുടെ ത്വരകങ്ങളായി പ്രവർത്തിച്ചു.

രാജ്യാതിർത്തിക്കു പുറത്തേക്ക് വളർന്ന മുതലാളിത്തത്തിന്റെ അധിനിവേശ താൽപര്യങ്ങൾ, അതുമൂലം ഉണ്ടായ വർദ്ധിച്ച സൈനികച്ചിലവുകൾ എന്നിവ തിരിച്ചടിക്കാൻ തുടങ്ങിയപ്പോൾ ഈ വളർച്ചയുടെ താളം തെറ്റി. കോർപ്പറേറ്റുകളുടെ ലാഭേച്ച വർദ്ധിച്ചു. തൊഴിലുകൾ പുറംനാടുകളിലേക്ക് കുടിയേറി. രാജ്യത്ത് അസംതൃപ്തി നാമ്പിട്ടു. സ്വാഭാവികമായും കുടിയേറ്റത്തിനോട് വിപ്രതിപത്തി വളർന്നു. യൂറോപ്യൻ രാജ്യങ്ങളെ പോലെ അഭയാർത്ഥിപ്രവാഹം താങ്ങേണ്ടി വന്നില്ലെങ്കിലും അനധികൃത കുടിയേറ്റം വർദ്ധിച്ചു. കൃത്രിമബുദ്ധിയുടെ ത്വരിതവളർച്ച തൊഴിൽഭാവിയെ കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു.

ഈ പശ്ചാത്തലത്തിലാണ് നിത്യോപയോഗ സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം ക്രമാതീതമായി വർധിപ്പിക്കുന്നതും തൊഴിൽ തേടുന്നവർക്കുള്ള വിസനിയമങ്ങളിൽ തീവ്രപരിഷ്കരണം കൊണ്ടുവരുന്നതും. ഉത്പാദനത്തിൽ അടിയുറച്ച സാമ്പത്തികവ്യവസ്ഥിതിയിൽ നിന്ന് അറിവിനും സാങ്കേതികവിദ്യക്കും മുൻതൂക്കം നൽകുന്ന വ്യവസ്ഥിതിയിലേക്ക് പരിണമിച്ച അമേരിക്കൻ സാമ്പത്തിക രംഗത്തിന്, ഗുണമേന്മയുള്ള കുടിയേറ്റത്തൊഴിൽ ഒരവശ്യ ഘടകം തന്നെയാണ്. പ്രവർത്തനം അന്യരാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക ഒരു സാധ്യതയായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ അതിനു മുൻപ് കോർപ്പറേറ്റ് സമൂഹം, പ്രത്യേകിച്ച് വലിയ ടെക്ക് കമ്പനികൾ ഇതിനെ എതിർക്കാനും ഭരണകൂടവുമായി സംഘർഷത്തിൽ ആവാനുമുള്ള സാഹചര്യവും ഉണ്ട്. അവരെ സംബന്ധിച്ച് ലാഭത്തിനാണ് മുൻഗണന. സ്വകാര്യ മൂലധനത്തിന് സ്വന്തം രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മയും യുവാക്കളുടെ അസംതൃപ്തിയും അതിലും വലിയ പരിഗണനയല്ല. ഇത് ട്രമ്പ് രാഷ്ട്രീയത്തിന് കനത്ത വെല്ലുവിളി ഉയർത്തും. അടിസ്ഥാനപരമായി ഒരു ബിസിനസ് മാൻ ആയ ട്രംപ് ഇത് മുൻകൂട്ടി കാണുന്നില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണ്‌. അതിനെ കണ്ടില്ലെന്നു നടിക്കാൻ മാത്രം വലിയ ഒരു ഇന്ത്യൻ വിരുദ്ധത ട്രമ്പ് ഭരണകൂടത്തെ പിടികൂടിയിരിക്കുന്നു.

കോവിഡ് മഹാമാരി സങ്കീർണമാക്കിയ,ഉക്രൈനിനെ ഉപയോഗിച്ചിട്ടും, ഉപരോധങ്ങൾ കൊണ്ട് പൊതിഞ്ഞിട്ടും റഷ്യക്ക് മേൽ പ്രാമാണിത്തം നേടാൻ കഴിയാത്ത, നിർമ്മാണത്തിലും സാങ്കേതിക സേവനങ്ങളിലും ചൈനയെ വൻതോതിൽ ആശ്രയിക്കുന്ന, അമേരിക്കയെയാണ് ട്രമ്പ് പ്രസിഡന്റായി ഏറ്റെടുക്കുന്നത്.വീണ്ടും മഹത്തരമാക്കുമെന്ന് നയപ്രഖ്യാപനം നടത്തുന്നത്.

പക്ഷേ ട്രംപ് മുന്നിൽ കാണുന്ന അമേരിക്കയല്ല അവിടുത്തെ ബഹുഭൂരിപക്ഷം പൗരന്മാരും ലോകരാജ്യങ്ങളും മഹത്തായി കാണുന്ന അമേരിക്ക. കുടിയേറ്റക്കാരെ ആട്ടിയോടിക്കുന്ന, വംശീയതയും അപരവിദ്വേഷവും വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്നവരെ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങൾ ഏൽപ്പിക്കുന്ന, സഖ്യരാഷ്ട്രങ്ങൾ മാറിച്ചിന്തിച്ചിട്ടും ഇസ്രായേലിനൊപ്പം നിൽക്കുന്ന, പലസ്തീനിലെ കൂട്ടക്കൊലയെ അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായി പിന്താങ്ങുന്ന, വൈവിധ്യമാർന്നതും ഉൾക്കൊള്ളുന്നതുമായ ചിരകാല സുഹൃത് രാജ്യമായ ഇന്ത്യയെ,അടുത്ത കാലം വരെ അന്താരാഷ്ട്ര ഇടപാടുകളിൽ പരമാവധി നീതിയോടൊപ്പം നിന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും പൊറുതിമുട്ടിക്കാൻ ശ്രമിക്കുന്ന അമേരിക്കയല്ല മഹത്തരം ആകുന്നത്. അമേരിക്ക ഒറ്റപ്പെടുകയാണ് എന്ന് ട്രംപും അനുയായികളും ഒഴികെ എല്ലാവരും തിരിച്ചറിയുകയാണ്.

മാറുന്ന അമേരിക്കയെ, അതോടൊപ്പം മാറുന്ന ലോകവ്യവസ്ഥിതിയെ നേരിടാനും അതുമായി പൊരുത്തപ്പെടാനും ഇന്ത്യയും യൂറോപ്പും ആഫ്രിക്കയും ഉൾപ്പെടുന്ന ശിഷ്ടലോകം മറുവഴികൾ തുറക്കുകയാണ്. അതേസമയം മാറുന്ന അമേരിക്ക ആ രാജ്യത്തിനകത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഗുരുതരമായിരിക്കും. അമേരിക്കൻ കോർപ്പറേറ്റുകൾക്ക് എളുപ്പത്തിൽ കുടഞ്ഞു കളയാവുന്നതല്ല ഏഷ്യൻ സോഫ്റ്റ് പവറും ഇതര മേഖലകളിലെ തൊഴിൽശേഷിയും. ഗവേഷണം,ലോകാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ നിന്നുള്ള പിന്മാറ്റം ഒട്ടൊന്നുമല്ല അമേരിക്കയുടെ മഹത്വത്തിന് മങ്ങൽ ഏൽപ്പിക്കുന്നത്. നാട്ടുകാരേക്കാൾ അമേരിക്കൻ മൂല്യങ്ങളെ വാഴ്ത്തിപ്പാടിയ ഏഷ്യൻ സമൂഹങ്ങൾ പൊടുന്നനെ അരക്ഷിതത്വത്തിലേക്കു വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. പറഞ്ഞുവന്നത്,അമേരിക്കൻ പ്രസിഡന്റിന്റെ അത്യാചാരങ്ങൾ രാജ്യത്തെ പൗരന്മാരെയും കുടിയേറ്റക്കാരെയും പ്രവാസികളെയും അഭയാർത്ഥികളെയും ഒരേപോലെ അസ്വസ്ഥരാക്കിയിരിക്കുന്നു. ആ ജനത തലമുറകളായി പുലർത്തി പോന്ന സ്വാഭിമാനവും സാംസ്കാരികതയും ലോകസമക്ഷം അവമതിക്കപ്പെടുകയാണ്. അതോടൊപ്പം സ്വകാര്യജീവിത സാഹചര്യങ്ങൾ അരക്ഷിതമാവുന്നു. ഇതൊരു കഠിനമായ പരീക്ഷണമാണ്. ഇതിനെ അതിജീവിക്കുവാനും വരുതിയിൽ ആക്കുവാനും ആ ജനതയ്ക്ക് കഴിയുമോ? അവരിൽ തന്നെ ഒരു വലിയവിഭാഗം പുതിയതായി കണ്ടുപിടിച്ച അമേരിക്കൻ മഹത്വത്തിന്റെ സ്തുതിപാഠകരായി ഉണ്ട്.

വിപരീതദിശകളിലുള്ള ഈ മഹത്വകാംക്ഷകൾ അമേരിക്കയിൽ പുകഞ്ഞു നീറുകയാണ്. തോക്കുകൾ യഥേഷ്ടം കൈവശം വയ്ക്കാൻ അവകാശമുള്ള ഒരു സമൂഹത്തിൽ ഇത് അത്യന്തം അപകടകാരിയാണ്. അത് ഒരു ആഭ്യന്തരകലാപത്തിന്റെ തീപ്പൊരി ആവാതിരിക്കട്ടെ. ആധുനികതയെയും പുരോഗമനത്തേയും പുൽകിയ ഒരു ജനത തങ്ങൾ നൽകിയ സമ്മതിദാനത്തിന്റെ ഭവിഷ്യത്തുകൾക്കു മുൻപിൽ പകച്ചു നിൽക്കുകയാണ്. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങൾക്കും ഒരു പാഠമാണ്.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.