കോലോത്ത് താരാട്ട്
പാട്ടിൻ പുതപ്പിൽ
ആലിലത്തൊട്ടിലിൽ
വിരലുണ്ണുന്നൊരുണ്ണിയായ്
കാലം കടന്ന് നേർ-
വാക്കായ് ചുരന്ന്
പുലർന്നോരു വെണ്മയായ്
ഉറങ്ങാതിരിക്കുന്നു
കുഞ്ഞിക്കണ്ണിന്‍റെ ദീപ്തികൾ, ഗാഥകൾ
ചേലിൽ വെറും ചീര-
യിലത്തെല്ലു മാറ്റും
കാലേ പകർന്ന നിറ-
വന്നം, പ്രസാദം
പീലിക്കിനാവായ്
കൈരളീ വാങ്മയം
ആലോലമാട്ടിടും
കാവ്യകേളീ കളിമ്പം
കാലവർഷം മഹാ-
പാണ്ഡിത്യഗർവ്വിനാൽ
ജാലമായ്, സാധു
ജീവിതം മാഴ്കവെ
പാലമായ്, മനസ്സിൻ
കരയണഞ്ഞീടുവാൻ
ഓലയിൽ കാവ്യക്കുട
രചിച്ചോരു രക്ഷയും
പാലലക്കടൽ
നിത്യമാമുണ്മകൾ
നൽമൊഴിത്തനിമകൾ
ചാലിച്ചെടുത്തോരു
ചന്ദനശുദ്ധികൾ
വനമാല ചാർത്തിടും
ഭക്തി-വാത്സല്യ മഞ്ജരി
ആലിലച്ചാർത്താൽ
ചലിച്ചെഴും ശീലുകൾ
കാലം വലം വെക്കു –
മീരടിത്തണലുകൾ..
*ഈ കവിതയ്ക്ക് പേരിടുമ്പോൾ എം.ഗോവിന്ദന്‍റെ ‘ഇടശ്ശേരി നിനവിൽ വരുമ്പോൾ’എന്ന കവിതയുണ്ട് നിനവിൽ.
Comments