പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 13 – പുറപ്പാട്

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 13 – പുറപ്പാട്

നേരം ഇരുട്ടിത്തുടങ്ങി. തണുപ്പകറ്റാൻ മരുപ്പച്ചയിലെമ്പാടും തീക്കുണ്ഡങ്ങൾ ഉയർന്നു. കൂടാരങ്ങൾക്ക് മുമ്പിൽ ചൂടും വെളിച്ചവും പടർന്നു. ശൈഖിൻ്റെ കൂടാരത്തിന്റെ മുമ്പിലും ഒരുഅഗ്നികുണ്ഡം എരിഞ്ഞിരുന്നു.
കാവൽക്കാർ കാതോർത്തു.

കൂടാരത്തിൽ നിന്ന് ഒറ്റക്കമ്പിനാദം കാറ്റിനെപ്പോലെ മൂളൂന്നുണ്ട്. പേർഷ്യൻ ജമുക്കാളത്തിൽ ചാരിക്കിടന്ന നാട്ടുപ്രമാണിമാരുടെ വിരലുകൾ ആ രാഗത്തിന് താളം പിടിച്ചു. സ്വർണ്ണത്തളികയിൽ വിശിഷ്ട ഭോജ്യങ്ങളുമായി ഇടക്കിടെ പരിചാരകർ വന്നുപോയിരുന്നു. ശരറാന്തൽവെളിച്ചത്തിൽ ഈത്തപ്പഴങ്ങൾ രത്നങ്ങളായി. പരിചാരകർ പാനിയം പകർന്നുകൊണ്ടിരുന്നു. കൂടാരത്തിലെ വായുവിൽ മരക്കറയുടെ എരിയുന്ന മണം പോലെ കുന്തിരിക്കം പുകഞ്ഞിരുന്നു. ആ നറും ഗന്ധത്തിൽ കാവൽക്കാർ ഉന്മത്തരായി.
നരച്ചതാടിയിൽ വിരലോടിച്ചിട്ട് ശൈഖ് പറഞ്ഞു.
“നമ്മെ നശിപ്പിക്കാനായി ബാമിക്കാർ ഇതാ ഗോത്ര സഭ ചേർന്നിരിക്കുന്നു.”
വറുത്ത മത്തക്കുരു കൊറിക്കുന്നതിനിടയിൽ നാട്ടുപ്രമാണികൾ ഇളകി ചിരിച്ചു. ചാരൻ നൽകിയ വർത്തമാനത്തിൽ തമാശ തോന്നി.
“എത്രയോ വർഷമായി ബാമിക്കാർ ഗോത്രസഭ കൂടുന്നു. പക്ഷേ അവരുടെ ദുരാലോചനയെല്ലാം ചാന്ദ്രദേവൻ കാറ്റിൽ പറത്തുന്നു!.”
ശൈഖും ചിരിച്ചു. പ്രമാണിമാരുടെ ആത്മവിശ്വാസം കണ്ടപ്പോൾ ആ ചുണ്ടിൽ പരിഹാസത്തിന്റെ നറുനിലാവ് തെളിഞ്ഞു.
“സിറിയൻ രാജാവിന് ഒരു സന്ദേശം അവർ അയച്ചിട്ടു ണ്ട്..”
കരിമ്പാറയിലെ പ്രഭു തോൾ വെട്ടിച്ചു.
“ഒട്ടകത്തെ ക്ഷണിക്കുന്നതു പോലെയാണ് സിറിയൻ രാജാവിനെ വിളിക്കുന്നത് ! നിൽക്കാൻ ഇടം കൊടുത്താൽ അയാൾ കൂടാരം മുഴുവൻ സ്വന്തമാക്കും !! … “
മൊട്ടക്കുന്നിലെ പ്രമാണി പറഞ്ഞു.
“പുല്ല് കിളിർക്കാത്ത ഈ മരുപ്പച്ചയിൽ വന്ന് യുദ്ധം ചെയ്തിട്ട് അയാൾക്ക് എന്ത് കിട്ടാനാണ്? “
വടക്കോട്ട് സഞ്ചരിക്കാറുള്ള ഒരു വ്യാപാരി പറഞ്ഞു.
“എനിക്ക് റെയ്സോനെ അറിയാം. അയാളുടെ കണ്ണ് മണ്ണിലല്ല ,
പെൺഅടിമകളിലാണ്.”
അവരുടെ മുഖം കൂടാരം പോലെ വിളറി.

റെയ്സോൻ ബാബിലോൺ രാജാവിനെ പോലെ വീരനും പരാക്രമിയുമാണ്. അയാളെ നേരിടാൻ ക്വാതിലെ പോരാളികൾക്ക് കഴിയില്ല. മരുഭൂമിയിൽ നിന്ന് വീശിയ കാറ്റിൽ തണുപ്പിന്റെ സൂചികൾ ഒളിപ്പിച്ചിരുന്നു. കൂടാരത്തിലെ വെളിച്ചം കാറ്റിൽ വിറ കൊണ്ടു. പ്രമാണിമാരുടെ കണ്ണുകളിൽ കിടുകിടുപ്പ് നിറഞ്ഞു. ആസന്നഭാവിയിൽ വന്നുഭവിച്ചേക്കാവുന്ന വിപത്തിനെ നേരിടാൻ ആത്മപരിശോധന നടത്തി.
പ്രഭു പറഞ്ഞു. .
“ശത്രുവിൻ്റെ ശത്രു മിത്രം എന്നാണല്ലോ പ്രമാണം. അതു കൊണ്ട് നമുക്ക്
റെയ് സോൻ്റെ ശത്രുവായി സഖ്യം ചെയ്താലോ?”
ആ വിചാരം നന്നെന്ന് അവർക്ക് തോന്നി. പ്രമാണിമാരുടെ കരം ഉയർന്നു.
ആരാണ് റെയ്സോന്റെ ശത്രു? ശൈഖിന് തിട്ടം കിട്ടിയില്ല. വടക്കോട്ട് പോയിരുന്ന ഒരു വർത്തക പ്രമാണിയെ കൂടാരത്തിൽ വിളിച്ചു വരുത്തി. ഡമാസ്ക്കസും യെറുശലേമും കൈ വെള്ളയിലെ രേഖ പോലെ അയാൾക്ക് പരിചിതമായിരുന്നു..
“പ്രഭോ , എനിക്ക് റെയ്സോനെ അറിയാം.. അയാൾ മരുഭൂമിയിലെ ശക്തനാണ്. പക്ഷേ അവൻ ഭയപ്പെടുന്നത് ഈ ഭൂമിയിൽ ഒരുവനെ മാത്രമാണ്.”
ശൈഖ് ആരാഞ്ഞു.
“ആരാണവൻ?”
“യിസ്റേഏൽ രാജാവായാ ശലമോൻ ! കാനാൻദേശത്തെ പ്രബലനായ രാജാവ് ! “
ദാവീദിന്റെ പുത്രനെ പറ്റി ശൈഖ് എല്ലാം ചോദിച്ചറിഞ്ഞു. കാനാൻ ദേശത്തുണ്ടായിരുന്ന എല്ലാ അധികാരികളേക്കാൾ അതിശയിക്കുന്ന ജ്ഞാനവും സമ്പത്തും മഹത്വവും അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ ആർജ്ജിച്ചു. വിജ്ഞാനം ബലത്തേക്കാൾ ഉത്തമമെന്ന് ശലമോൻ രാജാവ് കരുതുന്നു
ശൈഖിനു തൃപ്തിയായി.
“ശരി, നമുക്ക് അവനുമായി സഖ്യം ചെയ്യണം”
കച്ചവടക്കാരൻ പറഞ്ഞു.
“അവിടുന്ന് ഒരു ദൂതനെ സന്ദേശവുമായി യെറുശലേമിന് അയക്കുക. കാരണം തന്നിൽ ആശ്രയം ചോദിച്ചു വരുന്നവരെ അയാൾ ഒരിക്കലും നിരാശരാക്കി തിരിച്ചയക്കാറില്ല.”
ശൈഖിന് തൃപ്തിയായി. എങ്കിലും ഈ കാര്യത്തിലുള്ള ചാന്ദ്രദേവൻ്റെ ഹിതം തേടാൻ പ്രമാണിമാർ ശൈഖിനെ ഉപദേശിച്ചു. . ജീവിത പ്രശ്നങ്ങൾക്കെല്ലാം പരിഹാരം തേടുവാൻ അറബികൾ ചാന്ദ്രദേവൻ്റെ ക്ഷേത്രത്തിൽ ആടിനെ ബലിയർപ്പിച്ചിരുന്നു. ശൈഖ് ചോദിച്ചു. .
“സിറിയ രാജാവിനോട് ഞാൻ യുദ്ധം ചെയ്യണമോ?”
ബലിയർപ്പിച്ച ആട്ടിൻകുട്ടിയുടെ കരൾ അനങ്ങാതെ താലത്തിൽ കിടന്നു.. മഹാപുരോഹിതൻ പറഞ്ഞു.
“പോകരുത്, മരുഭൂമി കടന്നാൽ നിന്നെ ഞാൻ നശിപ്പിക്കും.”
ശൈഖ് തലകുനിച്ചു. .
“ശലമോൻ രാജാവുമായി ഞാൻ സഖ്യം ചെയ്യണമോ?”
താലത്തിലെ കരൾ പിടച്ചു.
“സഖ്യം ചെയ്യുക. “
ശൈഖിന് സമാധാനമായി.
“ഞാൻ എന്ത് കാഴ്ചവെക്കണം?”
താലം വിറച്ചു. പുരോഹിതൻ പറഞ്ഞു.
“നീ നിൻ്റെ പുത്രിയെ അവനു തൽകുക. “
ശൈഖിന്റെ മുഖം തെളിഞ്ഞു. വെള്ളിയും ഓടും യെരുശലേമിലെ ഇടവഴിയിൽ കുട്ടികൾ തട്ടിക്കളിക്കുന്നത് കേട്ടപ്പോൾ അയാൾ നിരാശപ്പെട്ടിരുന്നു. വെറും കയ്യോടെ ദൂതനെ അയക്കുക എങ്ങിനെയെന്ന് ഓർത്ത് മനസ്സ് തപിച്ചിരുന്നു. അത് ക്വാതിന് കുറച്ചിലാണല്ലോ.

ശൈഖിന്റെ പുത്രി സുന്ദരിയായിരുന്നു. ആകാശത്തിലെ ചന്ദ്രിക പോലെയായിരുന്നു ആ മുഖം. പക്ഷേ, ശലമോന്റെ അന്ത:പ്പുരത്തിൽ വെളിച്ചം വീശാൻ അവൾ വിസമ്മതിച്ചു. കാരണം അവൾ ഒരു യുവാവിനെ പ്രാണനുതുല്യം സ്നേഹിച്ചിരുന്നു. ക്വാതിലെ പടനായകനെ പിരിയുന്ന കാര്യം ഓർത്തപ്പോൾ ഫാത്തിമയുടെ മുഖത്ത് നിഴൽ വീണു.
അവൾ അമ്മയോട് പറഞ്ഞു.
“യെറുശലേമിന്നു പോകാൻ എനിക്ക് വയ്യാ…. “
മകളുടെ പ്രണയ ബന്ധം അമ്മ അറിഞ്ഞിരുന്നു.
“മകളേ , നീ ശാഫാനെ മറക്കണം”
അവൾക്ക് കരച്ചിൽ വന്നു.
“പറയാൻ നല്ല എളുപ്പമാണ് എങ്ങനെ ഞാൻ മറക്കും?”
അമ്മ പറഞ്ഞു.
“മറക്കണം. നീ ക്വാതിലെ ശൈഖിൻ്റെ പുത്രിയാണ്.”
അവൾ വിതുമ്പി.
“അകലേയ്ക്ക് നിന്നെ അയക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ടന്നാണോ നിൻ്റെ വിചാരം.”
അവൾ അമ്മയെ തുറിച്ച് നോക്കി.
“ചാന്ദ്രദേവൻ്റെ കൽപ്പന ലംഘിക്കാൻ കുഞ്ഞേ, നമുക്ക് ആവില്ല. “
അവൾ തളർന്നു.
ഫാത്തിമായ്ക്ക് ദേവനോട് വെറുപ്പ് തോന്നി. സ്നേഹിക്കുന്ന ഹൃദയങ്ങളെ വേർപെടുത്താൻ ആകാശ ദേവന് എങ്ങനെ കഴിയുന്നു? ഒരു പക്ഷേ ഭൂമിദേവിയെ ആരാധിക്കുന്നവരോടുള്ള അസൂയയാണോ? രാത്രിയിൽ കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല. അവൾ നഷ്ടപ്രാണയായി! വാടിക്കരിഞ്ഞ സ്വപ്നങ്ങളുടെ ശയ്യയിൽ കിടക്കുമ്പോൾ അവൾ കാറ്റിന്റെ അലർച്ച കേട്ടു. രാത്രി മുഴുവൻ ഭീകരമായി അത് അലറികൊണ്ടിരുന്നു. അവൾ മനസ്സിൽ ആരാഞ്ഞു. കാറ്റേ, നിനക്കും കാമുകനെ നഷ്ടപ്പെട്ടുവോ?
നേരംവെളുത്തു. നരച്ച ആകാശത്തിൻ കീഴിൽ രാത്രിയിലെ ഇരുട്ട് ഈത്തപ്പനത്തോട്ടത്തിലെ മാളത്തിൽ അഭയം തേടി. ഫാത്തിമ എഴുന്നേറ്റു.
കൂടാര മുറ്റത്തു നിന്നിരുന്ന അമ്മയുടെ അധികാരത്തിലുള്ള ശബ്ദങ്ങൾ അവൾ കേട്ടു. രാവിലെ കൂടാരത്തിലും മുറ്റത്തും ദാസികൾക്ക് പിടിപ്പതുപണിയുണ്ട്. രാവിലെത്തെ ഒരു പണി തെറ്റിയാൽ മതി ആ ദിവസം മുഴുവൻ അലങ്കോലമാകും.

ഫാത്തിമ കുതിരാലയത്തിലേക്ക് നടന്നു. മഹാസങ്കടങ്ങൾ മനസ്സിനെ അലട്ടുമ്പോൾ അവൾ ഈത്തപ്പന തോട്ടത്തിൽ ഒന്നു ചുറ്റിയടിച്ചിരുന്നു. കൊടും ചൂടിൽ ഉണങ്ങിയ പനകളുടെ ഇടയിലൂടെ നടക്കുമ്പോൾ സങ്കടങ്ങളുടെ മടലുകൾ വീണു കിടക്കുന്നത് കണ്ടിരുന്നു!
ഫാത്തിമയെ കണ്ട് കുതിരശാലയുടെ മുറ്റത്തിരുന്ന അസ്മ എഴുന്നേറ്റു. ഇണക്കമുള്ള കുതിരയെ പ്രഭാത സവാരിക്കായി അവൾ അഴിച്ചു കൊണ്ടുവന്നു. യജമാനത്തിയെ കണ്ട് പെൺകുതിര ചിനച്ചു , അക്ഷമയായി കാലിട്ടിളക്കി. ഫാത്തിമ തലോടി. പിന്നെ കുതിരപ്പുറത്ത് ചാടിക്കയറി. തെരുവിലൂടെ പായുന്ന കുമാരിയെ നോക്കി അസ്മ കുറച്ചുനേരം നിന്നു.
ഒരിക്കൽ കുതിരയെ അഴിച്ചു കൊണ്ടു വന്നപ്പോൾ ഫാത്തിമക്ക് ഇഷ്ടപ്പെട്ടില്ല. രണ്ടുമൂന്ന് ചാണകത്തരികൾ കുതിരയുടെ വാലിൽ പറ്റിയിരിക്കുന്നത് കണ്ടു. ഫാത്തിമ അസ്മായെ ശിക്ഷിച്ചു. നാവുകൊണ്ട് ആ വാലിലെ ചാണകത്തരികൾ എല്ലാം തുടച്ചു മാറ്റിച്ചു! അപമാനം മൂലം അവൾ രാവും പകലും നീറിപ്പുകഞ്ഞു. ഒരാഴ്ചത്തേക്ക് ഭക്ഷണം കഴിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല. അപ്പം കണ്ടപ്പോൾ അറപ്പാണ് തോന്നിയത്! ഒടുവിൽ മടുത്തിട്ട് രാത്രിയിൽ ഒരു കഷണം കയറെടുത്തു. പക്ഷേ ജീവനൊടുക്കാൻ ശാലയിലെ കുതിരകൾ സമ്മതിച്ചില്ല. അവർ ബഹളം കൂട്ടി.

തെരുവ് കടന്ന് യജമാനത്തി അപ്രത്യക്ഷയായി. അകലെ നിന്ന് മരുക്കാറ്റിന്റെ ഭയപ്പെടുത്തുന്ന അലർച്ച കേട്ടപ്പോൾ അവൾക്ക് ആശങ്ക തോന്നി.
മരുക്കാറ്റിൽ തോട്ടത്തിലെ ഈത്തപ്പനയുടെ ഓലകൾ ആടിയുലഞ്ഞു. പക്ഷേ, തായ്ത്തടികൾക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ഒരു കൂസലും ഇല്ലാതെ പനയുടെ ചുവട്ടിൽ നിൽക്കുന്ന ശാഫാനെ കണ്ടപ്പോൾ ഫാത്തിമയ്ക്ക് അരിശവും സങ്കടവും തോന്നി.
“നീ എൻ്റെ പിതാവിനെ കണ്ട് നമ്മുടെ സ്നേഹത്തെക്കുറിച്ച് പറയണം. “
അയാൾ പറഞ്ഞു.
“അതു കൊണ്ട് ഒരു പ്രയോജനവും ഇല്ല. ചാന്ദ്രദേവൻ്റെ കൽപ്പന ലംഘിക്കാൻ ശൈഖിന് കഴിയില്ല.”
അവൾക്ക് അരിശം വന്നു.
“നിന്നെ പോലെ ഒരു ഒട്ടകത്തെ പ്രേമിച്ച ഞാനാണ് വിഡ്ഢി….”
ശാഫാൻ്റെ മുഖം ഗൗരവത്തിലായി.
“നിനക്ക് ഒട്ടകത്തെ അറിയില്ല. മരുഭൂമി തോറ്റത് ഒട്ടകത്തിൻ്റെ മുമ്പിലാണ്.! “
അവൾ പറഞ്ഞു. “ശലമോനെ വിവാഹം കഴിക്കേണ്ടി വന്നാൽ ഞാൻ ഒരു കാര്യം തീരുമാനിച്ചിട്ടണ്ട്. പിന്നെ ഈ ഭൂമിയിൽ ജീവനോടെ എന്നെ നീ കാണുകയില്ല.”
അവളുടെ കണ്ഠമിടറി. ഒരു നീർത്തുള്ളി കവളിൽ ഒലിച്ചിറങ്ങി.
അയാൾ പറഞ്ഞു.
“കരയാതെ പൊന്നേ. നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, എന്താ പോരേ?”
കരച്ചിൽ നിർത്തി അവൾ അവൻ്റെ കണ്ണുകളിൽ നോക്കി.
“സത്യമാണോ നീ പറയുന്നത്. “
അവൻ ചിരിച്ചു. ഓലയിൽ ആരോ തന്ത്രികൾ മീട്ടിയതുപോലെയൊരു ചിറകടിശബ്ദം ഫാത്തിമ കേട്ടു. പ്രണയത്തിന്റെ പക്ഷി ചിറകടിച്ചുയരുകയാണോ?
ശൈഖിനെ പിൻതിരിപ്പിക്കാൻ ശാഫാൻ ശ്രമിച്ചു. ഒട്ടക പരിശീലകനെ ചട്ടം കെട്ടി കൂടാരത്തിൽ അയച്ചു..
“പ്രഭോ, പറഞ്ഞു കേട്ടിടത്തോളം യെറുശലേമിലേക്കുള്ള പാത അതീവ ദുർഘടവും കാതങ്ങൾ നീണ്ടതും ആണ്. ആകാശത്തെ ചുംബിക്കുന്നതാണ് മരുപ്പാതയിലെ പർവ്വതങ്ങൾ. വഴിയിലെ കൊള്ളക്കാരുടെ വാളിൽ എത്രയോ
സുഹൃത്തക്കളെയാണ് എനിക്ക് നഷ്ടപ്പെട്ടത്. “
ശൈഖും സംശയിച്ചു.
യെറുശലേം പാതയിലെ ആപത്തുകൾ താണ്ടാൻ ഫാത്തിമായ്ക്ക് കഴിയുമോ?
അങ്ങനെയിരിക്കെ അൽ ജോഫിൽ നിന്ന് ഒരു യാത്ര സംഘം മരുപ്പച്ചയിൽ എത്തി. അവർ പേർഷ്യക്കാർ ആയിരുന്നു. വടക്കോട്ടുള്ള യാത്രാസംഘങ്ങളെപ്പറ്റി ശൈഖ് ആരാഞ്ഞു. മദീനയിൽ നിന്നുള്ള ഖുറേഷി സംഘത്തെക്കുറിച്ച് അവർ പറഞ്ഞു. അവർ യെറുശലേമിലേക്ക് ആണെന്ന് കേട്ടപ്പോൾ ശൈഖ് അതീവ സന്തുഷ്ടനായി. മരുപ്പാതയിലെ പാറക്കെട്ടുകളും മണൽചുഴികളും നീരുറവകളും കരതലാമലകം പോലെ നിശ്ചയമാണ് അവർക്ക്.
ശൈഖിന് സമാധാനമായി.
മലഞ്ചെരുവിലെ ചതുപ്പിൽ വിധിയെ പഴിച്ചു കൊണ്ട് ശലമോൻ പന്നികളെ മേയ്ച്ചു. ദിനങ്ങൾ കഴിയുംതോറും അയാളുടെ പ്രതീക്ഷകൾ ഓരോന്നായി വാടിക്കരിഞ്ഞു. ജോഫിലേക്കുള സാർത്ഥവാഹക സംഘം വരാൻ വൈകുമെന്ന് അങ്ങാടിയിൽ കേട്ടപ്പോൾ നിരാശയടക്കാനായില്ല. രാവിലെ മലഞ്ചെരിവിൽ ഒട്ടകനോട്ടക്കാരനെ കണ്ടപ്പോൾ ശലമോൻ തലകുനിച്ചു. അയാൾ ചിരിച്ചു
“എടാ യൂദാ, നിന്നെ കൂട്ടി കൊണ്ടുവരാൻ യജമാനൻ കൽപ്പിച്ചിരിക്കുന്നു.
കൊല്ലാനാണോ വളർത്താനാണോ? യൂദന്റെ മുഖം വിളറി. ശലമോൻ കുളിച്ച് വേഷം ധരിച്ചു. രണ്ടു തുള്ളി സുഗന്ധവും താടിയിൽ പൂശി. ശലമോൻ ശൈഖിന്റെ കൂടാരത്തിനു മുമ്പിൽ എത്തിയപ്പോൾ കാവൽക്കാർ ഭീഷണമായി നോക്കി. രക്തം വാർന്നതു പോലെ മുഖം വിളറി. പരിചാരകൻ വിളിച്ചപ്പോൾ ശലമോന്റെ കരങ്ങൾ വിറച്ചു. അയാൾ അകത്ത് ചെന്ന് ശൈഖിനെ നമസ്ക്കരിച്ചു.
“പ്രഭോ, കൽപ്പിച്ചാലും “
ശൈഖ് പുഞ്ചിരിച്ചു.
“ഇതാ നാം ശലമോൻരാജാവിനോട് സഖ്യം ചെയ്യാൻ ഉറച്ചിരിക്കുന്നു. അതിനു നീ നമ്മെ സഹായിക്കുക.”
അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതോ ശത്രുവിനെ നേരിടാനുള്ള വിചാരമാണ് ശൈഖിന്റെ ഉള്ളിൽ.
“ശലമോൻ രാജാവ് അങ്ങയിൽ സംപ്രീതനാകട്ടെ.”
ശൈഖ് സന്തുഷ്ടനായി.
“നമ്മുടെ പുത്രിയെ രാജാവിന് നൽകണമെന്നാണ് ആശ.”
മകളെ അയക്കുന്നതിൽ നിന്നു ശൈഖിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. .
“പ്രഭോ, അദ്ദേഹത്തിന്റെ അന്തപ്പുരത്തിൽ ആയിരം റാണിമാരുണ്ട്.”
ശൈഖ് പുഞ്ചിരിച്ചു.
“ആയിരം ഭാര്യമാരുള്ള രാജാവ് ലോക ചക്രവർത്തിയാണ് “
ശലമോൻ ചിരിച്ചു.
“ഈ അനന്തമായ മരുഭൂമി പിന്നിടാൻ അങ്ങയുടെ പുത്രിക്കുകഴിയുമോ?”
ശൈഖിന്റെ മുഖത്തെ ചിരി മാഞ്ഞു.
“ഈ മരുഭൂമികടക്കാനാണ് അവളുടെ തലവരയെങ്കിൽ ആർക്കാണ് അത് തടയാനാവുക ?”
പിന്നിട് ശൈഖിനെ നിരുത്സാഹപ്പെടുത്താൽ ശലമോൻ തുനിഞ്ഞില്ല. ഒരു പക്ഷേ യിസ്റേഏലിൻ്റെ ചരിത്രത്തിൽ ഏതോ ഭാഗം അഭിനയിക്കാൻ ആ കന്യകയുടെ തലയിൽ ദൈവം എഴുതിയിട്ടുണ്ടാകും.
ഏബ്രായ രീതികൾ പുത്രിയെ പഠിപ്പിക്കാൻ ശൈഖ് യൂദനെ നിയമിച്ചു.
അന്ത:പുരത്തിലാണ് ശൈഖ് പാഠശാല ഒരുക്കിയത്. കൂടാരത്തിന്റെ ഒരു മൂലക്ക് കുന്തിരിക്കം പുകച്ചിരുന്നു. ചിത്രങ്ങൾ തുന്നിയ പരവതാനിയിൽ യൂദൻ ഇരുന്നു. തെല്ലകലെ തിരശ്ശീലക്കപ്പുറം ഫാത്തിമയും അമ്മയും ഇരുന്നു. അമ്മ ആരാഞ്ഞു.
ആരാണ് എബ്രായരുടെ പിതാവ്?
യൂദൻ പറഞ്ഞു.
“ഊർ ദേശക്കാരനായ എബ്രാഹമാണ് അവരുടെ പിതാവെന്നാണ് യഹൂദരുടെ പുസ്തകങ്ങൾ പറയുന്നത് “
മരുഭൂമിക്കാരാണ് പിതാക്കളെന്ന് കേട്ടപ്പോൾ അമ്മക്ക് പാതി സമാധാനമായി.

ആ ദേശത്തെക്കുറിച്ചു കബീർ പറയുക”
” തേനും പാലും ഒഴുകുന്ന കാനാൻ ദേശമെന്നാണ് ആ ദേശത്തെക്കുറിച്ച് എല്ലാവരും പറയുന്നത്! “
“കൊള്ളാം കബീർ.”
അവർക്ക് സന്തോഷമായി.
“ഇനി അവരുടെ പുത്രൻമാരെക്കുറിച്ച് നീ പറയുക.”
അയാൾ പുഞ്ചിരിച്ചു. .
“അവരുടെ പുത്രൻമാർ ചെറുപ്പം മുതലേ തഴച്ചുവളരുന്ന ചെടികളാണ്.”
പുത്രിമാരോ ?
ഫാത്തിമായ്ക്ക് കൗതുകം തോന്നി.
ഒന്നാലോചിട്ട് അയാൾ പറഞ്ഞു.
“അവർ കൊട്ടാരമുകളിലെ ചിത്രസ്തംഭങ്ങളാണ്.”
തിരശ്ശീലയിൽ ഒരു ഇളം കാറ്റടിച്ചു. തിരകൾ ഉയരുന്നത് കണ്ട് ശലമോൻ അമ്പരുന്നു.
പ്രഭാതത്തിൽ ശലമോൻ കബീറായി. തിരശ്ശീലക്കപുറം യഹൂദരുടെ ആചാരരീതികളും ഭക്ഷണരീതികളും ഫാത്തിമ പഠിച്ചു.
പകലിന് ചൂടു കൂടിക്കൊണ്ടിരുന്നു. തീക്കുഴിയിൽ വീണതു പോലെ ശലമോൻ നീറി പുകഞ്ഞു. ഇത്തിരി തണുപ്പുതേടി ഒരു സർപ്പത്തെ പോലെ കൂടാരത്തിനെ അഭയം പ്രാപിച്ചു. സായാഹ്നത്തിൽ നേരം പോകാനായി കുതിരാലയത്തിന്റെ മുറ്റത്ത് പോയി കുറെ നേരം നിൽക്കും. കുതിരകൾ ഓടുന്നതും ചാടുന്നതും കാണുമ്പോൾ യെറുശലേമിലേക്ക് മനസ്സ് പായും. ഫറവോയുടെ രഥം വലിക്കുന്ന പെൺകുതിരയെ ഓർമ്മ വരും. അവളെ മെരുക്കാൻ കുതിരക്കാർക്ക് കഴിഞ്ഞില്ല. അവൾ നിഴലിനെ ഭയന്നിരുന്നു. ഒടുവിൽ വളരെ കഷ്ടപ്പെട്ടാണ് ആ ഭയം മാറ്റിയത്.
ശലമോൻ കുതിരകളുമായി കൂട്ടായി. കുതിരക്കാരന് അശ്വവിദ്യകൾ പകർന്നു. അയാൾ സവാരിക്കായി ഒരു കുതിരയെ അഴിച്ചു നൽകി. മൈതാനത്തിനു ചുറ്റും വലം വെച്ചപ്പോൾ ശലമോന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
ചില രാത്രികളിൽ ശലമോന് ഉറക്കം വരാൻ വൈകിയിരുന്നു.. ചക്രവാളത്തിലെ ഏകാന്ത താരത്തെ കാണുമ്പോൾ ജമാലിനെ ഓർമ്മ വരും. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ മനസ്സ് മരുഭൂമിയിലേക്ക് പായും. അപ്പോൾ അയാൾ പുറത്തിറങ്ങും. പാതിരാ വരെ കൂടാരങ്ങൾക്ക് ഇടയിലൂടെ നടക്കും. ഒരു രാത്രിയിൽ നടക്കുമ്പോൾ കുതിരാലയത്തിൽ നിന്ന് ഒരു സംസാരം കേട്ടു. അയാൾ കാതോർത്തു. കുതിരക്കാരി അസ്മ ആരോടോ കഥപറയുകയാണ്. അയാൾക്ക് ഒരു രസം തോന്നി. ഇരുളിൽ പതുങ്ങി നിന്നു. പക്ഷേ കുതിര അയാളെ കണ്ട് ചിനച്ചു
അസ്മ കഥ നിർത്തി ഇരുട്ടിലേക്ക് സൂക്ഷിച്ചുനോക്കി. ഇരുട്ടിന് ഒരനക്കം വെക്കുന്നതു പോലെ എന്തോ അനങ്ങുന്നു! ആരോ ഇരുളിൽ ഒളിച്ചുനിൽക്കുന്നുണ്ട്! അവൾക്ക് അരിശം വന്നു. അവൾ കുളിക്കുന്നതും വേഷം മാറുന്നതും കാണാൻ ചിലർ ഒളിഞ്ഞു നിന്നിരുന്നു.
“ആരാണ് ഒളിഞ്ഞു നോക്കുന്നത്?”
യൂദനു ലജ്ജ തോന്നി. അയാൾ പറഞ്ഞു.
“ക്ഷമിക്കണം , നീ പറഞ്ഞ കഥ കേട്ടുനിന്നതാണ്….”
അവൾ ആശ്വാസത്തോടെ ചിരിച്ചു. ഇരുളിൽ നക്ഷത്രങ്ങൾ തെളിഞ്ഞു.
രാത്രിയിൽ ചില കുതിരകൾ അസ്വസ്ഥരായിരുന്നു. അവരെ ശാന്തരാക്കാൻ അസ്മ ചില കഥകൾ പറയാറുണ്ട്. അവ കേട്ട് കുതിരകൾ ശാന്തമായി ഉറങ്ങി.
“ചെങ്കടലിനക്കരെ ഏതോപ്യ എന്ന ഒരു രാജ്യമുണ്ട്. ആ രാജ്യത്തിലെ മലകളിൽ നിറയെ മാവുകളുണ്ട്. പ്രണയത്തിന്റെ രുചികളായ മധുരവും പുളിയും ആണ് ആ മാമ്പഴങ്ങൾക്ക്. ഒരു ദിവസം മാമ്പഴം തേടി രണ്ട് കുട്ടികൾ ആ മലയിൽ പോയി. അവർ നടന്നു നടന്ന് ഒരു കൊടുംകാട്ടിലെത്തി. അവിടെ നാലഞ്ച് കച്ചവടക്കാർ നിന്നിരുന്നു. അവർ അടിമക്കച്ചവടക്കാരായിരുന്നു. അവർ കുട്ടികളെ പിടികൂടി. ബാലൻ നിലവിളിച്ചപ്പോൾ അവർ വാളെടുത്തു വീശി. ആ ബാലിക ബോധരഹിതയായി നിലം പതിച്ചു.
കച്ചവടക്കാർ ആ കുട്ടികളെ കടൽത്തീരത്തേക്ക് കൊണ്ടുപോയി. കടലിലെ തിരമാല കണ്ടപ്പോൾ ഭയം കൊണ്ട് അവർ അലറി കരഞ്ഞു. കച്ചവടക്കാർ ചാട്ട വീശി. അവർ നിശബ്ദരായി. ആഴക്കടലിൽ കഴുകനെപ്പോലെ ഒരു അറബിക്കപ്പൽ കാത്ത് കിടന്നിരുന്നു. ആ കപ്പലിൽ നിറയെ കുട്ടികളായിരുന്നു ഏതോ കാട്ടിൽ നിന്നു പിടികൂടിയ കുട്ടികൾ! കപ്പൽത്തട്ടിൽ അവർ അവശരായി കിടന്നു. കാറ്റും കോളും വന്നപ്പോൾ തിരകളെക്കാൾ ഉച്ചത്തിൽ അവർ നിലവിളിച്ചു. പക്ഷേ ഒരു ബാലിക മാത്രം കരഞ്ഞില്ല. ഒരു ബാലൻ അവളെ കെട്ടിപ്പിടിച്ചിരുന്നു.”
ഫാത്തിമ കണ്ണുനീർ തുടച്ചു.
ശലമോനു കൊട്ടാരത്തില അടിമകളെ ഓർമ്മവന്നു. ആടുകളെയും മാടുകളെയും വിൽക്കുന്നതുപോലെ ആണടിമകളെയും പെണ്ണടിമകളെയും വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. ചിലപ്പോൾ കുട്ടികളെ അമ്മയിൽ നിന്നു വേർപിരിച്ചപ്പോൾ അത്യുച്ചത്തിലുള്ള ആക്രന്ദനം കേട്ടിരുന്നു.
ശലമോന്റെ നെഞ്ചിലൂടെ ഒരു നടുക്കം കടന്നു പോയി.

കൂടാരത്തിൽ തിരശ്ശീലക്കപ്പുറം ഫാത്തിമ ഇരുന്നു. യഹൂദരുടെ ജീവിത രീതികൾ കേട്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നി. വിവാഹത്തിനുള്ള ഉടുപ്പുകളൂം പുറങ്കുപ്പായവും തുന്നാൻ തുടങ്ങിയിരുന്നു. ഒരു വൃദ്ധയാണ് മരുയാത്രക്കുള്ള വസ്ത്രങ്ങളും ഉടുപ്പുകളും തയ്ച്ചു ഭംഗിയാക്കിയത്. ഉടുപ്പിന് ചേരുന്ന ഉത്തരീയവും ശിരോവസ്ത്രവും അവർ തുന്നിചേർത്തു. അതിൽ റേന്തയും തയ്ച്ചുപിടിപ്പിച്ചിരുന്നു. പുതു വസ്ത്രങ്ങൾ കണ്ടപ്പോൾ ഫാത്തിമയുടെ മുഖം ആകാശം പോലെ തെളിഞ്ഞു. അമ്മക്ക് സമാധാനമായി.
അങ്ങാടിയിൽ നിന്ന് ലേപനങ്ങളും സുഗന്ധങ്ങളും വാങ്ങി. സ്വർണ്ണപ്പണിക്കാരനെ കണ്ട് മാലകളും വളകളും കമ്മലുകളും കാൽ ചിലമ്പുകളും ചെറുകിരിടങ്ങളും മോതിരങ്ങളും തീർപ്പിച്ചു. യാത്രക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം കെട്ടുകളിലാക്കി.
അങ്ങനെ ആ ദിനം വന്നുചേർന്നു. പ്രഭാതത്തിൽ ഫാത്തിമ കട്ടിയുള്ള മേലുടുപ്പ് ധരിച്ചു. പിന്നെ ഒരു ശിരോവസ്ത്രം കൊണ്ട് മുടി മറച്ചു. അതിൻ്റെ ഒരറ്റം അഴിഞ്ഞു കിടന്നു. യാത്രക്കിടയിൽ അതുകൊണ്ട് പാതിമുഖവും മറയ്ക്കാമായിരുന്നു. തോൽപ്പെട്ടിതുറന്ന് അമ്മ ഒരു കഠാര കൊണ്ടുവന്നു. യാത്രക്കിടയിൽ അക്രമികളെ നേരിടാനുള്ള ആയുധമാണ്.
അവൾ ആ കഠാരായിലേക്ക് ഒന്നു നോക്കി പിന്നെ അത് തന്റെ അരപ്പട്ടയിൽ തിരുകി.
കൂടാരത്തിനു പുറത്ത് ശൈഖ് കാത്തുനിന്നിരുന്നു. അയാൾ പുത്രിയെ അനുഗ്രഹിച്ചു.
“ലക്ഷോപലക്ഷം പുത്രൻമാരുടെ അമ്മയായി തീരട്ടെ. നിൻ്റെ സന്തതി പരമ്പരകൾ നഗരങ്ങൾ കയ്യടക്കട്ടെ!

അമ്മ മകളെ ചുംബിച്ചു. മരുപ്പച്ചയിലെ പ്രമാണിമാരും സമ്മാനങ്ങൾ നൽകി.
മുത്തുക്കൾ, സ്വർണ്ണാഭരണങ്ങൾ .
മഹാപുരോഹിതൻ സമ്മാനിച്ചത് ഒരു ഉറുമാലായിരുന്നു. മരുഭൂമിയിലെ ജിന്നുകളിൽ നിന്നുള്ള രക്ഷയാണത്. അവൾ അത് മടക്കി നെഞ്ചോടുചേർത്തു. മരുയാത്രക്കുള്ള ഒട്ടകത്തെ സഹോദരൻ അഴിച്ചു കൊണ്ടു വന്നപ്പോൾ ഫാത്തിമയുടെ കണ്ണു നിറഞ്ഞു. അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അൽ ജോഫിലേക്കുള്ള പാതയിൽ നിറയെ കള്ളൻമാരും കവർച്ചക്കാരും ആണ്. അവരെ നേരിടാനായി ശൈഖ് പത്ത് പടയാളികളെ ചട്ടം കെട്ടിയിരുന്നു. പടയാളികൾ ഓരോരുത്തരായി ഒട്ടകപ്പുറത്ത് കയറി. ഫാത്തിമ ഒട്ടകത്തിനു മേൽ കയറിഇരുന്ന് ചുറ്റും നോക്കി. പടയാളികളുടെ ഇടയിൽ നിൽക്കുന്ന ശാഫാനെ കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു. തോഴിയും ചിരിച്ചു.


അവർ മരുപ്പച്ച വിട്ടു. ശലോമോൻ വെള്ളമൂക്കന്റെ പുറത്ത് കയറി. വിജനമായ മണൽപ്പരപ്പിൽ എത്തിയപ്പോൾ ഫാത്തിമ, ഒന്നുതിരിഞ്ഞു നോക്കി. മരുപ്പച്ചയിലെ ഈത്തപ്പനകളുടെ ആകൃതി നഷ്ടപ്പെട്ടിരിക്കുന്നു! ഒരു പച്ചപ്പ് മാത്രം. അവൾ ഓർത്തു. കുറെ ദൂരം കഴിയുമ്പോൾ തീഷ്ണതയാർന്ന ഈ പായലും പോയ് മറയും. പിന്നെ ഒരു ചാരനിറം ശേഷിക്കും. ക്രമേണ ആ നിറവും അവ്യക്തമാകും. ഒടുവിൽ അനന്തമായ മണൽപ്പരപ്പ് മാത്രം മുന്നിലും പിന്നിലും ശൂന്യവും വന്യവും ആയ മരുഭൂമിയാണ്.
ഫാത്തിമായുടെ ഉള്ളം കിടുകിടുത്തു..
വറ്റിവരണ്ട ഒരു കടലു പോലെയാണ് മരുഭൂമി. തിരമാല പോലെ
പൂഴിത്തിരമാലകൾ. തണുത്ത കാറ്റിനു പകരം വരണ്ട കാറ്റ്. ദ്വീപുകൾ പോലെ പാറക്കെട്ടുകൾ. കപ്പൽ പോലെ ഒട്ടകങ്ങൾ, കടൽപ്പക്ഷികളെ പോലെ കഴുകൻമാർ …….
ഫാത്തിമ ചിന്താകുലയായി.
തെക്കോട്ട് പോയാൽ പച്ചക്ക് തീ കൊളുത്തുന്ന നാഫുട് മരുഭൂമിയിലെ ചൂടാണ്. വടക്കോട്ട് പോയാൽ പച്ചക്ക് കടിച്ചു കീറുന്ന സിറിയൻ മരുഭൂമിയിലെ ചെന്നായ്ക്കളും!
അതിനിടയിൽ എങ്ങോട്ടാണ് രക്ഷപ്പെടുക?
അവൾ കാമുകന്റെ കണ്ണുകളിൽ ഉറ്റുനോക്കി. പക്ഷേ ആ കണ്ണുകൾ കുഴിമാടങ്ങൾ പോലെ നിശ്ചലമായിരുന്നു. ചുണ്ടുകൾ എലികളെ പോലെ നിശബ്ദവും.
വെയിലാറിയപ്പോൾ തോഴി മന്ത്രിച്ചു.
“ജോഫിൽ എത്തുന്നതിനു് മുമ്പായി രക്ഷപ്പെടാനാണ് ശാഫാൻ നോക്കുന്നത് “
അവൾ ചിരിച്ചു. തോഴി മുന്നറിയപ്പു നൽകി.
“പക്ഷേ നമ്മൾ വിചാരിക്കുന്നതു പോലെ അതത്ര എളുപ്പമല്ല ! “
ഫാത്തിമയുടെ കണ്ണിൽ നിഴൽ വീണു. കബീർ പറഞ്ഞത് അവൾ ഓർത്തു.
” മനുഷ്യൻ്റെ എല്ലാ പദ്ധതികളെയും തകർക്കാൻ മരുഭൂമിക്ക് ഒരു നിമിഷം മതിയാകും.”
അവൾ അകലേയ്ക്ക് നോക്കി. ശൂന്യമായ മരുഭൂമിയുടെ മാറിലെ ദുസ്വപ്നം പോലെ ചക്രവാളം കറുത്തിരുണ്ടു..
ജോഫിലേക്കുള്ള യാത്രയിൽ വഴികാട്ടാനായി ഒരു ബിദവിയെ കരാറാക്കിയിരുന്നു. യാത്രക്കിടയിൽ ഇടക്കിടെ മുന്നറിയിപ്പുകൾ നൽകും. പിന്നെ മേഘത്തിൽ മറയുന്ന നക്ഷത്രത്തെ പോലെ അകലെ ചക്രവാളത്തിൽ പോയ് മറയും.മണൽകൂനയുടെ മുകളിൽ ബിദവിയെ കണ്ടു. പൂഴിക്കാറ്റ് വരുന്നതിനുള്ള അടയാളം കാട്ടി.
പടയാളികൾ ജാഗരൂകരായി.
കാറ്റിൻ്റെ ശബ്ദം കാതിൽ കിരുകിരുത്തു. ഒരു പൊടിക്കാറ്റ് തലയ്ക്ക് മീതെ കടന്നു പോയി. മണൽ മഴ പെയ്തു തുടങ്ങിയിരുന്നു. അവർ തലകുനിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ മണൽ മഴ നിന്നു. ആകാശം വാടിയ പനീർപ്പൂ പോലെ തെളിഞ്ഞു. സൂര്യൻ ഉച്ചസ്ഥായിയിലായിരുന്നു. പൊള്ളുന്ന ചൂടിൽ ഫാത്തിമ ആകെ വലഞ്ഞു. അവളുടെ ചുണ്ടുവരണ്ടു. തോഴിയുടെ മുഖവും വാടി. എന്നാൽ , പരിചാരിക അസ്മക്ക് ഒരു കൂസലും ഇല്ലായിരുന്നു. തീയിൽ കുരുത്തത് ഏത് വെയിലത്ത് വാടാനാണ്? തണലിനായി ഫാത്തിമയുടെ കണ്ണുകൾ പരക്കം പാഞ്ഞു. അകലെ ഒരു കറുപ്പ് കണ്ടു. യൂദൻ പറഞ്ഞു.
“അത് ഒരു വൃക്ഷമാണ്.”
അടുത്തു ചെന്നപ്പോൾ അയാളുടെ ഊഹം ശരിയായി. അത് ഒരു ശമിവൃക്ഷമായിരുന്നു. ആ മരത്തിന്റെ ഇലകൾ പച്ചപ്പാർന്നിരുന്നു. കണ്ണിന് കുളിർമ്മയും ഹൃദയത്തിന് ആശ്വാസവും പകർന്നു. ആ മരത്തണലിൽ അവർ കണ്ണുകളടച്ചു കിടന്നു.
യൂദനും കണ്ണടച്ചു. പക്ഷേ കാതോർത്തിരുന്നു. കാറ്റിൻ്റെ മൂളലിനിടയിൽ ഒരു പതിഞ്ഞ ശബ്ദം കേട്ടു. ആരോ സംസാരിക്കുകയാണ്. കാറ്റ് ലോലമായപ്പോൾ അയാൾ തിരിച്ചറിഞ്ഞു. തോഴിയും ശാഫാനും!
ശലമോൻ അത്ഭുതപ്പെട്ടു

വെയിലാറിയപ്പോൾ ബിദവി ഒരു പൊട്ടായി ചക്രവാളത്തിൽ തെളിഞ്ഞു. ഒരു പിടി അടയാളങ്ങൾ അവശേഷിപ്പിച്ച് അയാൾ പോയി മറഞ്ഞു.
അന്തിവെയിലിൽ മരുഭൂമി പൊന്നായി. ഇത്തിരി നേരത്തേക്കുള്ള ഒരു മായാജാലം. യാത്രയിലെ എണ്ണിയാൽ ഒടുങ്ങാത്ത ദുരിതങ്ങൾ ഫാത്തിമ മറന്നു. ക്രമേണ ആകാശവും മണൽപ്പരപ്പും ഒരു പോലെ നിശ്ചലമായി.
ചക്രവാളത്തിൽ കയ്യെത്തും ദൂരത്തിൽ ഒരു അഗ്നികുണ്ഡം തെളിഞ്ഞു. മരുഭൂമിയിൽ ഒരു തണുത്ത കാറ്റ് വീശി. ചക്രവാളത്തിൽ തീയാളി. അതിൽ നിന്ന് നാലഞ്ചു് തീപ്പൊരികൾ മാനത്തേക്ക് തെറിച്ചു വീണു. നാലഞ്ചു നക്ഷത്രങ്ങൾ കണ്ണുചിമ്മി. കുറ്റിച്ചെടികൾക്കിടയിലൂടെ പതുങ്ങിനടക്കുന്ന അവസാനത്തെ വെയിൽനാമ്പുകളെയും ഇരുൾ വീഴുങ്ങി .
ഒരാഴ്ച പിന്നിട്ടപ്പോൾ ഫാത്തിമായ്ക്ക് ആകെ മുഷിഞ്ഞു. മരുയാത്രയുടെ പുതുമയും സാഹസികതയും ഏറെക്കുറെ കെട്ടടങ്ങിയിരുന്നു. ഒടുവിൽ കാത്തിരുപ്പുമാത്രം ശേഷിച്ചു. പ്രഭാതത്തിൽ ഒരിക്കലും അവസാനിക്കാത്ത മണൽപ്പരപ്പു കാണുമ്പോൾ മനസ്സ് വല്ലാതെ മടുക്കും. അവൾ ശാഫാനെ നോക്കി. അയാൾ അകലേക്ക് ദൃഷ്ടിപായിച്ചിരിക്കുകയാണ്. ഒരു സൂചന നൽകാൻ പോലും മടിച്ച്‌. അവൾക്ക് കടുത്ത ഇച്ഛാഭംഗം തോന്നി. പകൽച്ചൂടും രാത്രിയിലെ തണുപ്പും മാറി മാറി വേട്ടയാടിയപ്പോൾ വല്ലാത്ത തളർച്ച. അവൾക്ക് കരച്ചിൽ വന്നു. ശാഫാൻ ആംഗ്യം കാട്ടി.
“കാത്തിരിക്കുക.”
അതു കണ്ടപ്പോൾ ഫാത്തിമ അരിശപ്പെട്ടു. .
ഒരിക്കൽ കൂടി പ്രഭാതം കാണാനായതിൽ യാത്രക്കാർ സുര്യദേവനെ പ്രണമിച്ചു. മരുവനം ശാന്തമാണ്. കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതയാണോ?
ശലമോൻ കാതോർത്തു. ബിദവിയുടെ പൊടിപോലും കാണാനില്ലാല്ലോ.
അയാൾ എവിടെ പോയി?
മണൽപരപ്പിലെ ഭിക്ഷാംദേഹിയാണ് ബിദവി. അവന് അതിർത്തികളില്ല. അവൻ്റെ ഒട്ടകക്കുളമ്പുകൾ പതിക്കാത്ത താഴ്‌വരകൾ മരുഭൂമിയിലില്ല. അവനെ തോൽപ്പിക്കാൻ അറബികൾ പോലും ക്ലേശിച്ചിരുന്നു!
ചിലപ്പോൾ യാത്ര പൂഴിത്താര വഴിയായിരുന്നു. അപ്പോൾ ഒട്ടകത്തിൻ്റെ വേഗത കുറയും. തരിമണൽ വരുന്നതു വരെ അവർ ഒട്ടകങ്ങളെ പ്രാകി.
തണുപ്പുമാറ്റാൻ കാവൽക്കാർ അഗ്നികുണ്ഡം തീർത്തിരുന്നു. പാതിരാത്രി വരെ യുവതികളും ചുറ്റും തീ കാഞ്ഞിരിക്കും. യാത്രയുടെ കാഠിന്യം മറക്കാനായി കുറിയിട്ട് കഥകൾ പറഞ്ഞിരുന്നു. ഒരു രാത്രിയിൽ യൂദൻ ആരാഞ്ഞു.
“കപ്പലിൽ കയറിയ ആ കുട്ടികൾക്ക് പിന്നീടെന്തു സംഭവിച്ചു.?”
അസ്മ പറഞ്ഞു.
കടലിൽ ഒരു കാറ്റ് വീശി. ആ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ആടിയുലഞ്ഞു. പക്ഷേ അത് തകർന്നില്ല. പേർഷ്യൻ തീരത്ത് എവിടെയോ അടുത്തു. കച്ചവടക്കാർ അവരെ വിറ്റു. എന്തുകൊണ്ടോ ദൈവം ആ കുട്ടികളെ വേർപിരിയാൻ അനുവദിച്ചില്ല. ഒരു അറബിയുടെ ഭവനത്തിൽ വളർന്നു. അയാൾ സ്വന്തം മക്കളെ പോലെ നോക്കി. എന്നാൽ അയാൾ മരിച്ചപ്പോൾ യജമാനത്തി ഭർത്തൃസഹോദരനെ വിവാഹം ചെയ്തു. അതോടെ ആ കുട്ടികളുടെ കഷ്ടകാലവും തുടങ്ങി. യജമാനൻ ആ ബാലനെ തൊട്ടതിനും പിടിച്ചതിനും എല്ലാം ക്രൂരമായി ശിക്ഷിച്ചു. ആരും കാണാതെ മരുഭൂമിയിൽ പോയി അവൻ പൊട്ടിക്കരഞ്ഞു .
ആ കഥ കേട്ട് ശലമോൻ സങ്കടപ്പെട്ടു.
“പാവം കുട്ടികൾ. “
ഫാത്തിമ ആരാഞ്ഞു.
“എന്തുകൊണ്ടാണ് ഈ ഭൂമിയിൽ ചിലർക്കു മാത്രം കഷ്ടപ്പാടുകൾ വരുന്നത് ?”
കബീർ ചിന്താകുലനായി .പിന്നെ പറഞ്ഞു.
“അവരുടെ ഹൃദയങ്ങൾ തനി തങ്കമാണ്. അഗ്നിയിലൂടെ കടക്കുമ്പോഴല്ലേ സ്വർണ്ണം ശുദ്ധമാകുന്നത് “
അസ്മ കണ്ണുനീർ തുടച്ചു.
നാലഞ്ചു പകലുകൾ കൂടി കടന്നു പോയി. പകൽ ആരും അധികം സംസാരിച്ചില്ല. രാത്രിയിൽ തീ കാഞ്ഞിരുന്നു. തീയിലേക്ക് ശാഫാൻ ചുള്ളിക്കമ്പുകൾ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു.
തോഴിയുടെ കണ്ണുകൾ തിളങ്ങി.
ഫാത്തിമയുടെ കൂടാരത്തിന് പുറത്ത് രണ്ടു് പടയാളികൾ കാവലിരുന്നു. പാതിരാ തണുപ്പിൽ അവർ വിറച്ചു. ഒരാൾ പറഞ്ഞു.
“എന്തൊരു ജീവിതമാണ് നമ്മുടേത്. മരുപ്പച്ചയായാലും മണൽപ്പരപ്പായാലും കഷ്ടപ്പാടിനു ഒരു കുറവുമില്ല!”
രണ്ടാമൻ പറഞ്ഞു.
“മരണം വരെ നമ്മൾ അതു തുടരുന്നു!.”
അവർ നെടുവീർപ്പിട്ടു.
“പടയാളിയുടെ ജീവിതം വ്യർത്ഥമാണ്. സദാ കഷ്ടപ്പെടാനുള്ള വിധി. ദൈവം തൽകിയിരിക്കുന്ന ഒരു ശിക്ഷ. അതിൽ നിന്നുള്ള മോചനമാണ് മരണം!”
പ്രഭാതത്തിൽ അകലെ ഒരു മഞ്ഞുമല കണ്ടു. അവർ ജാഗരൂകരായി.മണൽക്കുന്നിൽ കാത്തു നിന്ന ബിദവി മുന്നറിയപ്പ് നൽകി.
“കൊള്ളക്കാരുടെ വിഹാരരംഗമാണ് ആ ഹാറാത് മലകൾ”
ശാഫാൻ പടയാളികൾക്ക് നിർദ്ദേശം തൽകി.
“ഇതാ നിങ്ങളുടെ വാളിന്റെ മൂർച്ച നോക്കാനും ദാഹം തീർക്കാനും കിട്ടുന്ന അവസരം വന്നിരിക്കുന്നു. “അവർ വാൾ ആകാശത്തേയ്ക്ക് ഉയർത്തി ജയാരവം മുഴക്കി.
ഉച്ചയായപ്പോൾ ഹാറാത് മലയിലെ മഞ്ഞുരുകി. യാത്രക്കാരുടെ പേടിസ്വപ്നമായ ഗുഹകൾ തെളിഞ്ഞു മരുഭൂമിയുടെ വയറിൽ അരിമ്പാറ പോലെ ആ പാറകെട്ട് കിടന്നിരുന്നു. തോഴി ഫാത്തിമയുടെ കാതിൽ മന്ത്രിച്ചു.
“നമ്മൾ പിരിയുകയാണ്!”
ഫാത്തിമയ്ക്ക് സന്തോഷമായി. കാത്തിരുന്ന നിമിഷം ഇതാ വന്നുചേർന്നിരിക്കുന്നു. അവൾ ശാഫാൻ്റെ മുഖത്തേക്ക് ഉറ്റുനോക്കി. അയാൾ തലയാട്ടി.
മുന്നിൽ നിന്നിരുന്ന കബീർ കരം വീശി. അതു കണ്ടപ്പോൾ ഫാത്തിമയുടെ മുഖം വാടി. കബീറിനെ വകവരുത്താൻ ശാഫാൻ ഉറച്ചിരുന്നു. മരുഭൂമിയിലേക്ക് രക്ഷപ്പെടുമ്പോൾ തെളിവുകൾ ഒന്നും ശേഷിക്കരുതല്ലോ…
ശാഫാൻ കബീറിനെ കൊല്ലാനുറച്ചു അത് കേട്ടപ്പോൾ അവൾ കണ്ണുകളടച്ചു
പാറകെട്ടിൽ പതിയിരിക്കുന്ന കവർച്ചക്കാരെ തുത് മോസ റാണിക്ക് അസ്മോദേവൂസ് കാട്ടിക്കൊടുത്തു. റാണി പൊട്ടിച്ചിരിച്ചു.

[തുടരും]

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like