ആതിഥേയരാജ്യം കപ്പ് നേടുക , 20/20 വേൾഡ് കപ്പിൽ കപ്പ് നില നിർത്തുക എന്നീ അപൂർവ്വതകളാണ് ഇപ്രാവശ്യത്തെ ഇന്ത്യൻ കിരീടധാരണത്തിനുള്ളത്. ലീഗ് മാച്ചിലെ നിറം മങ്ങിയ ജയങ്ങളും സൂപ്പർ എട്ടിൽ സൗത്ത് ആഫ്രിക്കയോടേറ്റ തോൽവിയും കണ്ടപ്പോൾ ഇന്ത്യ സെമിഫൈനലിലേക്ക് കടക്കുമോ എന്ന ആശങ്കയുണ്ടായി. നിർണ്ണായകമായ വിൻഡിസിനെതിരെയുള്ള മത്സരത്തിൽ ചുറ്റിലും വിക്കറ്റുകൾ വീണപ്പോൾ ഓപ്പണറായ സഞ്ജു സാംസൺ പക്വതതയോടെ 97 എടുത്ത് ജയിപ്പിച്ചു. ബുംമ്റെയുടെ ഡെത്ത് ഓവറുകൾ നിർണ്ണായകമായി. ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിലെ പതിനായിരങ്ങളായ കാണികൾ ഇളകി മറിഞ്ഞു.

മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇഗ്ലണ്ടിന് എതിരായ മത്സരം ആർക്കും ജയിക്കാവുന്ന ഒന്നായിരുന്നു. സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ 253 നേടി.മറുപടി ബാറ്റിംഗിൽ ബെത്തൽ എന്ന 22 കാരന്റെ തകർപ്പൻ ബാറ്റിംഗിൽ ഇംഗ്ലണ്ട് ജയത്തിന് അരികെയെത്തി. അവസാനത്തെ ഓവറിൽ റൺ ഔട്ട് ആയി. 7 റൺസിന്റെ ജയത്തോടെ ഇന്ത്യ ഫൈനലിൽ .
“Every bowl he bowls is an event ” എന്നാണ് രവി ശാസ്ത്രി ബുംമ്റെയെപ്പറ്റി പറഞ്ഞത്. സെമിഫൈനൽ വാങ്കഡേ സ്റ്റേഡിയത്തിൽ ആയത് കൊണ്ട് തന്നെ റൺ ഒഴുകുമെന്നും, പിന്തുടർന്നു ജയിക്കാൻ ( chasing ) സാധ്യത ഏറെ ആണെന്നും കരുതിയിരുന്നു. പക്ഷെ ബുംമ്റെയുടെ 4 ഓവറുകൾ ഏറെ നിർണ്ണായകമാകുമെന്ന് കരുതിയിരുന്നു.
ബെത്തൽ കത്തിക്കയറി കളി ജയിപ്പിക്കും എന്ന് കരുതിയ അവസരത്തിൽ 16 മത്തെ ഓവറിൽ 8 റൺസ്,. 18 മത്തെ ഓവറിൽ 6 റൺസ്.. ഓരോ ബോളും സംഭവമായിരുന്നു. ഹാർദിക്കിന്റെ 19 മത്തെ ഓവറും ഗംഭീരം. ദുബേയുടെ ഇരുപതാമത്തെ ഓവർ ദയനീയമായിരുന്നു. സെമിഫൈനലിലെ പ്ലേയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ സഞ്ജു പറഞ്ഞത് പ്ലേയർ ഓഫ് ദി ടൂർണമെന്റിന് അർഹൻ ബുംമ്റെയാണെന്നാണ്.
മറ്റൊരു സെമിയിൽ ന്യൂസിലാൻഡ്, അലന്റെ 33 ബോളിലെ സെഞ്ച്വറിയോടെ 9 വിക്കറ്റിന് തോൽവിയറിയാതെ വന്ന സൗത്ത് ആഫ്രിക്കയെ പപ്പടം പോലെ പൊടിച്ചു. ഇന്ത്യ -ന്യൂസിലാൻഡ് ഫൈനലിന് അരങ്ങൊരുങ്ങി.
അഹ്‌മദാബാദ് മോഡി സ്റ്റേഡിയത്തിൽ വൺഡേ വേൾഡ് കപ്പ് ഫൈനൽ ഇന്ത്യ തോറ്റിരുന്നു. ഐ സി സി ടൂർണമെന്റിൽ ന്യൂസിലാൻഡിനോട് ജയിച്ചിട്ടും ഇല്ല.
ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഭിഷേകും സഞ്ജുവും പവർ പ്ലേയിൽ നേടിയത് 97 റൺസ്. ഫൈനലിൽ അഭിഷേകും ഇഷാൻ കൃഷ്ണനും തിളങ്ങിയത് ഇന്ത്യൻ സ്കോറിന് തുണയായി. സഞ്ജുവിന്റെ മറ്റൊരു 89. അവസാന ഓവറിൽ ദുബെ തകർത്തടിച്ചു. സ്കോർ 255.
ആദ്യ ഓവറിൽ തന്നെ അലന്റെ ക്യാച്ച് വിട്ടു കളഞ്ഞെങ്കിലും അടുത്ത ഓവറിൽ ആക്സർ പട്ടേലിന്റെ ബോളിൽ തിലക് ക്യാച്ച് എടുത്ത് അലൻ പുറത്തായി. സീഫർട്ട് നല്ല ഷോട്ടുകൾ കളിച്ചു. പക്ഷെ തുടർച്ചയായി വിക്കറ്റുകൾ പോയി . ഒരു ഘട്ടത്തിലും ന്യൂസിലാൻഡ് ജയിക്കുമെന്ന് തോന്നിയില്ല.നാല് ഓവറുകളിൽ വെറും 15 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ നേടിയ ബുംമ്റെ കളിയിലെ താരമായി. കിരീടം കപ്പ് നിലനിർത്തുന്ന ആദ്യരാജ്യമായി ഇന്ത്യ.മൂന്ന് കളികളിൽ 80 ന് മേലെ സ്കോർ ചെയ്ത സഞ്ജു സാംസൺ ടൂർണമെന്റിന്റെ താരമായി. 2024 ൽ കിരീടം നെടുമ്പോൾ ടീമിൽ ഉണ്ടായിട്ടും ഒരു കളി പോലും കളിക്കാത്ത സഞ്ജുവിന് ഇത് സ്വപ്ന നിമിഷം. ഡഗ് ഔട്ടിൽ കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു എന്ന് റഫീഖ് അഹ്‌മദ് എഴുതിയ പോലെ.ഒടുവിൽ മൂന്ന് നോക്ക് ഔട്ട് മത്സരങ്ങളിൽ ഫിഫ്റ്റികൾ നേടി ടീമിന് വിജയം സമ്മാനിച്ചു. ക്രിക്കറ്റ് പ്രേമികളായ ഓരോ മലയാളിയ്ക്കും അഭിമാന നിമിഷം.

കവർ: വിൽസൺ ശാരദ ആനന്ദ്
