പൂമുഖം LITERATUREകവിത തൊട്ടിരിയ്ക്കുമ്പോൾ

തൊട്ടിരിയ്ക്കുമ്പോൾ

ഒരാൾക്കടുത്തിരിയ്ക്കുമ്പോൾ
നിങ്ങൾ
ഒരു പർവ്വതത്തിന്റെ
നീലനിഴലിലാണെന്ന്
തോന്നിയിട്ടുണ്ടോ?

തൊട്ടരികത്തായി
മലമുകളിൽ നിന്ന്
മഞ്ഞുകീറിയൊരു
വെള്ളിവെളിച്ചം
കണ്ണിൽക്കുത്തി,
ഇമതാഴ്ത്തിയിരുന്നിട്ടുണ്ടോ?

പെട്ടന്ന് ഉയിരിൽ നിന്ന്
ഒരരുവി
പൊട്ടിയുയിർത്ത്,
കാലടി മുതൽ നെറുകവരെത്തണുപ്പിച്ച്
കളകളത്തോടെ
ചുഴിക്കുത്തിയിട്ടുണ്ടോ?

ആ പുഴയൊഴുകുന്ന വഴിയ്ക്കിരുപുറവും
ഒരു കാട് തഴയ്ക്കുന്നതറിഞ്ഞിട്ടുണ്ടോ?!

മഞ്ഞിന്റെ പടലങ്ങളിൽ നിന്ന്,
അതിന്റെ
ചില്ലകളിലേയ്ക്ക്
നൂറുനൂറായിരം
പേരറിയാക്കിളികൾ
ചിലച്ചു ചേക്കേറുന്നത്
അനുഭവിച്ചിട്ടുണ്ടോ?

സ്വയമൊരു
നീലത്താഴ് വരതന്നെയാവുന്ന
പുതുമയറിഞ്ഞിട്ടുണ്ടോ
നിങ്ങൾ?!

ഇലകളും പൂക്കളും
പുൽത്തകിടികളും,
അതുവരെ മണക്കാത്ത
വാസനകളുടെ
പച്ചത്തഴപ്പുകളുമായി
നിങ്ങളങ്ങനെ
പടർന്നു പരക്കുന്നതായി
തോന്നിയിട്ടുണ്ടോ?

ഉള്ളിലെ
ഓരോ പ്യൂപ്പകളുമുപേക്ഷിക്കപ്പെടുന്നതായും,
അതുവരെ പുഴുവായി ധ്യാനിച്ച
ശലഭങ്ങളെല്ലാമൊന്നിച്ച്
ചുറ്റും ചിറകടിച്ച് പറക്കുന്നതായുമുള്ള
ജൈവികതയറിഞ്ഞിട്ടുണ്ടോ?
ചിത്രത്തോടുള്ള
ഒരൊച്ചിനെപ്പോലെ
നിമിഷങ്ങൾ
നിങ്ങളുടെ കാൽച്ചുവട്ടിൽ
ഏറ്റം നിഷ്കളങ്കമായി
ഇഴയുന്നതറിഞ്ഞിട്ടുണ്ടോ?

ജീവകോടികളുടെ
പ്രാണസ്പന്ദങ്ങളൊന്നിച്ചാവാഹിച്ച്,
കൈപ്പത്തിയോളം പോന്ന നിങ്ങളുടെ കുഞ്ഞുഹൃദയം
മിടിച്ചു തളരുന്നതായി
തോന്നിയിട്ടുണ്ടോ?!

ഒരു വിരൽത്തുമ്പത്തെ
കനൽച്ചുണങ്ങിൽ തൊട്ട് ,
ഒരു കാട്ടുതീയായി
നിങ്ങൾ
പടർന്നാളിയേക്കുമെന്ന്
ഭയന്നിട്ടുണ്ടോ?..

എങ്കിൽ…,

മറ്റാരുമല്ലത്
പ്രണയമാണ്..

പ്രണയത്തെ
തൊട്ടിരിയ്ക്കുമ്പോൾ
മാത്രമാണ് നിങ്ങൾ
പ്രകൃതിയോളം സ്വാഭാവികമാകുന്നത്;

അപ്പോഴാണ്
നിങ്ങൾക്ക്
ജീവനോളം
ഭാരമില്ലാതാവുന്നത്;

അപ്പോൾ മാത്രമാണ്
നിങ്ങൾക്ക്
ദൈവമെന്ന്
സ്വയം വിളിക്കാനാകുന്നത്..

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like