നോവൽ ഇതൾ 16
അദ്ദേഹത്തിന് മറ്റൊരു ബന്ധം അത് പുരുഷനോ സ്ത്രീയോ ആരുമായിട്ടും ആയ്‌ക്കോട്ടെ അതായിരുന്നില്ല എന്റെ സങ്കടം .എന്തിനാണ് ആ ജീവിതത്തിലേക്ക് എന്നെ വലിച്ചിട്ടത് ? . നിശ്ചയത്തിനും, വിവാഹത്തിനും ഇടയിൽ ഒന്നരമാസമുണ്ടായിരുന്നു. വിവാഹത്തിന് താത്പര്യമില്ല എന്നറിയിക്കാൻ എന്തായിരുന്നു തടസ്സം?. അവിടെയാണ് ഞാൻ ആ ചതി മനസ്സിലാക്കിയത്.
അദ്ദേഹത്തിന്റെ ജേഷ്ഠൻമാർക്ക് മൂന്നാൾക്കും, മൂത്ത സഹോദരിക്കും ഈ ബന്ധങ്ങൾ അറിയാമായിരുന്നു.ബന്ധുബലം ഇല്ലാത്തിടത്തുനിന്ന്. ഈ വിധം പ്രതികരണശേഷിയില്ലാത്ത ഒരു പെൺകുട്ടിയിലൂടെ സഹോദരന്റെ ജീവിതത്തെ പുറംലോകത്തുനിന്ന് മറച്ചു പിടിക്കാനും. കുടുംബത്തിന് അനന്തരാവകാശിയെ നൽകാനും ഒരു പെണ്ണ്. അത് മാത്രമായിരുന്നു എന്നിലൂടെ അവർ ഉദ്ദേശിച്ചത്. എത്ര സ്വാർത്ഥമാണ് വലിയ മനുഷ്യരുടെ ലോകം.
എന്റെ ചെറുജീവിതത്തിന്റെ നിസ്സാരതയേക്കാൾ എന്നെ ഉലച്ചുകളഞ്ഞത് ആരെക്കെയോ ചേർന്ന് കണക്കുകൂട്ടി എഴുതിയ ഈ കഥ ഞാനീ ജന്മം മുഴുവനും തുടരേണ്ടി വരുമല്ലോ എന്ന ഭയമായിരുന്നു. അത്രത്തോളം അനുഭവിച്ച് കഴിഞ്ഞിരുന്നു. സ്ത്രീയിലും പുരുഷനിലും ഒരുപോലെ കാമം തോന്നുന്ന ഒരുവന്റെ കൂടെ….. അവന് ഒട്ടുമേ ഇഷ്ടമല്ലാത്ത ഒരു ശരീരമായ്, വാ മൂടിക്കെട്ടി… അവനെ അറിയുന്നവരുടെ മുന്നിൽ കോമാളിയും, വെറും സ്ത്രീ ശരീരവുമായി …
അതിലും എത്രയോ നല്ലതാണ് മരണം.
പ്രഭയ്ക്ക് ജീവിക്കേണ്ടേ?
ജീവിതം.. ജീവിതം… ജീവിതം!
ജീവിതമെന്നാൽ എന്താണ്? എനിക്കറിയില്ല. നിങ്ങൾക്കറിയാമോ?
പ്രഭ പറയൂ..
ശരാശരി ഒരു അറുപത് അറുപത്തിയഞ്ച് വയസ്സുവരെയുള്ള ജീവിതകാലത്തിൽ, ഇരുപത് വയസ്സുവരെ ബാല്യം- കൗമാരം. വീടിനുള്ളിൽ എല്ലാവർക്കും അരുമയായ്, പുറംലോകത്തെക്കുറിച്ച് ധാരണകളില്ലാതെ, ആരൊക്കയോ പടച്ചുവിട്ട ശരി തെറ്റുകളുടെ ചട്ടക്കൂടിൽ പൊതിഞ്ഞുവളർത്തിയിട്ട്, ശേഷം ,ദേ , മറ്റൊരിടത്തേക്ക്, അപരിചിതരായ ആളുകളുടെ കൂടെ കണ്ണുമടച്ചങ്ങ് ഇറക്കിവിടുകയാണ്… അത്രയും നാൾ ഉണ്ടായിരുന്നതൊന്നുമല്ല പിന്നീട്..
എത്ര പെട്ടെന്നാണ് അവൾക്ക് മാത്രം വീടില്ലാതെയാകുന്നത്?മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും ഇല്ലാതെയാകുന്നത്?അവളുടെ സത്യങ്ങൾ സത്യങ്ങളല്ലാതെയാകുന്നത്?
അന്നോളം അവളുടെ കരച്ചിൽ കാണാൻ ഇഷ്ടമില്ലാതിരുന്നവർക്ക് ഇപ്പോളതൊരു വിഷയമേയല്ല… അഭിമാനമാണ് വിഷയം.പിടിച്ചുനിൽക്കാനാണ് പറയുന്നത്…ജീവിതം എറിഞ്ഞുകളയരുതെന്ന്, നാണക്കേടാണ് എന്ന്….,അനുഭവിച്ചറിഞ്ഞ സത്യങ്ങൾ തെറ്റിദ്ധാരണകളാണെന്ന്..
വായ മൂടിവെക്കാനാണ് ഉപദേശങ്ങൾ..
കേമം .
സ്നേഹം.. സ്നേഹിച്ചു.. ഞങ്ങൾ.. നമ്മൾ… എല്ലാം എല്ലാം മനുഷ്യരുടെ കളവുകളാണ്.കളവുകളുടെ, പൊളിവാക്കുകളുടെ, ആത്മവഞ്ചനകളുടെ ആകെ പേരാണ് ജീവിതം എന്നത്.
അപ്പോൾ മരണം എന്നാലോ?
അതൊരു ഒറ്റവാക്കുത്തരമാണ് . സ്വാസ്ഥ്യം!
വീർത്തുനിൽക്കുന്ന നിന്റെ വയറ്റിനുള്ളിൽ ഈ ലോകത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും യാതൊന്നും അറിയാത്ത ഒരു പൈതലുണ്ട്. ഓർമ്മയുണ്ടോ?
നീ കാണുന്നതുപോലെയാവുമോ നാളെ ആ കുഞ്ഞ് ജീവിതത്തെ കാണുന്നത്?
അറിയില്ല…
നീ നൽകുന്ന നിർവചനമായിരിക്കുമോ ജീവിതത്തെക്കുറിച്ചും, മരണത്തെക്കുറിച്ചും , ബന്ധങ്ങളെക്കുറിച്ചുമൊക്കെ ആ കുഞ്ഞിനുണ്ടാവുക?
അമ്മയുടെ വയറ്റിനുള്ളിൽ സുരക്ഷിതത്വത്തോടെ കഴിയുന്ന കുഞ്ഞിന് മരണം അനുഗ്രഹമാണെന്നാണോ?
അറിയില്ല…

ശരി . എന്നാൽ നീ തീർച്ചയായും അറിയേണ്ടുന്ന ചിലതുണ്ട്.
മരണപ്പെട്ട പൂർണ്ണ ഗർഭിണിയായ അമ്മയുടെ വയറ്റിനുള്ളിൽനിന്നും ജീവനോടെയും കുഞ്ഞ് പുറത്തുവരാറുണ്ട് . പുറത്തുവരുന്ന ആ കുഞ്ഞിന്റെ ജീവിതം എങ്ങനെയായിരിക്കും എന്നാണ് നീ ചിന്തിക്കുന്നത്? അതും നിന്നെ നരകിപ്പിച്ചു മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യരുടെ സംരക്ഷണയിൽ .. നിന്റെ കുഞ്ഞ് എന്ന മേൽവിലാസത്തിൽ?
……………..
പ്രഭാ , നിന്റെ ഈ മൗനം, ഉത്തരങ്ങളെ തേടലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പ്രഭ എന്ന പേരിന്റെ അർത്ഥം അറിയുമല്ലോ അല്ലേ? മനസ്സുവെച്ചാൽ നിന്റെ കുഞ്ഞിന്റെ ജീവിതത്തിന് പ്രഭയേകുവാൻ നിനക്ക് കഴിയും.
മരണം എന്നാൽ സ്വാസ്ഥ്യം എന്ന് മാത്രമല്ല, തോൽവി എന്നൊരർത്ഥം കൂടിയുണ്ട്. വിജയിക്കാൻ പരിശ്രമിക്കാത്തവന്റെ തോൽവിയോട് നിനക്ക് .. ഇപ്പോൾ എന്റെ മുന്നിൽ തയ്യാറിയിരിക്കുന്ന ഈ പ്രഭയ്ക്കല്ല - ജീവിതത്തിന് സ്നേഹമെന്നും, സന്തോഷമെന്നും , കരുതലെന്നും സ്വപ്നങ്ങളെന്നുമൊക്കെ അർത്ഥംകൊടുത്തിരുന്ന ഒന്നരവർഷം മുമ്പുണ്ടായിരുന്ന പ്രഭയ്ക്ക് യോജിക്കാൻ സാധിക്കുന്നുണ്ടോ?
നിന്റെ ഈ മൗനമുണ്ടല്ലോ, എന്റെ ചോദ്യങ്ങളോടുള്ള മൗനം. നല്ലതിനാകണം. ശരിയായ ഉറച്ച തീരുമാനങ്ങളുടേതാവണം.
നീ കടന്നുവന്ന സാഹചര്യങ്ങൾ ഒരു പക്ഷേ, ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന ചില ട്രോമകൾ, ചില മാനസിക അസ്വസ്ഥതകൾ നിന്നിലുണ്ടാക്കിയേക്കും. മുടങ്ങാതെ മരുന്നിനെ ആശ്രയിക്കേണ്ടി വന്നേക്കാം. പക്ഷേ അതിനെയൊക്കെ ഉൾക്കൊള്ളുവാനും മുന്നോട്ട് പോകുവാനും നിനക്ക് കഴിഞ്ഞാൽ …. കഴിഞ്ഞാൽ എന്നല്ല കഴിയും. Bcoz You are a beautiful soul! അങ്ങനെയങ്ങ് ഇല്ലാതെയായ് പോകേണ്ട ഒരുവളല്ല നീ.
സന്ദീപ്,വിനീത്,ശിശിർ … ആ മൂന്ന് പുരുഷന്മാരുടെ കഥയിൽ നിന്നും ഇറങ്ങിപ്പോകാനും പ്രഭ എന്ന സ്ത്രീയുടെ, എന്റെ മാത്രം കഥയിലേക്ക് കയറിച്ചെല്ലാനുള്ള വാതിലിന്റെ താക്കോൽ കിട്ടിയതിന് ആശുപത്രി മുറിയോടും പത്മ എന്ന ഡോക്ടറോടും കടപ്പെടുകയാണ്.
എന്താണല്ലേ?
ഇറങ്ങിപ്പോക്ക്.. എത്രത്തോളം.. അറിയില്ല. പക്ഷേ, എന്റെ മനസ്സിലിപ്പോൾ എന്റെ കുഞ്ഞ് മാത്രമേയുള്ളൂ. ആണോ പെണ്ണോ ആയിക്കോട്ടെ, ആരോഗ്യമുള്ള കുഞ്ഞായിരിക്കണം .. അതിനായുള്ള പ്രാർത്ഥനകളാണ് ഉള്ളിൽ.. അമ്മ കാട്ടിയ അവിവേകം എന്റെ കുഞ്ഞിന്റെ ആരോഗ്യത്തിന് ഒരു ദോഷവും ഉണ്ടാക്കിയാതായി കാണരുതേ എന്ന പ്രാർത്ഥന…
അതിനിടയിലാണ് നാത്തൂനും,ചേട്ടത്തിയും, ശിശിരും… ഈ നാടകങ്ങളും.
സിൽവിയ പ്ലാത്തിനെ തലയിണക്കടിയിലേക്ക് ഒതുക്കിവെച്ച്, കണ്ണുകളടച്ച് കിടക്കയിൽ നിവർന്നു കിടന്നു. ‘ഗർഭിണി ചരിഞ്ഞുവേണം കിടക്കാൻ’ അറിയാഞ്ഞിട്ടല്ല ഒരൽപ്പനേരം നടുവിനെ നീർത്തി ഇങ്ങനെ കിടക്കാൻ ഒരു സുഖം. ദിവസങ്ങൾ എത്ര പതുക്കെയാണ് പോകുന്നത്. പ്രസവത്തിന് ഇനിയുമുണ്ട് ഒരു മാസവും പതിനൊന്ന് ദിവസവും. സുഖപ്രസവമായിരിക്കുമോ? ആരോഗ്യം ശ്രദ്ധിക്കാനോ, നല്ല ഭക്ഷണം കഴിക്കാനോ മനസ്സിരുത്താത്ത ,എന്തിനധികം കൃത്യമായി പരിശോധനക്കു പോലും പോയിട്ടില്ലാത്ത ഗർഭകാലം.. പകരം കിട്ടിയിട്ടുള്ളതോ ബെൽറ്റിനടിയും.. പൈപ്പുവെള്ളവും…
അന്ന് ബെഡ്റൂമിൽ നാഗങ്ങളെപ്പോലെ തമ്മിൽപിണഞ്ഞുകിടന്ന അവർ രണ്ടുപേർ.. ആ കാഴ്ചയുടെ ആഘാതത്തേക്കാൾ വലുതായിരുന്നു താൻ ആ കാഴ്ച കണ്ടു എന്ന് മനസ്സിലാക്കി സന്ദീപ് ഏൽപ്പിച്ച ശാരീരികവും മാനസികവുമായ കൊടിയ പീഡനങ്ങൾ. ഒരു രാത്രിയും പകലും ബാത്റൂമിലെ തറയിൽ തണുത്ത് മരവിച്ച് കിടന്നത്.. നാവു നനയ്ക്കാനൽപ്പം വെള്ളത്തിനായ് കെഞ്ചിയത്.. ഒടുവിൽ ഇത്തരമൊരു ജീവിതം എന്തിനാണെന്ന മനസ്സിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിനുത്തരമായ്…..
വേണ്ട ഒന്നും ഓർക്കേണ്ടതില്ല കഴിഞ്ഞതിലേക്ക് മനസ്സിനെ വിട്ടിട്ട് രക്തസമ്മർദ്ദം കൂട്ടേണ്ട കാര്യമില്ല.. മുന്നോട്ട് പോകണം.. ജീവിക്കണം.. കുഞ്ഞിനെ വളർത്തണം..
ദൈവംപോലെ തലയ്ക്കുമുകളിൽ മറഞ്ഞുപോയ ഒരുവൾ കാവലിരിക്കുമ്പോൾ ഞാനെന്തിനാണ് തോറ്റോടുന്നത്? മുന്നോട്ട് നടക്കാൻ ആ വിരലുകളിൽ മനസ്സുകൊണ്ട് മുറുകെ പിടിച്ചാൽ മതിയല്ലോ…
ഞാനും അവളും രണ്ടല്ലല്ലോ. അവളെപ്പോലെ എന്നെ അറിയാൻ…മറ്റാർക്കാണ് സാധിക്കുക?
അമുദം!
ഇനി ഞങ്ങൾ ഒന്നിച്ചാണ് യാത്ര. അമുദവും പ്രഭയും.
പിറവിയുടെ നക്ഷത്രം അതാ വഴികാട്ടുന്നു!
കവർ : സി പി ജോൺസൺ
വര : പ്രസാദ് കാനത്തുങ്കൽ