പാതിരാത്രി കഴിഞ്ഞ്
ആംബുലൻസ് വന്നപ്പോഴാണ്
ഞാനറിഞ്ഞത് മാനേജർ സാറിന്
ഹൃദയാഘാതം വന്നെന്ന്
ആശുപത്രിയിലെത്തും മുമ്പേ
എല്ലാം കഴിഞ്ഞെന്നും
രാവിലേയെഴുന്നെറ്റപ്പോൾ
പറയുന്നത് കേട്ടൂ
മിനിഞ്ഞാന്ന്
ചൂട് കൂടിയൊരു ഉച്ചയിൽ
വണ്ടിയോടിച്ച് ഓഫീസിലെത്തുമ്പോൾ
ഡ്രൈവർ ഹർജിത്തിന്
നെഞ്ചുവേദന വന്നു
അന്നും വന്നു
ദീർഘ ശ്വാസം വലിച്ചൊരു
ആംബുലൻസ്
ജോലി സമ്മർദ്ദങ്ങളിലെ
ഉപ്പുരസത്തെ
കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്
ഇന്നലെയും ക്ലാസ്സെടുത്തിരുന്നു
ലളിതമായ പ്രക്രിയകളാണെങ്കിലും
അതിനെല്ലാം സങ്കീർണ്ണതകളുടെ
വളവുകൾ വരുന്നതെങ്ങനെ?
നടക്കാൻ പറയുമ്പോൾ
പാദങ്ങളുടെ കൂടെ
വിഷാദവും നടന്നുവരുന്നു
ചിരിയ്ക്കാൻ പറയുമ്പോൾ
സന്തോഷത്തിന്റെ കണികകളൊന്നും
കൂട്ടുവന്നതേയില്ല
ദീർഘ ശ്വാസമെടുക്കാൻ
പറഞ്ഞപ്പോൾ ,ഇടയ്ക്ക്
ശ്വാസംമുട്ടലനുഭവപ്പെടുന്നു.
നമുക്കീ പ്രഷർ കുക്കറിൽ
വെന്തുകൊണ്ടിരിയ്ക്കാം
അത്രപ്പെട്ടെന്നൊന്നും
പൊട്ടിത്തെറിയ്ക്കില്ലായിരിയ്ക്കാം
സാങ്കേതിക വിദ്യ വളരുന്നതുകൊണ്ട്
സുരക്ഷാ നടപടികൾ
വേണ്ടുവോളമുണ്ട് .
സമ്മർദ്ദമാപിനി കൂടെക്കരുതുക.
അഥവാ നെഞ്ചുവേദന വന്നാൽ
അടക്കിപ്പിടിച്ച് കിടക്കരുത്
വേദനിയ്ക്കുന്നെന്ന്
ആരോടെങ്കിലും പറയണം
അല്ലെങ്കിലീ തണുത്ത നിലത്ത്
കിടന്നാൽ ആരും കണ്ടെന്നുവരില്ല