ഇ പി രാജഗോപാലന്റെ ‘ എന്റെ സ്ത്രീയറിവുകൾ ‘ എന്ന പുസ്തകം തന്റെ ചുറ്റിലുമുള്ള സ്ത്രീകളെക്കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളാൽ ശ്രദ്ധേയമാണ്. അവർ പ്രശസ്തിയുള്ളവരൊന്നുമല്ല, ചുരുക്കം ചിലരൊഴിച്ചാൽ മറ്റുള്ളവരൊന്നും എഴുത്താളിനോട് അടുപ്പമുള്ളവരുമല്ല. എങ്കിലും അവരിലുള്ള അന്യാദൃശമായ പ്രത്യേകതകളുടെ സൂചകങ്ങൾ നൽകുന്നുണ്ട് .
ആദ്യത്തെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്
“ചിത്ര മഹേശയെപ്പറ്റി മുൻപ് കേട്ടിട്ടില്ല. ഇപ്പോൾ കാണുന്നു. നർത്തകിയാണ്. പ്രസിദ്ധയല്ല.”
ഇങ്ങനെ ചെറുകഥ പോലെ സുന്ദരമായ പരിണാമഗുപ്തി ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സവിശേഷതയാണ്.
ഷിമോഗയിലെ (ഇപ്പോൾ ‘ശിവമോഗ ‘ )രേണുകാംബികാ ക്ഷേത്രത്തിൽ വിശ്വാസവുമായി ബന്ധപ്പെട്ട് ദളിത് സ്ത്രീകൾ മലയടിവാരത്തെ വരദപ്പുഴയിൽ കുളിച്ച് രേണുകാംബികാ ക്ഷേത്രം വരെ നടക്കും. അതിന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ തടഞ്ഞയാളാണ് ചിത്ര മഹേശ.
ഇ പി രാജഗോപാലൻ
ഇ പി രാജഗോപാലൻ ഇരുപത്തൊന്ന് കൊല്ലം കണ്ണൂരിലെ വെള്ളൂർ സ്കൂളിലാണ് പ്രവർത്തിച്ചത്. ആ ഇരുപത്തൊന്ന് കൊല്ലവും മാറാത്ത അടുപ്പമുണ്ടായിരുന്ന നന്നേ കുറച്ച് അധ്യാപികമാരും അധ്യാപകരും മാത്രമേ ഉള്ളൂ.
അതിലൊരാളുടെ പേര് സാവിത്രി എന്ന തുന്നൽ ടീച്ചറാണ് അവരെക്കുറിച്ചാണ് ‘കുടുക്ക് ‘ എന്ന ശ്രദ്ധേയമായ കുറിപ്പ്. സാവിത്രി ടീച്ചറെക്കുറിച്ച് ലേഖകൻ എഴുതുന്നത് നോക്കൂ.
“തുന്നൽ ടീച്ചറായിരുന്നു. ആ ജോലി കൃത്യതയോടെ, മുഷിച്ചിലില്ലാതെ ചെയ്തുപോന്നു. തന്റെ വിഷയത്തിൽ അഭിമാനം തോന്നിയിരുന്നു. അതും സ്കൂളിലെ പ്രധാനപ്പെട്ട പ്രവർത്തനമാണ് എന്ന കാര്യത്തിൽ ടീച്ചർക്ക് സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടും, തന്റെ പ്രകൃതത്തിന്റെ ഭാഗമായ പ്രസന്നത കൊണ്ടും ടീച്ചർ സ്കൂൾസമൂഹത്തിന്റെ സ്നേഹം നേടി. തങ്ങളുടെ പാഠവിഷയത്തിൽത്തന്നെ കുടുങ്ങിപ്പോവുന്ന ആളുകൾ സ്കൂളുകളിൽ സാധാരണമാണ്.സാവിത്രി ടീച്ചർ അങ്ങനെ കുടുങ്ങിപ്പോയ ഒരാളായിരുന്നില്ല. സ്കൂളിനെ സ്വന്തം നിലയിൽ സമഗ്രമായി കാണാൻ കഴിഞ്ഞിരുന്നു. സന്നദ്ധത ടീച്ചർക്കൊപ്പം എന്നും ഉണ്ടായി.കാര്യമായ പരീക്ഷ ഇല്ലാത്ത വിഷയമാണ്. എങ്കിലും ടീച്ചർ അതിനെ അവഗണിച്ചില്ല. തന്റെ ഒരു ആവിഷ്കാരമാണ് നീഡിൽ വർക്ക് (അങ്ങനെയാണ് പറയുക) എന്ന് അവർ കരുതിപ്പോന്നു.”
ഒരു ദിവസം സ്കൂളിലെ പ്രഭാതത്തിൽ ലേഖകന്റെ വയലറ്റ് ഷർട്ടിൽനിന്ന് വീണുപോയ കുടുക്ക് ,ഷർട്ട് ഊരാതെ തന്നെ വിദഗ്ദ്ധമായി തുന്നിക്കൊടുക്കുന്നുണ്ട് സാവിത്രി ടീച്ചർ. ‘സൗഹൃദം ആവിഷ്ക്കരിക്കാൻ ഒരു സൂചിയും നൂലും മതി’ ഇങ്ങനെയാണ് ലേഖകൻ ഇതിനെ വിശേഷിപ്പിക്കുന്നത്
A different language is a different vision of life. – എന്ന ഫെല്ലിനിയുടെ ഉദ്ധരണിയോടുകൂടി ആരംഭിക്കുന്ന ഒരു ഓർമമയാണ് ‘അടിവരകളും അക്കങ്ങങ്ങളും ‘ എന്ന ലേഖനത്തിലുള്ളത്. മറ്റൊരാളോട് പറയാനുള്ള കാര്യങ്ങൾ ഒരു നോവലിലോ പുസ്തകത്തിലോ അതിലെ വാക്യങ്ങൾക്ക് നമ്പർ ഇട്ട് അടയാളപ്പെടുത്തി Communication സാധ്യമാക്കുന്ന രീതിയെയാണ് ഇതിൽ പരാമർശിക്കുന്നത്.
ആ സമയത്ത് പാരലൽ കോളേജ് അധ്യാപകനായ ലേഖകൻ ,ക്ലാസിലെ ഒരു പെൺകുട്ടിക്ക് പത്മരാജന്റെ ‘പുകക്കണ്ണട ‘എന്ന പുസ്തകം വായിക്കാൻ കൊടുത്തിരുന്നു. പിന്നീട് മാസങ്ങൾ കഴിഞ്ഞ് അത് തുറന്ന് നോക്കിയപ്പോഴാണ് ആ കുട്ടി അതിൽ പല വാക്യങ്ങളിലും നമ്പർ രേഖപ്പെടുത്തിയ കാര്യം ശ്രദ്ധിച്ചത്.ആ അനുഭവത്തെക്കുറിച്ച് ലേഖകൻ എഴുതുന്നത് ഇങ്ങനെയാണ് .
“അന്നെനിക്ക് ഇരുപത്താറ് വയസ്സോ മറ്റോ ആണ്. ഇഷ്ടത്തിന്റെ മുന്നനുഭവങ്ങളില്ല. പുസ്തകം തിരിച്ചു കിട്ടിയ ദിവസമോ അതിനടുത്ത ദിവസങ്ങളിലോ ഇത് കാണാൻ ഇടവന്നിരുന്നെങ്കിൽ ഞാൻ ഏത് നിലയിലാവും ഉണ്ടാവുക എന്ന് ഇപ്പോൾ പറയാൻ കഴിയുന്നില്ല. അത് വായിക്കുമ്പോൾ വിചിത്രവും എന്നാൽ സരളവുമായ ഒരു അനുഭവത്തിന്റെ ഉള്ളിലേക്ക് വന്നപോലെ തോന്നിയിരുന്നു എന്നുമാത്രം പറയാം.”
ഒരു ട്രെയിൻ യാത്രയിൽ കണ്ട ഒരു കന്യാസ്ത്രീയുടെ കഥ ഏറെ വ്യഥയോടെ മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളു. (ആറും ഏഴും ) ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി യുള്ള സിസ്റ്ററെ പ്ലസ് ടു വിനു വേണ്ടി അഭിമുഖം നടത്തിയപ്പോൾ മുൻപുള്ള അനിഷ്ടം കാരണം , റെക്ടർ അച്ചന്റെ നേതൃത്വത്തിലുള്ളവർ പരിഹസിച്ച് പറഞ്ഞയക്കുന്നു. ബോർഡിൽ പതിപ്പിച്ച ചിത്രത്തിലുള്ള ചതുരങ്ങൾ എണ്ണാൻ പറഞ്ഞപ്പോൾ അവർ എണ്ണിത്തുടങ്ങി. പിന്നീട് അഭിമുഖക്കാർ പറഞ്ഞുണ്ടാക്കിയത് , ആറ് ,ഏഴ് എന്നിവ എണ്ണുമ്പോൾ സെക്സ് ,സെമൻ എന്ന് പറഞ്ഞു എന്നാണ്. തിരസ്കാരത്തിന്റെ പൊള്ളൽ അറിഞ്ഞ് നമ്മളും ദുഖിക്കുന്നു.
വെർജീനിയ വൂൾഫിന്റെ “Literature is open to everybody … Lock up your libraries if you like; but there is no gate, no lock, no bolt that you can set upon the freedom of my mind.”എന്ന ഉദ്ധരണിയോടെയാണ് ‘അരിമാവിന്റെ അദ്ധ്യക്ഷത ‘ എന്ന കാവ്യാത്മകമായ തലക്കെട്ടിലുള്ള ലേഖനം തുടങ്ങുന്നത്. സാഹിത്യത്തെ ജീവിതത്തിൽ ഉൾക്കൊള്ളിക്കുന്ന ലീലാമ്മ ടീച്ചറെക്കുറിച്ചാണിത് “ഉണ്ണുനീലിസന്ദേശത്തിലെ വരികൾ കൂടി ചേർത്തുണ്ടാക്കുന്ന ഇഡ്ഡലിയോ ദോശയോ ആയിരിക്കും ടീച്ചർ രാവിലെ ഉണ്ടാക്കുക എന്ന് പറയാൻ തോന്നി” അരി അരയ്ക്കുമ്പോൾ ശ്ലോകം ചൊല്ലുന്ന ടീച്ചറെ കണ്ടപ്പോൾ ലേഖകന് ഉണ്ടായ വിചാരമാണിത് .മറ്റൊരിക്കൽ നടുവേദന കാരണം സ്കൂളിൽ വരാതിരുന്ന ടീച്ചറെ അന്വേഷിച്ച് വീട്ടിൽ പോയപ്പോൾ പറഞ്ഞ മറുപടി കേൾക്കൂ “നല്ല നടുവേദനയുണ്ടായിരുന്നു. ഇന്നലെ കിടന്നുകൊണ്ട് ‘കുടിയൊഴിക്കൽ ‘മുഴുവനും പതുക്കെ വെറുതെ ചൊല്ലിനോക്കി. ചില ഭാഗങ്ങൾ വീണ്ടും വീണ്ടും ചൊല്ലി. വേദന കുറഞ്ഞെങ്കിലും മാറിയില്ല. ഇന്ന് അർത്ഥം കൂടി ആലോചിച്ചുകൊണ്ട് വീണ്ടും ചൊല്ലി. വേദന ഏതാണ്ട് പോയി. നാളെ സ്കൂളിൽ വരും”ഫർഹാത്ത് ജബീർ ‘ എന്ന ദീപ്തമായ ലേഖനം ഒരു അദ്ധ്യാപികയുടെ സ്നേഹവായ്പ്പിനെക്കുറിച്ചാണ്. കിഴങ്ങ് പൊരി ഉണ്ടാക്കുമ്പോൾ കാല് പൊള്ളി ക്ലാസിൽ പോകാതിരുന്ന ലേഖകനെ കണ്ടപ്പോൾ വിവരങ്ങൾ അറിഞ്ഞ് ഒരു സ്നേഹശുശ്രൂഷ നൽകുന്ന വിധം ഹൃദയാഹരിയായി അവതരിപ്പിച്ചിട്ടുണ്ട്.
“മാഡം ബക്കറ്റിൽ നിന്ന് മഗ്ഗിൽ വെള്ളമെടുത്ത് എന്റെ തലയിലേക്ക് പതുക്കെ ഒഴിച്ചു. രണ്ടുവട്ടം അങ്ങനെ ചെയ്തു. മൂന്നാം വട്ടം വെള്ളമൊഴിക്കുന്നതിനൊപ്പം തലമുടിക്കിടയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. നാലാം തവണ വെള്ളമൊഴിച്ച് തല തോർത്തിത്തന്നു. ഒടുവിൽ വലത്തേ പെരുവിരൽ തന്റെ നെറ്റിയിൽ തൊട്ട് എന്റെ നെറ്റിയിൽ വെച്ചമർത്തി. വിശുദ്ധമായ ഒരു അനുഷ്ഠാനത്തിലെന്നപോലെ ഞാൻ സ്നേഹശുശ്രൂഷയിൽ പങ്കാളിയായി. മാഡം തോർത്ത് ബക്കറ്റിൽ ഇട്ട് കുതിർത്ത്, പിഴിഞ്ഞ് അയക്കോലിൽ വിടർത്തിയിട്ടു.”ഫർഹാത്ത് ജബീൻ എന്ന പേരിന്റെ അർത്ഥം ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയ അർത്ഥം , സന്തോഷത്തിന്റെ നെറ്റിത്തടം എന്നാണ്.”
ഈ അറിവ്. ആ അധ്യാപികയോടുള്ള നമ്മുടെ സ്നേഹ ബഹുമാനങ്ങൾ വർദ്ധിപ്പിയ്ക്കുന്നു. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ വിവിധ രൂപങ്ങൾ ഈ ലേഖനങ്ങളിൽ വായിച്ചറിയാം. സാമ്പ്രദായികമായ പെരുമാറ്റങ്ങളെ കുടഞ്ഞെറിഞ്ഞുകൊണ്ടാണ് പല പരിചയപ്പെടുത്തലുകളും നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്നത്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എൻ എസ് മാധവനാണ്.