പൂമുഖം LITERATUREകവിത ജല സമാധി

ജല സമാധി

ഒരുവന്റെ
കാൽച്ചവിട്ടേറ്റ്
ഉയിർക്കാമെന്നു മോഹിച്ചു
കായാലോരത്തവൾ!

വിധിയെ പഴിച്ചില്ല
വിധിച്ചവനോട് കയർത്തില്ല
ജലസമാധിയിൽ
കായലോരത്ത്
നീണ്ടു നിവർന്ന് നിർമ്മമരായി
സമയമായില്ലെന്നകന്ന്
പരിത്യാഗമൂർത്തികൾ
വഴുക്കലെന്ന്
തൊട്ടുതൊടാതെ അകലംകുറിച്ചു
ഉടൽപ്പെരുക്കം കണ്ടുകണ്ട്‌
ചെത്തമേറെയെന്നടിപടലം
ഉഴിഞ്ഞു മറയുന്നവർ
അകന്നകന്ന്
ഒളികണ്ണാലൊപ്പുന്നവർ
പതിഞ്ഞ കാൽവെപ്പോടെ
ഇരുണ്ടു മറയുന്നവർ
സമയമായില്ലെന്നൂക്കറിയിച്ച്
നേർനിരയിലഹങ്കരിച്ച്‌
സർവസംഗപരിത്യാഗികൾ

ഒടുക്കം
ഉടലുറഞ്ഞൊരു വിതുമ്പൽ
“ഒഴിഞ്ഞു പോകട്ടെ
ഒരുവന്റെ കാൽച്ചവിട്ടേ-
റ്റുയിർക്കേണ്ട.. വേണ്ട”

കാലം
കടന്നുപോകുന്നു
അവളനന്തമാം
ജലസമാധിയിൽ

കവർ: ജ്യോതിസ് പരവൂർ

Comments

You may also like