പൂമുഖം LITERATUREകവിത അരങ്ങു കവി

അരങ്ങു കവി

കവിയരങ്ങില്‍ ഞാന്‍
കവിത വായിപ്പൂ.
കവികളൊക്കെയും
അരങ്ങിലെന്‍പിന്നില്‍.

കവികളല്ലാത്തോ-
രരങ്ങിനു മുന്നില്‍
നിരന്നിരുന്നുള്ളില്‍
കവിതയുമായി.

കവികളൊന്നുമെന്‍
കവിത കേള്‍ക്കില്ല
അവരവരുടെ
കവിതയിലാവും.

കവിതയുള്ളിലായ്
മുഴങ്ങുമാള്‍ക്കാരോ
കവിതയ്ക്കുള്ളിലെ
കവിതയോര്‍ത്തിടും.

കവിതയെന്നു ഞാന്‍
വെറുതെ കൂകിപ്പോം
കവിതയിലാരും
കവച്ചിരിപ്പില്ല.

തിരിച്ചിരിക്കുമ്പോള്‍
ചിരിച്ചു കാട്ടുന്നു
കവികളത്രയും
കവിതയായോ ഞാന്‍?

സദസ്സൊരിത്തിരി
സ്വദിച്ച പോല്‍ മുഖം
വിടര്‍ത്തിടുന്നെന്നില്‍
കവിയെന്നായോ ഞാന്‍?

കവർ: ജ്യോതിസ് പരവൂർ

Comments

You may also like