പൂമുഖം LITERATUREകവിത കവിയുന്നല്ലോ

കവിയുന്നല്ലോ

ഞാനൊരു ഉറവ, ഉദാസീന കാമുകൻ
ഞാനൊരു പറവ അനന്ത സഞ്ചാരി
ഞാനൊരു ഗാനം നിഗൂഢ മാർഗങ്ങളെ
യാതനാഗർത്തങ്ങളെ തുഴയും ഏകാന്തത
പാതകൾ തീരുന്നൊരറ്റത്തു സന്ധ്യാനേരം
ചൂടുന്ന അവധൂതൻ, ആഴത്തിൽ അരൂപിയും

ഞാനൊരു ഋതുകാലം ശിരസ്സിൽ അണിഞ്ഞവൻ
പാനപാത്രത്തിൽ ദാഹം പുളിക്കാൻ ശമിച്ചവൻ
ഞാറ്റുപാട്ടുകൾക്കൊപ്പം നടക്കാനലിഞ്ഞവൻ
ഞാണൊലി മുഴക്കമായ് ചിരിക്കും നിരാനന്ദൻ
ഞാനൊരു വാഗ്ദാനമായ്‌ കാടിനെ പുതച്ചവൻ
മാനവും മണ്ണും മഴപ്പച്ചയിൽ നനച്ചവൻ
ധ്യാനത്തെ മഹാകാല മൗനത്തിൽ കടഞ്ഞതും
നാദമായ് വളർന്നിതാ ബ്രഹ്മത്തിൽ ലയിപ്പവൻ

ഉടലുപ്പുകൾ കിനിഞ്ഞൊഴുകും ഉറവയിൽ
പടർന്നു തെളിയുന്നൂ തണുപ്പിൻ തീർത്ഥസ്നാനം
ഒറ്റ നക്ഷത്രം പോലെ തെളിയുന്നത് കണ്ടോ
എൻ്റെ നെറ്റിയിൽ നിന്നും ഉതിരും തൂമുത്തുകൾ
കൂരിരുട്ടിലും പാല പൂക്കുന്നു, ചെരാതുകൾ
പറ്റമായ് തെളിയുന്നൂ എനിക്ക് വഴികാട്ടാൻ

ഞാനെന്നെയുപേക്ഷിച്ചു നടന്നു ശീലിച്ചവൻ
ഞാനാകെയഴിഞ്ഞവൻ ഞങ്ങളെ രചിപ്പവൻ
പിന്നെയും പെരുകുവാൻ നമ്മളായ് പടരുവാൻ
തന്നെത്താനൊഴിപ്പിച്ചു ശുന്യത്തെ വരിച്ചവൻ
വസന്ത ഋതുവിൻറെ മണത്തെ സ്മരിക്കുവാൻ
വര്ഷമേഘത്തിൽ കൂടിയിരിക്കും നിരാമയൻ

അമൂർത്ത ബ്രഹ്മമായി അവധൂതനായി അലയുന്ന
ഓരോ കവിജന്മത്തിനും ഈ കവിത സമർപ്പിക്കുന്നു

കവർ ഡിസൈൻ : ആദിത്യ സായീഷ്

Comments
Print Friendly, PDF & Email

You may also like